07 June Sunday

കൊറോണയും സമ്പദ്‌വ്യവസ്ഥയും

ടി ചന്ദ്രമോഹൻUpdated: Tuesday Mar 10, 2020

96 രാജ്യങ്ങളിലേക്ക്‌ പടർന്നു, 3800 ലേറെ മരണം, ഒരു ലക്ഷം കവിഞ്ഞ രോഗബാധിതർ, ലക്ഷക്കണക്കിനാളുകൾ നിരീക്ഷണത്തിൽ, വിദേശപൗരന്മാർക്ക്‌ യാത്രാവിലക്കേർപ്പെടുത്തി പല രാജ്യങ്ങളും വൈറസ്‌ ബാധ തടയാൻ ശ്രമിക്കുന്നു–-- കോവിഡ്‌–-19 ( കൊറോണ വൈറസ്‌) ഓരോ ദിവസവും കടുത്ത ആശങ്ക സൃഷ്ടിച്ച്‌ പടരുകയാണ്‌. എല്ലാ ഭൂഖണ്ഡങ്ങളെയും ഈ മാരക വൈറസ്‌ ഗ്രസിച്ചു. കൂടുതൽ രാജ്യങ്ങളിലേക്ക്‌ വ്യാപിക്കുന്നു എന്ന വാർത്തകളാണ്‌  പുറത്തുവന്നുകൊണ്ടിരിക്കുന്നത്‌.

ചൈനയിൽനിന്ന്‌ തുടങ്ങിയ രോഗവ്യാപനം ഇന്ന്‌ ഒരു വിധത്തിലല്ലെങ്കിൽ മറ്റൊരു വിധത്തിൽ പ്രധാനപ്പെട്ട എല്ലാ രാജ്യങ്ങളെയും ബാധിച്ചു. ആരോഗ്യമേഖലയിൽ മാത്രമല്ല ആഘാതം സൃഷ്ടിക്കുന്നത്‌. നിർമാണം, ടൂറിസം, വ്യോമഗതാഗതം, ഹോട്ടൽ, ഔഷധനിർമാണം, തീർഥാടനം തുടങ്ങി സമ്പദ്‌വ്യവസ്ഥയുടെ എല്ലാ മേഖലകളിലും വലിയ ആഘാതമാണ്‌ കോവിഡ്‌ സൃഷ്ടിക്കുന്നത്‌. കരയും കടലും ആകാശവും വൈറസിന്റെ ഭീതിയിലാണ്‌. വിവിധ രാജ്യങ്ങളുടെ സമ്പദ്‌വ്യവസ്ഥകളും മാന്ദ്യത്തിലേക്ക്‌ നീങ്ങുന്നു. രോഗം വ്യാപനം തടയാനായില്ലെങ്കിൽ ആഗോള സമ്പദ്‌‌വ്യവസ്ഥയുടെ തകർച്ചയായിരിക്കും ഫലം. ആഗോള വിപണിയിൽ ക്രൂഡോയിൽ വില തിങ്കളാഴ്‌ച കുത്തനെ ഇടിഞ്ഞതും ഇന്ത്യൻ ഓഹരി വിപണിയിലെ തകർച്ചയും സൂചിപ്പിക്കുന്നത്‌ ഇതാണ്‌.

