28 September Monday

ജില്ലാ ആശുപത്രികൾ സ്വകാര്യവൽക്കരിക്കാൻ നിതി ആയോഗ്‌

ഡോ. ബി ഇക്‌ബാൽUpdated: Tuesday Jan 14, 2020

രാജ്യത്ത് ആവശ്യാനുസരണം ഡോക്ടർമാർ പരിശീലിപ്പിക്കപ്പെടുന്നില്ല എന്ന് വാദിച്ച് അവരുടെ എണ്ണം വർധിപ്പിക്കുന്നതിനായി ജില്ലാ ആശുപത്രികൾ സ്വകാര്യ മെഡിക്കൽ കോളേജുകളാക്കി മാറ്റണമെന്ന നിർദേശം നിതി ആയോഗ് മുന്നോട്ട് വച്ചിരിക്കയാണ്. മെഡിക്കൽ കോളേജാക്കി മാറ്റുന്ന ജില്ലാ ആശുപത്രികളുടെ നടത്തിപ്പും വികസനവും സ്വകാര്യ പൊതുപങ്കാളിത്തത്തോടെ നടത്തുന്നതിനുള്ള ശുപാർശയാണ് പ്രഖ്യാപിച്ചിട്ടുള്ളത്. ഇതിലേക്കായി താൽപ്പര്യമുള്ളവരുടെ യോഗം 21 ന്‌ വിളിച്ചിരിക്കയാണ്.

മെഡിക്കൽ കോളേജുകളായി പരിവർത്തനംചെയ്യുന്ന ജില്ലാ ആശുപത്രികളിൽ 150 എംബിബിഎസ് സീറ്റുണ്ടാകുമെന്ന് നിതി ആയോഗ് നയരേഖയിൽ പറയുന്നു. 750 കിടക്കയുള്ള ജില്ലാ ആശുപത്രികളെ ഉടൻതന്നെ സ്വകാര്യമേഖലയ്‌ക്ക് കൈമാറും. 300 കിടക്കയിലെ രോഗികളിൽനിന്ന്‌ കമ്പോളനിലവാരമനുസരിച്ച് ഫീസ് ഈടാക്കുമെന്നും മറ്റ് കിടക്കകളിലുള്ളവർക്ക് (റെഗുലേറ്റഡ് ബെഡ്) സൗജന്യ ചികിത്സ നൽകുമെന്നും രേഖയിൽ പറയുന്നു. സൗജന്യചികിത്സ ലഭിക്കാനുള്ള മാനദണ്ഡങ്ങൾ ഏതൊക്കെയെന്ന് നിതി ആയോഗ്‌ വ്യക്തമാക്കുന്നില്ല. ആരോഗ്യ ഇൻഷുറൻസിന്റെയും ക്ലിനിക്കൽ എസ്റ്റാബ്ലിഷ്‌മെന്റ്‌ ആക്ടിന്റെയും ഭാഗമായി സ്വകാര്യ ചികിത്സാ നിരക്കുകൾ ഏകീകരിക്കുകയും നിയന്ത്രിക്കുകയും ചെയ്യേണ്ടതുണ്ട്. ഇതിലേക്കായി സംസ്ഥാന സർക്കാരുകളും ഹെൽത്ത് സർവീസസ് ഡയറക്ടർ ജനറലും വിവിധ രോഗങ്ങൾക്കുള്ള ചികിത്സാനിരക്കുകൾ നിശ്ചയിച്ചിട്ടുണ്ട്. അതെല്ലാം ഉപേക്ഷിച്ച് മെഡിക്കൽ കോളേജുകളാക്കുന്ന ജില്ലാ ആശുപത്രികളിൽ കമ്പോളനിലവാരമനുസരിച്ച് ഫീസ്‌ ഈടാക്കാം എന്നാണ് നിർദേശിക്കപ്പെട്ടിട്ടുള്ളത്.

