05 October Wednesday

‘നിർത്തൂ നിങ്ങളുടെ ഒതളങ്ങാ വർത്തമാനം, ലോകം കീഴ്മേൽ മറിയുകയാണ് ’

ഡോ. ഷിജൂഖാൻUpdated: Wednesday Jul 20, 2022

മഹാനായ എബ്രഹാം ലിങ്കന്റെ സ്മാരകത്തിനു മുന്നിൽനിന്ന്, അമേരിക്കയിലെ കറുത്തവംശജരുടെ  വിമോചന നായകനായ മാർട്ടിൻ ലൂഥർ കിങ് നടത്തിയ പ്രസംഗം ചരിത്രപ്രസിദ്ധമാണ്. 1963 ആഗസ്‌തിൽ നടന്ന വാഷിങ്‌ടൺ സിവിൽ റൈറ്റ്സ് മാർച്ചിന്റെ വേദിയിലായിരുന്നു ഈ പ്രസംഗം. നീണ്ടകാലം അടിമകളെപ്പോലെ കഴിയേണ്ടിവന്നവരാണ് കറുത്തവംശജർ. നിറത്തിന്റെ പേരിലല്ലാതെ, സ്വന്തം ചെയ്തികളുടെ പേരിൽമാത്രം മനുഷ്യർ വിലയിരുത്തപ്പെടുന്ന രാജ്യത്ത് മക്കൾക്ക് ജീവിക്കണമെന്നും ആ ദിനത്തെപ്പറ്റി തനിക്ക് ഒരു സ്വപ്നമുണ്ടെന്നും  അദ്ദേഹം പ്രഖ്യാപിച്ചു.

ഒരുനാൾ ജോർജിയയിലെ ചുവന്ന മലകൾക്കു മുകളിൽ ഇന്നത്തെ അടിമകളുടെയും ഉടമകളുടെയും അടുത്ത തലമുറ, സാഹോദര്യഭാവത്തോടെ ഒരു മേശയ്ക്ക് ചുറ്റുമിരുന്ന്‌ അത്താഴമുണ്ണുന്ന ആ ദിനത്തെപ്പറ്റി താൻ സ്വപ്നം കാണുന്നുണ്ടെന്ന് അദ്ദേഹം വിളിച്ചുപറഞ്ഞു. അടിച്ചമർത്തപ്പെടുന്ന ഓരോ മനുഷ്യന്റെയും ചെവികളിലേക്ക്  ഇടിമുഴക്കമായി ഇരമ്പിയെത്തിയ വാക്കുകളാണ്‌ അത്‌. പൗരാവകാശങ്ങൾക്കായി ഉജ്വലസമരം നടത്തിയ മാർട്ടിൻ ലൂഥർ കിങ്ങിനെ 1968ൽ മെംഫിസ് നഗരത്തിലെ ലോറൈൻ മോട്ടലിൽവച്ച്  ജയിംസ് എൾ റേ എന്ന വർണവെറിയൻ  വെടിവച്ചുകൊന്നു.
ആഗോളവൽക്കരണത്തിന്റെ ഫലമായി ദാരിദ്ര്യവും തൊഴിലില്ലായ്മയും പെരുകിയപ്പോൾ, അതിനിടയിലൂടെ അതിന്റെ തന്നെ ഫലങ്ങളായി വംശീയ വിദ്വേഷവും നവനാസി പ്രസ്ഥാനങ്ങളു കുടിയേറ്റ വിരുദ്ധതയും അഭയാർഥികളോടുള്ള വെറുപ്പും ലോകത്തെ വീർപ്പുമുട്ടിച്ചു കൊണ്ടിരിക്കുകയാണ്.

വർത്തമാനകാലത്തെ അമേരിക്കൻ വംശവെറിയുടെയും വർണവെറിയുടെയും ഇരയാണ് മിനാപൊളിസ് നഗരത്തിൽ ക്രൂരമായി കൊല്ലപ്പെട്ട  ജോർജ് ഫ്ലോയ്‌ഡ് എന്ന കറുത്തവംശജൻ. കള്ളനോട്ട് ഉപയോഗിച്ചെന്ന സംശയത്തിലാണ് ഡെറിക് ഷോവിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അദ്ദേഹത്തെ ആക്രമിച്ചത്. ജോർജ് ഫ്ലോയ്‌ഡിന്റെ കഴുത്ത് ഡെറിക് ഷോവിന്റെ  കാൽമുട്ടുകൾക്കിടയിൽവച്ച് ഞെരിച്ചമർത്തിയാണ് കൊല നടപ്പാക്കിയത്. ജീവനുവേണ്ടി പിടയുമ്പോഴും  എനിക്ക് ശ്വസിക്കാനാകുന്നില്ല മനുഷ്യാ എന്ന ഫ്ലോയ്‌ഡിന്റെ  ദീനരോദനം പൊലീസുകാർ ശ്രദ്ധിച്ചതേയില്ല.  വംശീയവിദ്വേഷം മനസ്സിൽ സൂക്ഷിക്കുന്നവരുടെ ചെവികളിൽ ഇതൊന്നും പതിയുകയില്ല. സമീപകാലത്ത് ഇത്തരം അനേകം സംഭവമുണ്ടായി. ന്യൂയോർക്കിലെ ബഫലോ നഗരത്തിൽ സൂപ്പർ മാർക്കറ്റിൽ നടന്ന വെടിവയ്‌പിൽ 13 പേർ കൊല്ലപ്പെട്ടപ്പോൾ അതിൽ 11 പേർ കറുത്ത വംശജരായിരുന്നു. പ്രതിവർഷം അമേരിക്കയിൽ  മുന്നൂറോളം കറുത്തവംശജരെ പൊലീസ് വെടിവച്ചു കൊല്ലുന്നതായുള്ള  റിപ്പോർട്ടുകൾ പുറത്തുവന്നു.

