30 May Saturday

ദേശീയപതാകയും ദേശീയഭാഷയും (ഭരണഘടന:ചരിത്രവും സംസ്‌കാരവും ഭാഗം 7)

പി രാജീവ്‌Updated: Friday Jan 31, 2020

‘ഹിന്ദുക്കൾ ഈ ത്രിവർണ പതാകയെ ഒരിക്കലും ബഹുമാനിക്കുകയില്ല, ഇത് ഹിന്ദുക്കളുടെ പതാകയല്ല. മൂന്ന് എന്ന അക്കംതന്നെ തിന്മയുടേതാണ്. മൂന്നു നിറമുള്ള ഒരു പതാക മാനസികമായി രാജ്യത്തിന് അങ്ങേയറ്റം ചീത്ത അനുഭവം നൽകും. അത് രാജ്യത്തെ സംബന്ധിച്ചിടത്തോളം അപകടകരമാണ്.’ ഭരണഘടനാ അസംബ്ലി ദേശീയപതാക അംഗീകരിച്ചതിന്റെ തുടർച്ചയിൽ ആർഎസ്‌എസിന്റെ മുഖപത്രമായ ഓർഗനൈസർ തങ്ങളുടെ നിലപാട് വ്യക്തമാക്കി. ബ്രഹ്മ, വിഷ്‌ണു, മഹേശ്വരൻ എന്ന ത്രിമൂർത്തി സങ്കൽപ്പം ആർഎസ്എസ് അംഗീകരിക്കുന്നുണ്ടോയെന്നത് കൗതുകകരമായ ചോദ്യമാണ്. അത് ‘ഭാരത’ത്തിന് അപകടം നൽകിയോ എന്ന അനുബന്ധ ചോദ്യ സാധ്യതയും നിലനിൽക്കുന്നുണ്ട്!

ഇതേ സമീപനം തന്നെയാണ് വിചാരധാരയിൽ ഗോൾവാൾക്കർ അവതരിപ്പിക്കുന്നത്. ‘നമ്മുടെ നേതാക്കൾ രാജ്യത്തിനായി ഒരു പുതിയ പതാക സൃഷ്ടിച്ചിരിക്കുന്നു. എന്തുകൊണ്ട് അവർ ഇതു ചെയ്‌തു? പിന്നിട്ട 1000 വർഷങ്ങളിൽ നമുക്ക് ഒരു ദേശീയ ചിഹ്നമുണ്ടായിരുന്നില്ലേ? സംശയരഹിതമായി പറയാം, ഉണ്ടായിരുന്നു. പിന്നെ എന്തിനാണ് ഇവർ തെറ്റായ, ശൂന്യതയുടെ ചിന്ത നമ്മുടെ മനസ്സിൽ അടിച്ചേൽപ്പിക്കാൻ ശ്രമിക്കുന്നത്?’ ഭഗവദ്‌ധ്വജമാണ് ഭാരതത്തിന്റെ അടയാളമെന്ന് അദ്ദേഹം പറഞ്ഞുവയ്‌ക്കുന്നത്. ആർഎസ്എസ് ശാഖകളിൽ ഉപയോഗിക്കുന്നത് ഇതാണ്. അനാദികാലംമുതൽ ഇതായിരുന്നു ഭാരതത്തിന്റെ അന്തസ്സും സംസ്‌കാരവും ഉൾക്കൊള്ളുന്ന പ്രതീകമെന്നും അവർ പഠിപ്പിക്കുന്നുണ്ട്.

