02 June Tuesday

അനാസ്ഥയിൽ ജീവൻ പൊലിയരുത്

കോടിയേരി ബാലകൃഷ്ണൻUpdated: Friday Nov 29, 2019

പത്ത് വയസ്സുള്ള സ്കൂൾ കുട്ടി പാമ്പുകടിയേറ്റ് മരിച്ച സംഭവം ഏറെ നിർഭാഗ്യകരവും അതിലധികം വേദനാജനകവുമാണ്. ഇത് നൽകുന്ന മുന്നറിയിപ്പും കരുതേണ്ട ജാഗ്രതയുമുണ്ട്. വയനാട്ടിലെ സുൽത്താൻ ബത്തേരി സർവജന  ഗവ. വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂൾ സംസ്ഥാനത്ത് നല്ല വിജയശതമാനമുള്ള വിദ്യാലയങ്ങളിലൊന്നാണ്. സാധാരണക്കാരുടെയും ഇടത്തരക്കാരുടെയും കുട്ടികൾക്ക് നല്ല വിദ്യാഭ്യാസം നൽകുന്ന സർക്കാർ സ്ഥാപനങ്ങളിൽ ഇതും ഉൾപ്പെടും. അത്തരത്തിൽ ഒരു സ്കൂളിനെ വളർത്തിക്കൊണ്ടുവന്നതിൽ സർക്കാരിനും അധ്യാപകർക്കും നാട്ടുകാർക്കും ജനപ്രതിനിധികൾക്കും പ്രാദേശിക ഭരണസ്ഥാപനങ്ങൾക്കുമെല്ലാം നല്ല പങ്കുണ്ട്. അതെല്ലാമുള്ളപ്പോൾത്തന്നെ ആ സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർഥിനി ഷഹല ഷെറിൻ പാമ്പുകടിയേറ്റ് മരിക്കാനിടയായ അനാസ്ഥ പൊറുക്കാനാകാത്ത കുറ്റമാണ്.

പാമ്പ് കടിച്ചെന്ന് സംശയമുണ്ടായിട്ടും ആശുപത്രിയിൽ എത്തിക്കുന്നതിൽ അധ്യാപകർ കാട്ടിയ കുറ്റകരമായ വീഴ്ചയ്ക്ക് ഒരു ന്യായവുമില്ല. കാലിലെ മുറിവ് പാമ്പ് കൊത്തിയതുകൊണ്ടാണെന്ന് കുട്ടികൾ പറഞ്ഞിട്ടും അധ്യാപകൻ മുഖവിലയ്ക്കെടുത്തില്ല എന്നത് മാപ്പർഹിക്കാനാകാത്ത അപരാധമാണ്. സ്കൂൾ വളപ്പിൽ സ്കൂളിന്റെ ബസും അധ്യാപകരുടെ കാറുകളുമെല്ലാമുണ്ടായിരുന്നു. എത്രയും പെട്ടെന്ന് ആശുപത്രിയിൽ കുട്ടിയെ എത്തിക്കുകയായിരുന്നു ചെയ്യേണ്ടിയിരുന്നത്. അതിനുപകരം കുട്ടിയുടെ അച്ഛൻ അഭിഭാഷകനായ അബ്ദുൾ അസീസ് എത്തുംവരെ കാത്തുനിന്നത് മനുഷ്യത്വമില്ലായ്മയാണ്. രക്ഷിതാവ് വന്ന് ഓട്ടോയിൽ ആശുപത്രിയിലേക്ക് കൊണ്ടുപോകുകയായിരുന്നു. സ്കൂളിൽ ഉച്ചയ്ക്കുശേഷം 3.15 ന് പാമ്പുകടിയേറ്റ ഷഹലയെ  വയനാട്ടിലെ രണ്ട് സർക്കാർ ആശുപത്രിയുൾപ്പെടെ നാല് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മതിയായ ചികിത്സ കിട്ടിയില്ല. ഈ പരാതി ഗൗരവമുള്ളതാണ്. സംഭവം അറിഞ്ഞതിനെത്തുടർന്ന് അടിയന്തരമായി ഇടപെടാനും അനാസ്ഥയിൽ ഇനിയൊരു ജീവൻകൂടി പൊലിയാതിരിക്കാനുള്ള ജാഗ്രതാപൂർണമായ ചുവടുവയ്പ് നടത്താനും സംസ്ഥാന സർക്കാർ തയ്യാറായി. വിദ്യാഭ്യാസമന്ത്രി സി രവീന്ദ്രനാഥും കൃഷിമന്ത്രി വി എസ് സുനിൽകുമാറും ഷഹലയുടെ വീട്ടിലെത്തി അധ്യാപകരും ഡോക്ടർമാരും കാട്ടിയ അനാസ്ഥയിൽ കേരളത്തിനുവേണ്ടി കൈകൂപ്പി മാപ്പ് ചോദിക്കുകയായിരുന്നു.

