06 June Saturday

മോഡി വീണ്ടും അധികാരമേൽക്കുമ്പോൾ

എം പ്രശാന്ത്‌ Updated: Thursday May 30, 2019


നരേന്ദ്ര മോഡിയുടെ നേതൃത്വത്തിലുള്ള രണ്ടാം എൻഡിഎ സർക്കാരിന്റെ സത്യപ്രതിജ്ഞയ‌്ക്കുള്ള ഒരുക്കങ്ങൾ രാഷ്ട്രപതി ഭവനിൽ പുരോഗമിക്കവെയാണ‌് കിലോമീറ്ററുകൾക്കപ്പുറം കൊണാട്ട‌്പ്ലേസിൽ ഒരുകൂട്ടം ചെറുപ്പക്കാർ പുണെയിൽ നിന്നുള്ള ഒരു മുതിർന്ന ഡോക്ടറെകൊണ്ട‌് നിർബന്ധപൂർവം ജയ‌്‌ശ്രീറാം വിളിപ്പിച്ചത‌്. പ്രഭാത നടത്തത്തിനിറങ്ങിയ ഡോക‌്ടറെ കൊണാട്ട‌്പ്ലേസിന‌ടുത്തുള്ള ഹനുമാൻ ക്ഷേത്രത്തിന‌് സമീപത്തുവച്ച‌ാണ‌് യുവാക്കൾ നിർബന്ധപൂർവം ജ‌യ‌്ശ്രീറാം വിളിപ്പിച്ചത‌്. ഏത‌് മതക്കാരനെന്ന‌് ചോദിച്ചതിന‌ുശേഷമായിരുന്നു മുദ്രാവാക്യം വിളിപ്പിക്കൽ.

മുന്നൂറിലേറെ സീറ്റുനേടി ബിജെപി വീണ്ടും അധികാരത്തിലെത്തിയതോടെ രാജ്യമെങ്ങും ഭൂരിപക്ഷ വർഗീയത കൂടുതൽ തീവ്രമാവുകയാണ‌്. ലോക‌്സഭാ തെരഞ്ഞെടുപ്പ‌ുഫലം പുറത്തുവന്ന മെയ‌് 23 മുതൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ന്യൂനപക്ഷങ്ങൾക്കും ദളിതർക്കും എതിരായ അതിക്രമങ്ങളുടെ നിരവധി റിപ്പോർട്ടുകളാണ‌് പുറത്തുവന്നിട്ടുള്ളത‌്. മധ്യപ്രദേശിലെ സിയോണിൽ ബ‌ീഫ‌് കൈവശംവച്ചുവെന്ന‌് ആരോപിച്ച‌് ഒരു സ‌്ത്രീയടക്കം ന്യൂനപക്ഷ വിഭാഗക്കാരായ മൂന്നുപേരെ മരത്തിൽ കെട്ടിയിട്ട‌് മർദിച്ചു. ഗുജറാത്തിലെ വഡോദരയിൽ ദളിത‌് ദമ്പതികളെ മുന്നൂറോളം വരുന്ന സവർണവിഭാഗക്കാർ തല്ലിച്ചതച്ചു. ഗ്രാമത്തിലെ ക്ഷേത്രം ദളിതരുടെ വിവാഹചടങ്ങുകൾക്ക‌് വിട്ടുകൊടുക്കാത്തതിൽ പ്രതിഷേധിച്ച‌് ഫെയ‌്സ‌്ബുക്കിൽ കുറിപ്പിട്ടതിനായിരുന്നു മർദനം. യുപിയിൽ ബിജ‌്നോറിൽ ബിഎസ‌്പി സ്ഥാനാർഥി ജയിച്ചതിൽ പ്രതിഷേധിച്ച‌് അംബേദ‌്കർ പ്രതിമ തകർത്തു. ഡൽഹിക്ക‌് സമീപം ഗുഡ‌്ഗാവിൽ ന്യൂനപക്ഷ വിഭാഗത്തിൽപ്പെട്ട യുവാവിനെ തടഞ്ഞുനിർത്തി ജയ‌്ശ്രീറാം വിളിപ്പിക്കുകയും മർദിക്കുകയും ചെയ‌്തു.