എന്നാൽ, ഭരണഘടനാ അസംബ്ലിയിലെ ചർച്ചകളിൽ സമാനമായ ചില ചിന്തകൾ പ്രതിഫലിക്കുന്നുണ്ടെങ്കിലും അതിനു പിന്തുണ കിട്ടിയിരുന്നില്ല. ദേശീയപതാകയെ സംബന്ധിച്ച പ്രമേയം ജവാഹർലാൽ നെഹ്‌റുവാണ് അവതരിപ്പിച്ചത്. ദേശീയ സ്വാതന്ത്ര്യസമരത്തിന്റെ ചരിത്രവും വർത്തമാനവും വിശദീകരിച്ചുകൊണ്ടാണ് നെഹ്‌റു പതാകയെ അവതരിപ്പിച്ചത്. എച്ച് വി കമ്മത്ത് ഒരു ഭേദഗതിക്ക് നോട്ടീസ് നൽകിയിരുന്നു. അപ്രകാരം സ്വസ്‌തികകൂടി പതാകയിൽ ഉൾപ്പെടുത്തണമെന്നതായിരുന്നു. ഹിറ്റ്‌ലറുടെ കൊടിയടയാളമായിരുന്നു സ്വസ്‌തിക എന്നത് കമ്മത്തിനെ അലട്ടിയിരുന്നില്ല. ഇന്ത്യയുടെ പൗരാണിക അടയാളംകൂടി പതാകയിൽ ഉണ്ടാകുന്നത് നല്ലതായിരിക്കുമെന്നതായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായം. എന്നാൽ, പതാകയുടെ രൂപകൽപ്പന കണ്ടതിനുശേഷം സ്വസ്‌തികകൂടി ഉൾപ്പെടുത്താൻ ഇടമില്ലെന്നു സ്വയംതിരിച്ചറിഞ്ഞ് തന്റെ ഭേദഗതി സഭയുടെ അനുമതിയോടുകൂടി പിൻവലിക്കുകയാണ് ചെയ്‌തത്.

1921ൽ കോൺഗ്രസ് അംഗീകരിച്ച ചുവപ്പും പച്ചയും വെള്ളയും ചേർന്ന ഒരു പതാകയിൽ ചുവപ്പ് ഹൈന്ദവതയെയും പച്ച ഇസ്ലാമിനെയും വെള്ള മറ്റു ചെറിയ ന്യൂനപക്ഷ മതവിഭാഗങ്ങളെയുമാണ് പ്രതിനിധാനം ചെയ്‌തിരുന്നത്.

ചർച്ചകളിൽ ഉയർന്ന ഒരു വാദം ആര്യ സംസ്‌കാരത്തിന്റെ അവിഭാജ്യഭാഗമാണ് പതാക എന്നതായിരുന്നു. എന്നാൽ, ജയ്‌പാൽ സിങ്‌ അതിന് ഇപ്രകാരം മറുപടിപറഞ്ഞു. ‘ഞാൻ മൂന്നു കോടിയിലധികം വരുന്ന ആദിവാസികൾക്കു വേണ്ടിയാണ് സംസാരിക്കുന്നത്. ഞങ്ങൾ 6000 വർഷത്തിലധികമായി സ്വാതന്ത്ര്യത്തിനായി പൊരുതിക്കൊണ്ടിരിക്കുന്നു. ആര്യസംസ്‌കാരത്തിന്റെ ഭാഗമാണ് പതാക ഉയർത്തൽ എന്ന് ചില അംഗങ്ങൾ പരാമർശിക്കുകയുണ്ടായി. പക്ഷേ, ആദിവാസികളാണ് ആദ്യമായി പതാക ഉയർത്തിയതും സ്വന്തം പതാകയ്‌ക്കായി പൊരുതിയതും. ബിഹാറിന്റ ചരിത്രത്തിലൂടെ സഞ്ചരിക്കുന്നവർക്ക് അറിയാം, ഓരോ ഗോത്രത്തിനും അവരുടേതായ പതാകകളുണ്ടായിരുന്നു. ആരെങ്കിലും പതാകയെ വെല്ലുവിളിച്ചാൽ അവസാന രക്തംവരെ നൽകി പതാകയെ സംരക്ഷിക്കാൻ പൊരുതുകയും ചെയ്യും.’

