02 July Thursday

അമേരിക്കയുടെ അനർഥങ്ങൾ - എ എം ഷിനാസ്‌ എഴുതുന്നു

എ എം ഷിനാസ്‌Updated: Wednesday Apr 29, 2020

അമേരിക്ക ഒന്നാമത്’ എന്നായിരുന്നു ട്രംപിന്റെ ആവേശഭരിതവും അമിതാത്മവിശ്വാസവുമുള്ള മുദ്രാവാക്യം.  ഇപ്പോൾ ‘ആർക്കാണ് രണ്ടാമത്’ ആകേണ്ടതെന്നാണ് അമേരിക്ക കോവിഡിനെ നേരിട്ട അസമർഥവും അസംബന്ധവും ആപൽക്കരവുമായ രീതികൾകണ്ട് ലോകം പരിഹാസത്തോടെ ചോദിക്കുന്നത്. ഹാർവാഡ് സർവകലാശാലയിൽ അന്താരാഷ്ട്രബന്ധങ്ങളുടെ പ്രൊഫസറായ സ്റ്റീഫൻ വാൾട്ട് ‘ഫോറിൻ പോളിസി’യിൽ മാർച്ച് 23ന് എഴുതി. അമേരിക്കയും അമേരിക്കയുടെ കാർമികത്വത്തിൽ ‘മറ്റൊരു മാർഗമില്ല’ എന്ന വാദ്യഘോഷത്തോടെ ആരംഭിച്ച ആഗോളവൽക്കരണവും ഇന്റൻസീവ് കെയർ യൂണിറ്റിലാണുള്ളതെന്ന് നിരീക്ഷിക്കുന്ന സ്റ്റീഫൻ വാൾട്ട് തുടരുന്നു:

“കോവിഡ് മഹാമാരിയോടുള്ള ട്രംപിന്റെ കാലം തെറ്റിയതും കേൾക്കാൻ മനസ്സില്ലാത്തതും അശ്രദ്ധവും തൻകാര്യമാത്രവുമായ പ്രതികരണം സഹസ്രകോടികളുടെ സാമ്പത്തികനഷ്ടം മാത്രമല്ല, പതിനായിരക്കണക്കിന് അമേരിക്കക്കാരുടെ ജീവനുമാണ് അപഹരിക്കാൻ പോകുന്നത്. വൈദഗ്ധ്യത്തിന്റെ വിശ്വമാതൃകയായി അറിയപ്പെടുന്ന അമേരിക്കയെ സഖ്യരാഷ്ട്രങ്ങൾപോലും ഇപ്പോൾ വിശ്വസിക്കാൻകൊള്ളാത്ത, ശേഷികെട്ട, സ്വേച്ഛാവർത്തിയായ ഒരു അന്താരാഷ്ട്ര പങ്കാളിയായിട്ടാണ് കാണുന്നത്. കോവിഡിനൊപ്പം ഒരു സമാന്തര ദുരന്തത്തിനുകൂടി അമേരിക്കയും ലോകവും സാക്ഷ്യംവഹിക്കുകയാണ്. അമേരിക്കയുടെ യശസ്സിനേറ്റ മാരകമായ പ്രഹരമാണത്. മഹാമാരിയെ നേരിടുന്നതിൽ അമേരിക്ക കാണിക്കുന്ന നെറികേടും പ്രാപ്തിയില്ലായ്മയും ലോകത്തെ അമ്പരപ്പിക്കുന്നു. ട്രംപിന്റെ ചഞ്ചലസ്വഭാവവും താന്തോന്നിത്തവും മുമ്പൊക്കെ മനസ്സില്ലാ മനസ്സോടെയാണെങ്കിലും സഖ്യരാജ്യങ്ങൾ സഹിച്ചിരുന്നു. ഇന്ന് ട്രംപിനെ അവർ അപായത്തിന്റെ ആൾരൂപമായാണ് കാണുന്നത്.”