ആഫ്രിക്കൻ - ഏഷ്യൻ വംശജരും ഇതരന്യൂനപക്ഷങ്ങളും അമേരിക്കയിലും പല യൂറോപ്യൻ രാജ്യങ്ങളിലും അനുഭവിക്കുന്ന അന്യതാബോധവും ആക്രമണഭീഷണിയും ആധുനിക ജനാധിപത്യത്തിന്റെ നിലവിളിയാണ്. അമേരിക്കൻ പൊലീസ് സേനയിലെ വംശീയതയെ  ഐക്യരാഷ്‌ട്ര സംഘടനാ മനുഷ്യാവകാശ ഹൈക്കമീഷനു പോലും ശക്തമായി വിമർശിക്കേണ്ടിവന്നു. ഓസ്ട്രേലിയയിലും ബ്രിട്ടനിലും  ഇന്ത്യൻ വംശജർ നേരിട്ട വിവേചനങ്ങൾ വലിയ വാർത്തകളായി മാറിയതും ഓർമിക്കേണ്ടതുണ്ട്.

അൽപ്പകാലംമുമ്പ് ഇന്ത്യയിൽ ഉണ്ടായ ചില സംഭവങ്ങൾ ഈ ദിശയിലേക്ക് രാജ്യം നടന്നുതുടങ്ങിയതിന്റെ സൂചനയാണോ എന്ന് സംശയിക്കാൻ ഇടയാക്കി. ആഫ്രിക്കൻ വംശജർക്കെതിരെ നടന്ന അതിക്രമങ്ങൾ രാജ്യത്തെ സംബന്ധിച്ച് അവമതിപ്പുണ്ടാക്കി. കോംഗോ സ്വദേശിയായ യുവാവ് ദില്ലിയിലും ഐവറി കോസ്റ്റിൽനിന്നുള്ള വിദ്യാർഥി ബംഗളൂരുവിലും നൈജീരിയക്കാരനായ വിദ്യാർഥി ഹൈദരാബാദിലും താൻസാനിയയിൽനിന്നുള്ള യുവതി ബംഗളൂരുവിലും ആൾക്കൂട്ടങ്ങളുടെ അതിക്രമത്തിനും  അധിക്ഷേപത്തിനും ഇരകളായി. ഇന്ത്യയിലെ ആഫ്രിക്കൻ നയതന്ത്രമേധാവികൾ തങ്ങളുടെ പ്രതിഷേധം സർക്കാരിനെ അറിയിക്കുന്നനിലയിലേക്ക് വിഷയം വലിയ ചർച്ചയായി മാറുകയുംചെയ്തു. നിറം, ജാതി, ലിംഗം, പ്രദേശം എന്നിവയെ അടിസ്ഥാനമാക്കി  വിവേചനവും അതിക്രമവും നടപ്പാക്കുന്നത് നിയമവിരുദ്ധമാണ്. വടക്കു-കിഴക്കൻ സംസ്ഥാനങ്ങളിലെ  ജനങ്ങളും കാശ്മീരിൽനിന്നുള്ളവരും പലയിടത്തും അധിക്ഷേപിക്കപ്പെടുന്ന സംഭവങ്ങൾ ഗൗരവതരമാണ്. ഈവിധമുള്ള വിവേചനങ്ങളെ എല്ലാക്കാലത്തും  ശക്തമായി അപലപിച്ചവരാണ് കേരള സമൂഹം. എന്നാൽ, അടുത്തകാലത്തായി വലതുപക്ഷ-വർഗീയ പ്രസ്ഥാനങ്ങളും അവയുടെ നേതാക്കന്മാരും നമ്മുടെ നവോത്ഥാന പാരമ്പര്യത്തെ മുറിവേൽപ്പിക്കുന്ന പ്രവർത്തനങ്ങളാണ് നടത്തുന്നത്.