ചർച്ചകളിൽ ഉയർന്നുവന്ന ഒരു പ്രശ്‌നം ഈ പതാകയിലെ നിറങ്ങൾ മതങ്ങളെ പ്രതിനിധാനം ചെയ്യുന്നുണ്ടോയെന്നതായിരുന്നു. അതിനു കാരണം 1921ൽ കോൺഗ്രസ് അംഗീകരിച്ച ചുവപ്പും പച്ചയും വെള്ളയും ചേർന്ന ഒരു പതാകയിൽ ചുവപ്പ് ഹൈന്ദവതയെയും പച്ച ഇസ്ലാമിനെയും വെള്ള മറ്റു ചെറിയ ന്യൂനപക്ഷ മതവിഭാഗങ്ങളെയുമാണ് പ്രതിനിധാനം ചെയ്‌തിരുന്നത്. പിന്നീട് 1931ൽ പതാകയിൽ മാറ്റംവരുത്തിയെങ്കിലും ദേശീയപതാക അംഗീകരിക്കുന്ന ഘട്ടത്തിൽ ഈ സംശയം വീണ്ടും ഉയർന്നിരുന്നു.


 

സേഥ്‌ ഗോവിന്ദദാസിന്റെ ചർച്ച ഇതുസംബന്ധിച്ച് പുതിയ ചില കാഴ്ചപ്പാടുകൾ അവതരിപ്പിച്ചു. ‘പുരാതനകാലംമുതൽ കാവി ഹിന്ദുവിന്റേതാണെന്ന് ആരാണ് പറഞ്ഞത്? പേഷ്വമാരുടെ കാലത്ത് കാവി അവർ കൊടിയുടെ നിറമാക്കിയിരുന്നു. എന്നാൽ, പിന്നോട്ടു പോയി നോക്കൂ. മഹാഭാരതത്തിൽ അർജുനന്റെ രഥത്തിലെ പതാകയ്‌ക്ക് ഈ നിറമായിരുന്നില്ല. ഹനുമാന്റെ ചിത്രമാണ് അതിനെ അടയാളപ്പെടുത്തിയിരുന്നത്. കർണന്റെ രഥം നോക്കിയാൽ അതിലും ഈ നിറമില്ല, അതിലെ അടയാളം ആനയായിരുന്നു. അതുകൊണ്ടുതന്നെ ഏതെങ്കിലും ഒരു നിറം പുരാതന ഹിന്ദുവിന്റേതാണെന്ന വാദം ചരിത്രപരമായി തെറ്റാണ്.’

മറ്റൊരു വാദംകൂടി അദ്ദേഹം തുറന്നുകാട്ടി. സ്വാതന്ത്ര്യസമരത്തിന്റെ പശ്ചാത്തലത്തിൽ പച്ചയും ഒരു മതത്തെയല്ല ഇന്ത്യയിൽ പ്രതിനിധാനം ചെയ്യുന്നതെന്ന് അദ്ദേഹം വാദിച്ചു. ‘1857ൽ ഒന്നാം സ്വാതന്ത്ര്യ സമരത്തിന്റെ പതാകയുടെ നിറം പച്ചയായിരുന്നു. ഝാൻസിറാണിയും നാനാസാഹിബ്ബും താന്തിയത്തോപ്പിയും എല്ലാം നയിച്ച സമരത്തിന്റെ ഒടുവിൽ ബഹദൂർഷാ ഉയർത്തിയത് പച്ചപ്പതാകയായിരുന്നു. അത് മുസ്ലിമിന്റേതും ഹിന്ദുവിന്റെയും മാത്രമല്ല, അതിൽ പങ്കെടുത്ത മുഴുവൻ പേരുടേതുമായിരുന്നു.’

ഡോ. എസ് രാധാകൃഷ്‌ണൻ അതിനു വിശാലമായ വ്യാഖ്യാനം നൽകി. ‘കുങ്കുമം ത്യാഗത്തെയും നിഷ്‌പക്ഷതയെയും സൂചിപ്പിക്കുന്നു… വെള്ളനിറം നമ്മുടെ പ്രവൃത്തിയെ സത്യത്തിന്റെ പാതയിലൂടെ നയിക്കുന്ന വെളിച്ചത്തെ സൂചിപ്പിക്കുന്നു. പച്ചനിറം നമ്മുടെ ജീവിതം നിലനിർത്തുന്ന പ്രകൃതിയുമായും ഭൂമിയിലെ സസ്യലതാദികളുമായുമുള്ള ബന്ധത്തെ സൂചിപ്പിക്കുന്നു.

