24 February Monday

തെരഞ്ഞെടുപ്പുഫലം ബിജെപിക്കേറ്റ പ്രഹരം

പ്രകാശ്‌ കാരാട്ട്‌Updated: Thursday Oct 31, 2019


മഹാരാഷ്ട്ര, ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പുകളിൽ ബിജെപിയും സഖ്യകക്ഷികളും വൻവിജയം നേടുമെന്നായിരുന്നു പൊതുവെ കരുതിയത്‌. എന്നാൽ, ഫലം അങ്ങനെയായില്ല. ബിജെപി–-ശിവസേനാ സഖ്യം മഹാരാഷ്ട്രയിൽ അധികാരം നിലനിർത്തിയത്‌ കുറഞ്ഞ ഭൂരിപക്ഷത്തിലാണ്‌. അവരുടെ പല പ്രമുഖരായ മന്ത്രിമാരും നേതാക്കളും പരാജയപ്പെടുകയും ചെയ്‌തു. ഹരിയാനയിൽ ഭൂരിപക്ഷം നഷ്ടപ്പെട്ട ബിജെപിക്ക്‌ ഏറ്റവും വലിയ ഒറ്റക്കക്ഷിയാകാൻ കഴിഞ്ഞു. തെരഞ്ഞെടുപ്പിൽ എതിരെ നിന്ന ജെജെപിയുമായി ചേർന്ന്‌ ഇപ്പോൾ ഹരിയാനയിൽ അവർ സർക്കാർ രൂപീകരിച്ചിരിക്കുന്നു.

ഔപചാരികമായി രണ്ടു സംസ്ഥാനത്തും ബിജെപിക്ക്‌ സർക്കാർ രൂപീകരിക്കാൻ കഴിയുമെങ്കിലും ഫലങ്ങൾ യഥാർഥത്തിൽ അവർക്ക്‌ നിരാശാജനകമാണ്‌. തീവ്രദേശീയതയിൽ കേന്ദ്രീകരിച്ച്‌  മോഡിയും അമിത്‌ ഷായും ചേർന്നു നടത്തിയ അതിശക്തമായ പ്രചാരണം ഉദ്ദേശിച്ച ഫലമുണ്ടാക്കിയില്ലെന്ന്‌ വ്യക്തം. രണ്ടിടത്തെയും ബിജെപി സർക്കാരുകളുടെ പ്രകടനത്തോടുള്ള അതൃപ്‌തിയും ഒരളവോളം പ്രതിഫലിച്ചു.

ഇപ്പോഴത്തെ ഫലത്തെ 2019 മേയിൽ നടന്ന ലോക്‌സഭാ തെരഞ്ഞെടുപ്പുഫലവുമായി താരതമ്യം ചെയ്‌താൽ രണ്ടു സംസ്ഥാനത്തും ജനപിന്തുണയിലുണ്ടായ ഇടിവ്‌ ബോധ്യമാകും. ഹരിയാനയിൽ 10 ലോക്‌സഭാ മണ്ഡലത്തിലും വിജയിച്ച ബിജെപി ആകെയുള്ള 90ൽ 80 നിയമസഭാ മണ്ഡലത്തിലും ലീഡ്‌ നേടി. ഇപ്പോൾ അവർക്കു കിട്ടിയത്‌ 40 സീറ്റ്‌ മാത്രം; വോട്ടുവിഹിതം ലോക്‌സഭാ തെരഞ്ഞെടുപ്പിൽ നേടിയ 58 ശതമാനത്തിൽനിന്ന്‌ 36 ആയി കുറഞ്ഞു–-22 ശതമാനത്തിന്റെ ഇടിവ്‌. മത്സരിച്ച ഒമ്പതു മന്ത്രിമാരിൽ ഏഴു പേരും തോറ്റു. മഹാരാഷ്ട്രയിൽ ബിജെപി–-ശിവസേനാ സഖ്യം 48ൽ 41 ലോക്‌സഭാ സീറ്റും നേടിയതാണ്‌. 2014ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിയും ശിവസേനയും തമ്മിൽ മത്സരിച്ചപ്പോൾ അവർക്ക്‌ മൊത്തത്തിൽ 185 സീറ്റ്‌ ലഭിച്ചു, ഇപ്പോൾ ഒന്നിച്ചു മത്സരിച്ചപ്പോൾ കിട്ടിയത്‌ 161 സീറ്റ്‌. വോട്ടുവിഹിതം അഞ്ചു ശതമാനം കുറഞ്ഞു. എട്ടു മന്ത്രിമാർ പരാജയപ്പെട്ടു.