വർഗീയതയും തീവ്രദേശീയതയും
ന്യൂനപക്ഷങ്ങൾ അടക്കം എല്ലാവരുടെയും വിശ്വാസം ആർജ്ജിക്കാൻ ശ്രമിക്കുമെന്നാണ‌് പ്രധാനമന്ത്രിയായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ടശേഷം എൻഡിഎ പാർലമെന്ററി ബോർഡ‌് യോഗത്തിൽ മോഡി പറഞ്ഞത‌്. വോട്ടുബാങ്ക‌് രാഷ്ട്രീയം കളിച്ചവരാണ‌് ന്യൂനപക്ഷങ്ങൾ ഭീതിയിൽ കഴിയുന്ന സ്ഥിതി സൃഷ്ടിച്ചതെന്നും മോഡി പറഞ്ഞു. എന്നാൽ, എൻഡിഎ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടശേഷം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള റിപ്പോർട്ടുകൾ വ്യത്യസ‌്തമായൊരു ചിത്രമാണ‌് പകർന്നുനൽകുന്നത‌്. ഭൂരിപക്ഷ മനസ്സുകളിൽ ‘ഇസ്ലാമോഫോബിയ’ പരമാവധി വളർത്തുംവിധം വർഗീയതയും തീവ്രദേശീയതയും ഉയർത്തിയാണ‌് സംഘപരിവാർ തെരഞ്ഞെടുപ്പിനെ നേരിട്ടത‌്. സംഘപരിവാറിനെപ്പോലും അമ്പരപ്പിക്കുന്നതായിരുന്നു തെരഞ്ഞെടുപ്പ‌ുഫലം. ഇതിൽ ആവേശഭരിതരായ സംഘ‌് അണികൾ രാജ്യമെങ്ങും തങ്ങളുടെ മതമേധാവിത്വം അക്രമമാർഗങ്ങളിലൂടെ അടിച്ചേൽപ്പിക്കുകയാണ‌്. ന്യൂനപക്ഷങ്ങളും ദളിതരുമാണ‌് കൂടുതൽ ഇരകളാക്കപ്പെടുന്നത‌്.

തങ്ങളുടെ ഭാവിപദ്ധതികൾ എന്തെന്ന‌് തെരഞ്ഞെടുപ്പിന്റെ പ്രചാരണ ഘട്ടത്തിൽതന്നെ മോഡിയും അമിത‌് ഷായും വ്യക്തമാക്കിയിരുന്നു. മലേഗാവ‌് സ‌്ഫോടനക്കേസ‌് പ്രതിയായ പ്രഗ്യ സിങ്ങിനെ ഭോപ്പാലിൽ സ്ഥാനാർഥിയായി പ്രഖ്യാപിച്ചായിരുന്നു നയം വ്യക്തമാക്കൽ. ഗാന്ധി ഘാതകനായ ഗോഡ‌്സെയെ ദേശസ‌്നേഹിയെന്ന‌് വിളിച്ച പ്രഗ്യ മൂന്നരലക്ഷം വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ‌് വിജയിച്ചത‌്. നിരവധി ബിജെപി എംപിമാരും ആർഎസ‌്എസ‌് നേതാക്കളും പ്രഗ്യയുടെ ഗോഡ‌്സെ പരാമർശത്തെ പിന്തുണച്ച‌് രംഗത്തുവന്നു. പ്രഗ്യയോട‌് വിശദീകരണം തേടിയിട്ടുണ്ടെന്നും പത്തുദിവസത്തെ സമയമാണ‌് മറുപടിക്ക‌് നൽകിയിട്ടുള്ളതെന്നും ബിജെപി അധ്യക്ഷൻ അമിത‌് ഷാ പറഞ്ഞു. എന്നാൽ, ഈ സമയപരിധി കഴിഞ്ഞിട്ടും യാതൊരു വിശദീകരണവും പ്രഗ്യ സി‌ങ‌് നേതൃത്വത്തിന‌് നൽകിയിട്ടില്ല.