കൊറോണ വൈറസ്‌ ആഗോള സാമ്പത്തിക മേഖലയിൽ സൃഷ്ടിക്കുന്ന ആഘാതം വലുതായിരിക്കുമെന്ന്‌ ജി 7 രാജ്യങ്ങൾ മുന്നറിയിപ്പ്‌ നൽകി. ഇത്‌ തടയുന്നതിനായി ആവശ്യമായ ആശ്വാസ നടപടികൾ സ്വീകരിക്കുമെന്ന്‌ പ്രഖ്യാപിച്ചിട്ടുണ്ട്‌. ജി 7 രാജ്യങ്ങളിലെ ധനമന്ത്രിമാരും കേന്ദ്രബാങ്ക്‌ മേധാവികളും മണിക്കൂറുകളോളം ചർച്ച നടത്തിയെങ്കിലും പദ്ധതികൾക്ക്‌ രൂപം നൽകാനായില്ല. ചൈനയിൽ കൊറോണ വ്യാപകമായപ്പോൾ പശ്‌ചാത്യ രാഷ്ട്രങ്ങൾ തങ്ങളുടെ പൗരന്മാരെ പെട്ടെന്ന്‌ ഒഴിപ്പിക്കുകയും ചൈനയുമായുള്ള വ്യോമബന്ധങ്ങൾപോലും വിച്ഛേദിച്ച്‌ സുരക്ഷ ഉറപ്പുവരുത്തിയതായി പ്രഖ്യാപിച്ചു. മാത്രമല്ല, തങ്ങളെ ഇത്‌ ബാധിക്കില്ലെന്ന നിലപാടാണ്‌ ഈ രാഷ്ട്രങ്ങൾ കൈക്കൊണ്ടത്‌. കൊറോണ ചൈനയുടെ സമ്പദ്‌മേഖലയിൽ ഉണ്ടാക്കുന്ന തകർച്ച നേട്ടമാകുമെന്നുവരെ അമേരിക്ക ഉൾപ്പെടെയുള്ള രാഷ്ട്രങ്ങൾ അവകാശപ്പെട്ടു. എന്നാൽ, പൊടുന്നനെയാണ്‌ പാശ്‌ചാത്യ രാജ്യങ്ങളിൽ രോഗം വ്യാപിക്കുകയും മരണനിരക്ക്‌ ഉയരുകയും ചെയ്‌തത്‌. ഇറ്റലിയിൽ കൊറോണ പടർന്നുപിടിച്ചതും മരണനിരക്ക്‌ പെട്ടെന്ന്‌ ഉയർന്നതും പശ്‌ചാത്യരാഷ്ട്രങ്ങളെ കടുത്ത പ്രതിസന്ധിയിലാക്കി.

വളർച്ച ഇടിക്കും
കൊറോണ പല രാജ്യങ്ങളുടെയും സാമ്പത്തികവളർച്ചയെ കാര്യമായി ബാധിക്കുമെന്നും മാന്ദ്യത്തിലേക്ക്‌ തള്ളിവിടുമെന്നും പല ആഗോള ഏജൻസികളും മുന്നറിയിപ്പ്‌ നൽകുന്നുണ്ട്‌. 2008ലെ മാന്ദ്യത്തേക്കാൾ മോശമായ നിലയിലേക്കാണ്‌ കാര്യങ്ങൾ നീങ്ങുന്നത്‌. നിലവിലെ സാഹചര്യത്തിൽ ഈവർഷം ലോകസാമ്പത്തിക വളർച്ച ഒരു ശതമാനംവരെ ഇടിയുമെന്നാണ്‌ സാമ്പത്തിക സഹകരണത്തിനും വികസനത്തിനും വേണ്ടിയുള്ള സംഘടന (ഒഇസിഡി ) ചൂണ്ടിക്കാട്ടിയിരിക്കുന്നത്‌. വളർച്ച 2.2 ശതമാനത്തിൽ താഴെയായിരിക്കുമെന്നാണ്‌ സംഘടന കഴിഞ്ഞ ദിവസം പ്രവചിച്ചത്‌. 2009നുശേഷമുള്ള ഏറ്റവും വലിയ വളർച്ചാ ഇടിവായിരിക്കും ഇത്‌. വൈറസ്‌ ബാധ ഏഷ്യ, യൂറോപ്, വടക്കെ അമേരിക്ക എന്നിവിടങ്ങളിലേക്ക്‌ കൂടുതൽ വ്യാപിക്കുകയാണെങ്കിൽ വളർച്ച 1.5 ശതമാനമായി ഇടിയാമെന്നും മുന്നറിയിപ്പ്‌ നൽകിയിട്ടുണ്ട്‌.

