03 October Tuesday

മൊസാർട്ടിൻെറ നാട്ടിലും
 പുതുതാരകം

വി ബി പരമേശ്വരൻ Updated: Saturday Apr 29, 2023

നവ ഉദാരവൽക്കരണ നയത്തിനെതിരെ പ്രതിഷേധങ്ങൾ പടരുകയാണെന്ന്‌ വിളിച്ചുപറയുന്നത്‌ ഫ്രാൻസിസ്‌ ഫുക്കുയാമയാണ്‌. സോവിയറ്റ്‌ യൂണിയന്റെ തകർച്ചയുടെ പശ്ചാത്തലത്തിൽ മുതലാളിത്തത്തിൽ–- ചരിത്രം അവസാനിക്കുകയാണെന്നു പറഞ്ഞ ഫുക്കുയാമയ്‌ക്ക്‌ ഇപ്പോൾ തിരുത്തേണ്ടിവന്നിരിക്കുന്നു. ഫുക്കുയാമയുടെ പുതിയ നിരീക്ഷണം ശരിയാണെന്ന്‌ ലോകത്തിലെങ്ങും പടരുന്ന പ്രക്ഷോഭങ്ങളും സമരങ്ങളും വ്യക്തമാക്കുന്നു. ഈ പ്രക്ഷോഭങ്ങൾക്ക്‌ നേതൃത്വം നൽകാൻ എവിടെയൊക്കെ ഇടതുപക്ഷത്തിനും കമ്യൂണിസ്റ്റ്‌ പാർടിക്കും കഴിയുന്നുണ്ടോ അവിടെയൊക്കെ അവർക്ക്‌ രാഷ്ട്രീയ മുൻതൂക്കം ലഭിക്കുകയും ചെയ്യുന്നുണ്ട്‌.

യൂറോപ്പിൽ പലയിടത്തും ‌നവഉദാരവൽക്കരണത്തിനെതിരായ (നിയോ ലിബറലിസത്തിനെതിരായ) പോരാട്ടത്തിന്റെ മുൻനിരയിൽ കമ്യൂണിസ്റ്റ്‌ പാർടിയെ കാണാം. അതിലൊന്നാണ്‌ ആസ്‌ട്രിയൻ കമ്യൂണിസ്റ്റ്‌ പാർടി (കെപിഒ). 100 വർഷത്തെ ചരിത്രമുള്ള പാർടിയാണെങ്കിലും സോവിയറ്റ്‌ യൂണിയന്റെ തകർച്ചയ്‌ക്കുശേഷം അടുത്തകാലത്തായാണ്‌ ജനമനസ്സുകളിൽ അവർക്ക്‌ വേരോട്ടം ലഭിക്കുന്നത്‌. സോഷ്യൽ ഡെമോക്രാറ്റിക് പാർടിക്ക്‌ യൂറോപ്പിലെങ്ങും ജനപിന്തുണ കുറയാനുള്ള കാരണങ്ങളിലൊന്നും നവഉദാരവൽക്കരണ നയങ്ങളുമായി അവർ സന്ധിചെയ്യുന്നു എന്നതുകൊണ്ടാണ്‌.
നവ ഉദാരവൽക്കരണ യുഗത്തിൽ സ്വന്തം വീട്‌ എന്ന സ്വപ്‌നം സാക്ഷാൽക്കരിക്കാൻ ഓസ്‌ട്രിയയിലെ (യൂറോപ്പിലെ) ഭൂരിപക്ഷം ജനങ്ങൾക്കും കഴിയുന്നില്ല. ഈ വിഷയത്തിലൂന്നി ഓസ്‌ട്രിയൻ കമ്യൂണിസ്റ്റ്‌ പാർടി നടത്തിയ സമരങ്ങളും പ്രക്ഷോഭങ്ങളുമാണ്‌ ‘നിത്യജീവിതത്തിൽ സഹായിയാകുന്ന പാർടി’ എന്ന പ്രതിച്ഛായ നേടിയെടുക്കാൻ ഓസ്‌ട്രിയൻ കമ്യൂണിസ്റ്റ്‌ പാർടിയെ സഹായിച്ചത്‌.

