15 December Sunday

ബഹുമുഖ വ്യക്തിത്വം

കോടിയേരി ബാലകൃഷ്‌ണൻUpdated: Saturday Aug 31, 2019


തന്റെ അറിവും അനുഭവക്കരുത്തും ആദർശനിഷ്ഠ ജീവിതവും തൊഴിലാളിവർഗ പ്രസ്ഥാനത്തിന്റെ വളർച്ചയ്‌ക്കായി സമർപ്പിച്ച ബഹുമുഖ വ്യക്തിത്വത്തിന് ഉടമയായിരുന്ന വി വി ദക്ഷിണാമൂർത്തി മാഷ‌് വിടപറഞ്ഞിട്ട് മൂന്നുവർഷം തികയുന്നു. കമ്യൂണിസ്റ്റ് പാർടി സംഘാടകൻ, വിദ്യാർഥി-, യുവജന, അധ്യാപക, ട്രേഡ്‌ യൂണിയൻ നേതാവ്, പ്രഭാഷകൻ, പരിഭാഷകൻ, പ്രക്ഷോഭകാരി, പാർലമെന്റേറിയൻ, എഴുത്തുകാരൻ എന്നീ നിലകളിലെല്ലാം വ്യക്തിമുദ്ര പതിപ്പിച്ച അദ്ദേഹം സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് അംഗം എന്ന നിലയിലും  ഒരു പതിറ്റാണ്ടോളം ദേശാഭിമാനി ദിനപത്രത്തിന്റെ മുഖ്യ പത്രാധിപർ എന്ന നിലയിലും പ്രവർത്തിച്ചു.

പാർടിയെയും നേതാക്കളെയും വളഞ്ഞിട്ടാക്രമിച്ച ശത്രുക്കൾക്കെതിരെ കരുത്തുറ്റ നാവും തൂലികയുമായിരുന്ന അദ്ദേഹം മാർക്‌സിസം- ലെനിനിസത്തിൽ അധിഷ്ഠിതവും വിട്ടുവീഴ്ചയില്ലാത്തതുമായ നിലപാടുകളിലൂടെയും സ്‌നേഹമസൃണമായ പെരുമാറ്റത്തിലൂടെയും എല്ലാവരുടെയും പ്രിയപ്പെട്ട മാഷായി മാറി. ‘പ്രചാരകൻ, പ്രക്ഷോഭകൻ, സംഘാടകൻ' എന്ന ദേശാഭിമാനിയുടെ സുവ്യക്തമായ ദൗത്യം നിർവഹിക്കുന്നതിൽ മാഷ് കാണിച്ച ആത്മസമർപ്പണതുല്യമായ ഉത്തരവാദിത്തം മാതൃകാപരമാണ്.

പത്രത്തെയും പത്രത്തിന്റെ രാഷ്ട്രീയത്തെയും ഒരുപോലെ അതിന്റെ സൂക്ഷ്‌മാംശത്തിൽ അറിയുന്ന ചീഫ് എഡിറ്ററായിരുന്നു മാഷ്. കേരള ചരിത്രവും കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ നാൾവഴികളും മാത്രമല്ല, സാർവദേശീയ- ദേശീയ രംഗത്തെ ചെറുചലനംപോലും സൂക്ഷ്‌മമായി വീക്ഷിച്ച് വിശകലനം ചെയ്യുകയും അത് പത്രത്തിൽ പ്രതിഫലിപ്പിക്കാൻ സദാ ഇടപെടുകയും ചെയ്‌തു.

ദേശാഭിമാനിയെ പൊതുസ്വീകാര്യതയുള്ള ഒന്നാക്കി മാറ്റുന്നതിൽ കാര്യമായ പങ്കുവഹിച്ചു. പത്രത്തെ അടിസ്ഥാന രാഷ്ട്രീയ- സാമൂഹ്യമൂല്യങ്ങളിൽ ഉറപ്പിച്ചുനിർത്തുന്നതിലും കാര്യമായി ശ്രദ്ധിച്ചു. കോഴിക്കോട് ദേശാഭിമാനിയുടെ മാനേജർ എന്ന നിലയിൽ നടത്തിപ്പിന്റെ ഉത്തരവാദിത്തമാണ് ഏൽപ്പിച്ചതെങ്കിലും മുഖപ്രസംഗങ്ങളും ലേഖനങ്ങളും എഴുതി. 19 വർഷത്തോളം  കോഴിക്കോട് യൂണിറ്റ് മാനേജരായി പ്രവർത്തിച്ചു. ദേശാഭിമാനി പ്രിന്റിങ് ആൻഡ് പബ്ലിഷിങ് കമ്പനി മാനേജിങ് ഡയറക്ടറുമായിരുന്നു. ചീഫ് എഡിറ്ററായി ചുമതലയേറ്റതോടെ ദൈനംദിന പ്രവർത്തനങ്ങളിൽ സജീവമായി. ദേശാഭിമാനിയെ കേരളത്തിലെ മൂന്നാമത്തെ പത്രമായി ഉയർത്തിയതിൽ അദ്ദേഹത്തിന് നിർണായക പങ്കുണ്ട്. 

