25 May Monday

കേന്ദ്രനയം ജനകീയവിദ്യാഭ്യാസം തകർക്കും

ഡോ. കെ കെ ദാമോദരൻUpdated: Saturday Mar 7, 2020


ഇന്ത്യ എന്ന വികാരവും ജനാധിപത്യം എന്ന സംസ്കാരവും  വളർത്തി പരിപോഷിപ്പിച്ചതിലും  കൈമാറ്റം ചെയ്തതിലും ഏറ്റവും വലിയ പങ്കുവഹിച്ചത്‌ വിദ്യാഭ്യാസപരിപാടിയാണ്. ചരിത്രപഠനവും സാമൂഹ്യവും കലയും സാഹിത്യവുമെല്ലാം രാജ്യനിർമിതിയിൽ ഏതുതരം പങ്കുവഹിച്ചു എന്നത് വിശദീകരിക്കേണ്ടതില്ല.
ഇത്ര വിപുലമായ ഭൂപ്രദേശത്തെയും വൈജാത്യമാർന്ന ജനതയെയും ഒറ്റക്കെട്ടായി ഇത്രയും കാലം നിലനിർത്തിയതിൽ രാജ്യത്തെ വിദ്യാഭ്യാസപദ്ധതി വഹിച്ച പങ്ക് വിവരണാതീതമാണ്. എന്നാൽ, ഇപ്പോൾ വിദ്യാഭ്യാസമേഖലയിൽ കേന്ദ്രസർക്കാർ നിർദേശിച്ചിട്ടുള്ള  പുതിയ നയവും പരിഷ്കാരങ്ങളും  നടപ്പായാൽ  ജനാധിപത്യവും  രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും കൂടുതൽ പരുങ്ങലിലാകും എന്നത് നിശ്ചയമാണ്.

വ്യാപകമായ സ്വയംഭരണം
ഹൈസ്കൂൾതലം മുതൽ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സ്വയംഭരണം നൽകും.  വിദ്യാഭ്യാസസ്ഥാപനങ്ങൾ ആര്, എന്ത്, ആരെ പഠിപ്പിക്കണമെന്ന് തീരുമാനിക്കാനുള്ള മാനേജ്മെന്റിന്റെ അധികാരത്തെയാണ് സ്വയംഭരണം എന്നുപറയുന്നത്. നമുക്ക് ആകെയുള്ള  ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിൽ  22 ശതമാനം മാത്രമേ സർക്കാർ മേഖലയിലുള്ളു. 64 ശതമാനം സ്വകാര്യ സ്വാശ്രയവും 14 ശതമാനം സ്വകാര്യഎയ്ഡഡ് മേഖലയുമാണ്. സ്വകാര്യമേഖലയിൽ  ലാഭസമ്പാദനം മാത്രം ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന കോർപറേറ്റ് സ്ഥാപനങ്ങളാണ് ഒരു വിഭാഗം. പണം മുടക്കുന്ന പഠിതാവിന്റെ ഉയർച്ചമാത്രം വാഗ്ദാനം നൽകുന്ന ഇത്തരം സ്ഥാപനങ്ങൾ രാജ്യത്തിന്‌ ഒരു സംഭാവനയും നൽകുന്നില്ല.

സ്വയംഭരണം ലഭിക്കുന്നതോടെ ഓരോ സ്ഥാപനത്തിനും അവരവർ നിശ്ചയിക്കുന്ന പാഠ്യപദ്ധതി തെരഞ്ഞെടുക്കാം. ഒരു സർക്കാരിനും നിയന്ത്രിക്കാൻ കഴിയാത്തവിധമുള്ള സ്വാതന്ത്ര്യമാണ് പുതിയ നയം ഉറപ്പുനൽകുന്നത്. വിവിധ മതങ്ങളും  ജാതികളും  നടത്തുന്നതോ, അവർ സ്വാധീനിക്കുന്നതോ ആയ സ്ഥാപനങ്ങൾ  അവരുടെ ആശയവ്യാപനത്തിന് പാഠ്യപദ്ധതിയെയും  വിദ്യാഭ്യാസത്തെയും  വിനിയോഗിക്കും.

