05 July Sunday

ഭരണഘടന, ദൗത്യം, പൊട്ടിത്തെറി

ഗൗതമൻUpdated: Monday Jan 20, 2020ഗവർണർജി  ഭരണഘടന വായിച്ചു പഠിക്കണമെന്നൊക്കെ കപിൽ സിബൽജി പറഞ്ഞത്‌  ഭരണഘടനാപരമാണോ എന്ന്‌ ഗവർണർജിയുടെ ഓഫീസ്‌ പരിശോധിക്കണം. പറ്റുമെങ്കിൽ അതെപ്പറ്റി പഠിക്കാൻ വീർ കെ സുരേന്ദ്രൻജി,  കുമ്മനംജി, ഏതോ  ഒരു വാര്യരുണ്ടല്ലോ അദ്ദേഹം എന്നിവരുൾപ്പെട്ട ഒരു സമിതിയെ നിയോഗിക്കുമെന്നാണ്‌ ഗൗതമന്റെ പ്രതീക്ഷ. ഇന്ത്യയിൽ പ്രവർത്തിക്കുന്ന ഭൂരിപക്ഷം പാർടികളിലും പ്രവർത്തിച്ചതിന്റെ അനുഭവ സമ്പത്തുമായി കേന്ദ്ര സർക്കാരിന്റെ  നിയോഗവും ശിരസ്സാവഹിച്ച്‌ കേരളത്തിൽ എത്തിയിട്ടുള്ള  ഗവർണർജിയെപ്പറ്റി അങ്ങനെയൊക്കെ പറഞ്ഞാൽ എങ്ങനെ ക്ഷമിക്കാൻ പറ്റും. 1977ൽ ഭാരതീയ ക്രാന്തിദൾ ആയി തുടങ്ങി 80ലും 84ലും കോൺഗ്രസ്‌ എംപിയായി 86ൽ ജനതാദൾ എംപിയും മന്ത്രിയുമായി 90ൽ ബഹുജൻ സമാജ്‌ പാർടിയായി 2004ൽ ബിജെപിയിൽ എത്തിയ ആളാണ്‌ അദ്ദേഹം. 

ഗാന്ധിയൻ ആശയത്തിൽ തുടങ്ങി, ലോഹ്യാ സോഷ്യലിസം രുചിച്ച്‌  ദളിത്‌ രാഷ്‌ട്രീയത്തിൽ കുളിച്ച്‌  2004ൽ വളർച്ചമുറ്റി ബിജെപിയിൽ എത്തിയ അദ്ദേഹത്തിനെ ഭരണഘടന പഠിപ്പിക്കാൻ കപിൽ സിബൽ വളർന്നിട്ടുണ്ടെന്ന്‌ തോന്നുന്നില്ല. കേരളത്തിൽ വന്ന്‌ കുറഞ്ഞ നാളുകൾക്കുള്ളിൽത്തന്നെ അദ്ദേഹം ദേശഭക്തി, ഭരണഘടന, നിയമം തുടങ്ങിയ പദങ്ങൾ ഉരുവിടുന്നത്‌ കേൾക്കാൻതന്നെ എന്തൊരു ചേലാണ്‌.