ഓരോ പൗരനും സഹജീവി സ്നേഹത്തോടെ പ്രവർത്തിക്കേണ്ടതിന്റെ ആവശ്യകത വിളിച്ചറിയിക്കുന്നതാണ് ഷഹലയുടെ മരണം.

കുറ്റം ചെയ്തവർക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. നിരുത്തരവാദപരമായി പെരുമാറിയ അധ്യാപകരെയും ഡോക്ടറെയും സസ്പെൻഡ് ചെയ്ത് അച്ചടക്കനടപടിക്ക് തുടക്കം കുറിച്ചിരിക്കുകയാണ്. പൊളിച്ചുമാറ്റാൻ നിശ്ചയിച്ച, മാളങ്ങളുള്ള കെട്ടിടത്തിൽ ക്ലാസ് നടത്താൻ ഇടയായതടക്കമുള്ള കാര്യങ്ങളാൽ പിടിഎയെ പിരിച്ചുവിട്ടു. സംഭവത്തെപ്പറ്റി സമഗ്രമായ അന്വേഷണം വിദ്യാഭ്യാസവകുപ്പ് നടത്തിവരികയാണ്.  ഓരോ പൗരനും സഹജീവി സ്നേഹത്തോടെ പ്രവർത്തിക്കേണ്ടതിന്റെ ആവശ്യകത വിളിച്ചറിയിക്കുന്നതാണ് ഷഹലയുടെ മരണം. പാമ്പ് കടിച്ചതല്ല, ആണികൊണ്ടതായിരിക്കാമെന്ന യുക്തി അധ്യാപകൻ ഉന്നയിച്ചതും ഉത്തരവാദിത്തം ഏറ്റെടുത്ത് കുഴപ്പത്തിലാകേണ്ട എന്ന ചിന്ത ഡോക്ടർക്കുണ്ടായതും നല്ല പ്രവണതയല്ല.

ക്ലാസ് മുറിയിൽനിന്ന് രണ്ട് ആണി ഒരുപോലെ തറച്ചുകയറുമെന്ന് കരുതിയ അധ്യാപകന്റെ ശാസ്ത്രബോധത്തെ ചോദ്യംചെയ്ത് ഒരുപാട് അഭിപ്രായങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ വരുന്നുണ്ട്. ക്ലാസ്മുറിയിൽ കുട്ടികൾ ചെരുപ്പ് ഉപയോഗിക്കരുതെന്ന നിബന്ധന സർവജന സ്കൂളിലുണ്ടായത് അതിശയകരമാണ്. ചെരുപ്പ് ഉപയോഗിച്ചിരുന്നെങ്കിൽ ഈ ദുരന്തം ഒരുപക്ഷേ ഉണ്ടാകുമായിരുന്നില്ല. പൊതുവിദ്യാഭ്യാസ വകുപ്പിന് ഇങ്ങനെയൊരു ചട്ടമില്ല. എന്നിട്ടും ഇപ്രകാരം ഒരു ദുരാചാരം ഈ സ്കൂളിൽ എങ്ങനെ നടപ്പാക്കി? അതിന് പിടിഎ എന്തിന് കൂട്ടുനിന്നു ? ഇതെല്ലാം അന്വേഷിക്കേണ്ടതാണ്.


 

പാമ്പ് വിഷബാധ മുൻഗണന നൽകി ചികിത്സിക്കേണ്ട ഒന്നാണ്. ജീവൻരക്ഷിക്കാൻവേണ്ടി അടിയന്തരഘട്ടത്തിൽ മറുവിഷം നൽകാനുള്ള ഉത്തരവാദിത്തം ഡോക്ടർമാർക്കുണ്ട്. സുൽത്താൻ ബത്തേരി താലൂക്ക് ആശുപത്രിയിൽ ആന്റിവെനമുണ്ടായിട്ടും ഷഹലയ്ക്ക് നൽകാതിരുന്ന ഡോക്ടറുടെ നടപടിക്ക്  ന്യായീകരണമില്ലെന്ന് വിദഗ്ധ ഡോക്ടർമാർതന്നെ ചൂണ്ടിക്കാട്ടുന്നുണ്ട്. ഈ സാഹചര്യത്തിൽ ഡോക്ടർമാരും ആരോഗ്യപ്രവർത്തകരും കൈമുതലായി സൂക്ഷിക്കേണ്ട സാമൂഹ്യ ഉത്തരവാദിത്തത്തെപ്പറ്റി ഓർമപ്പെടുത്തുന്നു.

