20 February Wednesday

ഒ എന്‍ വി കാവ്യസംസ്കൃതി

പിരപ്പന്‍കോട് മുരളിUpdated: Tuesday Oct 31, 2017

മലയാളകവിതയുടെ നിത്യവസന്തവും സൂര്യതേജസ്സുമായ ഒ എന്‍ വിയുടെ 86-ാം ജന്മദിനത്തോടനുബന്ധിച്ച് അദ്ദേഹത്തിന്റെ കൃതികളില്‍ സമഗ്രമായ ഒരു പഠനഗ്രന്ഥം 'ഒ എന്‍ വി കാവ്യസംസ്കൃതി' കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് പ്രസാധനം ചെയ്യുകയാണ്. പഠനസൌകര്യത്തിനായി ഓരോ കൃതിയുടെയും ആദ്യപതിപ്പിന് പ്രശസ്ത സാഹിത്യ നായകന്മാര്‍ എഴുതിയിട്ടുള്ള അവതാരികകളും ചില കൃതികള്‍ക്ക് കവിതന്നെ എഴുതിയിട്ടുള്ള കുറിപ്പുകളും ചില കൃതികളെക്കുറിച്ച് പ്രമുഖ സാഹിത്യ സുഹൃത്തുക്കള്‍ നടത്തിയിട്ടുള്ള ചര്‍ച്ചകളും പഠനലേഖനത്തോടൊപ്പം ചേര്‍ത്തിട്ടുണ്ട്.

ഇത് മലയാളകവിതയുടെ ഒ എന്‍ വിയുഗമാണ്. എഴുത്തച്ഛനെപ്പോലെ, ആശാനെപ്പോലെ ചങ്ങമ്പുഴയെപ്പോലെ മലയാളകവിതയില്‍ യുഗസ്രഷ്ടാവായ കവിയാണ് ഒ എന്‍ വി. മലയാളത്തിന്റെ ഉപ്പും മധുരവും ചാരുതയും ചേര്‍ന്ന വിശ്വമാനവിക കവിക്ക് കാലം നല്‍കിയ പേരാണ് ഒ എന്‍ വി.
മലയാളത്തിന്റെ സാഹിത്യത്തിലും രാഷ്ട്രീയത്തിലും സംഘര്‍ഷങ്ങള്‍ നിറഞ്ഞ കാലത്താണ് ഒ എന്‍ വിയുടെ കാവ്യപ്രവേശം. 1949ലെ കൊല്ലം പുരോഗമന സാഹിത്യ സമ്മേളനവേദിയിലാണ് 'അരിവാളും രാക്കുയിലും' എഴുതി ചങ്ങമ്പുഴ സ്വര്‍ണമെഡല്‍ ഏറ്റുവാങ്ങി കേരളം മുഴുവന്‍ ശ്രദ്ധിക്കപ്പെട്ട വിപ്ളവകവിയായി കടന്നുവന്നത്. 1948ല്‍ കമ്യൂണിസ്റ്റ് പാര്‍ടിയുടെ നിരോധകാലത്ത് 'കലേശന്‍' എന്ന തൂലികാനാമത്തില്‍ പ്രസിദ്ധീകരിച്ച 'കലയും കശാപ്പും' എന്ന കാവ്യസമാഹാരംമുതല്‍ 2016 മേയില്‍ പ്രസിദ്ധീകരിച്ച 'അനശ്വരതയിലേക്ക്' എന്ന കാവ്യസമാഹാരംവരെയുള്ള പ്രസിദ്ധീകരിക്കപ്പെട്ട മഹാകവി ഒ എന്‍ വിയുടെ 54 കൃതികളെക്കുറിച്ചുള്ള പഠനങ്ങളാണ് 'ഒ എന്‍ വി കാവ്യസംസ്കൃതി'.