സ്വകാര്യവൽക്കരണം
സ്വയംഭരണത്തിന്റെ കാരണവും ഫലവുമാണ് സ്വകാര്യവൽക്കരണം. സ്വയംഭരണം അനുവദിച്ചുകഴിഞ്ഞാൽ സർക്കാർ സഹായം നിലയ്‌ക്കുമെന്നതിനാൽ പണം മുടക്കുന്നവർക്ക് മാത്രമേ പഠിക്കാൻ സാധിക്കുകയുള്ളു. മറിച്ചാകണമെങ്കിൽ അത്തരത്തിൽ സർക്കാർ സഹായം വേണ്ടിവരും. അത്തരത്തിലൊരു ചിന്തയും കേന്ദ്രസർക്കാരിനില്ലെന്നാണ് കേന്ദ്ര ബജറ്റ് വ്യക്തമാക്കുന്നത്. വിദ്യാഭ്യാസത്തിനായി  കഴിഞ്ഞവർഷം ബജറ്റിന്റെ 3.45 ശതമാനം നീക്കിവച്ചിരുന്നെങ്കിൽ ഈവർഷം 3.29 ശതമാനമായി കുറച്ചിരിക്കുകയാണ്. 4123 കോടികൂടി വകയിരുത്തിയാലേ കഴിഞ്ഞവർഷത്തെ അതേ പ്രാധാന്യമെങ്കിലും നൽകാനാകുകയുള്ളു.  ഉന്നത വിദ്യാഭ്യാസമേഖലയിലെ സ്കോളർഷിപ്പുകൾക്കുള്ള വിഹിതത്തിന് പുറമെ കൊട്ടിഘോഷിച്ചിരുന്ന "റൂസ' പദ്ധതിക്കുള്ള വിഹിതംപോലും  2100 കോടിയിൽനിന്ന്‌ 300 കോടിയായി കുറച്ചിരിക്കുകയാണ്.ഹയർ എഡ്യൂക്കേഷൻ ഫിനാൻസ് ഏജൻസിക്കുള്ള (എച്ച്‌ ഇഎഫ്‌എ) വിഹിതം മാത്രമേ വർധിപ്പിച്ചിട്ടുള്ളു. ഇത് സൂചിപ്പിക്കുന്നത് ധനസഹായം അവസാനിപ്പിച്ചെന്നും ആവശ്യക്കാർ പണം കടമെടുക്കണമെന്നുമാണ്.

വിശ്വാസവൽക്കരണം
അറിവിനെ വിശ്വാസംകൊണ്ട് പകരംവയ്‌ക്കുന്ന പ്രവണത കൂടിവരികയാണ്. അതത് സമൂഹത്തിന്റെ വിശ്വാസങ്ങൾ, സമ്പ്രദായങ്ങൾ, കീഴ്‌വഴക്കങ്ങൾ മുതലായവകൂടി ഉന്നത വിദ്യാഭ്യാസ പാഠ്യപദ്ധതിയെ സ്വാധീനിക്കണമെന്ന് നിഷ്കർഷിക്കുന്നതാണ് പുതിയ വിദ്യാഭ്യാസനയം. പശുവിന്റെ വിസർജ്യങ്ങൾക്ക് യാതൊരുവിധ ഔഷധാംശവും ഇല്ലെന്ന് ശാസ്ത്രീയമായി തെളിയിച്ചിട്ടും ഇവ സർവരോഗശാന്തി പ്രദാനം ചെയ്യുമെന്ന വാദം കൊറോണ വൈറസിനുമുന്നിൽ  ലോകം മുഴുവൻ ചൂളി നിൽക്കുമ്പോൾപോലും ആവർത്തിക്കുകയാണ്. 