റിയൽ എസ്‌റ്റേറ്റ്‌ മാഫിയകൾ വാടകയ്‌ക്ക്‌ താമസിക്കുന്നവരെ കൂട്ടമായി ഒഴിപ്പിച്ച്‌ ഉയർന്ന വാടകയ്‌ക്ക്‌ വീട്‌ മറിച്ചുനൽകാൻ ശ്രമം നടത്തുമ്പോൾ കുടിയൊഴിപ്പിക്കപ്പെടുന്നവരുടെ സഹായത്തിനായി പാർടി രംഗത്തിറങ്ങി. അവർക്ക്‌ നിയമസഹായവും ലഭ്യമാക്കി. അതോടൊപ്പം ‘മുനിസിപ്പൽ ഹൗസുകൾ’ എന്ന സർക്കാർ ഭവനങ്ങൾ നിർമിച്ച്‌ പാവങ്ങൾക്ക്‌ നൽകാനും സമരരംഗത്തിറങ്ങി. വാടക വരുമാനത്തിന്റെ 60 ശതമാനംവരെയായി ഉയർന്നപ്പോൾ അത്‌ 30 ശതമാനമാക്കി നിജപ്പെടുത്തണമെന്ന്‌ ആവശ്യപ്പെട്ടും സമരം നടത്തി. അതോടൊപ്പം പൊതുഗതാഗതം ശക്തമാക്കാനും പാവങ്ങൾക്ക്‌ പൊതു സർവീസുകൾ സബ്‌സിഡിയോടെ ലഭ്യമാക്കുന്ന സോഷ്യൽ കാർഡുകൾ വിതരണം ചെയ്യാനും സമ്മർദം ചെലുത്തി. നൂതനമായ ഇത്തരം മുദ്രാവാക്യങ്ങൾ ഉയർത്തിയതിന്റെ ഫലമായാണ്‌ തെക്കൻ ഓസ്‌ട്രിയയിലെ ഗ്രാസിൽ കമ്യൂണിസ്റ്റ്‌ പാർടിയുടെ മേയർ എൽക കർ തെരഞ്ഞെടുക്കപ്പെട്ടത്. സ്‌റ്റെറിയ സംസ്ഥാനത്തിന്റെ തലസ്ഥാനമാണ്‌ ഓസ്‌ട്രിയയിലെ രണ്ടാമത്തെ നഗരമായ ഗ്രാസ്‌. 2021ൽ നടന്ന തെരഞ്ഞെടുപ്പിൽ 29 ശതമാനം വോട്ടും 15 സീറ്റും നേടി 46 അംഗ കൗൺസിലിൽ ഏറ്റവും വലിയ കക്ഷിയായി കമ്യൂണിസ്റ്റ്‌ പാർടി മാറി. സോഷ്യൽ ഡെമോക്രാറ്റുകളും ഗ്രീൻ പാർടിയുമായി ചേർന്ന്‌ മേയർ സ്ഥാനം കരസ്ഥമാക്കുകയും ചെയ്‌തു. തീവ്രവലതുപക്ഷ പാർടിയായ ഫ്രീഡം പാർടി ഓഫ്‌ ഓസ്‌ട്രിയയിൽനിന്നാണ്‌ കമ്യൂണിസ്റ്റ്‌ പാർടി നഗരഭരണം പിടിച്ചെടുത്തത്‌.

‘ഓസ്‌ട്രിയൻ രാഷ്ട്രീയ ഭൂമികയിലുണ്ടായ ഭൂകമ്പമാണ്‌ ഇതെന്നാണ്‌’ അധ്യാപകനും മൊസെയ്‌ക്ക്‌ ബ്ലോഗിന്റെ എഡിറ്ററുമായ ആദം ബാൾട്‌നർ എഴുതുന്നത്‌.  കഴിഞ്ഞ 23ന്‌ 36 അംഗ കൗൺസിലിലേക്ക്‌ നടന്ന തെരഞ്ഞെടുപ്പിലാണ്‌  കമ്യൂണിസ്റ്റ്‌ പാർടിയുടെ നേതൃത്വത്തിലുള്ള ഇടതുപക്ഷ സഖ്യം 11.7 ശതമാനം വോട്ടും നാല്‌ സീറ്റും നേടിയത്‌

