05 July Sunday

താക്കീതായി മഹാരാഷ്ട്ര ജനവിധി

സാജൻ എവുജിൻ Updated: Thursday Oct 31, 2019


മഹാരാഷ്ട്ര, ഹരിയാന തെരഞ്ഞെടുപ്പുഫലങ്ങൾ വന്ന ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോഡിയും ബിജെപി അധ്യക്ഷൻ അമിത്‌ ഷായും വിജയികളുടെ ഭാവം പ്രകടിപ്പിക്കാൻ ശ്രമിച്ചു. എന്നാൽ,  പ്രവർത്തകർ നിരാശരായിരുന്നു. രണ്ടു സംസ്ഥാനത്ത്‌ ഭരണം നിലനിർത്തിയതിൽ സന്തോഷിക്കാൻ പ്രവർത്തകരോട്‌ മോഡി തുടർച്ചയായി ആവശ്യപ്പെട്ടു. എന്നിട്ടും അവരുടെ മുദ്രാവാക്യം വിളികൾ ആവേശരഹിതമായി തുടർന്നു. പ്രവർത്തകരുടെ നിലപാടാണ്‌ ശരിയെന്ന്‌ പിന്നീടുണ്ടായ സംഭവവികാസങ്ങളും തെളിയിച്ചു.

മറാത്ത മണ്ണിൽ ആഗ്രഹിച്ചത്‌ ബിജെപിക്ക്‌ നേടാനായില്ല. പരാജയത്തിനു തുല്യമായ വിജയമാണ്‌ അവർക്ക്‌ നേടാനായത്‌. സഖ്യകക്ഷിയായ ശിവസേന ഈ സാഹചര്യം ശരിക്കും മുതലെടുക്കുന്നു.  മുഖ്യമന്ത്രിസ്ഥാനം പങ്കിടുമെന്ന മുൻധാരണ പാലിക്കണമെന്ന്‌ ആവശ്യപ്പെടുന്ന ശിവസേന,  ബിജെപിയുടെ അഹന്ത അവസാനിച്ചെന്ന്‌ പരിഹസിക്കുകയും ചെയ്യുന്നു. ഫലം വന്ന്‌ ഒരാഴ്‌ചയാകുമ്പോഴും സർക്കാർ രൂപീകരണ ചർച്ചകൾ വഴിമുട്ടി നിൽക്കുകയാണ്‌. ഘടക കക്ഷികളെ കണ്ണുരുട്ടി നിർത്തുന്ന അമിത്‌ ഷായ്‌ക്ക്‌ ഇതു നാണക്കേടായി.

രാജ്യത്തിന്റെ സാമ്പത്തിക തലസ്ഥാനമേഖലയായ മഹാരാഷ്ട്രയിലെ  ഫലം നൽകുന്ന പാഠങ്ങളും സൂചനകളും ഏറെയാണ്‌. വൈകാരികവിഷയങ്ങൾ ഉയർത്തി വോട്ട്‌ സമാഹരിക്കുന്ന നരേന്ദ്ര മോഡിയുടെ ശൈലി മുമ്പത്തെപ്പോലെ ഫലിക്കുന്നില്ല. ദേശീയത, ദേശീയബോധം എന്നിവയിൽ കേന്ദ്രീകരിച്ചുള്ള വാക്‌ധോരണികളിൽ മയങ്ങാതെ ജനങ്ങൾ ആഹാരം, വസ്‌ത്രം, തൊഴിൽ എന്നിവയെക്കുറിച്ച്‌ ചിന്തിച്ചുതുടങ്ങിയിരിക്കുന്നു. ജനാധിപത്യത്തിൽ പ്രതിപക്ഷത്തിനും വിമർശനത്തിനും സംവാദത്തിനും ഇടം വേണമെന്ന വസ്‌തുത വോട്ടർമാർ അംഗീകരിക്കുന്നു. സംഘടനാപരമായ ദൗർബല്യവും ആശയ പാപ്പരത്തവും മറികടക്കാൻ കോൺഗ്രസിനു കഴിയുന്നില്ല. പ്രായവും രോഗവും വകവയ്‌ക്കാതെ എൻസിപി അധ്യക്ഷൻ ശരദ്‌ പവാർ നടത്തിയ പോരാട്ടം കോൺഗ്രസിനു  പാഠമാണ്‌.