നന്നേ ചെറുപ്പത്തിൽ പ്രതികൂല സാഹചര്യങ്ങളോട് ഏറ്റുമുട്ടി കമ്യൂണിസ്റ്റ് പാർടി പ്രവർത്തനങ്ങളിൽ പങ്കാളിയായ അദ്ദേഹം അധ്യാപകനായാണ് പൊതുജീവിതം ആരംഭിക്കുന്നത്. ചെത്തുതൊഴിലാളികൾ, അധ്യാപകർ, ക്ഷേത്രജീവനക്കാർ, തോട്ടംതൊഴിലാളികൾ തുടങ്ങി വിവിധ വിഭാഗം തൊഴിലാളികളെ സംഘടിപ്പിച്ച് ട്രേഡ്‌ യൂണിയൻ മേഖലയിലും സജീവമായി ഇടപെട്ടു. ദീർഘകാലം കലിക്കറ്റ് സർവകലാശാലാ സിൻഡിക്കറ്റ് അംഗവുമായിരുന്നു. 1950ൽ 16‐--ാം വയസ്സിൽ കമ്യൂണിസ്റ്റ് പാർടി അംഗമായി. 26 വർഷം അധ്യാപകനായി സേവനമനുഷ്ഠിച്ച് 1982ൽ വടക്കുമ്പാട് ഹൈസ്‌കൂളിൽനിന്ന് സ്വമേധയാ വിരമിച്ചു. അതേവർഷം പാർടി സംസ്ഥാന കമ്മിറ്റി അംഗമായി.

വി വി ദക്ഷിണാമൂർത്തിയോടൊപ്പം  കോടിയേരി ബാലകൃഷ്‌ണൻ     (ഫയൽ ചിത്രം)

വി വി ദക്ഷിണാമൂർത്തിയോടൊപ്പം കോടിയേരി ബാലകൃഷ്‌ണൻ (ഫയൽ ചിത്രം)


 

കോഴിക്കോട് ജില്ലാ സെക്രട്ടറിയായും പ്രവർത്തിച്ചു. മലബാർ ഐക്യവിദ്യാർഥി സംഘടനയുടെ ആദ്യ ജോയിന്റ് സെക്രട്ടറിയായിരുന്ന മാഷ്  കേരള സോഷ്യലിസ്റ്റ് യൂത്ത് ഫെഡറേഷന്റെ ആദ്യ കോഴിക്കോട് ജില്ലാ പ്രസിഡന്റുമായിരുന്നു. മലബാർ ദേവസ്വത്തിനു കീഴിൽ ജീവനക്കാരെ സംഘടിപ്പിച്ച് ട്രേഡ് യൂണിയൻ രൂപീകരിച്ചത് മാഷുടെ നേതൃത്വത്തിലാണ്. മൂന്നുതവണ പേരാമ്പ്രയിൽനിന്ന് നിയമസഭാംഗമായി. 1980‐ -82ൽ സിപിഐ എം നിയമസഭാ വിപ്പായിരുന്നു. 
മാർക്‌സിയൻ ദർശനത്തിൽ ആഴത്തിൽ അറിവുനേടിയ അദ്ദേഹം രാഷ്ട്രീയ വിദ്യാഭ്യാസം ശക്തിപ്പെടുത്തുന്നതിന്റെ പ്രാധാന്യം ഉയർത്തിപ്പിടിക്കുകയും അതിൽ നേതൃത്വപരമായ പങ്കുവഹിക്കുകയും ചെയ്‌തു. ഇന്ത്യൻ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിൽ അറുപതുകളുടെ ആദ്യപകുതിയിലും പിന്നീടും നടന്ന ആശയസമരത്തിൽ തിരുത്തൽവാദത്തിനും ഇടതുപക്ഷ വ്യതിയാനത്തിനും എതിരെ ശക്തമായ നിലപാടാണ് അദ്ദേഹം സ്വീകരിച്ചത്. 1964ൽ കമ്യൂണിസ്റ്റ് പാർടിയിൽ പിളർപ്പുണ്ടായതിനെത്തുടർന്ന് സിപിഐ എമ്മിനൊപ്പം നിന്നു.

