19 February Tuesday

രക്തസാക്ഷിത്വത്തിന്റെ 70 വർഷങ്ങൾ

എ കെ ബാലൻUpdated: Monday Jan 29, 2018


എഴുപത് വർഷംമുമ്പ് ഒരു ജനുവരി 30ന്റെ സായാഹ്നം. ഡൽഹിയിലെ ബിർളാ മന്ദിരത്തിൽ താമസിച്ചിരുന്ന ഗാന്ധിജി പതിവുപോലെ സർവമത പ്രാർഥനയ്ക്കായി തന്റെ സന്തതസഹചാരികളായിരുന്ന മനുവിന്റെയും ആഭയുടെയും സഹായത്തോടെ മന്ദിരത്തിനു പിന്നിലെ അൽപ്പം ഉയരംകൂടിയ മുറ്റത്തേക്ക് നടന്നുവരികയാണ്. അന്ന് അൽപ്പം വൈകിയാണ് അദ്ദേഹം പ്രാർഥനയ്ക്ക് എത്തിയത്. ഗാന്ധിജിയുടെ വരവുംകാത്ത് ആളുകൾ തടിച്ചുകൂടിയിട്ടുണ്ട്. ആൾക്കൂട്ടത്തിൽനിന്ന് നീല ട്രൗസറും കാക്കി ബുഷ് ജാക്കറ്റും ധരിച്ച ഒരു ചെറുപ്പക്കാരൻ മുന്നോട്ടുവന്ന് തന്റെ പോക്കറ്റിൽ സൂക്ഷിച്ചിരുന്ന പിസ്റ്റൾ എടുത്ത് ഗാന്ധിജിയുടെ നെഞ്ചിലേക്ക് നിറയൊഴിച്ചു. 'ഹേ റാം' എന്നു മന്ത്രിച്ച് മഹാത്മാവ് കുഴഞ്ഞുവീണു. മൂന്നു പതിറ്റാണ്ടിലേറെക്കാലം ഭാരതീയരുടെ മനസ്സിൽ നിർഭയത്വവും ജീവിതത്തിന് വെളിച്ചവും പകർന്നിരുന്ന ആ ജീവൻ അവിടെ പൊലിഞ്ഞു.

സ്വാതന്ത്ര്യലബ്ധിക്കു മുമ്പും അതിനുശേഷവും സഹിഷ്ണുതയ്ക്കും സാഹോദര്യത്തിനും മാനവികതയ്ക്കുംവേണ്ടി നിലകൊണ്ടതുകൊണ്ടാണ് അദ്ദേഹത്തിന് രക്തസാക്ഷിയാകേണ്ടിവന്നത്. താൻ സനാതനഹിന്ദുവാണെന്ന് എല്ലായ്പ്പോഴും അഭിമാനപൂർവം പറഞ്ഞിരുന്ന മഹാത്മജിയെ വധിച്ചത് മറ്റൊരു സനാതനഹിന്ദുവായിരുന്നു. ഭാരതത്തെ ഒരു ഹിന്ദുരാഷ്ട്രമാക്കി തീർക്കുകയെന്ന ലക്ഷ്യത്തിന് വിഘാതമായി നിന്നതാണ് ഗാന്ധിജിയെ വധിക്കാൻ കാരണം.

ഒന്നാംലോക മഹായുദ്ധാനന്തരകാലത്ത് ഇന്ത്യയിൽ ഐക്യപ്പെട്ടു വന്ന കോൺഗ്രസ് ഖിലാഫത്ത് പ്രസ്ഥാനത്തിന്റെ വക്താവായി ഗാന്ധിജി രംഗത്തുവന്നതോടെയാണ് അദ്ദേഹം കോൺഗ്രസിന്റെ നേതൃസ്ഥാനത്തേക്ക് ഉയർന്നത്. ഹിന്ദു മുസ്ലിം ഐക്യത്തിനുവേണ്ടി എക്കാലവും അദ്ദേഹം പ്രവർത്തിച്ചു. അതിൽ പരിഭ്രാന്തിപൂണ്ടവരാണ് ഒരു സവർണഹിന്ദുരാഷ്ട്രം സ്ഥാപിക്കുന്നതിനുള്ള ലക്ഷ്യവുമായി ഹിന്ദുമഹാസഭയും അതിന്റെയുള്ളിൽ സൈദ്ധാന്തികവും കായികവുമായി പരിശീലനം സിദ്ധിച്ച ഒരു കേഡർ സംഘടനയായ ആർഎസ്എസും രൂപീകരിച്ചത്. ഈ രണ്ടു സംഘടനയുടെയും നേതൃത്വം ഒന്നായിരുന്നു. അതിന്റെ സ്ഥാപകനേതാക്കളിലൊരാളായ ഡോ. ബി എസ് മുംജെ ഇറ്റലി സന്ദർശിച്ച് മുസോളിനി സ്ഥാപിച്ച ഫാസിസ്റ്റ് സൈനിക സ്കൂളുകളിൽനിന്ന് പരിശീലനത്തിന്റെ രീതിശാസ്ത്രം മനസ്സിലാക്കുകയും അത് ആർഎസ്എസിന്റെ ശാഖകളിൽ നടപ്പാക്കുകയും ചെയ്തു. സൈദ്ധാന്തികവും കായികവുമായ പരിശീലനം നൽകി ദൃഢചിത്തരായും കായികമായി കരുത്തുള്ളവരായും വളർന്നുവരുന്നവർ തങ്ങൾ ചെയ്ത പ്രവൃത്തിയോർത്ത് പിന്നീടൊരിക്കലും പശ്ചാത്തപിക്കുകയില്ല. അതാണ് ഗാന്ധിവധത്തിലെ കുറ്റവാളികളായ നാഥുറാം ഗോഡ്സെയും ഗോപാൽ ഗോഡ്സെയും മറ്റുള്ളവരും ഒരിക്കലും പശ്ചാത്തപിക്കാതിരുന്നത്.