"ഒരു തത്വശാസ്ത്രത്തെ പ്രവാചകസ്ഥാനത്ത് നിര്‍ത്തി'' ആരംഭിച്ച കാവ്യയാത്രയില്‍ എക്കാലത്തും സ്വന്തം കവിതയിലൂടെ തനതായ ഒരു സംസ്കൃതിക്ക് രൂപംനല്‍കിയ കവിയാണ് ഒ എന്‍ വി. നിസ്വവര്‍ഗപക്ഷപാതം, സ്ത്രീത്വത്തോടുള്ള ആദരം, വിശ്വമാനവികതബോധം, നാടന്‍കര്‍ഷകന്റെ നിഷ്കളങ്കത, അയത്നലളിതവും സംഗീതസാന്ദ്രവുമായ ജനകീയഭാഷ, ക്ളാസിക്കല്‍ കലയുടെയും സാഹിത്യത്തിന്റെയും അന്തസ്സത്ത ഇവ ഉള്‍ച്ചേര്‍ന്നതാണ് ഒ എന്‍ വിയുടെ കാവ്യസംസ്കൃതി. ഒ എന്‍ വിയെ മറ്റു കവികളില്‍നിന്ന് വേര്‍തിരിച്ചുനിര്‍ത്തുന്നത് ഈ കാവ്യസംസ്കൃതിയാണ്. പൊരുതുന്ന സൌന്ദര്യം, സമരത്തിന്റെ സന്തതികള്‍, ഞാന്‍ നിന്നെ സ്നേഹിക്കുന്നു, ന്റെ പൊന്നരിവാള്‍, മാറ്റുവിന്‍ചട്ടങ്ങളെ, കടിഞ്ഞൂല്‍ കനികള്‍ എന്നീ ഒ എന്‍ വിയുടെ ആറ് ആദ്യകാലകൃതികളിലെ '63' കവിതകള്‍ മലയാളകവിതയിലെ സമരതീക്ഷ്ണമായ ഒരു കാലഘട്ടത്തിന്റെ ഹൃദ്സ്പന്ദങ്ങളാണ്.

1950ലെ പെരുതുന്ന സൌന്ദര്യംമുതല്‍ 2016ലെ അനശ്വരതയിലേക്കുവരെ 29 കാവ്യസമാഹാരങ്ങളും എട്ടു ഖണ്ഡകാവ്യങ്ങളും കാള്‍ മാര്‍ക്സിന്റെ കവിതകളുടെയും ജോണ്‍പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ കവിതകളുടെ തര്‍ജമയുമടക്കം 39 കാവ്യകൃതികളും 15 ഗദ്യകൃതികളുടെയും 54 കൃതികളെക്കുറിച്ചുള്ള പഠനങ്ങളുമാണ് 'ഒ എന്‍ വി കാവ്യസംസ്കൃതി'യില്‍ ഉള്‍ക്കൊള്ളിച്ചിട്ടുള്ളത്.

ഒ എന്‍ വിക്കവിതയുടെ ഋതുസംക്രമം പൂര്‍ണതയിലെത്തുന്നത് 1964ലെ 'മയില്‍പ്പീലി' കവിതകളോടെയാണ്. ഇതിലെ 19 കവിതകളില്‍ ഏറെ ശ്രദ്ധേയങ്ങളായത് സിംഹാസനത്തിലേക്ക് വീണ്ടും, നാലുമണിപ്പൂക്കള്‍, ചോറൂണ്, മയില്‍പ്പീലി, ഓര്‍ഫ്യൂസിന് ഒരു ഗീതം, ചെറുമകന്റെ കിളി എന്നീ കവിതകളാണ്.

ഓഗസ്റ്റിന്റെ ഓര്‍മകള്‍, ഇന്ത്യയുടെ ശബ്ദം, വീരതാണ്ഡവം എന്നീകവിതകള്‍ ഒ എന്‍ വിയുടെ പഴയ സാര്‍വദേശീയ വിശ്വാസത്തില്‍ നിന്ന് വ്യത്യസ്തമായ ദേശാഭിമാനപരമായ വികാരത്തിന്റെ കവിതകളാണ്. ഒരു സാമൂഹിക രാഷ്ട്രീയ വിപ്ളവത്തിനും സമത്വസുന്ദരലോകത്തിനും വേണ്ടി പോരാടിയിരുന്ന ഒരു വിപ്ളവകാരിയുടെ സന്ദേഹങ്ങളാണ് 'വളപ്പൊട്ടുകള്‍' എന്ന കവിതതില്‍. 19 കവിതകളടങ്ങിയ 'മയില്‍പ്പീലി' എന്ന കാവ്യസമാഹാരം ഒ എന്‍ വിയുടെ കാവ്യജീവിതത്തിലെ മാറ്റത്തിന്റെ അടിത്തറയാണ്. സംക്രമകാലത്തുനിന്ന് ഉറച്ച ഒരു കാവ്യവ്യക്തിത്വം ഒ എന്‍ വി സ്ഥാപിച്ചെടുക്കുന്നത് അദ്ദേഹത്തിന്റെ 'അഗ്നിശലഭങ്ങള്‍' എന്ന കാവ്യസമാഹാരത്തിലെ കവിതകളില്‍ എത്തുമ്പോഴാണ്.