നിഷ്പക്ഷതയുടെയും വിവേകത്തിന്റെയും പ്രതീകങ്ങളാകേണ്ടവരാണ്‌ ഗവർണർമാരെന്ന്‌ സർക്കാരിയ കമീഷൻ ശുപാർശ ചെയ്‌ത വിവരമൊക്കെ ഗവർണർജിക്ക്‌ അറിയാം. അതിനുള്ള ചുറ്റുപാടിലല്ല ഗവർണർജിയെന്ന്‌  മലയാളികളെല്ലാവരും മനസ്സിലാക്കണം. സംസ്ഥാന ഭരണത്തിന്റെ തലപ്പത്ത്‌ കക്ഷിരാഷ്‌ട്രീയമില്ലാത്തവരും നിഷ്‌പക്ഷരും ഉണ്ടാകുന്നതിനുവേണ്ടിയാണ്‌ ഗവർണർ പദവിയെന്നും ഗവർണർജിക്ക്‌ നല്ലതുപോലെ അറിയാം. അങ്ങനെയാണ്‌ തന്നെപ്പോലെതന്നെ ഒന്നിനുപിറകെ ഒന്നായി  ബിജെപി സംസ്ഥാന പ്രസിഡന്റുമാരായിരിക്കെ  കുമ്മനം,  ശ്രീധരൻപിള്ള തുടങ്ങിയ ജികൾ മിസോറമിൽ ഗവർണറായതെന്നും അദ്ദേഹത്തിനറിയാം.
ബ്രിട്ടീഷ്‌ ഈസ്‌റ്റ്‌ ഇന്ത്യ കമ്പനി  1858ൽ ബ്രിട്ടീഷ്‌ ഇന്ത്യയുടെ ഭരണം രാജ്ഞിക്ക്‌ കൈമാറിയപ്പോൾ രാജ്ഞിയുടെ വൈസ്രോയിയുടെ ഏജന്റുമാരായാണ്‌ പ്രവിശ്യകളിൽ ഗവർണർ നിയമിക്കപ്പെട്ടതെന്നൊന്നും  അദ്ദേഹത്തിന്‌ ആരും പറഞ്ഞുകൊടുക്കേണ്ടതില്ല. എന്നുവച്ച്‌ അദ്ദേഹത്തെ ആരുടെയെങ്കിലും ഏജന്റെന്നൊക്കെ വിളിക്കുന്നത്‌ മഹാപാതകമാണ്‌. 

ഗവൺമെന്റ്‌ ഓഫ്‌ ഇന്ത്യ ആക്ടിൽ ഗവർണർക്കുണ്ടായിരുന്ന എല്ലാ വിവേചനാധികാരങ്ങളും 1947ലെ  പ്രൊവിഷണൽ ഭരണഘടന എടുത്തുകളഞ്ഞുവെന്ന കാര്യം ഗവർണർ അറിഞ്ഞിട്ടുണ്ടോ എന്ന കാര്യത്തിൽ മാത്രമാണ്‌ ഗൗതമന്‌ സന്ദേഹം. മോഡിജി, അമിത്‌ ഷാ ജി തുടങ്ങിയവരുടെ കാലഘട്ടത്തിൽ  എങ്ങനെ പെരുമാറണമെന്നൊക്കെ ഗവർണർജി നന്നായി മനസ്സിലാക്കിയിട്ടുള്ളതാണ്‌. ബിജെപിക്ക്‌ ഭൂരിപക്ഷമില്ലെന്ന്‌ ഉറപ്പാണെങ്കിലും കർണാടകത്തിലും മഹാരാഷ്‌ട്രയിലും ചെയ്‌തതുപോലെ അവരെത്തന്നെ സർക്കാരുണ്ടാക്കാൻ ക്ഷണിച്ച്‌ ഭരണഘടന ഉയർത്തിപ്പിടിക്കുക,  രാവിലെയും വൈകുന്നേരവും  പത്രക്കാരെ കാണുക തുടങ്ങിയ കലാപരിപാടികളാണ്‌  നിലവിൽ ഗവർണർമാരിൽ നിക്ഷിപ്‌തമായിട്ടുള്ളത്‌.

ഇതൊക്കെയാണെങ്കിലും പഞ്ചാബിൽനിന്ന്‌ പൊട്ടിത്തെറി ശബ്ദമൊന്നും കേട്ടില്ലല്ലോ എന്നതും ഗൗതമനെ ലേശം അത്ഭുതപരതന്ത്രനാക്കുന്നുണ്ട്‌.  കാരണം, അവിടെയും  ഒരു ഗവർണറദ്ദേഹം ആസനസ്ഥനായിട്ടുണ്ടല്ലോ. അവിടത്തെ കോൺഗ്രസ്‌ ഗവൺമെന്റ്‌ പൗരത്വ ഭേദഗതി നിയമത്തിനെതിരെ നിയമസഭയിൽ  പ്രമേയം  പാസാക്കുകയും നിയമം സുപ്രീംകോടതിയിൽ ചോദ്യംചെയ്യുമെന്ന്‌ പ്രഖ്യാപിക്കുകയും ചെയ്‌തിട്ടുണ്ട്‌. എന്നിട്ടും അവിടത്തെ ഗവർണറുടെ ക്ഷോഭമൊന്നും പുറത്തേക്കുവന്നതായി കേട്ടില്ല. അവിടെ ഗവർണർക്ക്‌ കേരളത്തിലേതിന്റെ അത്ര വീര്യമുണ്ടാകില്ല. അതാകും പൊട്ടിത്തെറി ശബ്ദം കേൾക്കാത്തത്‌.

