18 February Tuesday

ഇന്ത്യ ഇനി മതാധിഷ്‌ഠിത സർവാധിപത്യത്തിലേക്കോ?

അഡ്വ. എ എം ആരിഫ്‌Updated: Wednesday Aug 21, 2019

ഇന്ത്യൻ പാർലമെന്ററി ജനാധിപത്യം എങ്ങോട്ടാണ്‌ നീങ്ങിക്കൊണ്ടിരിക്കുന്നത്‌? പാർലമെന്റിന്റെ വർഷകാല സമ്മേളനം ഉയർത്തിയ ഏറ്റവും പ്രധാന ചോദ്യമാണിത്‌. ജൂൺ 17നു പുതിയ അംഗങ്ങളുടെ സത്യപ്രതിജ്ഞയോടെ ആരംഭിച്ച പാർലമെന്റ്‌ സമ്മേളനം 37 ദിവസം ചേർന്ന് ആഗസ്‌ത്‌ ആറിന്‌ അവസാനിച്ചു. പാർലമെന്റിന്റെ ചരിത്രത്തിലെ ഏറ്റവുമധിക ദിവസം പ്രവർത്തിച്ച പാർലമെന്റ്‌ സമ്മേളനങ്ങളിൽ  ഒന്നാണെന്നാണ്‌ ഇത്‌ വിലയിരുത്തുന്നത്‌. പക്ഷേ, അത്‌ പാർലമെന്ററി ജനാധിപത്യത്തിന്റെ അന്തഃസത്ത ശക്തിപ്പെടുത്തുന്നതിനേക്കാൾ ദുർബലപ്പെടുത്തുകയായിരുന്നുവെന്നതാണ്‌ വസ്‌തുത. ഇത്തരമൊരു നിഗമനത്തിലെത്താനുള്ള കാരണങ്ങൾ പലതാണ്‌.

നിയമനിർമാണങ്ങൾക്കു മുമ്പായി ഓരോ വിഷയവുമായി ബന്ധപ്പെട്ട വിഷയനിർണയ സ്റ്റാൻഡിങ്‌ കമ്മിറ്റികളുടെ സൂക്ഷ്‌മപരിശോധനകൾക്ക് വിധേയമാകാറുണ്ട്‌. ബില്ലുകൾ സ്റ്റാൻഡിങ്‌ കമ്മിറ്റികൾകൂടി പരിശോധിച്ച് വരണമെന്ന ചട്ടങ്ങൾ ഈ സഭാ കാലയളവിൽ ഉപേക്ഷിക്കപ്പെട്ടു. ബില്ലുകളുടെ മലവെള്ളപ്പാച്ചിലിനായിരുന്നു സഭ സാക്ഷ്യംവഹിച്ചത്. മിക്കവാറും രാത്രി പത്തുവരെ സഭ സമ്മേളിക്കുന്നത്‌ പതിവായിരുന്നു.

ജനാധിപത്യപരമായി ജനഹിതം ചർച്ച ചെയ്യുന്നുവെന്ന് കരുതുന്നവർക്ക് നിരാശയും പ്രതിഷേധവും വരുന്ന നിരവധി സംഭവങ്ങളാണ് ഈ പാർലമെന്റ്‌ സമ്മേളനത്തിൽ അരങ്ങേറിയത്. അസാധാരണമായ കാഴ്‌ച അംഗങ്ങളുടെ സത്യപ്രതിജ്ഞാവേളയിലും പ്രധാനമന്ത്രിയും സ്‌പീക്കറും പാർലമെന്റിലേക്കു വരുന്ന വേളകളിലും ഉയർന്നുകേട്ട ‘ജയ്‌ശ്രീറാം’ വിളികളായിരുന്നു. മതനിരപേക്ഷ ജനാധിപത്യത്തിന്റെ ശ്രീകോവിൽ അതിദ്രുതഗതിയിൽ മതാത്മകമായി മാറുകയാണ്. ഈ ജയ്ശ്രീറാം വിളികൾ ഏറ്റുവിളിക്കാത്തവരെയെല്ലാം തെരുവുകളിൽ തല്ലിക്കൊല്ലുന്നു, അതിനെ വിമർശിക്കുന്നവർക്ക് ചന്ദ്രനിലേക്ക്‌ ടിക്കറ്റ് നൽകുമെന്നു പറയുന്നു. പാർലമെന്റിനകത്ത് ഇത് ഏറ്റുപറയാത്ത അംഗങ്ങൾക്ക് അകത്തുകടക്കാനാകുമോ എന്ന ഭയം സൃഷ്ടിക്കുകയാണെങ്ങും.

ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്‌
പ്രസിഡന്റിന്റെ നയപ്രഖ്യാപന പ്രസംഗത്തോടെയായിരുന്നു സമ്മേളന നടപടികൾക്ക് തുടക്കംകുറിച്ചത്. നയപ്രഖ്യാപന പ്രസംഗത്തിലുടനീളം ബിജെപി ഭരണത്തിന്റെ നേട്ടങ്ങൾ എണ്ണിയെണ്ണി പറഞ്ഞു. വരുന്ന അഞ്ചു വർഷത്തിനുള്ളിൽ ഇന്ത്യയെ ലോകത്തെ പ്രധാന രാഷ്ട്രങ്ങളിലൊന്നാക്കി മാറ്റുന്നതിനുള്ള മോഡി  സ്‌തുതിയാണ്‌ പിന്നീടു കേട്ടത്‌. കൂടാതെ അപകടകരമായ മറ്റൊരു ലക്ഷ്യവും പ്രഖ്യാപിച്ചു. ‘ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്‌ '–- നിയമസഭയിലേക്കും പാർലമെന്റിലേക്കും ഒന്നിച്ചു തെരഞ്ഞെടുപ്പ്‌ നടത്തുക എന്നതായിരുന്നു പ്രഖ്യാപനം. കർണാടകം, ഗോവ തുടങ്ങി കൂറുമാറ്റവും കാലുമാറ്റവും നിരന്തരം നടക്കുന്ന സംസ്ഥാനങ്ങളിലെല്ലാം അവ കൊഴിഞ്ഞുവീഴുമ്പോൾ പ്രസിഡന്റ്‌ ഭരണം യഥേഷ്ടം നടത്താൻ കേന്ദ്രത്തിന്‌ അവകാശം നൽകുന്ന ഒന്നായി ഒറ്റത്തെരഞ്ഞെടുപ്പു പ്രക്രിയ മാറുമെന്ന് എല്ലാവർക്കുമറിയാം.

ഒരു രാജ്യം, ഒരു ജനത, ഒരു സംസ്‌കാരം, ഒരു ഭാഷ, ഒരു ആഹാര രീതി എന്നിങ്ങനെ ഹിന്ദുമതാധിഷ്‌ഠിത  രാഷ്‌ട്രമാക്കുന്നതിന്‌ ഭരണഘടനയെ മാറ്റിമറിക്കാനുള്ള ശിലാസ്ഥാപനമായിരുന്നു പ്രസിഡന്റിന്റെ പ്രസംഗത്തിൽ ഒളിച്ചിരിക്കുന്നതെന്ന് വ്യക്തമാക്കുന്നതായിരുന്നു തുടർന്ന് സഭയിൽ പാസാക്കിയെടുത്ത പുതിയ നിയമനിർമാണങ്ങൾ. 