പൊളിഞ്ഞ തന്ത്രങ്ങൾ
പ്രതിപക്ഷകക്ഷികളെ തുടച്ചുനീക്കുന്നതിനപ്പുറത്ത്‌, സഖ്യകക്ഷിയായ ശിവസേനയെ നിർവീര്യമാക്കാനും ബിജെപി ശ്രമിച്ചു. 288 അംഗ നിയമസഭയിൽ മുന്നണിക്ക്‌  220 സീറ്റ്‌ എന്ന ലക്ഷ്യം പുറത്തുപറഞ്ഞപ്പോൾ മോഡിയും അമിത്‌ ഷായും ആഗ്രഹിച്ചത്‌ ബിജെപിക്ക്‌ തനിച്ച്‌ കേവലഭൂരിപക്ഷം എന്നതായിരുന്നു. സർക്കാർ രൂപീകരണത്തിൽ ശിവസേനയെ ആശ്രയിക്കുന്നത്‌ ഒഴിവാക്കാൻ ചെറുകക്ഷികളുടെ സ്ഥാനാർഥികളെ താമര ചിഹ്നത്തിൽ മത്സരിപ്പിച്ചു. ഫലം വന്നപ്പോൾ 2014നെ അപേക്ഷിച്ച്‌ ബിജെപിക്ക്‌ 17 സീറ്റ്‌ കുറഞ്ഞു; ശിവസേനയ്‌ക്ക്‌ കുറഞ്ഞത്‌ ഏഴ്‌ സീറ്റും. ബിജെപിയുടെ 105ഉം ശിവസേനയുടെ 56ഉം ചേർത്ത്‌ കേവലഭൂരിപക്ഷം തികയ്‌ക്കാൻ കഴിഞ്ഞു. ആറു മാസം മുമ്പുനടന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിൽ എൻഡിഎക്ക്‌ 230 സീറ്റിൽ ഭൂരിപക്ഷം ലഭിച്ചിരുന്നു. 51 ശതമാനം വോട്ടും കിട്ടി. ഇപ്പോൾ വോട്ടുവിഹിതം 42.18 ശതമാനമായി കുറയുകയും ചെയ്‌തു.

മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിന്റെയും കേന്ദ്രമന്ത്രി നിതിൻ ഗഡ്‌കരിയുടെയും തട്ടകമായ വിദർഭയിൽ ബിജെപിക്ക്‌ 2014ലെ നിയമസഭാ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച്‌ 14 സീറ്റ്‌ നഷ്ടപ്പെട്ടു. പശ്ചിമ മഹാരാഷ്ട്രയിലും കാവിസഖ്യത്തിനു ക്ഷീണം സംഭവിച്ചു. ഈ മേഖലയിൽ 71ൽ 40 സീറ്റ്‌ കോൺഗ്രസ്‌–-എൻസിപി സഖ്യത്തിനാണ്‌. എട്ട്‌ മന്ത്രിമാരാണ്‌ പരാജയപ്പെട്ടത്‌. മറ്റു പാർടികളിൽനിന്ന്‌ കൂറുമാറി ബിജെപിയിൽ എത്തിയ 11 പേരെ തെരഞ്ഞെടുപ്പിൽ ജനങ്ങൾ ശിക്ഷിച്ചു. ലോക്‌സഭാ   ഉപതെരഞ്ഞെടുപ്പ്‌ നടന്ന സത്താറയിൽ ബിജെപി സ്ഥാനാർഥി ഉദയൻരാജെ ഭോസലെയുടെ പരാജയം അമിത്‌ ഷായുടെ തന്ത്രങ്ങൾക്കേറ്റ കനത്ത തിരിച്ചടിയായി. ഛത്രപതി ശിവജിയുടെ പിന്മുറക്കാരനായ ഭോസലെ രണ്ടു തവണ ഇവിടെനിന്ന്‌ എൻസിപി സ്ഥാനാർഥിയായി വിജയിച്ചിരുന്നു. ഇദ്ദേഹത്തെ വലവീശി പിടിച്ച്‌ ലോക്‌സഭാംഗത്വം രാജിവയ്‌പിക്കുകയായിരുന്നു. താമര ചിഹ്‌നത്തിൽ ജനങ്ങൾക്കു മുന്നിലെത്തിയ ഭോസലെ 87,717 വോട്ടിനു എൻസിപിയുടെ ശ്രീനിവാസ്‌ പാട്ടീലിനോട്‌  പരാജയപ്പെട്ടു. ഈ മണ്ഡലത്തിലെ പോരാട്ടം വ്യക്തിപരമായ അഭിമാനപ്രശ്‌നമായി കണ്ടാണ്‌ ശരദ്‌ പവാർ തന്റെ സഹപാഠിയായിരുന്ന പാട്ടീലിനെ കളത്തിലിറക്കിയത്‌. പ്രചാരണകാലത്ത്‌ ഇവിടെ  മഴയിൽ കുളിച്ചുനിന്ന്‌ പവാർ പ്രസംഗിക്കുന്ന ദൃശ്യങ്ങൾ ജനഹൃദയങ്ങളെ സ്‌പർശിച്ചു.