വൈറസ്‌ വ്യാപനത്തിന്റെ ആദ്യ പ്രത്യാഘാതം ഉണ്ടായത്‌ ആഗോള വിതരണശൃംഖലയിലാണ്‌. ചൈന ലോകത്തിന്റെ നിർമാണ ഫാക്ടറിയാണ്‌. ചൈനയിൽ നിന്നുള്ള ഇറക്കുമതി നിലച്ചാൽ ലോകവ്യാപകമായുള്ള ഫാക്ടറികളിലെ ഉൽപ്പാദനം നിലയ്‌ക്കുമെന്ന സ്ഥിതിയാണ്‌. ആഗോള വ്യാപാര കയറ്റുമതിയിൽ ഇതുവരെ 6000 കോടി ഡോളറിന്റെ ഇടിവുണ്ടായി. 20 ലക്ഷം കോടി ഡോളറിന്റെ വാർഷിക ആഗോളകയറ്റുമതിയിൽ ഇത്‌ തുച്ഛമാണെങ്കിലൂം വരുംനാളുകളിൽ കയറ്റുമതിയിലെ ഇടിവ്‌ വളരെ വലുതായിരുക്കുമെന്നാണ്‌ യുഎൻ മുന്നറിയിപ്പ്‌ നൽകിയിരിക്കുന്നത്‌.


 

വൈറസ്‌ ആഗോള വ്യോമമേഖലയെ കനത്ത ആകാശച്ചുഴിയിൽ അകപ്പെടുത്തിയിരിക്കുകയാണ്‌. ഇന്റർനാഷണൽ എയർ ട്രാൻസ്‌പോർട്ട്‌ അസോസിയേഷന്റെ (ഐഎടിഎ) മാർച്ച്‌ അഞ്ചുവരെയുള്ള കണക്കനുസരിച്ച്‌ 4000 കോടിയിലേറെ ഡോളറിന്റെ (3 ലക്ഷം കോടിയിലേറെ രൂപ) നഷ്ടമാണ്‌ വ്യോമഗതാഗത മേഖലയിലുണ്ടായത്‌. ലോകത്താകെ രണ്ടര ലക്ഷത്തിലേറെ വിമാന സർവീസുകൾ റദ്ദാക്കി. ഓരോ ദിവസവും റദ്ദാക്കുന്ന വിമാന സർവീസുകളുടെ എണ്ണം കൂടിവരികയാണ്‌. വിമാന കമ്പനികളുടെ ഓഹരിമൂല്യം ഇടിയുന്നു. ഈ നൂറ്റാണ്ടിൽ വ്യോമമേഖല അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ പ്രതിസന്ധിയാണിത്‌. യാത്രക്കാരുടെ എണ്ണത്തിലും വലിയ കുറവുണ്ടാകുന്നു. വൈറസ്‌ ബാധ വ്യാപകമായാൽ പല വിമാന കമ്പനികളും നിശ്‌ചലമാകും. ഏഷ്യ, പസഫിക്‌, പശ്‌ചിമേഷ്യൻ മേഖലയിലാണ്‌ വലിയ പ്രശ്‌നം. ചൈനീസ്‌ എയർലൈൻസിനുമാത്രം ഇതുവരെ 1300 കോടി ഡോളറിന്റെ നഷ്ടമുണ്ടായി. 2003 സാർസ്‌ വൈറസ്‌ പടർന്നപ്പോഴും സമാനസ്ഥിതിയുണ്ടായിരുന്നു.

യാത്രാവിലക്കുകൾ വിനോദസഞ്ചാര, ഹോട്ടൽ മേഖലയെയും ഗുരുതരമായി ബാധിച്ചു. ലോകത്തെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിൽ തിരക്കൊഴിയുകയാണ്‌. അന്താരാഷ്ട്രതലത്തിൽ വേനലവധിക്കാലം ആഘോഷിക്കുന്നതിനായി ബുക്ക്‌ ചെയ്‌തവർ ബുക്കിങ്‌ റദ്ദാക്കുന്നു. പ്രധാനപ്പെട്ട അന്താരാഷ്ട്ര കോൺഫറൻസുകളും ടെക്‌ ഇവന്റുകളും റദ്ദാക്കുന്നു. മൊബൈൽ വേൾഡ്‌ കോൺഗ്രസ്‌, ഗൂഗിൾ ഐ, ഫെയ്‌സ്‌ബുക്കിന്റെ എഫ്‌8 ഇവന്റ്‌ എന്നിവ റദ്ദാക്കി. ടെക്‌ ഭീമൻമാരെല്ലാം വീട്ടിലിരുന്ന്‌ ജോലി ചെയ്യാൻ ജീവനക്കാരോട്‌ നിർദേശിക്കുന്നു. തീർഥാടകർക്കും വിനോദസഞ്ചാരികൾക്കും പല രാജ്യങ്ങളും പ്രവേശനവിലക്കേർപ്പെടുത്തിയിരിക്കുകയാണ്‌. ലോകരാജ്യങ്ങൾ അനിവാര്യമല്ലാത്ത യാത്രകൾ തടയുന്നു.