കേന്ദ്രബജറ്റിലെ നിർദേശമനുസരിച്ച് ഗ്രാമങ്ങളിലും ഉൾപ്രദേശങ്ങളിലുമുള്ള വിദ്യാർഥികൾക്ക്  ഓൺലൈൻ വിദ്യാഭ്യാസമാണ് നൽകാൻ പോകുന്നത്. അവർക്ക് ആശ്രയിക്കാവുന്ന അകലത്തിൽ കോളേജുകൾ സ്ഥാപിക്കാനോ വിദൂര കോളേജുകളിൽ ഹോസ്റ്റലുകൾ നിർമിക്കാനോ ഉദ്ദേശ്യമില്ല. പുതിയ നയമനുസരിച്ച് ബിരുദമോ ബിരുദാനന്തര ബിരുദമോ നേടാൻ വിദ്യാർഥിക്ക്  തുടർച്ചയായ പഠനമോ സ്ഥിരമായ സ്ഥാപനമോ ആവശ്യമില്ല.  സ്ഥാപനങ്ങളെ സംബന്ധിച്ചാകട്ടെ സ്ഥിരമായ കോഴ്സുകളോ സ്ഥിരമായ അധ്യാപകരോ വിദ്യാർഥികളോ ആവശ്യമില്ല. വിദ്യാർഥികൾക്ക് താൽപ്പര്യപ്പെടുമ്പോഴെല്ലാം സ്ഥാപനങ്ങൾ മാറാനും സൗകര്യപ്രദമായ വിഷയം പഠിക്കാനുമുള്ള അനുവാദത്തിനുപുറമേ നാലുവർഷ ബിരുദ പഠനത്തിനിടയ്‌ക്ക് മൂന്നുതവണ പഠനമവസാനിപ്പിക്കാൻ അവസരവുമുണ്ട്. എവിടെ പഠനം നിർത്തിയാലും അപ്പോഴെത്തെ യോഗ്യത നിർണയിച്ച് സർട്ടിഫിക്കറ്റ് നൽകും. പിന്നീട്  അവസരമൊക്കുമ്പോൾ തൊട്ടടുത്ത ക്ലാസിൽ തുടർന്ന് പഠിക്കാനും അനുവദിക്കും.

ഏതൊരു സമയവും വിദ്യാർഥിപ്രവേശനവും വിടുതലും നടക്കുന്നതിനാൽ പ്രവേശനത്തിൽ പാലിക്കേണ്ട ഭരണഘടനാനിർദേശങ്ങൾ ലംഘിക്കപ്പെടും. ഇന്ത്യൻ രാഷ്ട്രീയസാഹചര്യത്തിൽ  ക്യാമ്പസുകൾ വഹിക്കുന്ന പങ്കും  അവയോട്  വലതുപക്ഷ രാഷ്ട്രീയം പ്രകടിപ്പിക്കുന്ന തീവ്രമായ അസഹിഷ്ണുതയും കാണേണ്ടതുണ്ട്. അതീവഗൗരവമാർന്ന രാഷ്ട്രീയ ഇടപെടലുകളും അഭിപ്രായപ്രകടനങ്ങളും നടത്തുന്ന അക്കാദമിക സമൂഹത്തെ നിശ്ശബ്ദമാക്കേണ്ടത് രാജ്യത്തെ തീവ്രവലതുപക്ഷത്തിന്റെ താൽപ്പര്യമാണ്. ഇതിനുതകുന്ന തരത്തിൽ വിദ്യാർഥികളിലെ സാമൂഹ്യയുക്തിപരതയും വിമർശനാത്മക ചിന്തയും ചോർത്തിക്കളയുന്നതിനു പുറമേ  ഉന്നതവിദ്യാഭ്യാസ പരിപാടിയെ പരിപൂർണമായി അനൗപചാരികമാക്കുകയും  വിഘടിപ്പിക്കുകയും ചെയ്യുന്നതാണ് കേന്ദ്രസർക്കാർ മുന്നോട്ടുവച്ചിരിക്കുന്ന ദേശീയ വിദ്യാഭ്യാസനയം. രാജ്യത്ത്‌ സ്വൈരജീവിതം സ്തംഭിക്കുകയും  ഭരണഘടനയുടെ പതനം ആസന്നമാകുകയും ചെയ്ത  ഈ ആപൽഘട്ടത്തിൽ, ജനാധിപത്യത്തിന്റെ മരണം ഉള്ളിലൊളിപ്പിച്ച  ദേശീയവിദ്യാഭ്യാസ നയത്തിനെതിരെയുള്ള സമരം ഏറ്റെടുക്കുക എന്നത് രാജ്യത്തെ പൗരബോധമുള്ള ഏതൊരു വ്യക്തിയുടെയും കടമയാണ്.

(എകെജിസിടി സംസ്ഥാന പ്രസിഡന്റാണ്‌ ലേഖകൻ)


പ്രധാന വാർത്തകൾ
 Top