18 February Monday

ത്രിപുര ജനകീയബദലില്‍ വികസനക്കുതിപ്പ്

ഡോ. വി കെ രാമചന്ദ്രന്‍, മധുര സ്വാമിനാഥന്‍Updated: Wednesday Nov 29, 2017

1990ന്റെ അവസാനനാളുകളിലും 2000ന്റെ തുടക്കത്തിലും ത്രിപുര സമാധാനത്തിന്റെ പുതിയ പാതയ്ക്ക് തുടക്കമിടുകയായിരുന്നു. സുരക്ഷാനടപടികളെമാത്രം ആശ്രയിച്ച് മുന്നോട്ടുപോകുന്നതിനുപകരം സാമൂഹ്യ- രാഷ്ട്രീയ- സാമ്പത്തിക നയങ്ങള്‍ തീരുമാനിക്കുന്നതിലടക്കം ജനങ്ങളുടെ പങ്കാളിത്തം ഉറപ്പാക്കിക്കൊണ്ടായിരുന്നു അത്. ഒരു ദശാബ്ദത്തിനപ്പുറം മനുഷ്യവികാസരംഗത്തും സമാധാനമേഖലയിലുമുണ്ടായ മാറ്റം ഏറെ ശ്രദ്ധേയമാണ്.

2005ലും 2006ലും ത്രിപുരയുടെ ഗ്രാമീണമേഖലകളില്‍ ഞങ്ങള്‍കുറച്ചുകാലം താമസിച്ചിരുന്നു. ത്രിപുരയുടെ മനുഷ്യവികാസ റിപ്പോര്‍ട്ട് തയ്യാറാക്കുന്നതിന്റെ ഭാഗമായിട്ടായിരുന്നു ഇത്. നേരത്തെയെന്നപോലെ അപ്പോഴും സുരക്ഷാപ്രശ്നങ്ങള്‍ നിലനിന്നിരുന്നു. യുവാക്കളും വിദ്യാര്‍ഥികളുമടങ്ങുന്ന ഞങ്ങളുടെ സംഘത്തിന്റെ സുരക്ഷ ഉറപ്പാക്കാനുള്ള സംവിധാനങ്ങളും ഏര്‍പ്പെടുത്തിയിരുന്നു. 2007ല്‍ ത്രിപുരയുടെ ഹ്യൂമന്‍ ഡെവലപ്മെന്റ് റിപ്പോര്‍ട്ട് പുറത്തിറക്കിയ സമയമായപ്പോഴേക്കും സായുധകലാപങ്ങള്‍ കുറഞ്ഞുതുടങ്ങി. ജീവനുനേരെയുള്ള ഭീഷണികളില്‍നിന്ന് ജനം മുക്തമാകണമെന്നും അതുവഴി അവരുടെ പൂര്‍ണശേഷി പുറത്തെടുക്കാന്‍ സാധിക്കുമെന്നുമുള്ള ആശയം പങ്കുവയ്ക്കുന്നതായിരുന്നു റിപ്പോര്‍ട്ട്.

സാമ്പത്തികവും സാമൂഹികവുമായ നിക്ഷേപവും പൊതുജനങ്ങളുടെ ഇടപെടലും സംസ്ഥാനത്തിന്റെ സമാധാനപ്രക്രിയക്ക് അവശ്യഘടകമാണെന്ന് ത്രിപുര മുഖ്യമന്ത്രി മണിക് സര്‍ക്കാര്‍ പലപ്പോഴും അഭിപ്രായപ്പെട്ടിട്ടുണ്ട്. സംസ്ഥാനത്ത് 2015ല്‍ അഫ്സ്പ നിയമം പിന്‍വലിച്ചതടക്കമുള്ള നടപടികള്‍ ഈ നയം വിജയകരമാണെന്നതിന്റെ സൂചനയാണ്.