ഇന്ത്യയിൽ മാന്ദ്യം കടുക്കും
പ്രത്യാഘാതം കൂടുതൽ നേരിടേണ്ടിവരിക മാന്ദ്യത്തിലേക്ക്‌ നീങ്ങുന്ന ഇന്ത്യക്കായിരിക്കും. അവസാന കണക്കുപ്രകാരം ഈ സാമ്പത്തികവർഷം 4.4 ശതമാനത്തിൽ താഴെയായിരിക്കും സാമ്പത്തിക വളർച്ചയെന്നാണ്‌ വിലയിരുത്തിയിരിക്കുന്നത്‌. ഏഴ്‌ ശതമാനമാണ്‌ പ്രതീക്ഷിച്ചിരുന്നത്‌. കൊറോണ സ്ഥിതി രൂക്ഷമാക്കും. ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയെ സംബന്ധിച്ച്‌ കടുത്ത വെല്ലുവിളി നിറഞ്ഞ മാസങ്ങളാണ്‌ വരാനിരിക്കുന്നത്‌. മാന്ദ്യം നേരിടാൻപോലും വ്യക്തമായ ആസൂത്രണം നടത്തുന്നതിൽ പരാജയപ്പെട്ട മോഡിസർക്കാരിന്‌ കൊറോണ മറ്റൊരു വെല്ലുവിളിയായിരിക്കുകയാണ്‌. യെസ്‌ ബാങ്കിന്റെ തകർച്ചയും ഓഹരി വിപണിയിലെ ഇടിവും രൂപയുടെ മൂല്യശോഷണവും തകർച്ചയുടെ ആക്കം വർധിപ്പിക്കും.

ചൈനയുടെ സാമ്പത്തികമുരടിപ്പ്‌ ഇന്ത്യയ്‌ക്ക്‌ ഗുണകരമാകുമെന്ന നിലപാടാണ്‌ കേന്ദ്രസർക്കാർ തുടക്കത്തിൽ സ്വീകരിച്ചത്‌. കൂടുതൽ കയറ്റുമതി നടത്തി ആഗോളവിപണിയിൽ ഇടപെടാനാകുമെന്നായിരുന്നു വാദം. ‘മെയ്‌ക്ക്‌ ഇൻ ഇന്ത്യ’ പദ്ധതിക്ക്‌ ചൈനയുടെ കൊറോണ ഊർജം നൽകുമെന്ന പ്രചാരണവുമുണ്ടായി. രണ്ടുമാസം പിന്നിടുമ്പോൾ ചൈനയിലെ സാമ്പത്തിക തിരിച്ചടി ബാധിക്കുന്നത്‌ ഇന്ത്യയെക്കൂടിയാണ്‌. ടെലികോം, മൊബൈൽഫോൺ, ഔഷധ നിർമാണം, ഇലക്‌ട്രോണിക്‌സ്‌ ഉൽപ്പന്നങ്ങൾ, ഓട്ടോമൊബൈൽ തുടങ്ങിയ സുപ്രധാന മേഖലകളിലെല്ലാം തിരിച്ചടി പ്രകടമായി. ഈ മേഖല പ്രധാനമായും ചൈനയിൽ നിന്നുള്ള ഇറക്കുമതിയെ ആശ്രയിച്ചാണ്‌ നിലനിൽക്കുന്നത്‌.


