23 September Wednesday

കേരളം പൊരുതി ജയിക്കും - ഡോ. ബി ഇക്‌ബാൽ എഴുതുന്നു

ഡോ. ബി ഇക്‌ബാൽUpdated: Monday Jul 20, 2020


കേരളത്തിൽ കോവിഡ് വ്യാപനം നിർണായകമായ ഘട്ടത്തിൽ എത്തിനിൽക്കയാണ്. ഇപ്പോഴത്തെ സംസ്ഥാനത്തിന്റെ സ്ഥിതിയും രോഗനിയന്ത്രണത്തിനായി നടത്തുന്ന ഉചിതമായ നടപടികളും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ വിശദീകരിക്കുന്നുണ്ട്. ലോക്‌ഡോണിനു മുമ്പ്‌, ലോക്‌ഡൗൺ, അതിനുശേഷം ഇങ്ങനെയാണ് മൂന്നു ഘട്ടത്തിലൂടെ കേരളവും രാജ്യവും കടന്നുപോകുന്നത്. മൂന്നാംഘട്ടത്തിന്റെ തുടക്കത്തിൽ മെയ് നാല്‌ 499 രോഗികളും മൂന്ന്‌ മരണവുമാണ് കേരളത്തിലുണ്ടായത്. ലോക്‌ഡൗണിനു മുമ്പ്‌ മറ്റു രാജ്യങ്ങളിലും സംസ്ഥാനങ്ങളിലും രോഗവ്യാപനം ശക്തമായിരുന്നില്ല. അതുകൊണ്ടുതന്നെ കേരളത്തിൽ എത്തിയവരിൽ രോഗികളുടെ എണ്ണം കുറവുമായിരുന്നു. മാത്രമല്ല, ബ്രേക്ക് ദി ചെയിൻ ജീവിതരീതികൾ (ശരീരദൂരം പാലിക്കൽ, കൈകഴുകൽ, മാസ്ക് ധരിക്കൽ) ജനങ്ങളെല്ലാം പിന്തുടരുകയും ചെയ്തിരുന്നു.  രോഗസാധ്യതയുള്ളവർ ഗാർഹിക സ്ഥാപന സമ്പർക്കവിലക്കും പ്രായാധിക്യമുള്ളവരും ഇതര രോഗമുള്ളവരും സംരക്ഷണ സമ്പർക്കവിലക്കും നന്നായി പിന്തുടരുകയും ചെയ്തു.

മൂന്നാംഘട്ടത്തിൽ രോഗം വളരെയേറെ വ്യാപിച്ച ഹോട്ട്സ്പോട്ട് രാജ്യങ്ങളിൽനിന്നും സംസ്ഥാനങ്ങളിൽനിന്നും പ്രവാസികൾ എത്തിച്ചേർന്നതോടെയും ലോക്‌ഡൗൺ ലഘൂകരിച്ചതോടെയും രോഗികളുടെ എണ്ണത്തിൽ പ്രതീക്ഷിച്ചപോലുള്ള വർധനയുണ്ടായി. സമ്പർക്കത്തിലൂടെയുള്ള രോഗവ്യാപനം ഏറിയാൽ 30 ശതമാനമായി പരിമിതപ്പെടുത്തിയാൽ രോഗികളുടെ എണ്ണം വർധിച്ചാലും നമുക്ക് രോഗവ്യാപനം നിയന്ത്രിച്ചു നിർത്താനാകുമെന്നായിരുന്നു കരുതിയത്.