വർണവെറി പ്രചരിപ്പിക്കുന്ന ചിത്രങ്ങളുമേന്തി  തിരുവനന്തപുരത്ത് മഹിളാ കോൺഗ്രസ് നടത്തിയ പ്രകടനം സാംസ്കാരിക കേരളത്തിന് അപമാനമാണ്.  ചിമ്പൻസിയുടെ  ഉടലും  എം എം മണി എംഎൽഎയുടെ  മുഖവുംചേർത്ത് കോലമുണ്ടാക്കി അത് ഉയർത്തിപ്പിടിച്ചാണ് പ്രകടനം നടത്തിയത്. ഇതിനെതിരെ വിമർശമുയർന്നപ്പോൾ കെപിസിസി പ്രസിഡന്റ് കെ സുധാകരൻ പ്രതികരിച്ചത് എം എം മണിയുടെ മുഖം ചിമ്പൻസിയുടേതുതന്നെ, അങ്ങനെ ആയിപ്പോയതിന് സ്രഷ്ടാവിനോട് പറയുകയല്ലാതെ ഞങ്ങൾ എന്തുപിഴച്ചു എന്നാണ്. എം എം മണിക്ക്‌ തറവാടിത്തമില്ലെന്നും പറയുകയുണ്ടായി. മുമ്പ് പിണറായി വിജയനെയും അദ്ദേഹത്തിന്റെ അച്ഛനെയും വംശീയമായി ആക്ഷേപിച്ചയാളാണ് കെ സുധാകരൻ. അതുകൊണ്ട് സുധാകരനെന്ന വ്യക്തി  അതും അതിനമപ്പുറവും പറഞ്ഞേക്കുമെന്ന് കേരളത്തിന്‌ അറിയാം; പക്ഷേ, കെപിസിസി പ്രസിഡന്റ് എന്ന പദവിയിലിരുന്ന് ഇത് നടത്തുന്നുവെന്നത് ഗൗരവമുള്ള വിഷയമാണ്. തൊലിയുടെ നിറത്തിന്റെ പേരിലും ശരീരത്തെ മുൻനിർത്തിയും വ്യക്തികളെ അധിക്ഷേപിക്കുന്നത് ഹീനകൃത്യമാണ്. ഇന്ത്യയിൽ ജാതി, മതം എന്നിവയുടെ പേരിൽ സംഘപരിവാർ അതിക്രമങ്ങൾ അഴിച്ചുവിടുന്ന വർത്തമാനകാലമാണ്‌ ഇത്. ഈ ഘട്ടത്തിൽ ക്രൂരമായ വംശീയാധിക്ഷേപം നടത്തുന്ന മഹിളാ കോൺഗ്രസും അതിനെ ആഘോഷിക്കുന്ന കോൺഗ്രസ് നേതാക്കളും  നൽകുന്ന സന്ദേശമെന്താണ്? ഏറ്റവും ദുരിതപൂർണമായ ജീവിത സാഹചര്യത്തോട് പടവെട്ടി വളർന്ന, തൊഴിലാളികളുടെയും സാധാരണക്കാരുടെയും പ്രിയപ്പെട്ട ജനനേതാവാണ് എം എം മണി.

മാധ്യമ ലാളനയാൽ സ്വന്തം കാപട്യങ്ങൾ  നിരന്തരം അലക്കിവെളുപ്പിക്കുന്ന കോൺഗ്രസ് നേതാക്കളുടെ ഖദറിലെ കഞ്ഞിയുടെ ബലമല്ല കമ്യൂണിസ്റ്റുകാർക്കുള്ളത്. പ്രതിലോമരാഷ്ട്രീയവും കുത്സിത വർത്തമാനങ്ങളും  മാത്രം വമിപ്പിക്കുകയാണ് കോൺഗ്രസ്‌. തറവാടിത്ത സങ്കൽപ്പങ്ങളുടെയും വർണവെറിയുടെയും ബോധ്യങ്ങളിൽനിന്ന് ഇപ്പോഴും  വണ്ടി കിട്ടാത്ത രാഷ്ട്രീയത്തിൽത്തന്നെ കോൺഗ്രസ് നിലകൊള്ളുകയാണ്. അതാണ് കാലത്തിന് ചേരാത്ത  പ്രതികരണങ്ങൾ കോൺഗ്രസും കോൺഗ്രസ് പോഷക സംഘടനകളും ഉയർത്തുന്നത്‌. ആധുനികസൗകര്യങ്ങൾ ഉപയോഗിക്കുമ്പോഴും  അറുപഴഞ്ചൻ ലോകബോധ്യങ്ങളിൽ തുടരുന്നതുകൊണ്ടാണ് ഹീനമായ പ്രസ്താവനകളും പ്രവൃത്തികളും നടത്തുന്നത്. മനുഷ്യവിരുദ്ധമായ ചെയ്തികൾ മറച്ചുപിടിക്കാനും വെളുപ്പിക്കാനും വിധേയരായ ഒരുകൂട്ടം വലതുപക്ഷ മാധ്യമങ്ങളുടെ പിന്തുണയും അവർക്കുണ്ട്‌.  വംശീയാധിക്ഷേപം ഗുരുതര കുറ്റകൃത്യമാണെന്ന് ഇവരെന്നാണ് മനസ്സിലാക്കുക.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top