ഒ എന്‍ വിക്കവിതയുടെ രണ്ടാംഘട്ടത്തെ കുറിക്കുന്ന കവിതകളാണ് 'അക്ഷരം' എന്ന സമാഹാരത്തില്‍. 32 കവിതകളടങ്ങിയ കറുത്തപക്ഷിയുടെ പാട്ടും 45 കവിതകളടങ്ങിയ 'ഉപ്പും' മലയാളകവിതയുടെ ഉദാത്തമേഖലയിലേക്ക് ഒ എന്‍ വിക്കവിതയെ ഉയര്‍ത്തുന്നു. 'ഭൂമിക്കൊരു ചരമഗീത'ത്തിലൂടെ ഒ എന്‍ വിക്കവിത അതിന്റെ വളര്‍ച്ചയുടെ മൂന്നാംഘട്ടത്തിലേക്ക് കടക്കുന്നു.

'എല്ലാം മറന്നൊന്നുറങ്ങുവാന്‍' തന്റെ സഹജാതര്‍ക്ക് ആത്മവിശ്വാസം പകര്‍ന്ന് 'നിങ്ങളുറങ്ങിക്കൊള്ളുക, ഞാനുണര്‍ന്നിരിക്കാം, നിങ്ങളുടെ കാവലാളായി ഞാനുണ്ടാകും' എന്നു പ്രഖ്യാപിക്കുന്ന 'ശാര്‍ങ്ഗകപ്പക്ഷി'കളും 'മൃഗയ'യും ഒ എന്‍ വി മലയാളത്തിലെഴുതിയ ലോകകവിതകള്‍തന്നെയാണ്. 'അപരാഹ്നം'മുതല്‍ 'അര്‍ധവിരാമം'വരെയുള്ള ഏഴു കാവ്യസമാഹാരങ്ങള്‍ ഒ എന്‍ വിക്കവിതയുടെ നാലാംഘട്ടത്തെയാണ് സൂചിപ്പിക്കുന്നത്. ഈ സമാഹാരങ്ങളില്‍ ഉള്‍ക്കൊള്ളിച്ചിട്ടുള്ള 192 കവിതകള്‍ സവിസ്തരപഠനത്തിന് വിഷയമാക്കേണ്ടതാണ്.

ഒ എന്‍ വിക്കവിതയുടെ വളര്‍ച്ചയുടെ ഏറ്റവും ഉയര്‍ന്ന ഘട്ടത്തിലെ സൃഷ്ടികളാണ് പുനരപി, കടല്‍ശംഖുകള്‍, സൂര്യന്റെ മരണം, അനശ്വരതയിലേക്ക് എന്നീ നാലു കവിതാസമാഹാരങ്ങള്‍. ഈ കാവ്യസമാഹാരങ്ങളെക്കുറിച്ച് പരാമര്‍ശിക്കുമ്പോള്‍ പൊതുവില്‍ ഒരുകാര്യം എടുത്തുപറയാതിരിക്കാന്‍ വയ്യ. സാധാരണ 60 വയസ്സ് കഴിഞ്ഞശേഷം നമ്മുടെ മഹാകവികളില്‍ പലരും എഴുതിയത് അവരായതുകൊണ്ടുമാത്രം പ്രസിദ്ധീകരിക്കപ്പെടുകയും സഹൃദയര്‍ തിരസ്കരിക്കാതിരിക്കുകയുമാണ് ചെയ്തിട്ടുള്ളത്. എന്നാല്‍, ഒ എന്‍ വിയുടെ കവിതയായാലും ഗാനമായാലും അതിനൊരു യൌവനത്തുടിപ്പും മാധുര്യവും ചൈതന്യവുമുണ്ട്.

