17 February Sunday

കയ്യൂര്‍ ഓര്‍മപ്പെടുത്തുന്നത്

പി കരുണാകരന്‍Updated: Tuesday Mar 29, 2016

സഖാക്കള്‍ മഠത്തില്‍ അപ്പു,കോയിത്താറ്റില്‍ ചിരുകണ്ടന്‍, പൊടോര കുഞ്ഞമ്പുനായര്‍, പള്ളിക്കല്‍ അബൂബക്കര്‍... സ്വന്തം ചുടുനിണംകൊണ്ട് രക്തപതാകയെ കൂടുതല്‍ ചുവപ്പിച്ചവര്‍.കയ്യൂരിന്റെ പൊന്നോമനകള്‍. കയ്യൂര്‍ സഖാക്കളുടെ രക്തസാക്ഷിത്വത്തിന് ഇന്ന് 73 വര്‍ഷം തികയുന്നു. തേജസ്വിനിയുടെ കുഞ്ഞോളങ്ങള്‍ ആ നാല് അരുമസഖാക്കളെക്കുറിച്ചുള്ള ആര്‍ദ്രമായ ഓര്‍മകളില്‍ ഇന്നും വിതുമ്പുകയാകാം; അവരുടെധീരതയില്‍ പുളകമണിയുകയുമാകാം.

നാടുവാഴിത്തത്തിനുംസാമ്രാജ്യത്വത്തിനുമെതിരെ ദേശീയപ്രസ്ഥാനത്തിന്റെ ഭാഗമായിത്തന്നെ കര്‍ഷകപ്രസ്ഥാനവും കമ്യൂണിസ്റ്റ് പാര്‍ടിയും നടത്തിയ ധീരോദാത്ത സമരങ്ങളുടെചരിത്രത്തിലെ പ്രത്യേക കാലഘട്ടത്തെയാണ്കയ്യൂര്‍സമരം സൂചിപ്പിക്കുന്നത്. 1934 മുതല്‍ കര്‍ഷകപ്രസ്ഥാനം ജന്മിത്വത്തിനെതിരെ സംഘടിക്കാനും ശബ്ദമുയര്‍ത്താനും തുടങ്ങി. മറ്റു സ്ഥലങ്ങളിലെപ്പോലെ നീലേശ്വരം രാജാവിന്റെ ചെയ്തികളെചോദ്യംചെയ്ത് ആവശ്യങ്ങള്‍ നേടിയെടുക്കാന്‍കര്‍ഷകപ്രസ്ഥാനം സമരരംഗത്ത് വന്നുകഴിഞ്ഞിരുന്നു.

ഒരു ദിവസം ഹോസ്ദുര്‍ഗ് റവന്യൂ ഇന്‍സ്പെക്ടര്‍ കയ്യൂരില്‍ വന്നപ്പോള്‍ വളന്റിയര്‍ പരിശീലനവും കൃഷിക്കാരുടെ ജാഥയും നേരില്‍ക്കണ്ട് വഴിമാറിപോകേണ്ടിവന്നു. ഒരു ഫോറസ്റ്റ് ഓഫീസറെ കൃഷിക്കാര്‍ കളിയാക്കിയെന്ന പരാതിയുമുണ്ടായി. കയ്യൂരില്‍ കൃഷിക്കാര്‍ സംഘടിക്കുന്നുവെന്ന് അവര്‍ മേലധികാരികള്‍ക്ക് റിപ്പോര്‍ട്ടുചെയ്തു. ഈ അവസരത്തില്‍ത്തന്നെയാണ് കര്‍ഷകസംഘം യോഗം ചേര്‍ന്ന് നീലേശ്വരം രാജാവിന് നിവേദനം നല്‍കാന്‍ തീരുമാനിച്ചത്. 1941 മാര്‍ച്ച് 30നു കയ്യൂരില്‍നിന്ന് നീലേശ്വരത്തേക്ക് ജാഥയായി പോയി നിവേദനം നല്‍കാനായിരുന്നു തീരുമാനം. നിവേദനത്തിന്റെ കോപ്പി നേരത്തെ കിട്ടിയ ജന്മിയും പൊലീസുകാരും ചേര്‍ന്ന് ജാഥ പൊളിക്കാന്‍ പദ്ധതി തയ്യാറാക്കി.