ദിവസങ്ങളോളം നീണ്ടുനിന്ന ചർച്ചകൾക്ക് ഒടുവിൽ ഒരു ഭാഷയും ദേശീയ ഭാഷയാക്കാൻ അസംബ്ലി തീരുമാനിച്ചില്ല. ഹിന്ദി ഔദ്യോഗിക ഭാഷയായി ഇംഗ്ലീഷിനൊപ്പം നിശ്ചയിച്ചു

ഭരണഘടനാ അസംബ്ലി ഏകകണ്ഠമായാണ് പതാകയെ സംബന്ധിച്ച പ്രമേയം അംഗീകരിച്ചത്. എന്നാൽ, ഭാഷയുടെ കാര്യത്തിൽ ഈ ഐക്യം എല്ലാം അട്ടിമറിക്കപ്പെട്ടു. വ്യത്യസ്‌ത ആശയങ്ങൾ തമ്മിൽ ഏറ്റുമുട്ടി. തെക്കും വടക്കും കിഴക്കും പടിഞ്ഞാറുമായി സഭ വേർപിരിഞ്ഞു. മതത്തിന്റെയും സംസ്‌കാരത്തിന്റെയും വ്യത്യസ്‌തതകൾ ഏറ്റുമുട്ടി. ഇവിടെയും ഹിന്ദു, ഹിന്ദി, ഹിന്ദുസ്ഥാൻ എന്ന മുദ്രാവാക്യം ചില അംഗങ്ങളുടെ ചർച്ചയിൽ ഉയരുന്നുണ്ട്. ആർ വി ദുലേഖർ വർഗീയത കത്തിപ്പടരുന്ന നിലപാടാണ് ചർച്ചകളിലുടനീളം ഉയർത്തിയത്. സംസ്കൃതം അന്താരാഷ്ട്ര ഭാഷയാണെന്നും ഹിന്ദി ദേശീയ ഭാഷയാണെന്നും അദ്ദേഹം വാദിച്ചു. എപ്പോഴാണ് ഹിന്ദി ദേശീയ ഭാഷയായതെന്ന് ഒരംഗം ചോദിച്ചപ്പോൾ അദ്ദേഹം പൊട്ടിത്തെറിച്ചു. “എന്റെ രാജ്യത്തിന്റെ ഭാഷ ഹിന്ദിയാണ്. നിങ്ങൾ മറ്റേതെങ്കിലും രാജ്യക്കാരനായിരിക്കും. ഞാൻ ഇന്ത്യക്കാരനാണ്. ഹിന്ദി സംസാരിക്കാൻ അറിയാത്തവർക്ക് ഇന്ത്യയിൽ താമസിക്കാൻ അവകാശമില്ല.”

ഇന്ന് ബിജെപി ഉയർത്തുന്ന ദേശീയ ഭാഷാവാദങ്ങൾ അന്നും ഉയർന്നിരുന്നുവെന്ന് അർഥം.‘സംസ്കൃതം നമ്മുടെ ദേശീയ ഭാഷയാകാൻ അനുയോജ്യമാകുന്ന സമയംവരെ ഹിന്ദിക്ക് പ്രാധാന്യം നൽകുക തന്നെ വേണം’ എന്നാണ് ഗോൾവാൾക്കർ വിചാരധാരയിൽ വ്യക്തമാക്കിയത്. പണ്ഡിറ്റ് ലക്ഷ്മികാന്ത് മിശ്ര സംസ്കൃതം തന്നെ ദേശീയ ഭാഷയാകണമെന്ന നിലപാട് അസംബ്ലിയിൽ സ്വീകരിക്കുകയുണ്ടായി. എന്നാൽ, ദക്ഷിണേന്ത്യയിൽനിന്നുള്ള അംഗങ്ങൾ ഹിന്ദി അടിച്ചേൽപ്പിക്കുന്നതിനെതിരെ ശക്തമായ നിലപാട് സ്വീകരിച്ചു. അവർ മാത്രമല്ല മറ്റു പല പ്രവിശ്യകളിൽനിന്നുള്ളവരും സമാനമായ സമീപനമെടുത്തു. ഏറ്റവും സമ്പന്നമായ ചരിത്രമുള്ള, ലോകത്ത് പല സർവകലാശാലകളും പഠിപ്പിക്കുന്ന ബംഗാളി ദേശീയ ഭാഷയാക്കണമെന്ന് സതീഷ് മിശ്ര ആവശ്യപ്പെട്ടു.