വിശ്രമമില്ലാതെ എഴുത്തും പ്രസംഗവും സമരവും സഞ്ചാരവുമായി നടന്ന കവി രോഗഗ്രസ്തനായി നിര്‍ബന്ധിത വിശ്രമത്തിനു വിധേയനാകേണ്ടിവന്നപ്പോള്‍ കവിയുടെ ഉള്ളില്‍നിന്ന് ഉതിര്‍ന്നുവീണ സുകൃതസുഗന്ധികളായ കവിതയില്‍ ചാലിച്ച ചിന്തകളാണ് 'ആത്മഗതങ്ങള്‍'.
ഒ എന്‍ വിയുടെ അപൂര്‍വസുന്ദരമായ ഗദ്യകവിതകളാണ് 'തോന്ന്യാക്ഷരങ്ങള്‍'. കവിതപോലെ അതിമനോഹരമായ താളഭംഗിയും വാങ്മയങ്ങളും അടങ്ങിയ അര്‍ഥപുഷ്ടിയുള്ള ഗദ്യശൈലിയും ഒ എന്‍ വിയുടെ പ്രത്യേകതകളാണ്.

പതിനാലു പഠനപ്രബന്ധങ്ങള്‍ അടങ്ങിയ താമരപ്പൊയ്ക, 26 വിജ്ഞാനപ്രദമായ വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന കാല്‍പ്പനികം, 26 വിവിധ വിഷയങ്ങള്‍ അവതരിപ്പിക്കുന്ന കൊച്ചു കൊച്ചു വര്‍ത്തമാനങ്ങള്‍, 16 വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന നടക്കാവുകളിലൂടെ എന്നീ ഗദ്യകൃതികള്‍ പൊതുസമൂഹത്തിനും സമകാലീന സാഹിത്യത്തിനും വലിയ മുതല്‍ക്കൂട്ടാണ്.
പാഥേയം, ഓര്‍മയുടെ പുസ്തകം, ഓര്‍മയിലെ നിലാകീറുകള്‍ എന്നീ പുസ്തകങ്ങളിലൂടെ വളരെ പ്രശസ്തരായ എഴുത്തുകാരുടെയും ചിന്തകന്മാരുടെയും തൂലികാചിത്രങ്ങളാണ് ഒ എന്‍ വി വരച്ചുകാണിക്കുന്നത്.

ഒ എന്‍ വി തന്റെ അനുപമമായ വ്യക്തിത്വത്തിന്റെ ചില വശങ്ങള്‍ വെളിപ്പെടുത്തുന്ന ആത്മകഥയിലെ ഏതാനും ചില അധ്യായങ്ങള്‍ പോക്കുവെയില്‍ മണ്ണിലെഴുതിയത്, അരികില്‍ നീ ഉണ്ടായിരുന്നെങ്കില്‍ എന്നീ രണ്ടു കൃതികളിലൂടെ സഹൃദയര്‍ക്കുമുന്നില്‍ പ്രകാശിപ്പിക്കുന്നു.
മലയാളകവിതയുടെ വളര്‍ച്ചയും അത് നേരിട്ട പ്രതിസന്ധികളും ഗൌരവമായി എന്നാല്‍, ആര്‍ക്കും മനസ്സിലാകുംവിധം 1991ല്‍ കേരള സര്‍വകലാശാലയില്‍ കവി നടത്തിയിട്ടുള്ള ആശാന്‍ പ്രഭാഷണങ്ങളാണ് 'കവിതയിലെ പ്രതിസന്ധി', ഒ എന്‍ വിക്കവിതപോലെ അതിമനോഹരമായ 'ബലി' എന്ന ഒരു കഥാപഠനത്തോടെയാണ് 'ഒ എന്‍ വി കാവ്യസംസ്കൃതി' എന്ന ഈ ഗ്രന്ഥം പൂര്‍ണമാകുന്നത്. ഈ കഥ വായിക്കുമ്പോള്‍ അദ്ദേഹം ഒരു കാലത്തെഴുതിയ മറ്റു കഥകള്‍കൂടി പ്രസിദ്ധീകരിച്ചിരുന്നെങ്കില്‍ എന്ന് മോഹിക്കാത്ത സഹൃദയരുണ്ടാകില്ല. ഇനി ആരോടു പറയാന്‍ "വെറുതെ മോഹിക്കുവാന്‍ മോഹം'' എന്നുമാത്രം. ഒരു കവിയുടെ മുഴുവന്‍ കൃതികളെയും സംബന്ധിച്ച ഒരു പഠനഗ്രന്ഥം പ്രസിദ്ധീകരിക്കുന്നത് മലയാളത്തില്‍ ആദ്യമായാണെന്ന് തോന്നുന്നു. അതിന് മുന്‍കൈയെടുത്ത കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടിനോട് മലയാള സഹൃദയര്‍ എക്കാലത്തും നന്ദിയുള്ളവരായിരിക്കും *

പ്രധാന വാർത്തകൾ
 Top