സാമ്പത്തികദുരിതങ്ങളോടുള്ള എതിർപ്പ്‌
രാജ്യത്തെ തെരഞ്ഞെടുപ്പു രാഷ്ട്രീയം 2014 മുതൽ നരേന്ദ്ര മോഡിയിൽ ചുറ്റിക്കറങ്ങുകയാണ്‌. 2013 അവസാനത്തോടെ ബിജെപി മോഡിയെ പ്രധാനമന്ത്രിസ്ഥാനാർഥിയായി പ്രഖ്യാപിച്ച്‌ പ്രചാരണം തുടങ്ങി. ‘അച്ഛേ ദിൻ’ വാഗ്‌ദാനംചെയ്‌ത്‌ ഇടത്തരക്കാരെ മോഹിപ്പിച്ചും  വർഗീയത ഇളക്കിവിട്ടും ബിജെപി ലോക്‌സഭയിൽ കേവല ഭൂരിപക്ഷം നേടി. തൊട്ടുപിന്നാലെ മഹാരാഷ്ട്ര, ഹരിയാന, ജാർഖണ്ഡ്‌, ഉത്തർപ്രദേശ്‌ നിയമസഭാ തെരഞ്ഞെടുപ്പുകളിൽ ബിജെപി വിജയിച്ചതോടെ മോഡി പാർടിക്കുള്ളിൽ ചോദ്യംചെയ്യപ്പെടാത്ത നേതാവായി. 2019ൽ മോഡിയുടെ നേതൃത്വത്തിൽ ജയം ആവർത്തിച്ചതോടെ എന്തും ചെയ്യാനുള്ള അനുമതി ലഭിച്ചെന്ന ധാരണയിൽ ബിജെപി നേതൃത്വം എത്തിച്ചേർന്നു.

