07 April Tuesday

ഓർമയിലിന്നും ചുവക്കുന്നു ചീമേനി - പി കരുണാകരൻ എഴുതുന്നു

പി കരുണാകരൻUpdated: Monday Mar 23, 2020

ചീമേനിയിലെ അഞ്ച് കമ്യൂണിസ്റ്റ് ധീരന്മാരുടെ അമരസ്മരണയ്ക്ക് ഇന്ന് 33 വർഷം പൂർത്തിയാവുകയാണ്. വെട്ടിപ്പിളർന്നും തീയിൽ ചുട്ടെരിച്ചും അഞ്ചുമനുഷ്യരെ പച്ചജീവനോടെ കൊന്നുകളഞ്ഞ കൊടുംക്രൗര്യം കോൺഗ്രസിനുമാത്രം അവകാശപ്പെട്ടത്. ഇത് സിപിഐ എമ്മിനുമാത്രം അനുഭവിക്കേണ്ടിവന്ന ക്രൂരത. ഭരണത്തിന്റെ സംരക്ഷണം ലഭിക്കുമെന്ന പ്രതീക്ഷയാണ് അഞ്ചുപേരെ ഒറ്റയടിക്ക് ഏറ്റവും കിരാതമായി വകവരുത്തി, ആയുധമുയർത്തി അട്ടഹസിക്കാൻ അന്ന് കോൺഗ്രസിന് ധൈര്യം പകർന്നത്.

ഏത് ദുർഘടസന്ധിയിലും പാർടിക്കും പ്രസ്ഥാനത്തിനുമൊപ്പം ഉറച്ചുനിന്ന് പൊരുതുന്ന ലക്ഷക്കണക്കിനു പേരാണ് സിപിഐ എമ്മിനെ ഏറ്റവും വലിയ ജനപിന്തുണയുള്ള പാർടിയാക്കി മാറ്റുന്നത്. ജീവസുറ്റ സഖാക്കളെ വെട്ടിയും കൊന്നും മൃതപ്രായരാക്കിയും തളർത്താനുള്ള ശ്രമങ്ങളെയെല്ലാം അതിജീവിച്ചാണ് ഓരോ ദിവസവും പാർടി മുന്നോട്ടുനീങ്ങുന്നത്. ചീമേനി സഖാക്കളെപ്പോലെ ആയിരങ്ങളുടെ ത്യാഗത്തിൽനിന്നുമുൾക്കൊണ്ട ഊർജമാണ് ഈ പ്രസ്ഥാനത്തിന്റെ കരുത്ത്. അതേസമയം, അധികാരത്തിന്റെ ഹുങ്കിൽ എന്തും ചെയ്യാമെന്നു കരുതിയ കോൺഗ്രസാകട്ടെ സ്വയം ദ്രവിച്ച് ഇല്ലാതായിക്കൊണ്ടിരിക്കുകയാണ്. ദേശീയതലത്തിൽ ഫാസിസ്റ്റുകൾ നേതൃത്വം നൽകുന്ന വർഗീയപാർടിക്ക് നേതാക്കളെ സംഭാവനചെയ്യുന്ന റിക്രൂട്ടിങ് ഏജൻസിയായി കോൺഗ്രസ് അധഃപതിച്ചിരിക്കുന്നു. കേരളത്തിലും കോൺഗ്രസിന് മറ്റൊന്നും ചെയ്യാനില്ല. സാധാരണക്കാരുടെയും പാവങ്ങളുടെയും പ്രതീക്ഷകൾ പൂവണിയിക്കുന്ന, ജനലക്ഷങ്ങൾക്ക് അഭയമൊരുക്കുന്ന ജനപ്രിയ സർക്കാരിനെതിരെ അനുദിനം കുപ്രചാരണങ്ങൾ നടത്തുകയാണ് കോൺഗ്രസ് നേതൃത്വത്തിലുള്ള പ്രതിപക്ഷം.

ത്യാഗത്തിന്റെയും നിശ്ചയദാർഢ്യത്തിന്റെയും പ്രതീകങ്ങളായി ജനമനസ്സുകളിൽ നിറഞ്ഞുനിൽക്കുന്ന സഖാക്കൾ കെ വി കുഞ്ഞിക്കണ്ണൻ, പി കുഞ്ഞപ്പൻ, ആലവളപ്പിൽ അമ്പു, സി കോരൻ, എം കോരൻ എന്നിവരുടെ വീരസ്മരണ ഇന്ന് നാം വീണ്ടും പുതുക്കുകയാണ്.