മാര്‍ച്ച് 26നു രാവിലെ ചിലപൊലീസുകാര്‍ ജന്മിയുടെ കാര്യസ്ഥന്മാരുമായി ചര്‍ച്ച നടത്തി. പൊലീസിന്റെയും ജന്മിയുടെയും നീക്കം മനസ്സിലാക്കാന്‍ പ്രാദേശിക കമ്മിറ്റി (സെല്‍) ജാഗ്രതയോടെ പ്രവര്‍ത്തിച്ചു. കെ പിവെള്ളുങ്ങ, സി കൃഷ്ണന്‍നായര്‍, ടി വി കുഞ്ഞിരാമന്‍എന്നിവര്‍ പൊലീസിനെ പിന്തുടര്‍ന്നു. സഖാക്കളെ അടിക്കാന്‍ പദ്ധതിയിട്ട പൊലീസുകാരന്‍ ചെറിയപരിക്കുകളോടെയാണ് രക്ഷപ്പെട്ടത്. ഈ സംഭവത്തെതുടര്‍ന്ന് മാര്‍ച്ച് 26നു രാത്രി ഹോസ്ദുര്‍ഗ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ നിക്കോളാസും സംഘവും കയ്യൂരിലെത്തി കൊടിയ അതിക്രമങ്ങള്‍ നടത്തി. അരയാക്കടവിലുള്ളഅപ്പുവിന്റെ ചായക്കട തല്ലിത്തകര്‍ത്തു. അവിടെ കിടന്നുറങ്ങുകയായിരുന്ന സഖാക്കളെ മര്‍ദിച്ചു. വീടുകളില്‍ കയറി മര്‍ദനം തുടങ്ങി. ടി വി കുഞ്ഞിരാമന്‍, ടി വി കുഞ്ഞമ്പു എന്നീ സഖാക്കളെ അറസ്റ്റുചെയ്തു.

വാര്‍ത്ത കാട്ടുതീപോലെ പരന്നതോടെ കയ്യൂര്‍ഇളകിമറിഞ്ഞു. മര്‍ദനത്തിലും അറസ്റ്റിലും പ്രതിഷേധിച്ച്പ്രകടനവും പൊതുയോഗവും നടത്താന്‍ തീരുമാനിച്ചു.പ്രകടനം കയ്യൂര്‍ കൂക്കോട്ടുനിന്നാണ് പുറപ്പെട്ടത്. തലേദിവസത്തെ മര്‍ദനത്തില്‍ പ്രധാനിയായ സുബ്ബരായന്‍ എന്ന പൊലീസുകാരന്‍ മറ്റെന്തോ ആവശ്യത്തിനുവേണ്ടി അവിടെ വന്നു. മൂക്കറ്റംമദ്യപിച്ച സുബ്ബരായന്‍ ജാഥ നീങ്ങവെപ്രകോപനം സൃഷ്ടിച്ചു. പ്രകടനത്തില്‍ പങ്കെടുത്ത സഖാക്കളുടെവികാരം ആളിക്കത്തി. സംഘാടകര്‍ പാടുപെട്ട് അവരെ നിയന്ത്രിച്ചു. തുടര്‍ന്ന് സുബ്ബരായന്‍ചെങ്കൊടിയേന്തി പ്രകടനത്തോടൊപ്പം നടക്കാന്‍നിര്‍ബന്ധിതനായി. കുറെ നടന്നപ്പോള്‍ കൊടിയുടെ വടിപൊട്ടിച്ച് ജാഥയ്ക്കുനേരെ തിരിഞ്ഞ് സഖാക്കളെ മര്‍ദിച്ച് രക്ഷപ്പെടാന്‍ ശ്രമിച്ചു. എതിര്‍ഭാഗത്ത്ക്ളായിക്കോട്ടുനിന്ന് പുറപ്പെട്ട മറ്റൊരു ജാഥ വരികയായിരുന്നു. തന്നെ ആളുകള്‍ പിന്തുടരുകയാണെന്ന ധാരണയില്‍ സുബ്ബരായന്‍ പുഴയിലേക്ക് എടുത്തുചാടി. മദ്യലഹരിയും യൂണിഫോമിന്റെ ഭാരവും കാരണം അയാള്‍ മുങ്ങിമരിച്ചു.