 

2019ൽ ഇന്ത്യ 750 കോടി ഡോളർ മൂല്യമുള്ള ഇലക്‌ട്രോണിക്‌ ഉപകരണങ്ങളാണ്‌ ചൈനയിൽനിന്ന്‌ ഇറക്കുമതി ചെയ്‌തത്‌. ടെലികോം മേഖലയിൽ 600 കോടിയോളം ഡോളറിന്റെ ഉപകരണങ്ങളും ചൈനയിൽ നിന്നായിരുന്നു. ഈ രണ്ട്‌ മേഖലയിലെയും മൊത്തം ഇറക്കുമതിയുടെ പകുതിയോളം വരുമിത്‌. ഇറക്കുമതി പ്രതിസന്ധിയിലാകുന്നതോടെ ടെലികോം മേഖലയിലെ വികസനംതന്നെ പിന്നോട്ടുനയിക്കും. 5ജിപോലും നീണ്ടുപോകാൻ സാധ്യതയുണ്ട്‌. കംപ്യൂട്ടർ ഹാർഡ്‌വെയറുകളുടെ ഇറക്കുമതി കഴിഞ്ഞവർഷം 500 കോടി ഡോളറിന്റേതാണ്‌. ഔഷധനിർമാണത്തിന്‌ ഉപയോഗിക്കുന്ന ബയോ ഘടകവസ്‌തുക്കളുടെ 70 ശതമാനവും ചൈനയിൽനിന്നാണ്‌. പ്രധാനമായും ആന്റിബയോട്ടിക്കുകളുടെ നിർമാണത്തിന്‌ ഉപയോഗിക്കുന്ന ഘടകങ്ങളുടേത്‌. ഇറക്കുമതി പുനഃസ്ഥാപിക്കാനായില്ലെങ്കിൽ മൂന്നുമാസത്തിനകം ഇന്ത്യ കടുത്ത മരുന്നുക്ഷാമത്തിലേക്ക്‌ നീങ്ങാനിടയുണ്ട്‌. ഇറക്കുമതിയിൽ കുറവുണ്ടായാൽ ബദൽ സംവിധാനങ്ങൾ കണ്ടെത്തുമെന്ന്‌ പ്രഖ്യാപിച്ചെങ്കിലും ഇതിനുള്ള സാധ്യത വിരളമാണ്‌. ഫെബ്രുവരി 14ന്‌ ഇക്കാര്യം ചർച്ച ചെയ്യാൻ പ്രത്യേക യോഗം ചേർന്നെങ്കിലും ബദൽ സംവിധാനം കണ്ടെത്താനായിട്ടില്ല. യുഎസ്‌–- ചൈന വ്യാപാര തർക്കത്തിന്‌ പിന്നാലെയുണ്ടായ കൊറോണ ബാധ എൻജിനിയറിങ്‌ ഉൽപ്പന്നങ്ങളുടെ കയറ്റുമതിയിലും വൻ ഇടിവുണ്ടാക്കും. 8500 കോടി ഡോളറായിരുന്നു കഴിഞ്ഞ വർഷം എൻജിനിയറിങ്‌ ഉൽപ്പന്നങ്ങളുടെ കയറ്റുമതിയിൽ നിന്നുള്ള വരുമാനം.

ഇന്ത്യയുടെ ജിഡിപിയുടെ 20 ശതമാനവും കയറ്റുമതിയിലൂടെയാണ്‌. വികസിത രാജ്യങ്ങൾ മാന്ദ്യത്തിലമരുന്നതോടെ കയറ്റുമതി കുറയും. പെട്രോളിയം ഉൽപ്പന്നങ്ങൾ, ടെക്‌സ്‌റ്റൈൽ, തുകൽ, വജ്രം, ആഭരണം, സമുദ്രോൽപ്പന്നം, കാർഷികോൽപ്പന്നങ്ങൾ തുടങ്ങിയവയുടെ കയറ്റുമതിയിൽ ഇടിവുണ്ടാകും. വില ഇടിഞ്ഞതോടെ അസംസ്‌കൃത എണ്ണ ഇറക്കുമതി ചെലവ്‌ ഇന്ത്യക്ക്‌ കുറയ്‌ക്കാനാകുമെങ്കിലും രൂപയുടെ മൂല്യം ഇടിയുന്നതുകൊണ്ട്‌ ഇതിന്റെ നേട്ടം പൂർണമായും ലഭിക്കില്ല. ഫലത്തിൽ ഇന്ത്യയുടെ സാമ്പത്തിക മേഖലയിലെ തിരിച്ചുവരവ്‌ അത്ര എളുപ്പമല്ല.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top