25 May Monday

സേനയെ രാഷ്‌ട്രീയവൽക്കരിക്കാനുള്ള നീക്കം

പ്രകാശ്‌ കാരാട്ട്‌Updated: Friday Jan 31, 2020


മോഡി സർക്കാരിന്,  ഇന്ത്യൻ റിപ്പബ്ലിക്കിനെ ഒരു ഹിന്ദുത്വരാഷ്ട്രമാക്കി മാറ്റിത്തീർക്കുന്നതിനുള്ള ഒരു രൂപരേഖയുണ്ട്. അതിനായി അത് ഭരണഘടനയെ വികൃതപ്പെടുത്തുകയാണ് (370–--ാം വകുപ്പ് റദ്ദാക്കിയതുപോലെ ), ജുഡീഷ്യറിയിലെ ഉന്നതനിയമനങ്ങളിൽ ഇടപെടുകയാണ്, ഭരണഘടനാസ്ഥാപനങ്ങളിലെയും ഉന്നത വിദ്യാഭ്യാസസ്ഥാപനങ്ങളിലെയും സാംസ്‌കാരികസ്ഥാപനങ്ങളിലെയും പ്രധാന  സ്ഥാനങ്ങളിലൊക്കെയും ആർഎസ്‌എസുകാരെ പ്രതിഷ്‌ഠിക്കുകയാണ്‌. എന്നാൽ,  അതിലും അപകടമാണ്, പ്രതിരോധമേഖലയിലെ ഉന്നതോദ്യോഗസ്ഥരെ ഹിന്ദുത്വദേശീയത പരത്തുന്ന തരത്തിലുള്ള അഭിപ്രായങ്ങൾ പ്രകടിപ്പിക്കാൻ ബോധപൂർവം  പ്രോത്സാഹിപ്പിക്കുന്ന കാര്യം. സായുധസേനയിലെ ഉന്നതനേതൃത്വത്തിൽ ചിലർ, ഈയിടെ നടത്തിയ പരസ്യപ്രസ്‌താവനകൾ  പ്രതിരോധസേനയുടെ രാഷ്ട്രീയാതീതമായ പ്രൊഫഷണലിസത്താേടുള്ള വിടപറയലാണ്.

ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫായി ചുമതലയേൽക്കുന്നതിന് ദിവസങ്ങൾക്കുമുമ്പാണ് ജനറൽ ബിപിൻ റാവത്ത് പൗരത്വ ഭേദഗതി നിയമത്തിനെതിരെ നടക്കുന്ന പ്രക്ഷോഭങ്ങളെക്കുറിച്ച് വളരെ പ്രകോപനപരമായ പ്രസ്‌താവന നടത്തിയത്. "ജനങ്ങളെ തെറ്റായ ദിശയിൽ നയിക്കുന്നവരല്ല നേതാക്കൾ... വലിയൊരു വിഭാഗം യൂണിവേഴ്സിറ്റി, കോളേജ് വിദ്യാർഥികൾ നഗരങ്ങളിലും പട്ടണങ്ങളിലും ജനക്കൂട്ടങ്ങളെ കൊള്ളിവയ്‌പിലേക്കും അക്രമത്തിലേക്കും നയിക്കുന്നതിന് നാം സാക്ഷ്യംവഹിക്കുകയാണ്. ഇതല്ല നേതൃത്വം’ എന്നാണ് അദ്ദേഹം പറഞ്ഞത്. ഒരു ആഭ്യന്തര രാഷ്ട്രീയ പ്രശ്നത്തെക്കുറിച്ച് ഇങ്ങനെയൊരു പ്രസ്‌താവന വന്നത്  സേനാ മേധാവിയിൽനിന്നാണ്. മുമ്പും അദ്ദേഹം വിവാദപ്രസ്‌താവനകൾ ഇറക്കിയ ആളാണ്.  അദ്ദേഹത്തേക്കാൾ സേവനപാരമ്പര്യമുള്ള രണ്ടു പേരെ മറികടന്നാണ് ജനറൽ റാവത്തിന് ഈ സ്ഥാനക്കയറ്റം നൽകുന്നത് എന്ന കാര്യം ഓർമിക്കേണ്ടതുണ്ട്. അദ്ദേഹം നടത്തിയ രാഷ്ട്രീയ പരാമർശങ്ങളെ സർക്കാർ ഒരിക്കൽപോലും വിമർശിക്കുകയോ അദ്ദേഹത്തെ അതിൽനിന്ന് നിയന്ത്രിക്കുകയോ ചെയ്‌തിട്ടില്ല.