മോഡിക്കു പകരമായി പ്രധാനമന്ത്രി സ്ഥാനാർഥിയായി ഉയർത്തിക്കാട്ടിയ രാഹുൽ ഗാന്ധി ഇത്രയും നീണ്ടുനിന്ന സമ്മേളനത്തിലാകെ വിരലിലെണ്ണാവുന്ന ദിവസങ്ങൾ മാത്രമാണ് വന്നത്. വന്ന ദിവസങ്ങളിലാകട്ടെ ഒരു മണിക്കൂർ തികച്ച് സഭയിൽ ഇരുന്നിട്ടില്ല. ആകെ ഒരു ദിവസം കേരളത്തിലെ കർഷക കടങ്ങൾക്ക് മൊറട്ടോറിയം നീട്ടണമെന്ന ശൂന്യവേളയിലെ അഞ്ചു മിനിറ്റ് പ്രസംഗം നടത്തിയതൊഴിച്ചാൽ ഒരു വാക്കുപോലും വേറെ ഉച്ചരിച്ചിട്ടില്ല. റെയിൽവേ ഉൾപ്പെടെയുള്ള പൊതുമേഖലാ സ്ഥാപനങ്ങളുടെ അനിയന്ത്രിത സ്വകാര്യവൽക്കരണം സൃഷ്ടിക്കുന്ന പ്രശ്‌നത്തിൽ ഒരു പ്രസംഗം നടത്തിയതൊഴിച്ചാൽ സോണിയ ഗാന്ധിയും ഈ സഭാസമ്മേളനത്തിൽ ഇടപെടലൊന്നും നടത്തിയില്ല. കോൺഗ്രസ്‌ സഭാനേതാവ് ആരായിരിക്കണമെന്നതിലും നീണ്ടുനിന്ന അവ്യക്തതകൾക്കൊടുവിൽ അദിർ രഞ്ജൻ ചൗധരിയെ സഭയിലെ നേതാവായി കോൺഗ്രസ് തെരഞ്ഞെടുത്തു. പ്രതിപക്ഷത്തെ ഏകോപിപ്പിക്കുന്നതിൽ കോൺഗ്രസ് നേതൃനിരയിൽ ആരുമില്ലാത്തതു കാരണം വിവിധ പ്രശ്‌നങ്ങളിൽ  പ്രതിപക്ഷം ചിതറുന്ന കാഴ്‌ചയാണ്‌ കണ്ടത്. എൻഐഎ, യുഎപിഎ, മുത്തലാഖ്, കശ്‌മീർ പുനഃസംഘടനാ ബില്ലുകളിലെല്ലാം പ്രതിപക്ഷത്തും കോൺഗ്രസിനകത്തും വ്യത്യസ്‌ത താൽപ്പര്യങ്ങൾ ഏറ്റുമുട്ടുന്നതിനു സാക്ഷ്യംവഹിച്ചു.

പ്രതിപക്ഷ പ്രതിഷേധത്താൽ വോട്ടെടുപ്പു നടന്ന ഘട്ടത്തിൽ ഒരു തവണ മാത്രമാണ് രാഹുൽ ഗാന്ധി വോട്ടു രേഖപ്പെടുത്താൻ സഭയിൽ ഉണ്ടായിരുന്നത്. രണ്ടു തവണ മാത്രമേ സോണിയ ഗാന്ധിയും സന്നിഹിതയായിരുന്നുള്ളൂ. നാഥനില്ലാത്ത കോൺഗ്രസിന്റെ ദുർബലാവസ്ഥ മുതലെടുത്താണ് ജനാധിപത്യക്കുരുതികൾ മുഴുവൻ നടത്താൻ മോഡി–-ഷാ ഭരണരാഷ്ട്രീയത്തിന്റെ അധികാരദുർഗങ്ങൾക്കു കഴിയുന്നത്. മെഡിക്കൽ ജോലി മികവുറ്റതാക്കുകയെന്ന ഗുണഗണങ്ങൾ പറഞ്ഞ്‌ മുറിവൈദ്യം പ്രോത്സാഹിപ്പിക്കുന്ന മെഡിക്കൽ ബിൽ ഉൾപ്പെടെയുള്ള വേറെയും ധാരാളം നിയമം നിർമിച്ചുകൂട്ടി. അവതരിപ്പിച്ച 40 ബില്ലിൽ  35 എണ്ണം ലോക്‌സഭ പാസാക്കി. ഒരു ദിവസം ശരാശരി മൂന്ന്‌ ബില്ലാണ്‌ ദോശ ചുട്ടെടുക്കുന്ന ലാഘവേത്താടെ പാസാക്കിയെടുത്തത്.

