21 March Tuesday

നന്മകളുടെ വെളിച്ചം, തിളക്കം - ഡോ. ആർ ശ്രീലതാവർമ എഴുതുന്നു

വെബ് ഡെസ്‌ക്‌Updated: Saturday Dec 31, 2022

അവസാനവും ആരംഭവും അനിവാര്യതകളാണ്. ഒരുവർഷം അവസാനിക്കുന്നു. മറ്റൊരു വർഷം ആരംഭിക്കുന്നു. കാലത്തിന്റെ കടന്നുപോക്കിൽ സ്വാഭാവികമായി സംഭവിക്കുന്ന ഒന്നായി ഓരോ വർഷത്തിന്റെയും ഒടുക്കവും തുടക്കവും രേഖപ്പെടുത്തുന്നു. വർഷാന്ത്യത്തിലെ കണക്കെടുപ്പുകളും വർഷാരംഭം മുന്നോട്ടുവയ്ക്കുന്ന പ്രതീക്ഷകളും ചെന്നുനിൽക്കുന്നത് കാലമെന്ന അപരിമേയസത്തയുടെ നിലയ്ക്കാത്ത ഭ്രമണങ്ങളിലാണ്. പഴയ കലണ്ടർ മാറുന്നു. പകരം പുതിയ കലണ്ടർ വരുന്നു. പുതുവർഷത്തിലെ ആദ്യത്തെ ഏതാനും ദിവസം വർഷവും തീയതിയും മറ്റും രേഖപ്പെടുത്തേണ്ട ഇടങ്ങളിൽ ചിലരെങ്കിലും ഓർക്കാതെ 2022 എന്നുതന്നെ എഴുതിപ്പോകുന്നു. പിന്നീട് 2023 എന്ന് തിരുത്തുന്നു. ക്രമേണ 2023 എന്നത് മറവി കൂടാതെ എഴുതി ശീലിക്കുന്നു. ഒരേയൊരു അക്കം പഴയതിനെ പുതിയതിൽനിന്നും വേർതിരിക്കുന്നു. നമ്മളെല്ലാം പ്രതീക്ഷ നിറഞ്ഞ മനസ്സുകളുടെ പുതിയ വർഷത്തെ സ്വാഗതം ചെയ്യാനൊരുങ്ങുന്നു.

കേരളത്തെ സംബന്ധിച്ചിടത്തോളം പല മേഖലയിലും അഭിമാനാർഹമായ നേട്ടങ്ങൾ സമ്മാനിച്ച വർഷമാണ് കടന്നുപോകുന്നത്. മഹാമാരി ഉയർത്തിയ പ്രതിസന്ധികൾ പലതായിരുന്നെന്ന് നമുക്കറിയാം. ഓരോ പ്രതിസന്ധിയെയും നിശ്ചയദാർഢ്യത്തോടെ നേരിടാനും അതിജീവിക്കാനും നമ്മുടെ ഭരണസംവിധാനം നൂറുശതമാനം സജ്ജമായിരുന്നു. അടച്ചിടൽ കാലത്തെ അനിശ്ചിതത്വങ്ങൾക്കും അശാന്തിക്കും വിരാമം കുറിച്ചുകൊണ്ട് നമ്മുടെ കർമമേഖലകൾ എല്ലാ അർഥത്തിലും സജീവത വീണ്ടെടുത്ത വർഷമാണ് 2022. ഓരോ രംഗത്തും കൂടുതൽ പ്രതീക്ഷയോടെ മുന്നേറാനുള്ള മാനസികവുമായ ഊർജം നമ്മൾ സ്വായത്തമാക്കി കഴിഞ്ഞിരിക്കുന്നു. കോവിഡിനു ശേഷം അന്താരാഷ്ട്ര യാത്രകൾക്കുണ്ടായ വിലക്കുകളും തടസ്സങ്ങളും കേരളത്തിലേക്കുള്ള വിദേശ ടൂറിസ്റ്റുകളുടെ വരവിനെ പ്രതികൂലമായി ബാധിച്ചെങ്കിലും ആഭ്യന്തര ടൂറിസത്തിൽ വലിയ വളർച്ച കൈവരിക്കാൻ കഴിഞ്ഞെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. സഞ്ചാരം മനുഷ്യചേതനയെ സ്വച്ഛവും സ്വതന്ത്രവുമാക്കുന്നു.