രാജ്യം നേരിടുന്ന സാമ്പത്തികത്തകർച്ചയുടെ ദുരിതം ഏറ്റവും കൂടുതൽ അനുഭവിക്കുന്ന സംസ്ഥാനങ്ങളിലൊന്നാണ്‌ മഹാരാഷ്ട്ര. കർഷക ആത്മഹത്യയും വരൾച്ചയും പ്രളയവും ഈ സംസ്ഥാനത്തെ നേരത്തെ തന്നെ അലട്ടിയിരുന്നു. ഉൽപ്പാദനമേഖലയിലെ മാന്ദ്യം കൂടിയായപ്പോൾ ജനജീവിതം ദുരിതപൂർണമാണ്‌. ലോക്‌സഭാ തെരഞ്ഞെടുപ്പുകാലത്ത്‌ സാമ്പത്തികത്തകർച്ച മുഖ്യവിഷയമായി ഉയർന്നുവന്നിരുന്നില്ല. പുൽവാമ ഭീകരാക്രമണവും തുടർന്ന്‌ ബാലാകോട്ട്‌ ഇന്ത്യ നൽകിയ തിരിച്ചടിയും സൃഷ്ടിച്ച വൈകാരിക അന്തരീക്ഷത്തിലാണ്‌ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ എൻഡിഎ മഹാരാഷ്ട്രയിൽ അടക്കം വൻമുന്നേറ്റം നേടിയത്‌. കഴിഞ്ഞ ജൂണിനുശേഷം സാമ്പത്തികമാന്ദ്യം പൊതുചർച്ചകളിൽ ഉയർന്നുവരികയും തൊഴിൽനഷ്ടം പോലുള്ള കാര്യങ്ങൾ വൻതോതിൽ പ്രകടമാകുകയും ചെയ്‌തു. കാർഷികമേഖലയിൽനിന്ന്‌ അടിസ്ഥാന വ്യവസായ, ഉൽപ്പാദന, സേവന മേഖലകളിലേക്ക്‌ സാമ്പത്തികത്തകർച്ച പടർന്നു. ജമ്മു–-കശ്‌മീരിന്റെ പ്രത്യേകപദവി എടുത്തുകളയൽ, പാക്‌വിരോധം, സവർക്കർക്ക്‌ ഭാരതരത്‌ന എന്നീ വിഷയങ്ങൾ പ്രചരിപ്പിച്ച്‌ ജനവിധി സ്വാധീനിക്കാനാണ്‌ ബിജെപി ശ്രമിച്ചത്‌.

ഇന്ത്യയുടെ ജനാധിപത്യസംസ്‌കാരവും സംവാദ പാരമ്പര്യവും അട്ടിമറിച്ച്‌ കാഴ്‌ചപ്പാടുകൾ അടിച്ചേൽപ്പിക്കാൻ ശ്രമിക്കുന്നവരെ ജനങ്ങൾ നിരാകരിക്കാൻ തുടങ്ങിയിരിക്കുന്നു. മോഡി–-അമിത്‌ ഷാ ദ്വന്ദവും സംഘപരിവാറും ചേർന്നാൽ രാജ്യത്തിന്റെ ഭരണഘടനപോലും ഇല്ലാതാക്കാമെന്ന ഹുങ്കിനു ജനങ്ങൾ താക്കീത്‌ നൽകിയിരിക്കയാണ്‌