ആർമിയുടെയും നേവിയുടെയും എയർ ഫോഴ്സിന്റെയും സേവനങ്ങളെ ഒന്നിച്ചു നിയന്ത്രിക്കുന്നതിനായി പുതുതായി സൃഷ്ടിച്ച ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫായി ചുമതലയേറ്റതിനുശേഷം ജനറൽ റാവത്ത് നടത്തിയ പ്രസ്‌താവനയിൽ പറഞ്ഞത്, കശ്‌മീരിലെ കൊച്ചുകുട്ടികൾ പോലും റാഡിക്കലൈസ് ചെയ്യപ്പെടുന്നതുകൊണ്ട്, അവിടെ ഡി റാഡിക്കലൈസേഷൻ ക്യാമ്പുകൾ തുറക്കണം എന്നാണ്. അത്തരം ക്യാമ്പുകൾ നിലവിൽ പ്രവർത്തിച്ചുവരുന്നുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തുകയുണ്ടായി. ഇത് ഒട്ടേറെ അസ്വസ്ഥകരമായ ചോദ്യങ്ങൾ  ഉയർത്തുന്നുണ്ട്. അത്തരം ക്യാമ്പുകൾ ജമ്മു കശ്‌മീരിൽ ഇപ്പോഴും നിലവിലുണ്ടോ? ഉണ്ടെങ്കിൽ, ആരാണ് അവ നടത്തുന്നത്? സിവിലിയൻ അധികൃതരുടെ പങ്ക് അതിൽ എന്താണ്? സിവിലിയൻ ഗവൺമെന്റ് കൈകാര്യംചെയ്യേണ്ട  ഡി റാഡിക്കലൈസേഷൻ ക്യാമ്പ് പോലുള്ള നയപരമായ കാര്യങ്ങളിൽ ഒരു ആർമി ജനറൽ എങ്ങനെയാണ് അഭിപ്രായം പറയുക?

എം എം നരവാണെയും ബിപിൻ റാവത്തും

എം എം നരവാണെയും ബിപിൻ റാവത്തും


 

ജനറൽ റാവത്തിന്റെ കേസ് ഒറ്റപ്പെട്ട ഒന്നല്ല എന്ന് തെളിയിച്ചുകൊണ്ടാണ് ഏതാനും ദിവസങ്ങൾക്കുമുമ്പ് മറ്റൊരു പട്ടാളമേധാവി പൗരത്വ ഭേദഗതി നിയമ വിവാദത്തിൽ ഇടപെട്ടത്. ഈസ്റ്റേൺ കമാൻഡിലെ ആർമി കമാൻഡറായ ലെഫ്റ്റനന്റ് ജനറൽ അനിൽ ചൗഹാൻ 2019 ഡിസംബർ 14 ന് കൊൽക്കത്തയിൽ പറഞ്ഞത് "ദീർഘകാലമായി കെട്ടിക്കിടക്കുകയായിരുന്ന പല കാര്യങ്ങളിലും കടുത്ത തീരുമാനങ്ങളെടുക്കുന്ന കാര്യത്തിൽ നിലവിലുള്ള സർക്കാർ ഏറെ താൽപ്പര്യമെടുക്കുന്നുണ്ട് ’ എന്നാണ്. "ഏതാനും ചില വടക്കുകിഴക്കൻ സംസ്ഥാനങ്ങളുടെ വ്യത്യസ്‌താഭിപ്രായങ്ങളുണ്ടായിട്ടും പൗരത്വ ഭേദഗതി ബിൽ പാസാക്കാനായി’ എന്നും അയാൾ കൂട്ടിച്ചേർക്കുകയുണ്ടായി.

