26 August Monday

സോവിയറ്റ‌് ജനതയുടെ വിജയദിനം

എസ‌് വി നായർUpdated: Thursday May 9, 2019


മെയ‌് 9 റഷ്യയിൽ അവധിദിനമാണ‌്. രണ്ടാം ലോകമഹായുദ്ധത്തിന്റെ ഭീകരമായ ഘട്ടത്തെയാണ‌് ഈ ദിവസം ഓർമപ്പെടുത്തുന്നത‌്. റഷ്യൻ ജനതയ‌്ക്ക‌് അത‌് മഹത്തായ ദേശഭക്തി യുദ്ധം (1941–-45) ആയിരുന്നു.  യുദ്ധത്തിന്റെ ഭയാനകമായ നടുക്കം ജീവിച്ചിരിക്കുന്ന പഴയ തലമുറകളുടെ മനസ്സിൽ ഇപ്പോഴും നിലനിൽക്കുന്നു. 27 ദശലക്ഷം ആളുകളുടെ കണ്ണീരും രക്തവും വീണ മഹത്തായ ത്യാഗത്തിലൂടെയാണ‌് ഫാസിസത്തിനെതിരെയുള്ള റഷ്യൻ ജനതയുടെയും റെഡ‌് ആർമിയുടെയും മഹത്തായ വിജയം എഴുതിച്ചേർത്തത‌്.

1945ലെ നാസികളുടെ കീഴടങ്ങലാണ‌് സോവിയറ്റ‌് ജനത വിജയദിവസമായി ആഘോഷിക്കുന്നത‌്.  മെയ‌് എട്ടിന‌് വൈകിട്ട‌് ജർമൻ ഇൻസ‌്ട്രുമെന്റ‌് ഓഫ‌് സറണ്ടർ ഒപ്പിട്ടാണ‌് സോവിയറ്റ‌് യൂണിയന്റെ 15 റിപ്പബ്ലിക്കിൽ വിജയാഘോഷം ആരംഭിച്ചത‌്. ബർലിനിൽ ഒപ്പിട്ടശേഷം സോവിയറ്റ‌് സർക്കാർ മെയ‌് 9 വിജയദിനമായി പ്രഖ്യാപിച്ചു.
പ്രസിഡന്റ‌് വ‌്ളാദിമിർ പുടിന്റെ വരവോട‌ുകൂടി റഷ്യൻ സർക്കാർ ഭരണസംവിധാനത്തിന്റെയും ചരിത്രത്തിന്റെയും പേരും പെരുമയും പ്രോത്സാഹിക്കാനുള്ള നടപടികൾ സ്വീകരിച്ചു. ദേശീയ അവധിദിനങ്ങളും ആശയവിനിമയങ്ങളും ദേശീയസ്വത്വത്തിന്റെ ഉറവിടമായി മാറി. ഫാസിസത്തിനുമേൽ സോവിയറ്റ‌് ജനത വിജയംനേടിയ മഹത്തായ ദേശഭക്തി യുദ്ധത്തിന്റെ വാർഷികദിവസം, പ്രസിഡന്റ‌് വ‌്‌ളാദിമിർ പുടിൻ മോസ‌്കോയിലെ ഏറ്റവും വലിയ സൈനിക പരേഡിന‌് ആതിഥ്യമരുളും.

മനുഷ്യചരിത്രത്തിലെതന്നെ ഏറ്റവും വിനാശകരമായ യുദ്ധമായ രണ്ടാം ലോകമഹായുദ്ധത്തിൽ  ഏകദേശം 50–-85 ദശലക്ഷം ആളുകൾക്കാണ‌് ജീവൻ നഷ‌്ടമായത‌്. ഇവരിൽ ഭൂരിഭാഗവും സോവിയറ്റ‌് പൗരന്മാരും ചൈനക്കാരുമായിരുന്നു. ഇതിൽ കൂട്ടക്കൊലകളിലും ഹോളോകോസ്റ്റ‌് വംശഹത്യയിലും തന്ത്രപരമായ ബോംബിടലിലും ആണവായുധങ്ങളുടെ ഉപയോഗത്തിലും പട്ടിണിയും രോഗവുംമൂലം മരിച്ചവരും പെടുന്നു.