മരണനിരക്ക് കുറയ്‌ക്കാൻ കഴിഞ്ഞു
തിരികെ എത്തുന്ന പ്രവാസികളിലെ  രോഗമുള്ളവരുടെ ശതമാനത്തിന്റെ അടിസ്ഥാനത്തിൽ ജൂലൈ, ആഗസ്‌ത്‌ മാസത്തോടെ 10,15,000 രോഗികളും 1,00,150 മരണവും കേരളത്തിൽ റിപ്പോർട്ട് ചെയ്യപ്പെടുമെന്ന് വിദഗ്ധർ  പ്രവചിച്ചിരുന്നു. ഇത് ഭാഗികമായി ശരിയായിട്ടുണ്ട്. രോഗബാധിതരുടെ എണ്ണം ഇപ്പോൾ 12,000 കടന്നുകഴിഞ്ഞിട്ടുണ്ട്. എന്നാൽ, മരിക്കുന്നവരുടെ എണ്ണത്തിൽ കാര്യമായ വർധനയില്ല. ഇതുവരെ 42 മാത്രം. നമ്മുടെ സംരക്ഷണ സമ്പർക്കവിലക്ക് (അപകടസാധ്യതയുള്ള വയോജനങ്ങളും മറ്റ് രോഗമുള്ളവരും വീട്ടിൽത്തന്നെ കഴിയുക) വിജയിച്ചതുകൊണ്ട് മരണനിരക്ക് കുറയ്‌ക്കാൻ കഴിഞ്ഞതിൽ നമുക്ക് ആശ്വസിക്കുകയും അഭിമാനിക്കുകയും ചെയ്യാം. എന്നാൽ, സമ്പർക്കത്തിലൂടെയുള്ള രോഗവ്യാപനം 60 ശതമാനത്തിനു മുകളിലാണ്‌ ഇപ്പോൾ. മാത്രമല്ല, ഉറവിടമറിയാൻ കഴിയാത്ത രോഗികളുടെ എണ്ണത്തിലും നല്ല വർധനയുണ്ട്. 

നിരവധി ജില്ലയിൽ രോഗികളുടെ ക്ലസ്റ്ററുകൾ രൂപപ്പെട്ടുകഴിഞ്ഞിട്ടുണ്ട്. ലോകാരോഗ്യ സംഘടനയുടെ അഭിപ്രായത്തിൽ രോഗവ്യാപനത്തിന് നാലു ഘട്ടമാണുള്ളത്. രോഗികളില്ലാത്ത സ്ഥിതി, പുറമേനിന്ന്‌ ഒരു സമൂഹത്തിൽ രോഗികളെത്തി ചിലരിലേക്ക് രോഗം പകരുന്ന ഘട്ടം, ചില ജനവിഭാഗങ്ങളിലും പ്രദേശങ്ങളിലും കേന്ദ്രീകരിച്ചുള്ള  രോഗവ്യാപനം, വ്യാപകമായ സമൂഹവ്യാപനം.  മുഖ്യമന്ത്രി തിരുവനന്തപുരത്ത് സമൂഹവ്യാപനം നടന്നിരിക്കാൻ സാധ്യതയുണ്ടെന്ന് ആശങ്കപ്പെട്ടിട്ടുണ്ട്. സമൂഹവ്യാപനം സംഭവിച്ചിട്ടുണ്ടെന്ന് കരുതേണ്ട സ്ഥിതിയാണുള്ളത്.

ഈ സാഹചര്യത്തിൽ എന്തുനടപടികളാണ് ജനങ്ങളും സർക്കാർ സംവിധാനങ്ങളും സ്വീകരിക്കേണ്ടതെന്ന് സമചിത്തത കൈവിടാതെ ശാസ്‌ത്രീയമായി വിശകലനം ചെയ്തും മറ്റു രാജ്യങ്ങളുടെയും സംസ്ഥാനങ്ങളുടെയും അനുഭവങ്ങളുടെയും അടിസ്ഥാനത്തിലും തീരുമാനിച്ചു നടപ്പാക്കേണ്ടതുണ്ട്. ജനങ്ങളുടെ ഭാഗത്തുനിന്നും ബ്രേക്ക് ദി ചെയിൻ ജീവിതരീതികൾ ഒരു അലംഭാവവും കൂടാതെ കർശനമായി നടപ്പാക്കാനായി ശ്രമിക്കേണ്ടതാണ്. അതിൽത്തന്നെ ചില കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. വീട്ടിൽനിന്നു പുറത്തേക്ക് പോകുന്നവർ തിരികെ വീട്ടിലെത്തുമ്പോൾ വീടുകളിൽ മറ്റംഗങ്ങൾ പ്രത്യേകിച്ച് അപകടസാധ്യതയുള്ള വിഭാഗത്തിലുള്ളവരുണ്ടെങ്കിൽ മാസ്ക് ധരിക്കാനും ശരീരദൂരം പാലിക്കാനും പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. അതുപോലെ ഗാർഹിക സമ്പർക്കവിലക്കും സംരക്ഷണ സമ്പർക്കവിലക്കും പഴുതുകളില്ലാതെ നടപ്പാക്കാനും ശ്രദ്ധിക്കണം. 

