29 February Saturday

ഇത് ചാക്രിക ഭൂതമല്ല

ജോർജ്‌ ജോസഫ്‌Updated: Tuesday Dec 31, 2019

ഒടുവിൽ ഐഎംഎഫിനും സമ്മതിക്കേണ്ടി വന്നു, ഇന്ത്യൻ സമ്പദ്ഘടന പ്രതിസന്ധിയിലാണെന്നും അടിയന്തര തിരുത്തൽനടപടികൾ ആവശ്യമാണെന്നും. ഐഎംഎഫിന്റെ വാർഷിക റിപ്പോർട്ടിലാണ് ഈ നിഗമനം ഉൾപ്പെടുത്തിയിരിക്കുന്നത്.  ഇക്കാലമത്രയും ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയ്‌ക്ക് ഒരു കുഴപ്പവുമില്ലെന്ന് വരുത്തിത്തീർക്കാൻ ശ്രമിക്കുന്നവർക്കൊപ്പം നിന്ന സ്ഥാപനമാണ്  ഐഎംഎഫ്. ലോകത്തെ പല പ്രമുഖ ഏജൻസികളും ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ ആഴമേറിയ പ്രതിസന്ധിയിലാണെന്ന വ്യക്തമായ റിപ്പോർട്ടുകൾ മുന്നോട്ട് വച്ചപ്പോഴും അതൊന്നും വകവയ്‌ക്കാൻ തയ്യാറാകാതിരുന്ന രണ്ടു സ്ഥാപനമാണ് ഐഎംഎഫും റിസർവ് ബാങ്ക് ഓഫ് ഇന്ത്യയും.

എന്നാൽ,  ഇപ്പോഴും ഇന്ത്യ നേരിടുന്ന ആഴമേറിയ പ്രതിസന്ധിയുടെ കാരണങ്ങൾ വിലയിരുത്തുന്നതിൽ ഐഎംഎഫിന്റെ വാർഷിക റിപ്പോർട്ട് പരാജയമായി മാറുകയാണ്. കാരണം, ഇത് ഒരു ചാക്രിക സാമ്പത്തികമാന്ദ്യമാണ് എന്ന വിലയിരുത്തലാണ് ഐഎംഎഫിന്റെ ഏഷ്യ ആൻഡ് പസഫിക് ഡിപ്പാർട്മെന്റിലെ റനിൽ സൽഗാഡോ പറയുന്നത്. ഘടനാപരമായ ഒരു പ്രശ്നമെല്ലന്നാണ് അദ്ദേഹം വിലയിരുത്തുന്നത്. മാത്രമല്ല,  ഇതിനെ ഒരു പ്രതിസന്ധി എന്ന്‌ വിവക്ഷിക്കുന്നതിനും റിപ്പോർട്ട് വിമുഖത കാണിക്കുന്നു. ഈയിടെ പല സാമ്പത്തികവിദഗ്ധരും നടത്തുന്ന ഒരു വിലയിരുത്തൽ രീതിയാണ് ഇത്. സാമ്പത്തികമാന്ദ്യം ഒരു ചാക്രിക പ്രതിഭാസമോ ഘടനാപരമായ പ്രതിസന്ധിയോ എന്ന രീതിയിൽ ചുരുക്കി വിലയിരുത്താനാണ് പലർക്കും താൽപ്പര്യം. ഇത് തികച്ചും തെറ്റായതും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതുമായ അവലോകനരീതിയാണ്. കാരണം, ഇന്ത്യയിലേത് ഇത് രണ്ടുമല്ല എന്നതാണ്. കൃത്യമായ ആസൂത്രണമികവോടെ നടപ്പാക്കിയ ഒരു ‘മനുഷ്യനിർമിത ദുരന്തം' ആണ് ഇപ്പോൾ നേരിടുന്ന സാമ്പത്തികമാന്ദ്യം.