'എന്റെ ജീവിതമാണ് എന്റെ സന്ദേശം' എന്ന് പ്രഖ്യാപിച്ച മഹാത്മജി തന്റെ ജീവിതത്തിലുടനീളം മുറുകെപ്പിടിച്ചത് അഹിംസ, സത്യഗ്രഹം, നിസ്സഹകരണം, മതനിരപേക്ഷത, മാനവികത എന്നീ മൂല്യങ്ങളായിരുന്നു. ഈ മൂല്യങ്ങളുടെ അടിസ്ഥാനത്തിലാണ് സവർണാവർണ ഭേദമെന്യേ ഇന്ത്യയിലെ മുഴുവൻ ജനങ്ങളെയും സ്വാതന്ത്ര്യസമരപ്രസ്ഥാനത്തിൽ അദ്ദേഹം അണിനിരത്തിയത്. മതാടിസ്ഥാനത്തിൽ ദേശീയതയെ നിർവചിച്ച്, ഇന്ത്യയിൽ രണ്ട് ദേശീയതയാണ് ഉള്ളതെന്നും പാകിസ്ഥാനെന്നും ഹിന്ദുസ്ഥാനെന്നും രണ്ടു രാഷ്ട്രം രൂപീകരിക്കണമെന്നുമുള്ള ഹിന്ദുമഹാസഭയുടെയും  മുസ്ലിംലീഗിന്റെയും നിലപാടുകളെ നിരാകരിച്ച്് അഖണ്ഡഭാരതമെന്ന നിർദേശമാണ് അദ്ദേഹം ബ്രിട്ടീഷ് ഭരണാധികാരികളുടെ മുന്നിൽ വച്ചത്.

ഇന്ത്യയെ ഹിന്ദുരാഷ്ട്രമാക്കി തീർക്കണമെന്ന തങ്ങളുടെ പ്രഖ്യാപിതലക്ഷ്യം നടപ്പാക്കുന്നതിന് തടസ്സം ഗാന്ധിജിയാണെന്ന് ഹിന്ദുമഹാസഭ വിലയിരുത്തി. സ്വാതന്ത്ര്യലബ്ധിക്കു ശേഷം ഭരണഘടനാ നിർമാണസഭ നിലവിൽവരികയും തെരഞ്ഞെടുപ്പിന്റെ അടിസ്ഥാനത്തിൽ മന്ത്രിസഭകൾ നിലവിൽവരികയും ജനം മഹാത്മജിയുടെ കീഴിൽ അണിനിരക്കുകയും ചെയ്താൽ തങ്ങളുടെ ഹിന്ദുരാഷ്ട്രമോഹം നടപ്പാക്കാൻ കഴിയില്ലായെന്ന് അവർക്കുറപ്പുണ്ടായിരുന്നു. ഒരാളിന് ഒരു വോട്ട് എന്ന അടിസ്ഥാനത്തിൽ ജനാധിപത്യഭരണപ്രക്രിയ നടപ്പായാൽ മഹാഭൂരിപക്ഷം വരുന്ന ദളിതരും പിന്നോക്കസമുദായക്കാരും സവർണരുടെ ഭരണത്തെ തൂത്തെറിയുമെന്നത് ഉറപ്പായിരുന്നു. ആ പ്രക്രിയയിൽ മഹാത്മജിയെയായിരിക്കും ഇന്ത്യൻ ജനത പിന്തുടരുകയെന്ന് ഉറപ്പുള്ളതിനാൽ അദ്ദേഹത്തെ വധിക്കേണ്ടത് ഹിന്ദുമഹാസഭയുടെയും ആർഎസ്എസിന്റെയും ആവശ്യമായിരുന്നു. ഭരണഘടന നിലവിൽ വന്നശേഷം തെരഞ്ഞെടുപ്പിലൂടെ മാത്രമേ അധികാരത്തിലെത്താൻ കഴിയുകയുള്ളൂവെന്ന് തിരിച്ചറിഞ്ഞാണ് 1951 ൽ ഭാരതീയ ജനസംഘം എന്ന ഒരു രാഷ്ട്രീയ പാർടി രൂപീകരിക്കാൻ ഇക്കൂട്ടർ തയ്യാറായത്.  അന്നുമുതൽ നടന്ന എല്ലാ തെരഞ്ഞെടുപ്പിലും തങ്ങളുടെ പ്രഖ്യാപിതലക്ഷ്യം നേടിയെടുക്കുന്നതിനുള്ള സംരംഭത്തിൽ ഏർപ്പെട്ടിരിക്കുകയാണ് ആ കക്ഷിയുടെ വ്യത്യസ്ത പേരിലുള്ള പിന്മുറക്കാർ.