ക്ലസ്റ്ററുകളിൽ രോഗവ്യാപന പഠനം നടത്തി രോഗവ്യാപന കാരണങ്ങൾ കണ്ടെത്തിയും വിപുലമായ തോതിൽ ടെസ്റ്റിങ്‌ നടത്തിയും രോഗവ്യാപനം തടയാൻ നടത്തുന്ന ശ്രമങ്ങൾ പൊന്നാനി പോലുള്ള ആദ്യ ക്ലസ്റ്ററുകളിൽ വിജയിച്ചുകഴിഞ്ഞിട്ടുണ്ട്. പൊന്നാനി രീതിയിൽ ഇടപെടാൻ കഴിയുന്നതോടെ മറ്റ് ക്ലസ്റ്ററുകളിൽനിന്നുള്ള രോഗപ്പകർച്ചയും നിയന്ത്രിക്കാൻ കഴിയും.

ഗുരുതരമായ രോഗമുള്ളവരെ വെന്റിലേറ്റർ ഐസിയു സംവിധാനമുള്ള കോവിഡ് ആശുപത്രികളിലും അത്ര ഗുരുതരാവസ്ഥയിൽ അല്ലാത്തവരെ  പ്രഥമതല കോവിഡ് ചികിത്സാകേന്ദ്രങ്ങളിലുമാണ്  (കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററുകൾ) പരിചരിക്കുക.  ജില്ലകളിൽ രണ്ടു വീതം കോവിഡ് ആശുപത്രികളും പ്രഥമതല കോവിഡ് ചികിത്സാകേന്ദ്രങ്ങളും സ്ഥാപിച്ചുകഴിഞ്ഞിട്ടുണ്ട്. സൗകര്യങ്ങളുള്ള സ്വകാര്യ ആശുപത്രികൾക്കും കോവിഡ് രോഗികളെ ചികിത്സിക്കാൻ അനുവാദം നൽകിയിട്ടുണ്ട്.

ആരോഗ്യ, തദ്ദേശസ്വയംഭരണ, ദുരന്തനിവാരണ വകുപ്പുകൾ സംയുക്തമായി 50,000 കിടക്കയോടെ കൂടുതൽ ചികിത്സാകേന്ദ്രങ്ങൾ സ്ഥാപിക്കാൻ ഊർജിതമായി ശ്രമിച്ചുവരികയാണ്. ചെറുകിട, ഇടത്തരം സ്വകാര്യ ആശുപത്രികൾക്ക് പ്രഥമകോവിഡ് ചികിത്സാകേന്ദ്രങ്ങൾ നടത്താൻ അനുമതി നൽകുന്നതും പരിശോധിച്ചുവരികയണ്.

ആരിൽനിന്നും രോഗം പകരാം
കേരളത്തിലുള്ള രോഗികളിൽ 60 ശതമാനത്തിലേറെ രോഗലക്ഷണമൊന്നും പ്രകടിപ്പിക്കാത്തവരാണ്. ഇവരെ വീടുകളിൽത്തന്നെ താമസിച്ചു പരിചരിച്ചാൽ മതിയെന്ന് വിദഗ്ധർ ഉപാധികളോടെ നിർദേശിച്ചിട്ടുണ്ട്. അപകടസാധ്യതാ വിഭാഗത്തിൽപ്പെടാത്തവരായ രോഗലക്ഷണമില്ലാത്തവരെ താമസ സ്ഥലത്തിന് തൊട്ടടുത്ത് ചികിത്സാകേന്ദ്രങ്ങളുണ്ടെന്ന് ഉറപ്പുണ്ടെങ്കിൽ വീട്ടിൽത്തന്നെ കഴിയാൻ അനുവദിക്കാവുന്നതാണെന്നാണ് മറ്റു പല രാജ്യങ്ങളിലെയും രീതികൾ പിന്തുടരുന്നവരുടെ അഭിപ്രായം. രോഗികളുടെ എണ്ണം അമിതമായി വർധിച്ചാൽ ഈ നിർദേശവും പരിഗണിക്കാവുന്നതാണ്.