ഇപ്പോൾ ഇതാ വടക്ക്‌ മധ്യനഗരമായ സാൽസ്‌ബർഗിൽ ഓസ്‌ട്രിയൻ കമ്യൂണിസ്റ്റ്‌ പാർടി വൻമുന്നേറ്റം നടത്തിയിരിക്കുന്നു. പാശ്ചാത്യസംഗീതലോകത്തെ സമ്രാട്ടായ മൊസാർട്ടിന്റെ ജന്മംകൊണ്ട്‌ അനുഗ്രഹീതമായ നാട്ടിലാണ്‌ രണ്ടാം ലോകയുദ്ധത്തിനുശേഷം ആദ്യമായി കമ്യൂണിസ്റ്റ്‌ പാർടി ശക്തമായ മുന്നേറ്റം നടത്തുന്നത്‌. ‘ഓസ്‌ട്രിയൻ രാഷ്ട്രീയ ഭൂമികയിലുണ്ടായ ഭൂകമ്പമാണ്‌ ഇതെന്നാണ്‌’ അധ്യാപകനും മൊസെയ്‌ക്ക്‌ ബ്ലോഗിന്റെ എഡിറ്ററുമായ ആദം ബാൾട്‌നർ എഴുതുന്നത്‌.  കഴിഞ്ഞ 23ന്‌ 36 അംഗ കൗൺസിലിലേക്ക്‌ നടന്ന തെരഞ്ഞെടുപ്പിലാണ്‌  കമ്യൂണിസ്റ്റ്‌ പാർടിയുടെ നേതൃത്വത്തിലുള്ള ഇടതുപക്ഷ സഖ്യം 11.7 ശതമാനം വോട്ടും നാല്‌ സീറ്റും നേടിയത്‌. 2018 ൽ 0.4 ശതമാനം വോട്ട്‌ മാത്രമാണ്‌ കമ്യൂണിസ്റ്റ്‌ പാർടിക്ക്‌ ലഭിച്ചിരുന്നത്‌. സാൽസ്‌ബർഗിലെ  കമ്യൂണിസ്റ്റ്‌ പാർടി നേതാവായ കായ്‌ മൈക്കിൾ ഡങ്കൽ തെരഞ്ഞെടുക്കപ്പെട്ടവരിൽ ഉൾപ്പെടും. ഗ്രീൻ പാർടിയിലൂടെ കമ്യൂണിസ്റ്റ്‌ പാർടിയിൽ എത്തിയ ചരിത്രകാരനും മ്യൂസിയം ടൂർ ഗൈഡുമാണ്‌ മുപ്പത്തിനാലുകാരനായ ഡങ്കൽ. വർഗ രാഷ്ട്രീയത്തിന്റെയും ജനാധിപത്യത്തിന്റെയും അഭാവം ചൂണ്ടിക്കാട്ടിയതിന്‌ ഗ്രീൻ പാർടിയിൽനിന്നും പുറത്താക്കപ്പെട്ട ഡങ്കൽ കമ്യൂണിസ്റ്റ്‌ യൂത്ത്‌ വിങ്ങിലൂടെയാണ്‌ പാർടിയിൽ എത്തുന്നത്‌. സാൽസ്‌ബർഗ്‌ പ്രവിശ്യയിലെ നാലാമത്തെ വലിയ കക്ഷിയും സാൽസ്‌ബർഗ്‌ നഗരത്തിലെ  രണ്ടാമത്തെ വലിയ കക്ഷിയായും കമ്യൂണിസ്റ്റ്‌ പാർടി മാറി.

ഓസ്‌ട്രിയയിൽ കമ്യൂണിസ്റ്റ്‌ പാർടിക്ക്‌ ഏറ്റവും സ്വാധീനമുള്ള ഗ്രാസ്‌ തലസ്ഥാനമായ സ്‌റ്റെറിയ പ്രവിശ്യയിൽപ്പോലും 2021ലെ തെരഞ്ഞെടുപ്പിൽ 6.2 ശതമാനം വോട്ട്‌ മാത്രമാണ്‌ ലഭിച്ചതെങ്കിൽ സാൽസ്‌ബർഗിൽ അതിന്റെ ഇരട്ടിയോളം വോട്ട്‌ പാർടിക്ക്‌ ലഭിച്ചു. നഗരത്തിൽ 21.5 ശതമാനം വോട്ടും നേടാനായി. നഗരത്തിലെ ഏറ്റവും വലിയ കക്ഷിയായ വലതുപക്ഷ ഓസ്‌ട്രിയൻ പീപ്പിൾസ്‌ പാർടിയേക്കാളും മൂന്നു ശതമാനത്തിന്റെ കുറവ്‌ മാത്രമാണ്‌ കമ്യൂണിസ്റ്റ്‌ പാർടിക്കുള്ളത്‌. ഇത്‌ തെളിയിക്കുന്നത്‌ ഗ്രാസ്‌ നഗര ഭരണത്തിനുശേഷം രാജ്യത്തെ നാലാമത്തെ വൻ നഗരമായ സാൽസ്‌ബർഗ്‌ നഗര കൗൺസിലും അടുത്ത തെരഞ്ഞെടുപ്പിൽ കമ്യൂണിസ്റ്റ്‌ പാർടി പിടിച്ചെടുക്കുമെന്നാണ്‌.