ഓപ്പറേഷൻ ബാഗ്രേഷന്റെ  (1944ലെ സോവിയറ്റ‌് ബെലോറഷ്യൻ തന്ത്രപരമായ അധിനിവേശ ഓപ്പറേഷന്റെ രഹസ്യനാമം) ഭാഗമായി രണ്ടാം ലോകമഹായുദ്ധത്തിന്റെ കിഴക്കൻ മേഖലയിൽ നടന്ന സൈനിക ക്യാമ്പയിൻ സോവിയറ്റ‌് വിജയത്തിൽ പ്രത്യേക പരമാർശം അർഹിക്കുന്നുണ്ട‌്. ഇവിടെ ജർമൻ ചരിത്രത്തിലെ ഏറ്റവും വലിയ തോൽവിയാണ‌് ജർമൻ മുന്നണി ഏറ്റുവാങ്ങിയത‌്.

രണ്ടാം ലോകമഹായുദ്ധം ലോകത്തിന്റെ രാഷ‌്ട്രീയ വിന്യാസവും സാമൂഹ്യഘടനയും ഒന്നടങ്കം മാറ്റി.  അന്താരാഷ‌്ട്ര സഹകരണത്തെ പ്രോത്സാഹിപ്പിക്കാനും ഭാവിയുദ്ധങ്ങളെ തടയാനും ഐക്യരാഷ‌്ട്ര സംഘടന രൂപീകരിച്ചു. വിജയികളായ മഹത്തായ ശക്തികൾ ഐക്യരാഷ‌്ട്രസഭയുടെ സുരക്ഷാ കൗൺസിലിലെ സ്ഥിരം അംഗങ്ങളായി.

ദുരിതവും പരീക്ഷണങ്ങളും വേട്ടയാടിയ ഭീകരനാളുകളായിരുന്നു യുദ്ധത്തിന്റേത‌്. യുദ്ധാനന്തരം ഓരോ സോവിയറ്റ‌് കുടുംബത്തിനും അവരുടെ അച‌്ഛനെയോ ഭർത്താവിനെയോ മകനെയൊ നഷ‌്ടപ്പെട്ടിരുന്നു. തങ്ങളുടെ മാതൃഭൂമിക്ക‌് വേണ്ടിയുള്ള പോരാട്ടത്തിലാണ‌് അവർക്ക‌് ജീവൻ നഷ‌്ടമായത‌്. വെടിവയ‌്പിന്റെയും ബോംബിന്റെയും പട്ടാള ട്രക്കുകളുടെയും പരിക്കേറ്റവരുടെയും ശബ്ദം  അന്തരീക്ഷത്തിൽ നിറഞ്ഞ‌ുനിന്നു.

പുരുഷന്മാരും സ‌്ത്രീകളും ചെറുപ്പക്കാരും പ്രായമുള്ളവരും ഉൾപ്പെടെയുള്ളവരെ മരിച്ചനിലയിലും പരിക്കേറ്റനിലയിലും ചുറ്റുപാടുംനിന്ന‌് കണ്ടെത്തി. ആയിരക്കണക്കിന‌് കുടുംബങ്ങൾക്ക‌് വീടില്ലാതായി. നാസിസത്തിന്റെ ഭീഷണിയിൽനിന്ന‌് മനുഷ്യവർഗത്തെ രക്ഷിക്കുന്ന പ്രക്രിയയിൽ ഹിറ്റ‌്‌ലറുടെ ജർമൻ യുദ്ധതന്ത്രങ്ങളെ തകർത്തത‌് സോവിയറ്റ‌് റെഡ‌് ആർമിയാണെന്ന‌ത‌് ഇന്നത്തെ തലമുറയ‌്ക്ക‌് പാഠമാണ‌്.

(ലേഖകൻ ഡൽഹിയിലെ റഷ്യൻ സെന്റർ ഓഫ്‌ സയൻസ്‌ ആൻഡ്‌ കൾച്ചറിലെ മാധ്യമ ഉപദേശകനാണ്‌)


പ്രധാന വാർത്തകൾ
 Top