 

മഹാരാഷ്ട്രയിൽ കോൺഗ്രസിൽനിന്നും എൻസിപിയിൽനിന്നും ബിജെപി–-ശിവസേനാ പക്ഷത്തേയ്‌ക്ക്‌  നേതാക്കൾ കൂറുമാറിയിരുന്നതും ശ്രദ്ധിക്കേണ്ടതാണ്‌.  മുൻനിയമസഭയിലെ പ്രതിപക്ഷനേതാവും ഇവരിൽപ്പെടുന്നു. ഹരിയാനയിലും കോൺഗ്രസിലെയും ഐഎൻഎൽഡിയിലെയും ചില നേതാക്കൾ തെരഞ്ഞെടുപ്പിനു തൊട്ടുമുമ്പ്‌ ബിജെപിയിലേക്ക്‌ കൂറുമാറിയിരുന്നു. ഇത്തരത്തിൽ ദുർബലമായ പ്രതിപക്ഷമായിരുന്നിട്ടും അവർക്ക്‌ 2014ലെ നിയമസഭാ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച്‌ കൂടുതൽ ജനപിന്തുണ ലഭിച്ചു.

രണ്ടു സംസ്ഥാനത്തും  കോൺഗ്രസിന്‌  ഫലപ്രദമായ പ്രചാരണം നടത്താൻ കഴിഞ്ഞില്ല. കോൺഗ്രസ്‌ നേതാക്കൾക്കിടയിൽ ഭിന്നതയും വഴക്കും പരസ്യമായിരുന്നു. എൻസിപി നേതാവ്‌ ശരദ്‌ പവാർ മാത്രമാണ്‌ മഹാരാഷ്ട്രയിൽ ഉടനീളം തീവ്രമായ പ്രചാരണം നടത്തിയത്‌. മറുവശത്ത്‌ സംഘടിതമായ പ്രചാരണം നടത്തിയ ബിജെപിക്കുവേണ്ടി രണ്ടു സംസ്ഥാനത്തായി നരേന്ദ്ര മോഡി 16ഉം അമിത്‌ ഷാ 25ഉം റാലികളിൽ സംസാരിച്ചു.

ജമ്മു കശ്‌മീരിനു പ്രത്യേകപദവി നൽകിയ 370–-ാം വകുപ്പ്‌ പിൻവലിച്ചതും പാകിസ്ഥാനിൽനിന്നുള്ള ഭീഷണി നേരിടലുമാണ്‌  ബിജെപി തെരഞ്ഞെടുപ്പ്‌ വിഷയമാക്കിയത്‌. ജമ്മു കശ്‌മീരിൽ സർക്കാർ നീക്കത്തിനു പിന്തുണ നൽകാത്തതിൽ നരേന്ദ്ര മോഡി പ്രതിപക്ഷത്തെ ആക്രമിച്ചു. മഹാരാഷ്ട്ര തെരഞ്ഞെടുപ്പിൽ 370–-ാം വകുപ്പിന്റെ പ്രസക്തി ചോദ്യംചെയ്‌ത പ്രതിപക്ഷനേതാക്കൾക്കുനേരെ പ്രധാനമന്ത്രി ആക്ഷേപവാക്കുകളും ഉപയോഗിച്ചു.

രണ്ടു സംസ്ഥാനത്തും ബിജെപി പ്രചാരണത്തിൽ ജനകീയവിഷയങ്ങളൊന്നും കടന്നുവന്നില്ല. മൂന്നുവർഷം തുടർച്ചയായി കടുത്ത വരൾച്ച നേരിട്ട മഹാരാഷ്ട്രയിൽ പിന്നാലെ പ്രളയങ്ങളുണ്ടായി. പ്രധാന പ്രശ്‌നമായ കർഷകരുടെ ദുരവസ്ഥ അവർ അവഗണിച്ചു. സാമ്പത്തികമാന്ദ്യത്തിന്റെ ഫലമായി വ്യവസായകേന്ദ്രങ്ങളിൽ വൻതോതിൽ തൊഴിലവസരം നഷ്ടപ്പെട്ടു. ഹരിയാനയിലും കർഷകരുടെ പ്രശ്‌നങ്ങളും സർക്കാർ ചെയ്യേണ്ട കാര്യങ്ങളും പരാമർശിച്ചില്ല.