2022ലെ കലാ സാംസ്കാരികരംഗം ഏറെ സർഗാത്മകമായിത്തീർന്ന ഒട്ടനവധി സന്ദർഭമുണ്ട്. സാംസ്കാരിക മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് സ്വതന്ത്രമായും സർഗാത്മകമായും ഇടപെടാനുള്ള സാഹചര്യമാണ് 2022 നമുക്ക് സമ്മാനിച്ചത്. നമ്മുടെ സാംസ്കാരിക വൈവിധ്യത്തിന് ഊന്നൽ കൊടുത്തുകൊണ്ട് ഈ വൈവിധ്യത്തിനു കാരണമായ രാഷ്ട്രീയ, സാമൂഹ്യ, സാമ്പത്തിക, സാംസ്കാരിക സാഹചര്യങ്ങളെ കലാ കൃതികളിലൂടെ, ആവിഷ്കാരങ്ങളിലൂടെ ജനങ്ങളിൽ എത്തിക്കുകയെന്ന വലിയ ലക്ഷ്യം ഏറ്റെടുത്തിട്ടുള്ള ഇടതുപക്ഷ സർക്കാർ ആ ലക്ഷ്യത്തിലേക്കുള്ള പ്രധാന ചുവടുകൾ വച്ചുകഴിഞ്ഞു. കലകളുടെ ജനകീയ അടിത്തറയെക്കുറിച്ച് സൂക്ഷ്മവും കൃത്യവുമായ ബോധ്യത്തോടെയുള്ള കലാ സാംസ്കാരിക പ്രവർത്തനങ്ങൾ എത്രത്തോളം ഫലപ്രദമാണെന്ന് ഏവർക്കുമറിയാം. 26 –-ാമത് അന്താരാഷ്ട്ര ചലച്ചിത്രോത്സവവും 27–-ാമത് അന്താരാഷ്ട്ര ചലച്ചിത്രോത്സവവും കേരളീയരുടെ സിനിമാ ആസ്വാദനശൈലിയുടെ ഉയർന്ന നിലവാരത്തെ വീണ്ടും കൃത്യമായി ഉദാഹരിച്ചു. ഒരേ വർഷം രണ്ട്‌ ചലച്ചിത്രോത്സവം ചലച്ചിത്രപ്രേമികൾക്കായി ഒരുക്കിയതിനു പിന്നിലെ സംഘാടന മികവും അർപ്പണബുദ്ധിയും പ്രശംസനീയമാണ്. കേരള സാഹിത്യ അക്കാദമിയുടെ ദേശീയ പുസ്തകോത്സവം അനുബന്ധ സാംസ്കാരിക പരിപാടികളും വലിയ ജനപങ്കാളിത്തത്തോടെയാണ് ഇക്കുറി അരങ്ങേറിയത്.

ഉന്നതവിദ്യാഭ്യാസരംഗത്ത് സമഗ്രമായ മാറ്റം ലക്ഷ്യമിട്ടുകൊണ്ട് 200 കോടി രൂപയുടെ പദ്ധതികളാണ് പരിഗണനയിലുള്ളത്. പുതിയ സ്റ്റാർട്ടപ്പുകൾ, ക്യാമ്പസുകളോട് ചേർന്നുള്ള സ്റ്റാർട്ടപ് ഇൻകുബേറ്റർ യൂണിറ്റുകൾ എന്നിവ വിദ്യാഭ്യാസ, തൊഴിൽ മേഖലകളിൽ കാലോചിതമായി മുന്നോട്ടുപോകുന്നതിന്റെ അടയാളങ്ങളാണ്.