1987 മാർച്ച് 23ന് വൈകിട്ട് അഞ്ചിനുശേഷമാണ് കൂട്ടക്കൊലപാതകം. നിയമസഭാ തെരഞ്ഞെടുപ്പുദിവസം ചീമേനിയിലെ പാർടി ഓഫീസിൽ പ്രവർത്തകർ വോട്ടുകണക്ക് പരിശോധിക്കുകയായിരുന്നു. സ്ത്രീകൾ ഉൾപ്പെടെയുള്ള അറുപതോളംപേരാണ് ഉണ്ടായിരുന്നത്. വൈകിട്ട് അഞ്ചു കഴിഞ്ഞതോടെ തൊട്ടടുത്ത കോൺഗ്രസ് ഐ ഓഫീസിൽനിന്ന് ആയുധങ്ങളുമായി ഒരുകൂട്ടം ഓടിക്കയറി. കൈയിൽ കടലാസും പെൻസിലുമായി നിന്ന സഖാക്കൾക്ക് പെട്ടെന്നുള്ള ആക്രമണം ചെറുക്കാൻ കഴിയുമായിരുന്നില്ല. ചിലർ ഓടി. മറ്റുള്ളവർ പാർടി ഓഫീസിനകത്ത് അഭയംതേടി. വാതിലും ജനലുകളും അടച്ചു. അക്രമികൾ ഓഫീസ് തല്ലിത്തകർക്കാൻ തുടങ്ങി. വാതിൽ തുറക്കുന്നത് ബെഞ്ചും ഡെസ്കുമിട്ട് അകത്തുള്ള സഖാക്കൾ തടഞ്ഞു. അക്രമികൾ ജനലഴികൾ അറുത്തുമാറ്റി കല്ലുകളും കുപ്പിച്ചില്ലുകളും വീശിയെറിഞ്ഞു.  ഓഫീസിന് ഇരുനൂറുവാരയകലെ പൊലീസ് പിക്കറ്റുണ്ടായിരുന്നു. ഇത്രയും വലിയ കുഴപ്പം നടന്നിട്ടും അവരാരും തിരിഞ്ഞുനോക്കിയില്ല. അകത്തുള്ളവർ പുറത്തുവരാതിരുന്നപ്പോൾ കോൺഗ്രസുകാർ ക്രൂരതയുടെ മൂർത്തീകരണമായി മാറി. പുരമേയാൻ വച്ചിരുന്ന പുല്ലിൻകെട്ടുകൾ കൊണ്ടുവന്ന് ജനലുകൾവഴി അകത്തേക്കിട്ട് പെട്രോളും മണ്ണെണ്ണയുമൊഴിച്ച് തീകൊളുത്തി. നിമിഷങ്ങൾക്കകം പാർടി ഓഫീസ് അഗ്നിഗോളമായി. ഒന്നുകിൽ അകത്ത് വെന്തുമരിക്കണം; അല്ലെങ്കിൽ നരഭോജികളുടെ മുന്നിലേക്ക് ഇറങ്ങിച്ചെല്ലണം. കമ്യൂണിസ്റ്റ് ധീരതയുടെ പ്രതീകമായി മാറിയ സഖാക്കൾ തീരുമാനിച്ചു‐ എല്ലാവരും ഒരുമിച്ച് കൊലചെയ്യപ്പെട്ടുകൂടാ. ചിലരെങ്കിലും ശേഷിക്കണം. കൂട്ടത്തിലെ തലമുതിർന്ന ആളായ ആലവളപ്പിൽ അമ്പുവാണ് ആദ്യം പുറത്തുചാടിയത്. നരഭോജികൾ ചാടിവീണു. നിമിഷങ്ങൾക്കകം കുത്തിയും വെട്ടിയും കൊലപ്പെടുത്തി. സ്വന്തം അച്ഛൻ കൊലചെയ്യപ്പെടുന്നത് നേരിട്ടുകണ്ട അമ്പുവിന്റെ മക്കൾ കുമാരനും ഗംഗാധരനും ഓഫീസിനകത്ത് കത്തിക്കൊണ്ടിരിക്കുന്ന തീയുടെ നടുവിൽ വിങ്ങിപ്പൊട്ടുകയായിരുന്നു. പിന്നാലെ പുറത്തുചാടിയ ചാലിൽ കോരനെ വലതുകൈ അറുത്തുമാറ്റിയശേഷം കൊലചെയ്തു. അകത്തുള്ളവർ ഇതൊക്കെ കാണുകയായിരുന്നു. മൂന്നാമത് പുറത്തുവന്നത് പഞ്ചായത്ത് മെമ്പറും ബാങ്ക് ഡയറക്ടറുമായിരുന്ന, വീടും കുടുംബവും സമ്പത്തുമൊക്കെ പാർടി ഓഫീസാക്കി മാറ്റിയ പി കുഞ്ഞപ്പൻ. ഘാതകർ തല തല്ലിപ്പൊളിച്ചു. തൃപ്തിവരാതെ, പാർടി ഓഫീസിന്റെ പിന്നിലേക്ക് വലിച്ചിഴച്ച് പുല്ലിൽ പൊതിഞ്ഞ് തീയിട്ടുകൊന്നു. 