ലോക്‌സഭാ തെരഞ്ഞെടുപ്പ്‌ കഴിഞ്ഞ്‌ ആറുമാസം പിന്നിട്ടപ്പോൾ ബിജെപിക്കും മോഡിസർക്കാരിനും പ്രഹരമേറ്റിരിക്കുന്നു. ഹിന്ദുത്വ ദേശീയതയിൽ മാത്രം കേന്ദ്രീകരിച്ചുള്ള പ്രചാരണം വഴി ജനങ്ങളുടെ പിന്തുണ നേടാമെന്നുള്ള അഹന്തയിലായിരുന്നു അവർ.

സംസ്ഥാനതല വിഷയങ്ങൾ അവഗണിച്ചതിന്‌ ബിജെപി വില നൽകി. ലോക്‌സഭാ തെരഞ്ഞെടുപ്പിലല്ല, നിയമസഭകളിലേക്കാണ്‌ ജനങ്ങൾ വോട്ട്‌ ചെയ്‌തത്‌; അതുകൊണ്ട്‌ സങ്കുചിത ദേശീയവിഷയങ്ങൾ പാർലമെന്റ്‌ തെരഞ്ഞെടുപ്പിൽ എന്നപോലെ ഏശിയില്ല. ലോക്‌സഭാ തെരഞ്ഞെടുപ്പ്‌ കഴിഞ്ഞ്‌ ആറുമാസം പിന്നിട്ടപ്പോൾ ബിജെപിക്കും മോഡിസർക്കാരിനും പ്രഹരമേറ്റിരിക്കുന്നു. ഹിന്ദുത്വ ദേശീയതയിൽ മാത്രം കേന്ദ്രീകരിച്ചുള്ള പ്രചാരണം വഴി ജനങ്ങളുടെ പിന്തുണ നേടാമെന്നുള്ള അഹന്തയിലായിരുന്നു അവർ.

വിവിധ സംസ്ഥാനങ്ങളിൽ നടന്ന ഉപതെരഞ്ഞെടുപ്പുകളുടെ ഫലങ്ങളും ജനങ്ങൾക്ക്‌ ബിജെപിയോടുള്ള അതൃപ്‌തിയുടെ അളവ്‌ വ്യക്തമാക്കുന്നു. ബിജെപിക്ക്‌ ഗുജറാത്ത്‌, രാജസ്ഥാൻ, മധ്യപ്രദേശ്‌ എന്നീ സംസ്ഥാനങ്ങളിലും സഖ്യകക്ഷിയായ ജെഡിയുവിനു ബിഹാറിലും അടിത്തറ നഷ്ടപ്പെട്ടു. പ്രതിപക്ഷം താറുമാറായ അവസ്ഥയിൽപോലും ഇങ്ങനെയാണ്‌ സംഭവിച്ചത്‌. കേരളത്തിൽ ഉപതെരഞ്ഞെടുപ്പ്‌ നടന്ന അഞ്ച്‌ നിയമസഭാ മണ്ഡലത്തിൽ ബിജെപിയുടെ പ്രകടനം മോശമായി.

ഇടതു, ജനാധിപത്യശക്തികൾ ജനങ്ങളുടെ വിഷയങ്ങൾ ഏറ്റെടുത്ത്‌ ഐക്യത്തോടെ മുന്നേറുകയും പോരാട്ടങ്ങൾ സംഘടിപ്പിക്കുകയും ചെയ്യേണ്ട സമയമാണിത്‌. ജനാധിപത്യ അവകാശങ്ങൾ സംരക്ഷിക്കാനും മോഡിസർക്കാരിന്റെ സ്വേച്ഛാധിപത്യനടപടികൾ ചെറുക്കാനും പ്രതിപക്ഷം ഒന്നിച്ചുനിൽക്കണം. ബിജെപി–ആർഎസ്‌എസ്‌ സംഘത്തിനെതിരായ അതൃപ്‌തി ജനാധിപത്യരീതിയിൽ മുന്നോട്ടുകൊണ്ടുപോകാനുള്ള മാർഗം ഇതാണ്‌.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top