 

കോവിഡ്‌ യഥാർഥ അമേരിക്കയെ കാട്ടിത്തന്നു
ഒരർഥത്തിൽ കോവിഡാണ് യഥാർഥ അമേരിക്കയെ ലോകത്തിനുമുമ്പിൽ പൂർവാധികം അനാച്ഛാദനംചെയ്തത്.  അമേരിക്കയിൽ പൊതുജനാരോഗ്യ സംവിധാനം ഏറെക്കുറെ നിലനിൽക്കുന്നില്ല ഇന്നുള്ള സംവിധാനം സാധാരണക്കാർക്കുവേണ്ടിയുള്ളതല്ലെന്നും ഏവർക്കും മനസ്സിലായി. ആരോഗ്യരംഗത്തെ വിഴുങ്ങിയ സ്വകാര്യ ഇൻഷുറൻസ് കമ്പനികളും കോർപറേറ്റുകളും 27 ദശലക്ഷം അമേരിക്കക്കാരെയാണ് ആരോഗ്യ പരിരക്ഷയുടെ പുറത്തുനിർത്തിയിരിക്കുന്നതെന്നും കുറഞ്ഞ വേതനമുള്ള തൊഴിലിൽ ഏർപ്പെട്ടവർക്ക് മതിയായ ഇൻഷുറൻസ് കവറേജ് ഇല്ലെന്നും നമ്മൾ അറിഞ്ഞു. ഇവരിൽ പലർക്കും അസുഖം വന്നാൽ ഡോക്ടറുടെ കുറിപ്പടി  ഇല്ലാതെ വാങ്ങാവുന്ന മൃഗചികിത്സാ മരുന്നുകളാണ് ശരണമെന്ന തിക്തസത്യവും വെളിപ്പെട്ടു. ഫെഡറൽ ബജറ്റിന്റെ 17 ശതമാനത്തോളം ആരോഗ്യമേഖലയിൽ ചെലവഴിക്കുന്ന ഈ മുതലാളിത്ത മെട്രോപൊളിറ്റനിൽ  പ്രാഥമിക ആരോഗ്യപരിരക്ഷാ സംവിധാനം അവ്യവസ്ഥിതവും ശിഥിലവും കാര്യക്ഷമതയില്ലാത്തതും വിഭവദാരിദ്ര്യമുള്ളതുമാണെന്ന്  പുറമെയുള്ളവർക്കും ബോധ്യമായി. വെന്റിലേറ്ററുകൾക്കും മാസ്കുകൾക്കും അവശ്യമരുന്നുകൾക്കും വേണ്ടി സംസ്ഥാനങ്ങൾതമ്മിലും അമേരിക്കയും അതിന്റെ സഖ്യരാഷ്ട്രങ്ങൾ തമ്മിലും നടത്തുന്ന കടിപിടി നാം കാണുന്നു. കോവിഡിന്റെ മരണവക്ത്രത്തിൽ കൂടുതൽ ഉൾപ്പെട്ടത് ആഫ്രിക്കൻ അമേരിക്കക്കാരും മറ്റ് വംശീയ ന്യൂനപക്ഷങ്ങളുമാണെന്നത് അമേരിക്കയുടെ ബഹുസംസ്കാര ഘോഷണത്തിനടിയിലുള്ള വംശീയതയും അസമത്വവും വിവേചനവും ഒന്നുകൂടി പുറത്തുകൊണ്ടുവന്നു.  കോവിഡ് പ്രതിരോധത്തിലെ കേന്ദ്രീകൃത ഏകോപനത്തിന്റെ അഭാവം, പ്രതികരണത്തിലെ കാലവിളംബം, മനുഷ്യർക്കല്ല, സമ്പദ്‌‌വ്യവസ്ഥയ്‌ക്കാണ് ശ്വസനോപകരണം അടിയന്തരമായി വേണ്ടതെന്ന മുതലാളിത്തക്രൗര്യം എന്നിവയെല്ലാം ഏറ്റവും ശക്തവും  സ്വാധീനശേഷിയുമുള്ള രാഷ്ട്രമെന്ന അമേരിക്കയുടെ പ്രതിച്ഛായയെ ഛിന്നഭിന്നമാക്കിയിരിക്കുന്നു. അവികസിത വികസ്വര രാജ്യങ്ങൾപോലും  ഇല്ലായ്മകൾക്കിടയിലും മനുഷ്യപ്പറ്റോടെ കോവിഡിനെ നേരിടുമ്പോൾ അമേരിക്കയിൽ മനുഷ്യജീവൻ ചിത്രത്തിലില്ല.


 

ഫെബ്രുവരി മാസം ഉടനീളവും മാർച്ച് പകുതിവരെയും ‘ഒരു പ്രശ്നവുമില്ല, അമേരിക്കയിൽ എല്ലാം നിയന്ത്രണവിധേയം’ എന്ന് പേർത്തും പേർത്തും പറഞ്ഞ ട്രംപ്, മാർച്ച് ഒടുവിൽ നിർവികാരനായി അമേരിക്കയോട് പറഞ്ഞത് കൊറോണ വൈറസ് രണ്ടുലക്ഷം അമേരിക്കക്കാരുടെ ജീവനെടുക്കുമെന്നാണ്. ആറ് മാസം കഴിഞ്ഞ് നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പും സാമ്പത്തികരംഗത്തുണ്ടാകുന്ന ചേതവും മുൻനിർത്തിമാത്രം മഹാമാരിയുടെ സുനാമിയെ മന്ദമാരുതനായി കണക്കാക്കിയതിന്റെ അനർഥമാണ് അമേരിക്ക നേരിടുന്നത്.