കോർപറേറ്റുകളുടെ താൽപ്പര്യങ്ങൾമാത്രം സംരക്ഷിക്കുന്നു
ഏറ്റവും പ്രബലമായ രണ്ടുകാര്യംമാത്രം എടുക്കാം, നോട്ടു നിരോധനവും ജിഎസ്ടി നടപ്പാക്കലും. ഈ രണ്ടു നടപടിക്കുശേഷമാണ് ഇന്ത്യ ആഴമേറിയ പതനത്തിലേക്ക് നീങ്ങിയത് എന്ന യാഥാർഥ്യത്തെ ഉൾക്കൊള്ളാതെ നടത്തുന്ന ഒരു വിശകലനവും യാഥാർഥ്യബോധത്തോടെയുള്ളതല്ല. നോട്ട് നിരോധനവും ജിഎസ്ടിയും അവിചാരിതമായി സംഭവിച്ച കൈത്തെറ്റുകളല്ല. വളരെ ആസൂത്രിതമായ നീക്കങ്ങൾതന്നെയായിരുന്നു അവ രണ്ടും. അപ്പോൾ എന്തിനായിരുന്നു ഇത്ര വലിയ പ്രതിസന്ധിക്ക് വഴിമരുന്നിടുന്ന നീക്കങ്ങൾ വിവേകമുള്ള ഒരു സർക്കാർ നടത്തുന്നത് എന്ന ചോദ്യം സ്വാഭാവികമായി ഉയരുന്നു.


 

സമകാലിക ഇന്ത്യയുടെ രാഷ്ട്രീയ പരിപ്രേക്ഷ്യവും മൂലധനശക്തികളും തമ്മിലുള്ള ഗാഢവും സുദൃഢവുമായ ബന്ധത്തെക്കൂടി പരിഗണിച്ചുവേണം സാമ്പത്തികമാന്ദ്യത്തെ വിശകലനവിധേയമാക്കാൻ. ഇന്ത്യയുടെ ഇന്നത്തെ ഭരണകക്ഷി രാജ്യത്തെയോ ജനങ്ങളെയോ  സമ്പദ്ഘടനയെയോ ഒന്നും കാണുന്നില്ല, പരിഗണിക്കുന്നുമില്ല. അവർക്ക് ഭരണം നിലനിർത്തുക എന്ന ഏകതാനമായ ലക്ഷ്യംമാത്രമാണുള്ളത്. അതിനാവശ്യമായ, തങ്ങൾക്ക് എല്ലാ അർഥത്തിലും വിശ്വസിക്കാവുന്ന സാമ്പത്തികശക്തികളെമാത്രം വളർത്തിയെടുക്കുക എന്നതാണ് അവരുടെ അടിസ്ഥാന സാമ്പത്തികനയം. അതിൽകവിഞ്ഞ ഒരു നയവുമില്ലാത്തവരോട് ഘടനാപരമായ എന്ത് പൊളിച്ചെഴുത്താണ് ഒരു വിഭാഗം സാമ്പത്തികവിദഗ്‌ധർ ആവശ്യപ്പെടുന്നത്. അതുകൊണ്ട് പ്രശ്നം ഘടനാപരമോ, ചാക്രികമോ എന്ന ചോദ്യം ഉയർത്തുന്നവർ മരംകൊണ്ട് കാട് കാണാനാകാത്ത മണ്ഡൂകങ്ങളാവുകയാണ്.

ഇനി മറ്റൊരു രീതിയിൽക്കൂടി പ്രശ്നത്തെ വിലയിരുത്താം. ഭരണകക്ഷിക്ക് ഭരണം നിലനിർത്തുന്നതിന് എല്ലാ രീതിയിലുമുള്ള അടിസ്ഥാനസൗകര്യങ്ങൾ ഒരുക്കുകയാണ് ഒരു വിഭാഗം വൻകിട കോർപറേറ്റുകൾ ചെയ്യുന്നത്. ഈ രണ്ടു കൂട്ടരും പരസ്പരം നടത്തുന്ന പുറംചൊറിയലാണ് ഇന്നത്തെ ഭരണം. അതുകൊണ്ടാണ് ഏതാനും ചില കോർപറേറ്റുകളുടെ താൽപ്പര്യങ്ങൾമാത്രം സംരക്ഷിക്കുന്ന, അവരുടെമാത്രം സമ്പത്ത് ശതഗുണീഭവിക്കുന്ന നടപടികൾ കേന്ദ്രസർക്കാരിന്റെ ഭാഗത്തുനിന്ന്‌ തുടർച്ചയായി ഉണ്ടാകുന്നത്. കൃത്യമായി പറഞ്ഞാൽ ഇന്ന് ഇന്ത്യയുടെ ഭരണം ഒരു നാൽവർ സംഘത്തിന്റെ കൈയിലാണ് . മോഡി, അമിത് ഷാ, അംബാനി, അദാനി കൂട്ടുകെട്ടാണ് ഭരണത്തിന്റെ നിയന്താക്കൾ. ഇവർ നാലുപേരും ഗുജറാത്തികളാണ് എന്നതും കേവലം യാദൃച്ഛികമെന്ന് വിലയിരുത്തി നമുക്ക് ആശ്വസിക്കാം.