സ്വകാര്യ പൊതുപങ്കാളിത്തം ആഗോളവൽക്കരണ പദ്ധതി
ആരോഗ്യമേഖലയിലെ സ്വകാര്യ പൊതുപങ്കാളിത്തം വിശദമായി ചർച്ചചെയ്യപ്പെട്ടിട്ടുള്ള വിഷയമാണ്. നവ ഉദാരവൽക്കരണനയങ്ങളുടെ ഭാഗമായി ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയ സേവനമേഖലകളിൽനിന്ന്‌ സർക്കാർ പിൻവാങ്ങണമെന്നും ആശുപത്രി സേവനങ്ങൾക്ക് ഫീസ്‌ ഈടാക്കി ഫലത്തിൽ സർക്കാർമേഖലയെ ആന്തരികമായി സ്വകാര്യവൽക്കരിക്കണമെന്നും ലോക ബാങ്ക് രേഖകളിലെല്ലാം ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടുണ്ട്. ലോകബാങ്കിന്റെ നിർദേശം പിന്തുടർന്ന രാജ്യങ്ങളിലെല്ലാം ആരോഗ്യസേവനം സാധാരണക്കാർക്ക് ലഭ്യമല്ലാതാവുകയും ശിശു പൊതുമരണനിരക്കുകൾ വർധിക്കയും ചെയ്‌തതായി യൂണിസെഫും പൊതുജനാരോഗ്യ ഗവേഷകരും രേഖപ്പെടുത്തിയിട്ടുണ്ട്. ഇതെല്ലാം അവഗണിച്ച് 2017ലെ ദേശീയ ആരോഗ്യനയരേഖയിൽ സ്വകാര്യമേഖലയുമായി തന്ത്രപരമായ സഹകരണം സ്ഥാപിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. അതിന്റെ തുടർച്ചയായിട്ടുവേണം നിതി ആയോഗിന്റെ ഇപ്പോഴത്തെ നിർദേശത്തെ കാണാൻ. ഗുജറാത്ത്, കർണാടകം തുടങ്ങിയ സംസ്ഥാനങ്ങളിൽ നടപ്പാക്കിയ ആരോഗ്യമേഖലയിലെ സ്വകാര്യ പൊതുപങ്കാളിത്തം ധാരാളം ഗുണം ചെയ്‌തിട്ടുണ്ടെന്നാണ് നിതി ആയോഗ് റിപ്പോർട്ടിൽ പറയുന്നത്. സത്യമെന്താണ്? ഒമ്പതു സംസ്ഥാനങ്ങളിലായി നടപ്പാക്കിയ 12 സ്വകാര്യ പൊതുപങ്കാളിത്ത പദ്ധതികളിൽ ഭൂരിഭാഗവും പരാജയപ്പെട്ടതിന്റെ ഫലമായി ഉപേക്ഷിക്കപ്പെടുകയാണുണ്ടായത്.


 

സ്വകാര്യ ഏജൻസികൾ കൂടുതൽ കാര്യക്ഷമതയോടെ ആരോഗ്യമേഖലയിൽ പ്രവർത്തിക്കുന്നു എന്ന ധാരണയാണ് അവരെ മെഡിക്കൽ വിദ്യാഭ്യാസം നടത്താനുള്ള ചുമതല ഏൽപ്പിക്കാനുള്ള പ്രധാന കാരണമായി മുന്നോട്ട് വയ്‌ക്കുന്നത്‌. എന്നാൽ, സ്വാശ്രയ മെഡിക്കൽ കോളേജുകൾ ആരംഭിച്ചശേഷമുള്ള അനുഭവം എന്താണ്? അവിടത്തെ ഗുണനിലവാരം കുറഞ്ഞ വിദ്യാഭ്യാസവും വിദ്യാർഥികളുടെ മേൽ ചുമത്തപ്പെടുന്ന അമിതമായ ഫീസുമാണ് മെഡിക്കൽ വിദ്യാഭ്യാസം ഇന്ന് നേരിടുന്ന പ്രധാന പ്രതിസന്ധി. ഏത് മാനദണ്ഡം ഉപയോഗിച്ച് പരിശോധിച്ചാലും സർക്കാർ മെഡിക്കൽ കോളേജുകളാണ് അക്കാദമിക്‌ നിലവാരത്തിലും സാമൂഹ്യനീതിയിലും മുമ്പന്തിയിൽ നിൽക്കുന്നവയെന്ന് നിരവധി പഠനങ്ങൾ സൂചിപ്പിക്കുന്നുണ്ട്.

പാതി വെന്ത ഡോക്ടർമാർ
പുതിയ മെഡിക്കൽ കോളേജുകൾ അനുവദിക്കുന്നതിന് കർശനമായ നിബന്ധനകളാണ് മെഡിക്കൽ കൗൺസിലും മെഡിക്കൽ സർവകലാശാലകളും പിന്തുടർന്ന് വരുന്നത്. ഇവയിൽ പലപ്പോഴും സ്വകാര്യ ലോബിയുടെ സമ്മർദത്തിനു വഴങ്ങി വെള്ളം ചേർക്കുന്നതിന്റെ ഫലമായി അടിസ്ഥാന സൗകര്യങ്ങൾമാത്രമല്ല അവശ്യാനുസരണം അധ്യാപകരും രോഗികൾപോലുമില്ലാത്ത സ്വാശ്രയ മെഡിക്കൽ കോളേജുകളുടെ എണ്ണം ആപൽക്കരമായി വർധിച്ച് വരികയാണ്. ഇത്തരം മെഡിക്കൽ കോളേജുകളിൽനിന്ന്‌ പഠിച്ചിറങ്ങുന്ന പാതി വെന്ത ഡോക്ടർമാർ ആരോഗ്യമേഖലയിൽ വരുംകാലങ്ങളിൽ വലിയ ദുരന്തങ്ങൾക്ക് കാരണമാകുമെന്ന ഭീതി പടർന്നിട്ടുണ്ട്. കേരളത്തിൽ ഈയടുത്താണ്‌ രോഗികളും അധ്യാപകരുമില്ലാത്ത ഒരു സ്വാശ്രയ മെഡിക്കൽ കോളേജിലെ വിദ്യാർഥികളെ തുടർപഠനത്തിന് സർക്കാർ മെഡിക്കൾ കോളേജിലേക്ക് മാറ്റിയതെന്നോർക്കണം.