ഭരണയന്ത്രം ദുരുപയോഗിച്ചുള്ള അഭിപ്രായരൂപീകരണം
ഏറ്റവുമൊടുവിൽ ഭീതിയുടെ മുൾമുനയിൽ നിർത്തി കശ്‌മീർ പുനഃസംഘടനാ ബിൽ ആദ്യം രാജ്യസഭയിൽ  പാസാക്കി. തുടർന്ന്‌ അന്നത്തെ നടപടിക്രമങ്ങളുടെ പട്ടികയിലില്ലാത്ത ഒരിനമായി പുതുക്കിയ നടപടിക്രമമെന്ന് പറഞ്ഞുകൊണ്ട്‌ അമിത് ഷാ ലോക്‌സഭയിൽ കശ്‌മീർ പുനഃസംഘടനാ ബില്ലിനായുള്ള പ്രമേയം അവതരിപ്പിച്ചു. അംഗങ്ങൾക്ക് അതിന്റെ കോപ്പി നൽകാനുളള സാവകാശംപോലും നൽകാതെയാണ് ഇത് ചെയ്‌തത്‌. പിന്നീട് പ്രതിപക്ഷം ഉള്ള ശക്തിവച്ച് സഭയുടെ നടുത്തളത്തിലേക്കിറങ്ങി മുദ്രാവാക്യം വിളിച്ച് പ്രതിഷേധിച്ചു. മുദ്രാവാക്യം വിളികൾക്കിടയിലും സഭാ നടപടികൾ നിർത്തിവയ്‌ക്കാനും പ്രതിപക്ഷവുമായി കൂടിയാലോചിക്കാനൊന്നും സ്പീക്കർ തയ്യാറായില്ല. ബിജെപി, എൻഡിഎ അംഗങ്ങൾ വിവിധ ബില്ലിന്മേലുള്ള ചർച്ചകൾ പാസാക്കിയെടുക്കുകയായിരുന്നു. ആറിനാണ്‌ കശ്‌മീർ പുനഃസംഘടനാ ബില്ലിന്മേൽ ചർച്ച നടന്നത്.

പ്രതിപക്ഷനിരയിൽ വിള്ളലുണ്ടാക്കാൻ നല്ല ഗൃഹപാഠം ചെയ്‌താണ്‌ ആഭ്യന്തര മന്ത്രി അമിത് ഷാ പ്രസംഗിച്ചതും പ്രവർത്തിച്ചതും. വോട്ടെടുപ്പുവേളയിൽ എൻസിപി ഉൾപ്പെടെയുള്ള ചില പ്രതിപക്ഷ പാർടികളുടെ വാക്കൗട്ട് വ്യക്തമാക്കുന്നത് അതാണ്. പ്രതിപക്ഷ നേതൃരംഗത്തുള്ളവരെ ഓരോരുത്തരുടെയും വ്യക്തിപരമായ പ്രശ്‌നങ്ങളെക്കുറിച്ചുള്ള ഫയലുകൾ ഉപയോഗിച്ചും അകപ്പെട്ടിട്ടുള്ള അഴിമതി പ്രശ്‌നങ്ങളുമെല്ലാം വിവിധ സാമ്പത്തിക കുറ്റാന്വേഷണ ഏജൻസികളെയും ഗവൺമെന്റിന്റെ മറ്റു സംവിധാനങ്ങളെയും വിനിയോഗിച്ച് വരുതിയിലാക്കുക, സംസ്ഥാനങ്ങൾക്ക് സാമ്പത്തികസഹായം പ്രതീക്ഷിക്കുന്ന മുഖ്യമന്ത്രിമാർക്ക്‌ സഹായം വാഗ്ദാനം ചെയ്‌ത്‌ സ്വാധീനിക്കുക എന്നിങ്ങനെ ഭരണയന്ത്രം ദുരുപയോഗിച്ചുള്ള അഭിപ്രായരൂപീകരണമാണ് നടന്നതും നടത്തിക്കൊണ്ടിരിക്കുന്നതും.