ഭരണഘടനയുടെ പൗരത്വത്തെപ്പറ്റിയുള്ള അടിസ്ഥാന സങ്കൽപ്പനത്തിന് നേർക്കുള്ള കടന്നാക്രമണമാണ് പൗരത്വ ഭേദഗതി നിയമം എന്ന്‌ വിലയിരുത്തപ്പെടുന്ന ഒരുകാലത്ത് പട്ടാളമേധാവികൾ അതിനെ ന്യായീകരിച്ച് രംഗത്തിറങ്ങുന്നത് ദൗർഭാഗ്യകരമാണ്.പുതുതായി നിയമിക്കപ്പെട്ട ആർമി തലവൻ ജനറൽ എം എം നരവാണെ ആർമി ദിനത്തിന്‌ മുന്നോടിയായി  നടത്തിയ  പത്രസമ്മേളനത്തിൽ ഒരു സുപ്രധാന പ്രസ്‌താവന നടത്തുകയുണ്ടായി. അദ്ദേഹം പറഞ്ഞത്, സായുധസേനയുടെ കൂറ് ഭരണഘടനയോട് മാത്രമാണ് എന്നാണ്. അതിന്റെ ആമുഖത്തിൽ ആലേഖനംചെയ്യപ്പെട്ട അതിന്റെ കാതൽ മൂല്യങ്ങളായ നീതിയും സ്വാതന്ത്ര്യവും തുല്യതയും സാഹോദര്യവും മുൻനിർത്തിയാണ് തങ്ങൾ പ്രതിജ്ഞയെടുക്കുന്നത് എന്നാണ് അദ്ദേഹം പറഞ്ഞത്.

ഈ മാതൃകാപരമായ സന്ദേശം നൽകിയതിനുശേഷം, ദിവസങ്ങൾ കഴിഞ്ഞ്, അദ്ദേഹം തന്റെ പ്രസ്‌താവന സ്വയം തിരുത്തുകയായിരുന്നു. അദ്ദേഹം 370–--ാം വകുപ്പ് റദ്ദാക്കിയതിനെ സ്‌തുതിക്കുകയായിരുന്നു. ജമ്മു കശ്‌മീരിനെ മുഖ്യധാരയുമായി ഉദ്ഗ്രഥിക്കുന്ന കാര്യത്തിൽ അത് "ഒരു ചരിത്രപരമായ ചുവടുവയ്‌പാണെന്നും’ അദ്ദേഹം പറഞ്ഞു. ഇവിടെയുമതേ, ജനറൽ രാഷ്ട്രീയത്തിന്റെ കലക്കുവെള്ളത്തിലേക്ക് ഇറങ്ങിയിരിക്കുകയാണ്. 370–--ാം വകുപ്പ് റദ്ദാക്കൽ ഭരണഘടനയുടെ മതനിരപേക്ഷ- ഫെഡറൽ സ്വഭാവത്തിനുനേരെയുള്ള ഒരു കടന്നാക്രമണമായാണ് ജമ്മു കശ്‌മീരിലും  അതിന് പുറത്തുമുള്ള ജനങ്ങൾ നോക്കിക്കാണുന്നത്. വിഷയം ഇപ്പോൾ സുപ്രീംകോടതിക്കു മുന്നിലാണ്. അതിന്റെ ഭരണഘടനാപരവും നിയമപരവുമായ സാധുതയെപ്പറ്റി  കോടതി വിധി പ്രഖ്യാപിക്കും. അത്തരമൊരവസ്ഥയിൽ സൈനികനേതൃത്വത്തിനുമേൽ ഭരണാധികാരികളുടെ ഭാഗത്തുനിന്ന് കടുത്ത സമ്മർദം വരുന്നതുകൊണ്ടാണ്  ഇത്തരമൊരു പ്രഖ്യാപനത്തിന് അവർ നിർബന്ധിതരാകുന്നത്.