നികുതി കൂട്ടുന്നത്‌ വാങ്ങൽശേഷി വീണ്ടും കുറയ്‌ക്കും
അറിയപ്പെടുന്ന സാമ്പത്തിക വിദഗ്ധനും നരേന്ദ്ര മോഡിയുടെ സാമ്പത്തിക ഉപദേഷ്ടാവുമായിരുന്ന അരവിന്ദ് സുബ്രമണ്യൻ പറയുന്നത് ഇത് വളരെ ആഴമേറിയ ഒരു പ്രതിസന്ധിയാണ് എന്നാണ്. എത്രകാലംകൊണ്ട് പരിഹരിക്കാൻ കഴിയും, എന്ത് മാർഗം സ്വീകരിക്കാൻ കഴിയും എന്ന്‌  അദ്ദേഹത്തിന് വലിയ  തിട്ടമില്ല. സാധാരണ സാമ്പത്തികലോകത്ത് സംഭവിക്കാറുള്ള ഒരു പ്രതിസന്ധിയല്ല ഇത് എന്നതാണ് കാരണം. മാത്രമല്ല, സർക്കാർ ചെലവുകൾ ഉയർത്തി പ്രതിസന്ധി മറികടക്കാമെന്നുവച്ചാൽ നികുതിവരുമാനം ഗണ്യമായവിധത്തിൽ കുറയുകയും ചെയ്‌തിരിക്കുന്നു. വല്ലാത്ത മുരടിപ്പാണ്‌  ഇത് സൃഷ്ടിച്ചെടുത്തിരിക്കുന്നത്.

അതുകൊണ്ടാണ് അരവിന്ദ് സുബ്രമണ്യൻ ഈ രീതിയിൽ പ്രതികരിച്ചത്. എങ്ങനെയും കുറെ പണം കണ്ടെത്താനുള്ള തത്രപ്പാടിലാണ് സർക്കാർ. ജിഎസ്ടി കൂട്ടുക, പൊതുമേഖലാ സ്ഥാപനങ്ങൾ വിൽക്കുക തുടങ്ങിയ മാർഗങ്ങൾമാത്രമാണ് ശേഷിക്കുന്നത്. നികുതി കൂട്ടുന്നത്    വാങ്ങൽശേഷി വീണ്ടും കുറയ്‌ക്കുകയും വിപണികളെ ഒന്നുകൂടി ചുരുക്കുകയും ചെയ്യും. ഉൽപ്പാദനം വീണ്ടും താഴും. അതുകൊണ്ട് പൗരത്വ ഭേദഗതി നിയമം, ജനസംഖ്യാ രജിസ്റ്റർ തുടങ്ങിയ ആയുധങ്ങൾ തലങ്ങും വിലങ്ങും പ്രയോഗിക്കും. ജനങ്ങളെ സാമ്പത്തികത്തകർച്ചയിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കാതെ നിർത്തണം. ഇവയുടെ ഗുണവും മണവും കുറയുമ്പോൾ ഏകീകൃത സിവിൽകോഡുപോലുള്ള നിരവധി കലാപരിപാടികൾ വേറെയുമുണ്ട്.

സർക്കാർ ജിയോക്ക് നൽകിയ അനർഹമായ പല ആനുകൂല്യങ്ങളും അവരുടെ എതിരാളികളെ തകർക്കാൻവേണ്ടി ഒരുക്കിക്കൊടുക്കുന്ന  കെണികളുമാണ് ഇതിനു കാരണമെന്ന് വെളിവാക്കുന്ന ഒട്ടേറെ വിശദാംശങ്ങൾ ഇതിനകം പുറത്തുവന്നിട്ടുണ്ട്.