2005ല്‍ സര്‍വേക്ക് വിധേയമാക്കിയ മൂന്നു ഗ്രാമങ്ങള്‍ സന്ദര്‍ശിക്കാന്‍ 2016ല്‍ ഞങ്ങള്‍ വീണ്ടും ത്രിപുരയിലെത്തി. സമാധാനത്തിന്റെയും വ്യക്തിസുരക്ഷയുടെയും ഒരു അന്തരീക്ഷം സംസ്ഥാനത്തുണ്ടായി എന്നതായിരുന്നു അവിടെയുണ്ടായ പ്രധാന മാറ്റം. അങ്ങേയറ്റം പിന്നോക്കം നില്‍ക്കുന്ന പ്രദേശങ്ങളിലും വനത്തോട് ചേര്‍ന്നുള്ള ആവാസകേന്ദ്രങ്ങളിലും ഈ മാറ്റം പ്രകടമായിരുന്നു. മനുഷ്യവിഭവ സൂചികകളില്‍ പലതിലും കഴിഞ്ഞ പത്തുവര്‍ഷത്തിനുള്ളില്‍ പ്രകടമായ പുരോഗതിയുണ്ടായി- പ്രത്യേകിച്ചും വിദ്യാഭ്യാസം, ആരോഗ്യം, തൊഴില്‍ മേഖലകളില്‍. ഈ നേട്ടങ്ങളില്‍ ചിലത് നമുക്ക് പരിശോധിക്കാം.

ആധുനികവല്‍ക്കരണപ്രക്രിയകളുടെ 'അടിസ്ഥാന കഴിവ്്' സാക്ഷരതയെന്ന് അടിവരയിട്ട് പറയാം. വിഘടനവാദികളുടെ പ്രവര്‍ത്തനമായിരുന്നു ത്രിപുരയില്‍ സാക്ഷരതയും സ്കൂള്‍ വിദ്യാഭ്യാസവും വ്യാപകമാക്കുന്നതില്‍ തടസ്സം നിന്നിരുന്നത്. കഴിഞ്ഞ രണ്ടു ദശാബ്ദത്തിനിടെ സാക്ഷരതയില്‍ കാര്യമായ പുരോഗതി കൈവരിക്കാന്‍ സാധിച്ചു. ഏഴുവയസ്സിനുമുകളിലുള്ളവരുടെ സാക്ഷരത നിരക്ക് 2001ല്‍ 73 ശതമാനമായിരുന്നത്, 87 ശതമാനത്തിലേക്ക് വളര്‍ന്നെന്ന് 2011ലെ സെന്‍സസ് വ്യക്തമാക്കുന്നു. വടക്കന്‍ ജില്ലയിലെ പട്ടികവര്‍ഗക്കാര്‍മാത്രമുള്ള ഖക്ചങ്, ധലായ് ജില്ലയിലെ 67 ശതമാനം പട്ടികവര്‍ഗക്കാര്‍ താമസിക്കുന്ന മൈനാമ, തെക്കന്‍ ജില്ലയിലെ മുഹരിപുര്‍ എന്നിവിടങ്ങളില്‍ 2005ലും 2016ലും നടത്തിയ സെന്‍സസ് വിവരങ്ങള്‍ ഇപ്പോള്‍ ലഭ്യമാണ്. 18-45 പ്രായത്തിനിടയിലുള്ള സ്ത്രീകളുടെ സ്കൂള്‍ വിദ്യാഭ്യാസത്തില്‍ വലിയ പുരോഗതി കൈവരിക്കാനായി എന്ന് ഈ പഠനം വ്യക്തമാക്കുന്നു.  ഖക്ചങ് ഗ്രാമത്തില്‍ 2005ല്‍ മേല്‍പ്പറഞ്ഞ പ്രായത്തിലുള്ള സ്ത്രീകളില്‍ 50 ശതമാനത്തിലധികവും ഒരുവര്‍ഷംപോലും സ്കൂളില്‍ പോകാത്തവരായിരുന്നു. 2016 ആകുമ്പോഴേക്കും ഇത് ഏഴുവര്‍ഷമായി ഉയര്‍ന്നു. ഒരു ദശകത്തിനുള്ളില്‍ അവിശ്വസനീയമായ മുന്നേറ്റമാണുണ്ടായത്. മൈനാമ ഗ്രാമത്തില്‍ ആറുവര്‍ഷമെന്നത് 2016 ആകുമ്പോഴേക്കും ഒമ്പതുവര്‍ഷമായി ഉയര്‍ന്നു. 