ജനാധിപത്യത്തിന്‌ ഭീഷണി ഉയർത്തും
റിപ്പബ്ലിക്കൻ ഭരണഘടന അംഗീകരിച്ചിട്ട് ജനുവരി 26ന് 70 വർഷം തികഞ്ഞു. ഭരണഘടനാപദ്ധതി പ്രകാരം ഇന്ത്യ ഒരു പാർലമെന്ററി ജനാധിപത്യരാഷ്ട്രമാണ്. അവിടെ സായുധസേന സിവിലിയൻ ഭരണ സംവിധാനത്തിനുകീഴിൽ രാജ്യത്തിന്റെ അഖണ്ഡതയും പരമാധികാരവും സംരക്ഷിക്കാനുള്ള ഒരു പ്രൊഫഷണൽ സേനയായാണ് സേവനം നടത്തേണ്ടത്.

സായുധസേനയ്‌ക്ക് നിർണയിച്ചനുവദിച്ച ഈ ഭരണഘടനാപരമായ പങ്ക് അട്ടിമറിക്കാനും അതിനെ രാഷ്ട്രീയവൽക്കരിക്കാനുമുള്ള നീക്കം റിപ്പബ്ലിക്കിനും നമ്മുടെ ജനാധിപത്യത്തിനും കടുത്ത ഭീഷണിയാണുയർത്തുക. പാർലമെന്ററി ജനാധിപത്യത്തിന് കീഴിൽ സിവിലിയൻ രാഷ്ട്രീയ അധികൃതർക്ക് കീഴിലാണ് സൈനികസേന എന്നിരിക്കെ സൈനികനേതൃത്വത്തിന്റെ നടപടികൾ പരിശോധനയ്‌ക്കും വിമർശനത്തിനും വിധേയമാണ്. പക്ഷേ മോഡിക്കാലത്ത്, ഒരു പട്ടാളമേധാവിയുടെ വഴിവിട്ട പരാമർശങ്ങൾക്കെതിരെയുള്ള വിമർശനംപോലും കടുത്ത  ആക്രമണത്തിന് വിധേയമാകുകയാണ്. പട്ടാളത്തെത്തന്നെ കൊച്ചാക്കിക്കാട്ടുന്നതായും ചോദ്യംചെയ്യുന്നതായും പ്രചരിപ്പിക്കപ്പെടുകയാണ്. ഇത് തികഞ്ഞ ഏകാധിപത്യപരമായ സമീപനമാണ്, അത് നിരാകരിക്കപ്പെടേണ്ടതാണ്.

സായുധസൈന്യത്തിന്റെ  പദവിയും അതിന്റെ ഉന്നതോദ്യോഗസ്ഥരുടെ പെരുമാറ്റവും പരിശോധനാവിധേയമാകേണ്ടതാണ്. അത് ബന്ധപ്പെട്ട പാർലമെന്ററി സമിതി വിലയിരുത്തേണ്ടതുമാണ്. സായുധസേനയുടെ പ്രൊഫഷണലും രാഷ്ട്രീയാതീതവുമായ പദവി സംരക്ഷിച്ചെടുക്കാൻ, പട്ടാളത്തലവന്മാരും ജനറൽമാരും രാഷ്ട്രീയകാര്യങ്ങളിൽ നടത്തുന്ന പ്രസ്‌താവനകൾ അടിയന്തരമായും തടഞ്ഞേ പറ്റൂ.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top