തീവ്രവലതുപക്ഷത്തേക്ക്‌ അതിവേഗം നീങ്ങിക്കൊണ്ടിരിക്കുന്ന ഓസ്‌ട്രിയയിൽ കമ്യൂണിസ്റ്റ്‌ പാർടിയുടെ മുന്നേറ്റം ഇടതുപക്ഷ രാഷ്ട്രീയത്തിന്‌ പുത്തനുണർവ്‌ നൽകിയിട്ടുണ്ട്‌. അതിവേഗം വലത്തോട്ട്‌ നീങ്ങുകയായിരുന്ന സോഷ്യൽ ഡെമോക്രാറ്റിക് പാർടിയിൽ ഇടതുപക്ഷക്കാരനായ ആൻഡ്രയാസ്‌ ബാബ്‌ളർക്ക്‌ അനുകൂലമായി ഉയരുന്ന വികാരം ഇതിന്റെ പ്രതിഫലനമാണ്‌. ഓസ്‌ട്രിയൻ സോഷ്യലിസ്റ്റ്‌ പാർടിയിലെ ജെറമി കോർബിനും (ബ്രിട്ടീഷ്‌ ലേബർ പാർടിയിലെ ഇടതുപക്ഷക്കാരൻ) ബെർണി സാൻഡേഴ്‌സുമായാണ്‌ (അമേരിക്കൻ ഭരണകക്ഷിയായ ഡെമോക്രാറ്റിക് പാർടിയിലെ ഡെമോക്രാറ്റിക് സോഷ്യലിസ്റ്റ്‌ വിഭാഗം നേതാവ്‌) ബാബ്‌ളർ അറിയപ്പെടുന്നത്‌. തുടർച്ചയായ തെരഞ്ഞെടുപ്പുതോൽവിയുടെ പശ്ചാത്തലത്തിലാണ്‌ വലതുപക്ഷക്കാരിയായ പമേല റെൻഡി വാഗ്‌നറെ നേതൃസ്ഥാനത്തുനിന്നും മാറ്റണമെന്ന ആവശ്യം ശക്തമാകുന്നത്‌. നവഉദാരവൽക്കരണ നയത്തെ മുറകെ പിടിക്കുന്ന അരാഷ്ട്രീയവാദമാണ്‌ വാഗ്‌നറുടെ മുഖമുദ്രയെന്നാണ്‌ ആക്ഷേപം. മറ്റൊരു നേതാവായ ബർഗൻലാൻഡ്‌ ഗവർണറായ ഹാൻസ്‌ പീറ്റർ ഡോസ്‌കോസിൽ ആകട്ടെ തീവ്രവലതുപക്ഷത്തിന്റെ, കുടിയേറ്റ വിരുദ്ധത ഉൾപ്പെടെയുള്ള നയങ്ങളാണ്‌ പിന്തുടരുന്നത്‌. സോഷ്യലിസ്റ്റ്‌ പാർടിയുടെ തൊഴിലാളി അനകൂല നയങ്ങളിൽ ഇരുനേതാക്കളും വെള്ളം ചേർത്തു. സോഷ്യലിസ്റ്റ്‌ പാർടിയുടെ തകർച്ചയ്‌ക്ക്‌ കാരണവും ഇതായിരുന്നു. ഈ പശ്ചാത്തലത്തിലാണ്‌ ഉദാരവൽക്കരണനയത്തെ ഒരുപരിധിവരെ എതിർക്കുകയും സാമൂഹ്യക്ഷേമ നടപടികളിൽ ഊന്നുകയും ചെയ്യുന്ന ട്രായ്‌സ്‌കിർച്ചേൻ ഗവർണറുമായ ബാബ്‌ളറെ പാർടി നേതാവായി പ്രഖ്യാപിക്കണമെന്ന മുറവിളി ഉയരുന്നത്‌.  തീവ്രവലതുപക്ഷത്തെ ‌ജനപക്ഷ രാഷ്ട്രീയംകൊണ്ട്‌ ചെറുത്തുനിൽക്കാമെന്ന പാഠമാണ്‌ ഓസ്‌ട്രിയൻ കമ്യൂണിസ്റ്റ്‌ പാർടി നൽകുന്നത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top