ദിവസങ്ങളോളം നീണ്ടുനിന്ന ചർച്ചകൾക്ക് ഒടുവിൽ ഒരു ഭാഷയും ദേശീയ ഭാഷയാക്കാൻ അസംബ്ലി തീരുമാനിച്ചില്ല. ഹിന്ദി ഔദ്യോഗിക ഭാഷയായി ഇംഗ്ലീഷിനൊപ്പം നിശ്ചയിച്ചു. 15 കൊല്ലത്തേക്ക് ഇംഗ്ലീഷ് ഔദ്യാഗിക ഭാഷയായി തുടരാനും തീരുമാനിച്ചു. സംസ്ഥാനങ്ങൾ തമ്മിലുള്ള ആശയ വിനിമയങ്ങളിലും കോടതി വ്യവഹാരങ്ങളിലും ഇംഗ്ലീഷ് തന്നെ തുടരാനും നിശ്ചയിച്ചു. എട്ടാം ഷെഡ്യൂളിൽ ഉൾപ്പെടുത്തുന്ന ഭാഷകൾക്കും ഔദ്യോഗിക സ്വഭാവം ലഭിച്ചു.

ദേശീയഭാഷ ഒരു രാഷ്ട്രത്തിന്റെ ചരിത്രത്തെയും സാംസ്കാരിക പൈതൃകത്തെയും പ്രതിനിധാനം ചെയ്യുന്നു. എന്നാൽ, ഔദ്യോഗിക ഭാഷയെന്നത് കേന്ദ്ര സർക്കാരിന്റെയും സംസ്ഥാന സർക്കാരിന്റെയും ഔദ്യോഗിക കാര്യങ്ങൾക്കായുള്ള ഭാഷയാണ്. 15 വർഷം കഴിഞ്ഞ് മാറ്റത്തിന്റെ ശ്രമമുണ്ടായെങ്കിലും എതിർപ്പുകളെ തുടർന്ന് നടപ്പിലാക്കാൻ കഴിഞ്ഞില്ല. ഹിന്ദി സംസാരിക്കാത്ത ജനങ്ങൾ ഒരു മാറ്റം ആഗ്രഹിക്കുന്നതുവരെ ഹിന്ദി ഇംഗ്ലീഷിന് പകരമാക്കില്ലെന്ന് നെഹ്‌റു ഉറപ്പുനൽകി. അതിന്റെ തുടർച്ചയിൽ ഔദ്യോഗികഭാഷാ നിയമവും പാസാക്കി. ഹിന്ദി അടിച്ചേൽപ്പിക്കാൻ ചരിത്രത്തെ തെറ്റായി വ്യാഖ്യാനിച്ച് ചിലർ ശ്രമിക്കുമ്പോൾ ഈ ചർച്ചകൾക്ക് കൂടുതൽ പ്രാധാന്യമുണ്ട്.

(തുടരും)


 

ഭാഗം 1
ഭരണഘടന: ചരിത്രവും സംസ്‌കാരവും

ഭാഗം 2
ആമുഖത്തിന്റെ ദർശനം

ഭാഗം 3
ജസ് സോളി’യോ ‘ജസ് സാൻഗ്യുനിസോ’

ഭാഗം 4
ലാഹിരിയുടെ ഇടപെടലും മൗലികാവകാശങ്ങളും

ഭാഗം 5
ആരാണ് ഗവർണർ

ഭാഗം 6
അമേരിക്കൻ മോഡലോ പാർലമെന്ററി ജനാധിപത്യമോ

 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top