വിദേശത്തുനിന്നും മറ്റു സംസ്ഥാനങ്ങളിൽനിന്നും വരുന്നവരുടെ എണ്ണം കുറഞ്ഞുതുടങ്ങിയിട്ടുണ്ട്. അങ്ങനെയെങ്കിൽ ആഗസ്‌തോടെ രോഗവുമായെത്തുന്ന പ്രവാസികളുടെ എണ്ണത്തിൽ കാര്യമായ കുറവുണ്ടാകുമെന്ന് പ്രതീക്ഷിക്കാം.  സംസ്ഥാനത്തിനുള്ളിലെ രോഗവ്യാപനം നിയന്ത്രിക്കാൻ സർക്കാരും ജനങ്ങളും ഒത്തുശ്രമിച്ചാൽ തീർച്ചയായും കഴിയുമെന്ന് ഉറപ്പാണ്. ഈ ഗുരുതരമായ സാഹചര്യം കണക്കിലെടുത്ത് ബ്രേക്ക് ദി ചെയിൻ ക്യാമ്പയിന്റെ അടുത്തഘട്ടമായി ‘ജീവന്റെ വിലയുള്ള ജാഗ്രത’ എന്ന ആശയം മുഖ്യമന്ത്രി മുന്നോട്ടുവച്ചിരിക്കയാണ്. കേരളത്തിൽ രോഗലക്ഷണമില്ലാത്ത രോഗികളുടെ എണ്ണം കൂടുതലായതുകൊണ്ട് ‘ആരിൽനിന്നും രോഗം പകരാം’ എന്ന് മനസ്സിലാക്കി ശരീരദൂരം പാലിക്കാനും മാസ്ക് ധരിക്കാനും കൈകൾ ആവർത്തിച്ചു കഴുകാനും എല്ലാവരെയും വീണ്ടും ജാഗ്രതപ്പെടുത്താനാണ് ബ്രേക്ക് ദി ചെയിനിന്റെ മൂന്നാംഘട്ട പ്രചാരണം ആരംഭിച്ചിട്ടുള്ളത്. കോവിഡ് വ്യാപനത്തിന്റെ ഗുരുതരാവസ്ഥ മനസ്സിലാക്കി ബഹുജന, മഹിള, യുവജന, ശാസ്ത്ര സംഘടനകളെല്ലാം ബ്രേക്ക് ദി ചെയിൻ മൂന്നാംഘട്ട പ്രചാരണപരിപാടി വമ്പിച്ച ജനകീയപ്രസ്ഥാനമാക്കി വളർത്തി വിജയിപ്പിക്കാൻ മുന്നോട്ടുവരേണ്ടതാണ്.

നിപായും പ്രളയവും ഒരുമാസക്കാലം വീതം നീണ്ടുനിന്ന പ്രതിസന്ധികളായിരുന്നു. എന്നാൽ, കോവിഡിനെ നേരിടാൻ തുടങ്ങിയിട്ട് ഇപ്പോൾ ആറുമാസത്തിലേറെയാകുന്നു. അതിന്റെ ക്ഷീണവും ആലസ്യവും മടുപ്പും പലരെയും ബാധിച്ചിട്ടുണ്ട്. പക്ഷേ, നമുക്ക് നിരന്തര ജാഗ്രത പുലർത്തിയേ പറ്റൂ. ലോകമാകെ വ്യാപിച്ചിരിക്കുന്ന ഒരു മഹാമാരിയെയാണ് നമുക്ക് നേരിടാനുള്ളതെന്നത് മറക്കരുത്.  തീർച്ചയായും നമുക്ക് കോവിഡിനെയും അതിജീവിക്കാൻ കഴിയും. അതിനുള്ള ജനകീയ ഐക്യത്തിന്റെയും സാമൂഹ്യ ഒരുമയുടെയുമായ ആന്തരിക കരുത്ത് കേരള സമൂഹത്തിനുണ്ട്.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top