എൻഡിഎക്ക്‌ 2019ൽ  ലഭിച്ച 51 ശതമാനം വോട്ട്‌ അടിസ്ഥാന യാഥാർഥ്യങ്ങളുമായി പൊരുത്തപ്പെടുന്നതായിരുന്നില്ല. പക്ഷേ, ഭീമമായ ഈ വോട്ട്‌ ബിജെപിക്ക്‌ അമിതമായ ആത്മവിശ്വാസം നൽകി. നിയമസഭാ തെരഞ്ഞെടുപ്പിൽ പ്രതിപക്ഷത്തെ അപ്രസക്തമാക്കാനുള്ള പദ്ധതികൾ അവർ ആവിഷ്‌കരിച്ചത്‌ ഈ ലഹരിയിൽനിന്നാണ്‌. തൊട്ടുമുൻ ദിവസംവരെ അഴിമതിക്കാർ എന്ന്‌ ആക്ഷേപിച്ചിരുന്ന കോൺഗ്രസ്‌ നേതാക്കളെ ബിജെപിയിലേക്ക്‌ ആനയിച്ചുകൊണ്ടുവന്ന്‌ പദവികൾ നൽകി. ജനകീയപ്രശ്‌നങ്ങൾ അവഗണിക്കുകയും  ബിജെപിക്ക്‌  വോട്ട്‌ ചെയ്യുന്നത്‌ പാകിസ്ഥാനിൽ അണുബോംബ്‌ ഇടുന്നതിനു തുല്യമാണെന്ന്‌ പ്രചരിപ്പിക്കുകയും ചെയ്‌തു. രാജ്യസ്‌നേഹവും വർഗീയതയും സമംചേർത്ത്‌ വിളമ്പി. സത്യം തിരിച്ചറിയാൻ തുടങ്ങിയ ജനങ്ങൾ ബിജെപിയിൽനിന്ന്‌ അകലുന്നുവെന്നാണ്‌ തെരഞ്ഞെടുപ്പുഫലം വ്യക്തമാക്കുന്നത്‌. ഇന്ത്യയുടെ ജനാധിപത്യസംസ്‌കാരവും സംവാദ പാരമ്പര്യവും അട്ടിമറിച്ച്‌ കാഴ്‌ചപ്പാടുകൾ അടിച്ചേൽപ്പിക്കാൻ ശ്രമിക്കുന്നവരെ ജനങ്ങൾ നിരാകരിക്കാൻ തുടങ്ങിയിരിക്കുന്നു. മോഡി–-അമിത്‌ ഷാ ദ്വന്ദവും സംഘപരിവാറും ചേർന്നാൽ രാജ്യത്തിന്റെ ഭരണഘടനപോലും ഇല്ലാതാക്കാമെന്ന ഹുങ്കിനു ജനങ്ങൾ താക്കീത്‌ നൽകിയിരിക്കയാണ്‌. സാമ്പത്തികദുരിതങ്ങളോടുള്ള എതിർപ്പിനു രാഷ്ട്രീയരൂപം കൈവന്നിരിക്കുന്നു.

ഭാവിയിലേക്കുള്ള സന്ദേശം
ഗ്യാലറിയിൽ ഇരുന്ന്‌ കളികണ്ട കോൺഗ്രസ്‌ നേതൃത്വത്തിനും ജനവിധി നല്ല താക്കീതാണ്‌. വർഗീയസഖ്യത്തിനെതിരെ മതനിരപേക്ഷ കക്ഷികളുടെ കൂട്ടായ്‌മ കെട്ടിപ്പടുക്കാൻ കോൺഗ്രസ്‌ മുൻകൈയെടുത്തില്ല. പ്രകാശ്‌ അംബേദ്‌കറുടെ വഞ്ചിത്‌ ബഹുജൻ ആഗാദി (വിബിഎ) പോലുള്ള കക്ഷികളെ  ഒപ്പം നിർത്തുന്നതിൽ കോൺഗ്രസ്‌ പരാജയപ്പെട്ടു. വിബിഎ പിടിച്ച വോട്ട്‌ 25 മണ്ഡലത്തിൽ കോൺഗ്രസ്‌, എൻസിപി സ്ഥാനാർഥികളുടെ പരാജയത്തിനു കാരണമായെന്ന്‌ ഫലം വന്നശേഷം കോൺഗ്രസ്‌ ആരോപിക്കുന്നു. ബിജെപി, ശിവസേന, കോൺഗ്രസ്‌, എൻസിപി എന്നീ നാല്‌ പ്രധാന പാർടികൾ ഒഴികെയുള്ളവർക്ക്‌ 25.3 ശതമാനം വോട്ട്‌ ലഭിച്ചിട്ടുണ്ട്‌.  മഹാരാഷ്ട്ര രാഷ്ട്രീയത്തിൽ പുതിയ വഴികൾക്ക്‌ സാധ്യതയുണ്ടെന്ന്‌ ഇതു വ്യക്തമാക്കുന്നു.

രാജ്യസഭയിൽ ആധിപത്യം നേടാനുള്ള ബിജെപി പദ്ധതിക്കും മഹാരാഷ്ട്ര ഫലം തിരിച്ചടിയാണ്‌. അടുത്തവർഷങ്ങളിൽ വരുന്ന രാജ്യസഭാ ഒഴിവുകളിൽ ബിജെപിക്ക്‌ ജയിപ്പിച്ചെടുക്കാൻ കഴിയുന്നവരുടെ എണ്ണം അവർ പ്രതീക്ഷിച്ചതിലും കുറയും.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top