മുല്ലപ്പള്ളിജിയുടെ കഷ്ടപ്പെട്ട ജീവിതം
സത്യത്തിൽ മുല്ലപ്പള്ളിജിയെ സമ്മതിക്കണം.  അദ്ദേഹം സഹായത്തിന്‌ ആരുമില്ലാതെ കോൺഗ്രസിനെ നയിക്കാൻ തുടങ്ങിയിട്ട്‌ എത്ര നാളായി. സഹായത്തിന്‌ ഒരു കമ്മിറ്റി ഉണ്ടാക്കാമെന്നുവച്ചാൽ ഉമ്മൻ ചാണ്ടിയും ചെന്നിത്തലയും സകല ഗ്രൂപ്പുകളും ഗ്രൂപ്പില്ലാത്തവർ എന്ന്‌ അവകാശപ്പെടുന്നവരുമെല്ലാം ചേർന്ന്‌ അത്‌ സമ്മതിച്ചുകൊടുക്കേണ്ടേ?  അദ്ദേഹത്തിനാണെങ്കിൽ നൂറുകൂട്ടം പണിയുണ്ട്‌.  ദിവസവും  പത്രസമ്മേളനം നടത്തണം, എൽഡിഎഫ്‌  മനുഷ്യശൃംഖല തീർക്കുമ്പോൾ ഒരു ഭൂപടമെങ്കിലും വരയ്‌ക്കണം, വയനാട്ടിലെ എംപിയെ കേരളത്തിലെ സമരത്തിൽ പങ്കെടുപ്പിക്കാൻ  അദ്ദേഹത്തിന്റെ അമ്മയെക്കൊണ്ട്‌ ശുപാർശ ചെയ്യിക്കണം.

ഇങ്ങനെയുള്ള ഭാരിച്ച ഉത്തരവാദിത്തങ്ങളാണ്‌ അദ്ദേഹം ഇഴഞ്ഞും വലഞ്ഞും ചെയ്യുന്നതെന്നു കാണാൻ കണ്ണിൽച്ചോരയുള്ളവരാരും കോൺഗ്രസിൽ ഇല്ലാതെപോയി. കൂടാതെ, പൗരത്വ ഭേദഗതി നിയമത്തിനെതിരെ സിപിഐ എമ്മുമായി ചേർന്ന്‌ ആരെങ്കിലും സമരം നടത്തുന്നുണ്ടോയെന്നു നോക്കാൻ ഭൂമിമലയാളത്തിൽ വേറെയാരുമില്ലെന്നും ഓർക്കണം. കാരണം, ബിജെപിയുമായി ചേർന്ന്‌ ആർത്തവസമരംപോലെ ജനകീയ പ്രശ്‌നങ്ങൾ ഉയർത്തിയുള്ള സമരമാണ്‌ കോൺഗ്രസ്‌ ചെയ്യേണ്ടതെന്ന്‌ അദ്ദേഹത്തിനറിയാം. അല്ലാതെ ബിജെപിക്കെതിരെ കമ്യൂണിസ്‌റ്റുകാരുമായി സമരം നടത്തുന്ന മണ്ടത്തരത്തിനൊന്നും അദ്ദേഹം കൂട്ടുനിൽക്കില്ല.

താൻ റബർ സ്‌റ്റാമ്പല്ലെന്ന്‌ ഗവർണർ
ചാണകംകൊണ്ട്‌ സ്‌റ്റാമ്പുണ്ടാക്കുന്ന വിദ്യ ‘ഭാരതീയർ’ പണ്ടേ കണ്ടുപിടിച്ചിരുന്നു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top