വെല്ലുവിളികൾ അനവധിയാണ‌്
ബാലാകോട്ട‌് ആക്രമണം മുൻനിർത്തിയായിരുന്നു മോഡിയുടെ തെരഞ്ഞെടുപ്പ‌് പ്രചാരണം. മോഡി അനുകൂല മാധ്യമങ്ങളും ഇതേ അജൻഡയിൽ നീങ്ങി. പ്രതിപക്ഷത്തെ അനൈക്യം കൂടിയായതോടെ മോഡിയെന്ന വ്യക്തിയിലേക്ക‌് മാത്രമായി തെരഞ്ഞെടുപ്പ‌് പ്രചാരണമെല്ലാം ചുരുങ്ങി. ബിജെപി എന്ന പാർടിയും അവരുടെ സ്ഥാനാർഥികളുമെല്ലാം അപ്രസക്തമായി. സ്ഥാനാർഥി ആരായാലും വോട്ട‌് മോഡിക്ക‌് എന്നായി കാര്യങ്ങൾ. അഞ്ചുവർഷത്തെ ഭരണപാളിച്ചകളെല്ലാം ബാലാകോട്ട‌് കൊണ്ടുമറച്ച മോഡി കൂടുതൽ സീറ്റുകൾ നേടിയാണ‌് പ്രധാനമന്ത്രി കസേരയിലേക്ക‌് വീണ്ടുമെത്തുന്നത‌്.

മോഡിക്ക‌് മുന്നിൽ വെല്ലുവിളികൾ അനവധിയാണ‌്. സമ്പദ‌്‌വ്യവസ്ഥയിലെ മുരടിപ്പ‌്, തൊഴിലവസരങ്ങളിൽ വന്നിട്ടുള്ള കുത്തനെയുള്ള ഇടിവ‌്, കാർഷികമേഖല  അഭിമുഖീകരിക്കുന്ന പ്രതിസന്ധി, ക്രൂഡോയിൽ വിപണിയിൽ നിലനിൽക്കുന്ന അനിശ‌്ചിതത്വം തുടങ്ങി നേരിടേണ്ട വിഷയങ്ങൾ അനവധി. എന്നാൽ, ഇതൊന്നും മോഡിയെയോ സംഘപരിവാറിനെയോ തെല്ലും അസ്വസ്ഥപ്പെടുത്തുന്നില്ല. ഭരണരംഗത്ത‌് എന്ത‌് പാളിച്ചകൾ സംഭവിച്ചാലും അതിനെല്ലാമപ്പുറം വർഗീയതയെയും കപട ദേശീയതയെയും മുറുകെപ്പിടിക്കുന്ന വലിയൊരു വിഭാഗം ഒപ്പമുണ്ടാകുമെന്ന  ബോധ്യം തന്നെയാണ‌് ഈ ആത്മവിശ്വാസത്തിന‌് പിന്നിൽ. ഈയൊരു വിഭാഗത്തിന‌് താൽപ്പര്യമുള്ള പാതയിൽ സഞ്ചരിക്കുകയെന്ന ദൗത്യം മാത്രമാണ‌് മോഡി സർക്കാരിന‌് ഏറ്റെടുക്കാനുള്ളത‌്. പ്രഗ്യ സിങ്ങുമാർ ലോക‌്സഭയിലേക്ക‌് എത്തുന്നതും തീവ്രവലതു പാതയിലുള്ള സഞ്ചാരത്തിന്റെ ഭാഗമായിതന്നെയാണ‌്. മോഡി സുനാമി ഒരിക്കൽക്കൂടി ആഞ്ഞടിച്ചാൽ രാജ്യത്ത‌് ഇനിയൊരു തെരഞ്ഞെടുപ്പ‌് ഉണ്ടാകില്ലെന്നാണ‌് ഉന്നാവിൽ ജയിച്ച ബിജെപി എംപി സാക്ഷി മഹാരാജിന്റെ പ്രവചനം. ഇനി തെരഞ്ഞെടുപ്പ‌് ഇല്ലാത്ത, അല്ലെങ്കിൽ തെരഞ്ഞെടുപ്പിന‌് പ്രസക്തിയില്ലാത്ത സാഹചര്യം സൃഷ്ടിക്കൽ തന്നെയാണ‌് മോഡിയുടെയും സംഘപരിവാറിന്റെയും ലക്ഷ്യം.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top