പൊതുവിദ്യാഭ്യാസ രംഗത്ത് ഒട്ടേറെ നേട്ടം കൈവന്ന വർഷമാണ് 2022. മതനിരപേക്ഷ ജനാധിപത്യ വിദ്യാഭ്യാസമെന്ന ആശയത്തിലൂന്നിക്കൊണ്ടുള്ള പൊതുവിദ്യാഭ്യാസ സംരക്ഷണശ്രമങ്ങൾ ഓരോ വിദ്യാർഥിനി വിദ്യാർഥിക്കും വ്യക്തിയധിഷ്ഠിതമായ ശ്രദ്ധ ലഭിക്കുംവിധം സൂക്ഷ്മമായി വിഭാവനം ചെയ്തുള്ളതാണെന്ന വസ്തുത എടുത്തുപറയണം. പൊതുവിദ്യാലയങ്ങളുടെ അടിസ്ഥാന സൗകര്യവികസനത്തിന് കൂടുതൽ പ്രാധാന്യം നൽകിയ ബജറ്റ് ആയിരുന്നു ഇത്തവണത്തേതെന്നും ഓർക്കാം. ഉന്നതവിദ്യാഭ്യാസരംഗത്ത് സമഗ്രമായ മാറ്റം ലക്ഷ്യമിട്ടുകൊണ്ട് 200 കോടി രൂപയുടെ പദ്ധതികളാണ് പരിഗണനയിലുള്ളത്. പുതിയ സ്റ്റാർട്ടപ്പുകൾ, ക്യാമ്പസുകളോട് ചേർന്നുള്ള സ്റ്റാർട്ടപ് ഇൻകുബേറ്റർ യൂണിറ്റുകൾ എന്നിവ വിദ്യാഭ്യാസ, തൊഴിൽ മേഖലകളിൽ കാലോചിതമായി മുന്നോട്ടുപോകുന്നതിന്റെ അടയാളങ്ങളാണ്. വ്യത്യസ്ത വിഷയത്തിലും മേഖലകളിലും ഉന്നതനിലവാരമുള്ള ഗവേഷണപഠന പദ്ധതിക്കായുള്ള നവകേരള പോസ്റ്റ്‌ ഡോക്ടറൽ ഫെലോഷിപ് പദ്ധതിയുടെ ഗുണഫലങ്ങൾ വരുംകാലങ്ങളിൽ കൂടുതൽ പേരിലേക്ക് എത്തുമെന്ന കാര്യത്തിൽ സംശയമില്ല. പ്രശസ്ത നർത്തകിയും കലാപ്രവർത്തകയും ആക്ടിവിസ്റ്റുമായ പത്മഭൂഷൺ മല്ലിക സാരാഭായിയെ കലാമണ്ഡലം കൽപ്പിത സർവകലാശാലയുടെ ചാൻസലറായി നിയമിച്ചുള്ള സംസ്ഥാന സർക്കാരിന്റെ തീരുമാനം സുപ്രധാനവും ധീരവുമാണ്. കലയുടെ മേഖലയിലെ തന്റെ അനുഭവവും ദീർഘവീക്ഷണവും ഏറ്റവും ഫലപ്രദമായി വിനിയോഗിക്കാൻ കഴിയുന്ന വ്യക്തിക്ക് കലാമണ്ഡലത്തിലെ ചാൻസലർ പദവി നൽകിയതിലൂടെ കലാസാംസ്കാരിക രംഗം ആദരിക്കപ്പെടുകയാണ്‌.

സമഗ്രവും സുസ്ഥിരവുമായ വികസനം മുന്നിൽക്കണ്ടുള്ള ജനക്ഷേമ പ്രവർത്തനങ്ങൾക്ക് മുൻതൂക്കം നൽകുന്നതോടൊപ്പം, സമൂഹത്തിൽ അവിടവിടെ തലപൊക്കുന്ന അനഭിലഷണീയ പ്രവണതകൾക്കെതിരെ, പിന്തിരിപ്പൻ ശക്തികൾക്കെതിരെ തികഞ്ഞ ജാഗ്രതയോടെ വർത്തിക്കാനുള്ള എല്ലാ പ്രയത്‌നത്തിലും സർക്കാർ ഏർപ്പെട്ടിരിക്കുന്നു. ലഹരിമുക്ത കേരളമെന്ന മുദ്രാവാക്യത്തോടെ സംസ്ഥാന തലത്തിലും ജില്ലാ തദ്ദേശസ്വയംഭരണ വിദ്യാലയ തലങ്ങളിലും സമിതികളുണ്ടാക്കി കേരളത്തിലുടനീളം ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിച്ചും വളരെ വിപുലമായ പ്രവർത്തനങ്ങളാണ് നടപ്പായത്. ഇപ്പോഴും നടപ്പാക്കിക്കൊണ്ടിരിക്കുന്നത്. ‘അന്ധവിശ്വാസങ്ങളും അനാചാരങ്ങളും അകറ്റാൻ, ശാസ്ത്രവിചാരം പുലരാൻ’ എന്ന മുദ്രാവാക്യവുമായി കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ സംഘടിപ്പിച്ച ജനചേതനയാത്ര പ്രതിലോമശക്തികളെ, ഛിദ്രവാസനകളെ പ്രതിരോധിക്കാൻ പിണറായി സർക്കാർ എത്രമാത്രം ജാഗരൂകമാണ് എന്നതിന്റെ സമകാലികമായ ദൃഷ്ടാന്തമാണ്. ഏതുവിധത്തിൽ നോക്കിയാലും ഉണർവിന്റെ, ഊർജസ്വലതയുടെ, മുന്നേറ്റങ്ങളുടെ ഒരു വർഷമാണ് കടന്നുപോകുന്നത്. 2022 സമ്മാനിച്ച നന്മകളുടെ വെളിച്ചം വരുംവർഷത്തെയും തിളക്കമുള്ളതാക്കും. കലണ്ടർ മാറുന്നു. കാലം മുന്നോട്ടു കുതിക്കുന്നു. കേരളം മാറ്റത്തിന്റെയും വികസനത്തിന്റെയും പാതയിൽ മുന്നേറുന്നു.

(കവയിത്രിയും സാംസ്കാരിക പ്രവർത്തകയുമാണ് ലേഖിക)


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top