ട്രംപിന്റെ അസ്ഥിരവും സന്ദിഗ്ധവുമായ നിലപാടുകളുടെ ഘോഷയാത്രയായിരുന്നു ചൈനയോടുള്ള സമീപനത്തിലും കണ്ടത്. ഒന്നൊന്നര മാസം കോവിഡിന്റെ കാര്യത്തിൽ ചൈനയെ പൊതുവിലും ഷീ ജിൻപിങ്ങിനെ വിശേഷിച്ചും വാഴ്ത്തിയ ട്രംപ് പിന്നീട് ‘വുഹാൻ വൈറസ്’ എന്നും ‘ചൈനീസ് വൈറസ്’ എന്നും നവ കൊറോണ വൈറസിനെ വിളിക്കണമെന്ന് ശഠിച്ചു. ഈ വൈരനിര്യാതന നിർബന്ധബുദ്ധിയാണ് കോവിഡുമായി ബന്ധപ്പെട്ട് ഒരു സംയുക്തപ്രസ്താവന നടത്താൻ ജി 7 കൂട്ടായ്മയ്ക്ക് പറ്റാതിരുന്നതിലും ഐക്യരാഷ്ട്രസംഘടനാ  സുരക്ഷാസമിതിയിൽ ഒരു അന്താരാഷ്ട്രനടപടിയിലേക്ക് നയിക്കുമായിരുന്ന ബഹുരാഷ്ട്രസമിതിയുടെ രൂപവൽക്കരണത്തിന് വിഘാതമായതിലും കലാശിച്ചത്.


 

അമേരിക്കൻ നയങ്ങളുടെ പതനം
2017ൽ അധികാരത്തിലെത്തിയ നാൾ മുതൽ ‘അമേരിക്കയെ വീണ്ടും മഹത്തര’മാക്കുമെന്ന് ഉദ്ഘോഷിച്ച് ട്രംപ് നടത്തിയ മിക്ക പ്രവർത്തനങ്ങളും അമേരിക്കയ്ക്ക് സുഹൃദ്‌‌രാജ്യങ്ങൾക്കിടയിലുണ്ടായിരുന്ന സ്വീകാര്യതയെയും സമ്മതിയെയുംപോലും അഗണ്യകോടിയിൽ തള്ളുന്നതായിരുന്നു. ഇറാന്റെയും റഷ്യയുടെയും ചൈനയുടെയും കാര്യത്തിൽ ഉപരോധവും വിലക്കും ബഹിഷ്കരണവുമായിരുന്നു അമേരിക്കൻ നയങ്ങളുടെ മുഖമുദ്ര. യൂറോപ്പിലെ സുഹൃദ്‌‌രാഷ്ട്രങ്ങളെ അധിക്ഷേപിക്കുന്നതിലും പരിഹസിക്കുന്നതിലുമാണ് ട്രംപ് മാനസികോല്ലാസം കണ്ടെത്തിയത്. കാലാവസ്ഥാവ്യതിയാനവുമായി ബന്ധപ്പെട്ട പാരീസ് ഉടമ്പടിയിൽനിന്നും ഇറാനുമായി ഉണ്ടാക്കിയ ഷഡ്‌‌രാഷ്ട്ര ആണവ കരാറിൽനിന്നും ഏകപക്ഷീയമായി പിന്മാറിയ അമേരിക്ക ബഹുരാഷ്ട്ര കരാറുകളെ തുരങ്കംവയ്‌ക്കുന്നതിലാണ് വ്യാപൃതമായിരിക്കുന്നത്. ഇങ്ങനെ പൊതുവിൽ ആഗോളതലത്തിൽ വിശ്വാസക്കമ്മിയും പ്രതിച്ഛായാഭംഗവും സംഭവിച്ച അമേരിക്കയ്ക്ക് കൊറോണക്കാലത്ത് താരതമ്യമില്ലാത്ത പതനമാണ് ഉണ്ടായിരിക്കുന്നത്. കൊറോണാനന്തരമുള്ള അമേരിക്കയെ പഴയപോലെ സഖ്യരാജ്യങ്ങൾപോലും വകവയ്ക്കാൻ ഇടയില്ല.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top