ആരോഗ്യവിഹിതം പരിമിതം
പുതിയ മെഡിക്കൽ കോളേജുകൾ സ്ഥാപിക്കാനുള്ള ധനശേഷി സർക്കാരിനില്ലെന്നതാണ് വൈദ്യവിദ്യാഭ്യാസത്തിന്റെ സ്വകാര്യവൽക്കരണത്തെ ന്യായീകരിക്കുന്നതിനായി മുന്നോട്ടുവയ്‌ക്കുന്ന മറ്റൊരു വാദം. എന്നാൽ, സത്യമെന്താണ്? കേന്ദ്രസർക്കാർ ദേശീയവരുമാനത്തിന്റെ കേവലം 1.1 ശതമാനംമാത്രമാണ് ആരോഗ്യത്തിനായി ചെലവിടുന്നത്. ആരോഗ്യവിഹിതം മൂന്ന്‌ ശതമാനമായി വർധിപ്പിക്കുമെന്ന് ആരോഗ്യനയത്തിലും ബിജെപി പ്രകടനപത്രികയിലും വാഗ്ദാനം ചെയ്‌തിട്ടുള്ളത് നടപ്പാക്കിയാൽ ആവശ്യമായ ഡോക്ടർമാരെയും മറ്റ് ആരോഗ്യപ്രവർത്തകരെയും പരിശീലിപ്പിക്കുന്നതിനുള്ള വൈദ്യ വിദ്യാഭ്യാസകേന്ദ്രങ്ങൾ സ്ഥാപിക്കാൻ കഴിയും. അതിനുള്ള രാഷ്ടീയ ഇച്ഛാശക്തിയില്ലായ്‌മയ്‌ക്ക്‌ മറയിട്ടുകൊണ്ടാണ് വൈദ്യ വിദ്യാഭ്യാസമേഖലയെ സ്വകാര്യമേഖലയ്‌ക്ക് തീറെഴുതികൊടുക്കുന്നത്. ജനകീയാരോഗ്യ പ്രവർത്തകരും മറ്റും വർഷങ്ങളായി ആവശ്യപ്പെട്ടിട്ടുള്ളത് ഡോക്ടർമാരുടെ കുറവ് പരിഹരിക്കാൻ അവശ്യമെങ്കിൽ ജില്ലാ ആശുപത്രികളെ സർക്കാർ മെഡിക്കൽ കോളേജുകളാക്കി മാറ്റുന്നത് പരിഗണിക്കാമെന്നാണ്. എന്നാൽ, ഇപ്പോൾ മെഡിക്കൽ വിദ്യാഭ്യാസമേഖലയെ നശിപ്പിച്ചുകൊണ്ടിരിക്കുന്ന സ്വകാര്യ ഏജൻസികൾക്ക്‌ ജില്ലാആശുപത്രികൾ മെഡിക്കൽ കോളേജുകളാക്കുന്നതിനുള്ള അധികാരം നൽകാനുള്ള കുത്സിതമായ നീക്കമാണ് നടക്കുന്നത്.

കേരളം വ്യത്യസ്‌തം
സർക്കാർ ജില്ലാ ആശുപത്രികൾ മെഡിക്കൽ കോളേജുകളാരംഭിക്കാൻ സ്വകാര്യ ഏജൻസികൾക്ക് വിട്ടുകൊടുക്കുന്നതിലൂടെ മെഡിക്കൽ വിദ്യാഭ്യാസത്തിന്റെ ഗതി കൂടുതൽ ശോചനീയമാകുമെന്നും പാവപ്പെട്ടവർക്ക് ഏക ആശ്രയമായ സർക്കാർ ആശുപത്രികൾ സ്വകാര്യവൽക്കരിക്കപ്പെട്ട് അവർക്ക് അപ്രാപ്യമാകുമെന്നും ഉറപ്പാണ്. കേരള സർക്കാർ ഇക്കാര്യത്തിലും തികച്ചും വ്യത്യസ്‌തമായ പ്രവർത്തനരീതിയാണ് പിന്തുടരുന്നത്. സർക്കാർമേഖലയിലെ സേവന നിലവാരം നിരന്തരം മെച്ചപ്പെടുത്തുകയും ജനങ്ങളുടെ രോഗാതുരത കുറയ്‌ക്കുന്നതിനായും സ്വകാര്യമേഖലയുമായി ആവശ്യമായ മേഖലകളിൽ സഹകരിക്കുകയും ചെയ്യുന്ന സമീപനമാണ് കേരള ആരോഗ്യവകുപ്പ് പിന്തുടരുന്നത്. സ്വകാര്യ സർക്കാർ പങ്കാളിത്തമല്ല സർക്കാർ സ്വകാര്യ സഹകരണമാണ് കേരളം മുന്നോട്ടുവയ്‌ക്കുന്ന സമീപനം.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


----
പ്രധാന വാർത്തകൾ
-----
-----
 Top