കശ്‌മീരിന്‌ ഭരണഘടനയുടെ 370–-ാം വകുപ്പ് നൽകുന്ന പരിരക്ഷപോലെ 371–-ാം വകുപ്പ് നാഗാലാൻഡ്‌, മിസോറം, അസം തുടങ്ങിയ വടക്കുകിഴക്കൻ സംസ്ഥാനങ്ങൾക്കു നൽകുന്ന പ്രത്യേക പദവികളും ലക്ഷദ്വീപ് ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ പുറത്തുനിന്നുള്ളവർക്ക് ഭൂമി വാങ്ങാനാകാത്ത നിരവധിയായ നിയന്ത്രണങ്ങളുമെല്ലാം എടുത്തുകളയുമോ എന്ന് ഈ ലേഖകൻ ഉൾപ്പെടെയുള്ളവർ ഉയർത്തിയ ചോദ്യങ്ങൾക്കൊന്നും ഉത്തരംനൽകാൻ ഭരണപക്ഷം തയ്യാറായില്ല. ഭരണയന്ത്രവും അനുകൂല മാധ്യമങ്ങളും സംഘപരിവാർ നവമാധ്യമങ്ങളും ചേർന്ന് സംഘടിതമായി സൃഷ്ടിക്കുന്ന കൃത്രിമ പ്രചാരണങ്ങളിലൂടെയും ജനവിരുദ്ധ ബജറ്റിലൂടെയും തൊഴിലാളിദ്രോഹ നിയമനിർമാണങ്ങളിലൂടെയും ജനങ്ങളുടെ ജീവിതദുരിതങ്ങൾ വർധിക്കുന്നതും തകർന്നടിയുന്ന സമ്പദ്‌വ്യവസ്ഥയുടെ പ്രത്യാഘാതങ്ങളിൽനിന്നും ജനശ്രദ്ധ തിരിച്ചുവിടാനുള്ള അഭ്യാസങ്ങളാണ് വൈകാരിക വിഷയങ്ങളിലൂടെ ബിജെപി ആളിക്കത്തിക്കുന്നത്. വർഗീയത ആളിക്കത്തിച്ച് അതിവേഗതയിൽ ഒരു മതാധിഷ്‌ഠിത ഭരണഘടന ഉണ്ടാക്കുന്നതിനുള്ള ഒരുക്കത്തിലാണ് ഭരണപക്ഷമെന്ന്‌ ഈ പാർലമെന്റ്‌ സമ്മേളന നടപടികൾ സൂചിപ്പിക്കുന്നു.

ഈ നിയമങ്ങളെ എതിർക്കുന്നവരെയെല്ലാം ദേശദ്രോഹികളായി മുദ്രകുത്തി കൽത്തുറങ്കിലടയ്‌ക്കുന്നതിനായുള്ള നിയമങ്ങളാണ് പാസാക്കി എടുത്തിട്ടുള്ളത്. ഇത് ജനങ്ങളെ ബോധ്യപ്പെടുത്തി അതിശക്തമായ ബഹുജനപ്രക്ഷോഭത്തിന് അണിനിരത്താൻ മതേനിരപേക്ഷ ജനാധിപത്യശക്തികളുടെ കൂട്ടായ പരിശ്രമം വലിയതോതിൽ  ഉയർത്തിക്കൊണ്ടുവരേണ്ടിയിരിക്കുന്നു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top