 

തുടർന്ന് പുറത്തുചാടിയ എം കോരനെ കൊലയാളികൾ ആഞ്ഞുവെട്ടി. കോരൻ കുറെ ദൂരം ഓടി. പിന്നാലെ പാഞ്ഞ ഘാതകർ കാൽ വെട്ടിമുറിച്ചു. ഓടാൻ കഴിയാതെ വീണ കോരനെ കുത്തി കൊലപ്പെടുത്തി. പിന്നീട് പുറത്തുചാടിയ ബാലകൃഷ്ണനെ കൈക്കും കാലിനും വെട്ടി. കുറെ ദൂരം ഓടിയ ബാലകൃഷ്ണൻ ബോധംകെട്ട് വീണു. മരിച്ചെന്ന ധാരണയിൽ ഉപേക്ഷിച്ചു. ഇതിനിടെ, കൊലചെയ്യപ്പെടുമെന്ന ധാരണയിൽത്തന്നെ ഓഫീസിനകത്തുണ്ടായിരുന്നവർ ഓരോരുത്തരായി പുറത്തേക്ക് ചാടി ഓടി. അക്രമിസംഘം പിന്തുടർന്ന് പരിക്കേൽപ്പിച്ചു. പലരും പല സ്ഥലങ്ങളിലും വീണു. പരിക്കേറ്റ പലരെയും മരിച്ചെന്ന ധാരണയിൽ ഉപേക്ഷിക്കുകയായിരുന്നു.  ചീമേനിയിലെ തെരഞ്ഞെടുപ്പുചുമതല ലോക്കൽ കമ്മിറ്റി അംഗം കെ വി കുഞ്ഞിക്കണ്ണനായിരുന്നു. പോളിങ് സമാധാനപരമായി കഴിഞ്ഞശേഷം കയ്യൂരിലേക്ക് മടങ്ങുന്നതിന് ബസ് കാത്തുനിൽക്കുമ്പോഴാണ് നരനായാട്ട് അരങ്ങേറിയത്. അടുത്ത കടയിൽ അഭയംതേടി. കടയുടമയുടെ എതിർപ്പ് വകവയ്ക്കാതെ, വലിച്ചിഴച്ച് റോഡിലിട്ട് മർദിച്ചു. എന്നിട്ടും കലിയടങ്ങാത്ത അക്രമികൾ കടവരാന്തയിലുണ്ടായിരുന്ന അമ്മിക്കല്ലെടുത്ത് തലയ്ക്കടിച്ച് അത്യന്തം പൈശാചികമായാണ് സഖാവിനെ കൊലപ്പെടുത്തിയത്.  മനസ്സാക്ഷി മരവിപ്പിക്കുന്ന കൊടുംപാതകമറിഞ്ഞ്, ഇ എം എസും ഇ കെ നായനാരും ഉൾപ്പെടെയുള്ള ജനനേതാക്കൾ ചീമേനിയിലെത്തി. ജാലിയൻവാലാബാഗിനു സമാനമാണ് സംഭവമെന്നാണ് ഇ എം എസ് പറഞ്ഞത്.

ദേശീയതലത്തിൽ ബിജെപി നേതൃത്വത്തിലുള്ള കേന്ദ്രസർക്കാർ എല്ലാ തരത്തിലും ദരിദ്രർക്ക് എതിരായ സമീപനമാണ് സ്വീകരിക്കുന്നത്. രാജ്യത്തെ പരിഭ്രാന്തിയിലേക്ക് നയിക്കുന്ന കോവിഡുപോലുള്ള മഹാമാരിയിലും സംസ്ഥാനത്തെ ഞെരുക്കുന്ന നയമാണ് സ്വീകരിക്കുന്നത്. രാജ്യത്തെ അപ്പാടെ വർഗീയമായി ഭിന്നിപ്പിക്കാനാണ് കേന്ദ്രശ്രമം. മനുഷ്യരെ മതത്തിനും സമുദായത്തിനുമപ്പുറം സാഹോദര്യത്തോടെ കാണാനുള്ള സന്ദേശപ്രചാരണമാണ് ചീമേനി സഖാക്കളുടെ പിൻമുറക്കാർ എന്ന നിലയിൽ നാം ഏറ്റെടുക്കേണ്ട ഇന്നിന്റെ  കടമ. ചീമേനി ധീരരക്തസാക്ഷികൾക്ക്  സ്മരാണാഞ്ജലികൾ.


പ്രധാന വാർത്തകൾ
 Top