സർക്കാർ കോർപറേറ്റുകളെ എങ്ങനെ വളർത്തുന്നുവെന്നത് വിശദമായി പ്രതിപാദിക്കേണ്ട ആവശ്യം വരുന്നില്ല. മിക്കവാറും പേര്‌ ഇതേക്കുറിച്ച് ധാരണയുള്ളവരാണ്. എന്നാൽ, ചില കാര്യങ്ങൾ ചൂണ്ടിക്കാണിക്കാതെ പോകാൻ കഴിയില്ല. ലോകത്തെ രണ്ടാമത്തെ ടെലികോം മാർക്കറ്റാണ് ഇന്ത്യയിലേത്. ഏറ്റവും കൂടുതൽ വളർച്ചനിരക്കുള്ള ടെലികോം വിപണിയും ഇന്ത്യയുടേതാണ്. 90 കോടിയിൽപ്പരം മൊബൈൽ ഉപയോക്താക്കളും 56 കോടിയോളം ഇന്റർനെറ്റ് ഉപയോക്താക്കളുമുള്ള, മികച്ച വളർച്ചനിരക്ക് തുടർച്ചയായി പ്രകടമാകുന്ന ഒരു മാർക്കറ്റ്. എന്നാൽ, ആ മാർക്കറ്റിലേക്ക് പ്രതീക്ഷയോടെ കടന്നുവന്ന ആഗോളക്കമ്പനികൾ പലതും കടപൂട്ടി രാജ്യംവിട്ടു. ആഗോളഭീമൻ വൊഡാഫോൺ ഉൾപ്പെടെയുള്ളവർ നക്ഷത്രമെണ്ണുന്നു. റിലയൻസ് ജിയോ ഒഴിച്ച് മറ്റ് നാല്‌ ഓപ്പറേറ്റർമാരും കടക്കെണിയിൽ. ജിയോക്കുമാത്രം ഉപയോക്താക്കളിൽ വർധന, വരുമാനത്തിൽ വളർച്ച, ലാഭത്തിൽ വൻ നേട്ടം. ഇതെങ്ങനെ സാധിക്കുന്നു എന്ന ചോദ്യത്തിന് മുകേഷ് അംബാനിയുടെ ബിസിനസ് മിടുക്ക് എന്ന്‌ ആർഎസ്എസ് ശാഖാ പ്രമുഖിന് വിശദീകരിക്കാൻ കഴിഞ്ഞേക്കാം. എന്നാൽ, സർക്കാർ ജിയോക്ക് നൽകിയ അനർഹമായ പല ആനുകൂല്യങ്ങളും അവരുടെ എതിരാളികളെ തകർക്കാൻവേണ്ടി ഒരുക്കിക്കൊടുക്കുന്ന  കെണികളുമാണ് ഇതിനു കാരണമെന്ന് വെളിവാക്കുന്ന ഒട്ടേറെ വിശദാംശങ്ങൾ ഇതിനകം പുറത്തുവന്നിട്ടുണ്ട്. രാഹുൽ ബജാജിനെപ്പോലെ വയോധികനായ ഒരു വ്യവസായി വരികൾക്കിടയിലൂടെ വായിക്കാവുന്ന തരത്തിൽ നടത്തിയ ചില വിമർശങ്ങളെ ഇതിനോട് ചേർത്ത് പരിശോധിക്കാവുന്നതാണ്. 1945ൽ ആരംഭിച്ച ബജാജിനെയും നൂറ്റാണ്ടുകളായി ഇന്ത്യൻ വ്യവസായരംഗത്തുള്ള ടാറ്റയെയുമൊക്കെ കടത്തിവെട്ടി കഴിഞ്ഞ നാലഞ്ചുവർഷങ്ങൾക്കിടയിൽ സമ്പത്തിൽ ശരാശരി രണ്ടു ലക്ഷം കോടി രൂപയുടെ വാർഷികവളർച്ച കൈവരിക്കാൻ കഴിഞ്ഞ ഇന്ത്യയിലെ ഏക കമ്പനിയാണ് റിലയൻസ്.

ഇന്ത്യയിലെ ഭരണക്കാർ ഭരണം നിലനിർത്തുന്നതിനുവേണ്ടി സാമ്പത്തികരംഗത്തെ ഏതാനും തദ്ദേശീയ, വിദേശ കോർപറേറ്റുകൾക്ക് തീറെഴുതുന്നു എന്നതാണ് ഇന്ത്യൻ സമ്പദ്ഘടന നേരിടുന്ന രൂക്ഷമായ പ്രതിസന്ധിക്ക് മൂലകാരണം. അതിന് സാമ്പത്തികപരിഹാരമില്ല. രാഷ്ട്രീയപരിഹാരം,  അതായത് ഭരണത്തെ തൂത്തെറിയൽമാത്രമാണ് ഇതിനുള്ള ഏക പരിഹാരം. ലളിതമായ ഈ സത്യത്തെ ചാക്രികവും ഘടനാപരവുമായ സങ്കീർണതകളിലേക്ക് പടർത്തി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന അക്കാദമിക് അഭ്യാസത്തിന്‌ വിരാമമിടേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.


പ്രധാന വാർത്തകൾ
 Top