ഈ സംഭവത്തെതുടര്‍ന്ന് കയ്യൂരിലുംപരിസരപ്രദേശത്തും അതിഭീകരമായ പൊലീസ്വേട്ടയാണ് അരങ്ങേറിയത്. ചുവന്നകൊടി ചുട്ടുകരിച്ച് കമ്യൂണിസ്റ്റുകാരെമര്‍ദിച്ചൊതുക്കി പ്രസ്ഥാനത്തെ തകര്‍ക്കാന്‍ കഴിയാവുന്നതൊക്കെ അവര്‍ ചെയ്തു. ഇ കെ നായനാര്‍,വി വി കുഞ്ഞമ്പു എന്നിവരടക്കം 61 പേരെ പ്രതികളാക്കി കേസ് രജിസ്റ്റര്‍ ചെയ്തു. ഒളിവില്‍ പോയ നായനാരെപിടികൂടാന്‍ സാധിച്ചില്ല. മറ്റു 60 പേര്‍ക്കെതിരെയാണ് കുറ്റപത്രം സമര്‍പ്പിച്ചത്. മംഗലാപുരം സെഷന്‍സ് കോടതിയില്‍ കേസ് ഒരുവര്‍ഷത്തിലേറെ നടന്നു. തെളിവുകള്‍ഭരണാധികാരികള്‍ക്കെതിരായിരുന്നു. എന്നാല്‍, വിധി അപ്രതീക്ഷിതവും. അഞ്ചു സഖാക്കള്‍ക്ക് വധശിക്ഷ വിധിച്ചു. രണ്ടുപേര്‍ക്ക് അഞ്ചുകൊല്ലവും കുറെപ്പേര്‍ക്ക് മൂന്നുകൊല്ലവും തടവ്. മറ്റുള്ളവരുടെ റിമാന്‍ഡ് കാലം തടവായി പരിഗണിച്ച് വിട്ടയച്ചു. ചൂരിക്കാടന്‍ കൃഷ്ണന്‍നായര്‍ മൈനറായതിനാല്‍ വധശിക്ഷ പിന്നീട് ജീവപര്യന്തമാക്കി.

കയ്യൂര്‍ സഖാക്കളുടെ ജീവന്‍രക്ഷിക്കാനുള്ള അവസാനശ്രമത്തിന്റെ ഭാഗമായി ഇംഗ്ളണ്ടില്‍പ്രിവി കൌണ്‍സില്‍ മുമ്പാകെ അപ്പീല്‍ സമര്‍പ്പിച്ചു. എന്നാല്‍, തീരുമാനം മാറ്റാന്‍ സാമ്രാജ്യത്വഭരണകൂടം തയ്യാറായില്ല. 1943 മാര്‍ച്ച് 29നു പുലര്‍ച്ചെ അഞ്ചിന് കയ്യൂര്‍ സഖാക്കളെ ബ്രിട്ടീഷ് സാമ്രാജ്യത്വംതൂക്കിലേറ്റി. അവര്‍ കൊലമരത്തെ പുഞ്ചിരിയോടെനേരിട്ടു; ദിഗന്തം പൊട്ടുമാറുച്ചത്തില്‍ മുദ്രാവാക്യങ്ങള്‍ മുഴക്കി. 'ഇന്‍ക്വിലാബ് സിന്ദാബാദ്, കമ്യൂണിസ്റ്റ് പാര്‍ടി സിന്ദാബാദ്, സാമ്രാജ്യത്വം തുലയട്ടെ,ജന്മിത്വം തകരട്ടെ, സഖാക്കളേ മുന്നോട്ട്...'

കയ്യൂര്‍ സഖാക്കള്‍ നമ്മെ വിട്ടുപിരിഞ്ഞ് 73 വര്‍ഷത്തിനിടയില്‍ അവരുടെ സ്വപ്നങ്ങള്‍ സാക്ഷാല്‍ക്കരിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ഏറെ ശക്തിപ്പെട്ടു. അവര്‍ഉയര്‍ത്തിപ്പിടിച്ച മുദ്രാവാക്യങ്ങള്‍ ഹൃദയത്തില്‍ പേറി കേരളത്തിലെയും ഇന്ത്യയിലെയും കര്‍ഷകപ്രസ്ഥാനവും വിപ്ളവപ്രസ്ഥാനവും ബഹുദൂരം മുന്നേറി. ലക്ഷ്യത്തിലേക്കുള്ള യാത്ര തുടരുകയാണ്. കയ്യൂര്‍രക്തസാക്ഷികളുടെ പ്രസ്ഥാനം ഇന്ന് കൂടുതല്‍ കരുത്തുംശക്തിയും കൈവരിച്ചു.