ആ ഘട്ടത്തിൽ അവിഭക്ത കമ്യൂണിസ്റ്റ് പാർടിയുടെ ജില്ലാ കൗൺസിൽ അംഗമായിരുന്നു. വർഗസഹകരണ പ്രവണതയ്‌ക്കെതിരെ ശക്തമായ നിലപാട് സ്വീകരിച്ച്, ഇടതുവലത് വ്യതിയാനങ്ങൾക്കെതിരെ സൈദ്ധാന്തിക ജാഗ്രത നിലനിർത്താൻ മാഷ് നല്ല രീതിയിൽ ഇടപെട്ടു. സിപിഐ എം രൂപീകരണത്തിന്റെ 50–-ാം വാർഷികത്തിനിടയിൽ ഉയർന്ന ചില വിവാദങ്ങളിൽ ഇടപെട്ട് 1964ലെ പിളർപ്പിനെ ദുരന്തമായി കാണുന്നവർക്ക് മാഷ് യുക്തിസഹമായ മറുപടി നൽകി. വലതുപക്ഷ അവസരവാദത്തിനെതിരെ ഉയർന്ന വിട്ടുവീഴ്ചയില്ലാത്ത സമരങ്ങളുടെ മുമ്പന്തിയിൽത്തന്നെ നിലയുറപ്പിച്ചു. രാഷ്ട്രീയ സൈദ്ധാന്തികരംഗത്തെ ഇടപെടലുകളിലൂടെ മാർക്‌സിസ്റ്റ്- ലെനിനിസ്റ്റ് രാഷ്ട്രീയത്തിന്റെയും സംഘടനയുടെയും പ്രസക്തി സാധാരണക്കാരിലെത്തിക്കുന്നതിൽ അദ്ദേഹത്തിന്റെ സംഭാവന അതുല്യമാണ്. ഇടതുപക്ഷ തീവ്രവാദക്കാരുയർത്തിയ വ്യക്തി ഉന്മൂലന സിദ്ധാന്തത്തെയും അരാജകപ്രവർത്തനങ്ങളെയും മാഷ് തുറന്നുകാട്ടി. വലത്- ഇടത് നയവ്യതിയാനങ്ങൾക്കും വിഭാഗീയതയ്‌ക്കുമെതിരെ കേരളത്തിലെ പ്രസ്ഥാനത്തിനകത്ത് നടന്ന ആശയസമരത്തിൽ സുപ്രധാന പങ്കുവഹിച്ചു.

തൊഴിലാളിവർഗപ്രസ്ഥാനത്തിനെതിരെ പൊതുസമൂഹത്തിൽ ഉയർന്ന സംശയങ്ങളും പാർടിയെ സ്‌നേഹിക്കുന്നവരുടെ അവ്യക്തതകളും നീക്കുന്നതിൽ ദേശാഭിമാനിയിലൂടെയുള്ള അദ്ദേഹത്തിന്റെ ഇടപെടലുകൾ വലിയ പങ്കാണ് വഹിച്ചത്. മാധ്യമരംഗത്തെ അനഭിലഷണീയപ്രവണതകളും കമ്യൂണിസ്റ്റ് വിരുദ്ധതയും സംഘപരിവാർ പക്ഷപാതിത്വവുമൊക്കെ ഏറെ ചർച്ച ചെയ്യപ്പെടുന്ന സന്ദർഭമാണിത്. ഹൈന്ദവവർഗീയത ആളിക്കത്തിച്ച് സംഘപരിവാർ രാജ്യത്താകെ നടത്തുന്ന അതിക്രമങ്ങൾ തുറന്നുകാട്ടുന്നതിൽ മാധ്യമലോകം മടിച്ചുനിൽക്കുന്ന ഈ വേളയിൽ പ്രതിലോമ ആശയങ്ങൾക്കെതിരെ അചഞ്ചലനായി നിലകൊണ്ട മൂർത്തിമാഷിന്റെ സംഭാവനകൾ വിലമതിക്കപ്പെടുകതന്നെ ചെയ്യും. 

തൊഴിലാളിവർഗ പ്രസ്ഥാനങ്ങൾക്കെതിരെയുള്ള  കടന്നാക്രമണങ്ങളെ പ്രതിരോധിക്കാനും കേന്ദ്രസർക്കാരിന്റെ വർഗീയ- ജനവിരുദ്ധനയങ്ങളെ ചെറുക്കാനും ദേശാഭിമാനിയെ കൂടുതൽ ശക്തിപ്പെടുത്തേണ്ടതുണ്ട്. അതിനായി പ്രതിജ്ഞയെടുക്കുകയാണ് മാഷിന്റെ ഓർമപുതുക്കാനുള്ള ഉചിതമായ മാർഗം.


പ്രധാന വാർത്തകൾ
 Top