യുഡിഎഫ് ഭരണകാലത്ത് സ്കൂൾ വികസനത്തിന് അന്നത്തെ സർക്കാർ കാര്യമായൊന്നും ചെയ്തിരുന്നില്ല. എന്നാൽ, എൽഡിഎഫ് സർക്കാർ ഈ വർഷംതന്നെ ഒരുകോടി രൂപ വകയിരുത്തിയിരുന്നു

വയനാട്ടിലുണ്ടായ ദൗർഭാഗ്യകരമായ സംഭവത്തെ സംസ്ഥാനഭരണത്തിനെതിരായ രാഷ്ട്രീയ വിഷയമാക്കാനുള്ള ഉത്സാഹമാണ് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ ഉൾപ്പെടെയുള്ളവർ പ്രകടിപ്പിച്ചത്. ഇത് നിലവാരമില്ലാത്ത നടപടിയും സങ്കുചിത രാഷ്ട്രീയവുമാണ്. സർവജന സ്കൂളിലെ അധ്യാപക രക്ഷാകർതൃ സംഘടനയുടെ തലപ്പത്ത് ഒരു പതിറ്റാണ്ടായി കോൺഗ്രസ് ‐ ലീഗ് നേതാക്കളാണ്. അതുപോലെ 2011 മുതൽ ബത്തേരി എംഎൽഎ കോൺഗ്രസ് പ്രതിനിധിയാണ്. യുഡിഎഫ് ഭരണകാലത്ത് സ്കൂൾ വികസനത്തിന് അന്നത്തെ സർക്കാർ കാര്യമായൊന്നും ചെയ്തിരുന്നില്ല. എന്നാൽ, എൽഡിഎഫ് സർക്കാർ ഈ വർഷംതന്നെ ഒരുകോടി രൂപ വകയിരുത്തിയിരുന്നു. അതുകൂടാതെ,  രണ്ട് കോടിരൂപയുടെ വികസനപദ്ധതി അനുവദിച്ചതായി  അവിടെയെത്തിയ വിദ്യാഭ്യാസ മന്ത്രി അറിയിച്ചു.

പൊതുവിദ്യാലയങ്ങളുടെ സംരക്ഷണത്തിനും ആതുരാലയങ്ങൾ മെച്ചപ്പെടുത്തുന്നതിനും ഇത്രയധികം നടപടികൾ സ്വീകരിച്ച മറ്റൊരു സർക്കാർ സംസ്ഥാനത്തുണ്ടായിട്ടില്ല. പൊതുവിദ്യാലയങ്ങൾ ശക്തിപ്പെടുത്താനും ഹൈടെക് ആക്കാനും സർക്കാർ എടുത്ത നടപടികൾ നാട് കൺതുറന്ന് കാണുന്നതാണ്. ഇതിന്റെയെല്ലാം ഫലമായിക്കൂടിയാണ് പൊതുവിദ്യാലയങ്ങളിൽ അഞ്ച് ലക്ഷത്തിലധികം കുട്ടികൾ അധികമായി എത്തിയത്. എയ്ഡഡ് സ്കൂളുകളെയും സിബിഎസ്ഇ സ്കൂളുകളെയും വെല്ലുന്ന വിധത്തിൽ ഹൈടെക് ആക്കാൻ ഒരു വിഭാഗം സർക്കാർ സ്കൂളുകൾക്ക് കഴിഞ്ഞിട്ടുണ്ട്. സർവജന സ്കൂളിൽത്തന്നെ മികച്ച കെട്ടിടങ്ങൾ നിരവധിയുണ്ട്.

പൊളിച്ചുമാറ്റാൻ നിശ്ചയിച്ച കെട്ടിടത്തിൽ മതിയായ സുരക്ഷയൊരുക്കാതെ ക്ലാസ് നടത്തിയതാണ് ദുരന്തത്തിന്റെ കാരണങ്ങളിൽ പ്രധാനപ്പെട്ട ഒന്ന്. ഇതേ സ്കൂളിൽ 39 നല്ല ശുചിമുറിയുണ്ട്. ഇതെല്ലാം മറച്ചുവച്ച് ഒരു കുഞ്ഞിന്റെ വേദനാജനകമായ മരണത്തെ മറയാക്കി പൊതുവിദ്യാലയങ്ങളെയും സർക്കാർ ആതുരാലയങ്ങളെയും താറടിക്കാനാണ് കോൺഗ്രസും മുസ്ലിംലീഗുമെല്ലാം പരിശ്രമിക്കുന്നത്. ഈ രാഷ്ട്രീയക്കളി നാട് തിരിച്ചറിയും. അനാസ്ഥ കാരണം ഇനിയൊരു കുഞ്ഞിന്റെ ജീവൻ പൊലിയരുത്. അതിനായി രാഷ്ട്രീയ– മത‐ജാതി ചിന്തകൾക്ക് അതീതമായി എല്ലാവരും യോജിക്കണം.


പ്രധാന വാർത്തകൾ
 Top