നരേന്ദ്രമോഡിയുടെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാര്‍ രാജ്യത്തിന്റെ ജനാധിപത്യ– മതനിരപേക്ഷ അടിത്തറ തകര്‍ക്കാനുള്ള ആസൂത്രിതനീക്കത്തിലാണ്. കോര്‍പറേറ്റ് പ്രീണനവും വര്‍ഗീയവല്‍ക്കരണവുമാണ് മോഡി സര്‍ക്കാരിന്റെ മുഖമുദ്ര. യുപിഎ സര്‍ക്കാരിന്റെ ദയനീയ പതനത്തിനു വഴിയൊരുക്കിയ ജനവിരുദ്ധനയങ്ങളും അഴിമതിയും കൂടുതല്‍ തീവ്രമായി നടപ്പാക്കുകയാണ് മോഡിസര്‍ക്കാര്‍. ഒപ്പം സമസ്തമേഖലയിലും ഹിന്ദുത്വ അജന്‍ഡയ്ക്കും തുടക്കമിട്ടുകഴിഞ്ഞു. വര്‍ഗീയ ഫാസിസ്റ്റുകളുടെ അസഹിഷ്ണുതയും ആക്രമണോത്സുകതയുമാണ് ഇന്ന് രാജ്യമാകെ ചര്‍ച്ചചെയ്യുന്നത്. ന്യൂനപക്ഷങ്ങള്‍ക്കെതിരായ കടന്നാക്രമണം നിത്യസംഭവമായി. ഛത്തീസ്ഗഡില്‍ കന്നുകാലി കച്ചവടക്കാരായ രണ്ടു മുസ്ളിം യുവാക്കളെ തല്ലിക്കൊന്ന് മരത്തില്‍ കെട്ടിത്തൂക്കിയ ക്രൂരസംഭവം രാജ്യത്തിന്റെ മനഃസാക്ഷിയെ നടുക്കുന്നതായി.

സ്വതന്ത്ര ചിന്തയുടെയും ഉന്നതമായ സംവാദത്തിന്റെയും വിളനിലമാകേണ്ട സര്‍വകലാശാലാ ക്യാമ്പസുകള്‍ കലാപ കലുഷിതമാണ്. രാജ്യസ്നേഹത്തിന് വിദ്യാര്‍ഥികള്‍ ആര്‍എസ്എസിന്റെ സര്‍ട്ടിഫിക്കറ്റ് വാങ്ങേണ്ട സ്ഥിതി. ജനാധിപത്യ– മതനിരപേക്ഷ ശക്തികളെയാകെ അണിനിരത്തി ഈ വെല്ലുവിളികളെ ചെറുക്കേണ്ടതുണ്ട്. സിപിഐ എമ്മിലും ഇടതുപക്ഷത്തിലുമാണ് ജനങ്ങള്‍ പ്രതീക്ഷയര്‍പ്പിക്കുന്നത്.

കേരളത്തില്‍ നിയമസഭാ തെരഞ്ഞെടുപ്പു പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുന്ന ഘട്ടത്തിലാണ് ഇക്കുറി നാം കയ്യൂര്‍ സഖാക്കളെ അനുസ്മരിക്കുന്നത്. അഴിമതിയുടെയും ജനദ്രോഹത്തിന്റെയും കെടുകാര്യസ്ഥതയുടെയും പര്യായമായ ഉമ്മന്‍ചാണ്ടി സര്‍ക്കാരിനെ എന്തുവിലകൊടുത്തും താഴെയിറക്കണം. പകരം എല്‍ഡിഎഫ് നേതൃത്വത്തില്‍ ജനപക്ഷ സര്‍ക്കാരിനെ അധികാരത്തിലേറ്റണം. ഈ രാഷ്ട്രീയദൌത്യം നിര്‍വഹിക്കുന്നതിന് കയ്യൂര്‍ രക്തസാക്ഷികളുടെ അമരസ്മരണ കരുത്തുപകരും

പ്രധാന വാർത്തകൾ
 Top