2005-06ല്‍ 51 ശതമാനമായിരുന്ന ശിശുമരണനിരക്ക് 2014-15ല്‍ 27 ശതമാനമായി കുറഞ്ഞതായി ദേശീയ കുടുംബാരോഗ്യ സര്‍വേ (എന്‍എഫ്എച്ച്എസ്)യുടെ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. സാമ്പിള്‍ രജിസ്ട്രേഷന്‍ ബുള്ളറ്റിനിലെ വിവരങ്ങള്‍ അടിസ്ഥാനമാക്കിയാല്‍ 2015ല്‍ ശിശുമരണനിരക്ക് 20 ശതമാനമായി കുറഞ്ഞെന്ന് കാണാം.
സമാധാനവും സുരക്ഷയും വര്‍ധിപ്പിക്കാനായത് തൊഴില്‍ വര്‍ധിക്കാനും ജീവിതനിലവാരം ഉയരാനും സഹായകമായി. 2005-06 മുതല്‍ 2014-15 വരെയുള്ള പത്തുവര്‍ഷത്തിനുള്ളില്‍ എട്ടുവര്‍ഷവും സംസ്ഥാനത്തിന്റെ ആളോഹരി ആഭ്യന്തരോല്‍പ്പാദനം എട്ടുശതമാനത്തില്‍ അധികമായിരുന്നു. കഴിഞ്ഞ നാലുവര്‍ഷത്തിനിടെ രാജ്യത്തിന്റെ ആളോഹരി ആഭ്യന്തരോല്‍പ്പാദനം അഞ്ച് ശതമാനം മാത്രം വളര്‍ന്നപ്പോഴാണ് ത്രിപുരയില്‍ ഒമ്പതുമുതല്‍ പത്ത് ശതമാനംവരെ വളര്‍ച്ച കൈവരിക്കാന്‍ സാധിച്ചത്.
മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിവിഹിതം ചെലവഴിക്കുന്നതില്‍ കഴിഞ്ഞ ആറുവര്‍ഷത്തിനുള്ളില്‍ ത്രിപുര ഒന്നാംസ്ഥാനത്തെത്തി. ഇക്കാലയളവില്‍ ഓരോ കുടുംബത്തിനും ശരാശരി 80 ദിവസംവരെ തൊഴിലുറപ്പാക്കാന്‍ കഴിഞ്ഞു. ഇതേകാലയളവില്‍ രാജ്യത്തെ മറ്റു പല സംസ്ഥാനങ്ങളിലും 40നും 50നും ഇടയില്‍ ദിവസങ്ങള്‍മാത്രമാണ് ശരാശരി തൊഴില്‍ നല്‍കിയത്. 2011-12 മുതല്‍ 2014-15 കാലയളവില്‍ സംസ്ഥാനത്ത് ശരാശരി 80 ദിവസം തൊഴിലുറപ്പിക്കാന്‍ സാധിച്ചപ്പോള്‍ 2015-16ല്‍ ഇത് 94 ദിവസമാക്കി ഉയര്‍ത്താന്‍ കഴിഞ്ഞു. ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിവിഹിതം വെട്ടിക്കുറയ്ക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ വിഹിതം ത്രിപുരയെ കാര്യമായി ബാധിച്ചിരുന്നു. ഇപ്പോള്‍ കേന്ദ്രം നല്‍കുന്ന വിഹിതം ശരാശരി 42 ദിവസത്തേക്കുമാത്രമേ പര്യാപ്തമായുള്ളൂവെന്ന് അഗര്‍ത്തലയില്‍നിന്ന് പ്രസിദ്ധീകരിക്കുന്ന 'ദേശേര്‍ കഥ' ദിനപത്രത്തിന്റെ എഡിറ്റര്‍ ഗൌതംദാസ് പറയുന്നു.

സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള തൊഴിലാളികളുടെ പങ്കാളിത്തം വര്‍ധിപ്പിക്കാന്‍ കഴിഞ്ഞതാണ് ത്രിപുര സമ്പദ്വ്യവസ്ഥയിലുണ്ടായ പ്രധാന ഘടകങ്ങളിലൊന്ന്. സ്ത്രീത്തൊഴിലാളികളുടെ പങ്കാളിത്തം ഇന്ത്യയിലാകെ കുറയുന്ന കാലത്താണ് ത്രിപുരയില്‍ ഈ രംഗത്ത് വളര്‍ച്ച രേഖപ്പെടുത്തിയത്. നാഷണല്‍ സാമ്പിള്‍ സര്‍വേയുടെ കണക്കുപ്രകാരം രാജ്യത്ത് 2004-05ല്‍ 49 ശതമാനമുണ്ടായിരുന്ന സ്ത്രീത്തൊഴിലാളി പങ്കാളിത്തം 2011-12ല്‍ 36 ശതമാനമായി കുറഞ്ഞു. ഇതേകാലയളവില്‍ ത്രിപുരയില്‍ അത് 17 ശതമാനത്തില്‍നിന്ന് 38 ശതമാനമായി ഉയര്‍ന്നു.

തൊഴില്‍ശക്തിയുടെ നിര്‍വചനത്തില്‍ തൊഴിലെടുക്കുന്നവരും തൊഴിലന്വേഷകരും പെടും. ത്രിപുരയില്‍ സ്ത്രീ- പുരുഷ വ്യത്യാസമില്ലാതെ തൊഴില്‍പങ്കാളിത്ത നിരക്ക് നഗര- ഗ്രാമീണ മേഖലകളില്‍ വര്‍ധിക്കുകയുണ്ടായി. നാഷണല്‍ സാമ്പിള്‍ സര്‍വേയുടെ കണക്കുപ്രകാരം കഴിഞ്ഞ ഏഴുവര്‍ഷത്തിനുള്ളില്‍ ത്രിപുരയിലെ സ്ത്രീത്തൊഴില്‍ പങ്കാളിത്തം 31 ശതമാനമായി ഉയര്‍ന്നു. 2004-05 കാലയളവില്‍ ഇത് 12 ശതമാനമായിരുന്നു. ഗ്രാമീണ ഇന്ത്യയില്‍ ഇത് 49 ശതമാനത്തില്‍നിന്ന് 35 ശതമാനമായി കുറയുകയാണുണ്ടായത്.

തൊഴില്‍ പങ്കാളിത്തത്തില്‍, പ്രത്യേകിച്ചും സ്ത്രീത്തൊഴില്‍ പങ്കാളിത്തത്തിലുണ്ടായ വര്‍ധനയ്ക്ക് പ്രധാന കാരണം സുരക്ഷിതമായ അന്തരീക്ഷം വളര്‍ത്തിയെടുക്കാനായി എന്നതാണ്. ഇത് സ്ത്രീകളെ മുമ്പത്തേക്കാളുമധികം തൊഴില്‍രംഗത്തേക്ക് ആകര്‍ഷിച്ചു. സ്ത്രീത്തൊഴില്‍ പങ്കാളിത്തത്തിലുണ്ടാകുന്ന വര്‍ധന നേട്ടം എന്നതുപോലെ വെല്ലുവിളിയുമാണ്. തൊഴിലാളിസ്ത്രീകളുടെ എണ്ണത്തിലുണ്ടാകുന്ന വര്‍ധനയ്ക്ക് അനുസൃതമായി അവര്‍ക്ക് തൊഴിലവസരങ്ങള്‍ ഒരുക്കുക എന്നത് സര്‍ക്കാരിനുമുന്നിലുള്ള പ്രധാന വെല്ലുവിളിയാണ്. പട്ടികവര്‍ഗക്കാര്‍ ഏറെയുള്ള മേഖലയുടെയും സ്വയംഭരണാവകാശത്തെ ബഹുമാനിക്കുകയും വൈവിധ്യത്തില്‍ ഏകത്വമെന്ന തത്വം മുറുകെ പിടിക്കുകയും ചെയ്യുന്നതാണ് ത്രിപുരയുടെ വികസനപാത

(കടപ്പാട്: ദ ഹിന്ദു)

പ്രധാന വാർത്തകൾ
 Top