മഹാത്മജിയുടെ ജീവനപഹരിച്ച വെടിയുണ്ടകൾ കഴിഞ്ഞ ഏഴു പതിറ്റാണ്ടായി ഗർജിച്ചുകൊണ്ടേയിരിക്കുന്നു. അന്ധവിശ്വാസത്തിനും അനാചാരത്തിനുമെതിരെ പൊരുതുന്നവർ, ചിന്താസ്വാതന്ത്ര്യത്തിനു വേണ്ടി നിലകൊള്ളുന്നവർ, അഭിപ്രായപ്രകടനത്തിനും ആവിഷ്കാരസ്വാതന്ത്ര്യത്തിനുംവേണ്ടി പൊരുതുന്നവർ, മതനിരപേക്ഷതയ്ക്കു വേണ്ടിയും സാഹോദര്യത്തിനുവേണ്ടിയും പ്രവർത്തിക്കുന്നവർ, ഒക്കെ കഴിഞ്ഞ ഏഴു പതിറ്റാണ്ടിനിടയ്ക്ക് നിഷ്ഠുരമായി കൊല ചെയ്യപ്പെട്ടു. മഹാത്മജിയുടെ രക്തസാക്ഷിത്വത്തിന്റെ  70‐ാം വാർഷികം ആചരിക്കുന്ന വേളയിൽ അദ്ദേഹം മുറുകെ പിടിച്ച മൂല്യങ്ങൾ നഷ്ടപ്പെട്ടുപോകാതെ പ്രതിജ്ഞയെടുക്കേണ്ട ബാധ്യത വർത്തമാനകാല സമൂഹത്തിനുണ്ട്.

അതുകൊണ്ടാണ് സാംസ്കാരികവകുപ്പ് രക്തസാക്ഷിത്വത്തിന്റെ 70 വർഷങ്ങൾ എന്നപേരിൽ മഹാത്മാവിന്റെ ജീവത്യാഗത്തെ വിവിധ പരിപാടികളോടെ ജനങ്ങളെ ഓർമപ്പെടുത്താൻ തീരുമാനിച്ചത്. ഗാന്ധിജി കേരളത്തിൽ സന്ദർശിച്ച സ്ഥലങ്ങളും അദ്ദേഹവുമായി സഹകരിക്കുകയും ഐക്യപ്പെടുകയും ചെയ്ത വ്യക്തികളും ചരിത്രസന്ദർഭങ്ങളും കോർത്തിണക്കി ഒരു വർഷക്കാലം നീളുന്ന പരിപാടികൾ ജില്ല തോറും വിപുലമായി ആചരിക്കാനാണ് നിശ്ചയിച്ചിട്ടുള്ളത്.

ഈ പരിപാടികളുടെ സംസ്ഥാന ഉദ്ഘാടനം തിരുവനന്തപുരത്ത് കേരള സർവകലാശാലാ സെനറ്റ് ഹാളിൽ 30നു വൈകിട്ട് 5.30ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. ചടങ്ങിൽ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, മഹാത്മാഗാന്ധിയുടെ പ്രപൗത്രനും മഹാത്മാഗാന്ധി ഫൗണ്ടേഷന്റെ അധ്യക്ഷനും പത്രപ്രവർത്തകനുമായ തുഷാർഗാന്ധി, സാംസ്കാരികരംഗത്തെ പ്രമുഖ വ്യക്തിത്വങ്ങൾ തുടങ്ങിയവർ പങ്കെടുക്കും. ഗാന്ധിജിയെക്കുറിച്ചുള്ള കവിതകളുടെയും ജീവിതമുഹൂർത്തങ്ങളുടെയും ദൃശ്യാവിഷ്കരണവും പ്രഭാഷണങ്ങൾ തുടങ്ങിയ സാംസ്കാരിക പരിപാടികളും നിശ്ചയിച്ചിട്ടുണ്ട്. 29നും 30നും ഗാന്ധിജിയുടെ ജീവിതം ആസ്പദമാക്കി വിപുലമായ എക്സിബിഷനും വിജെടി ഹാളിൽ സംഘടിപ്പിച്ചിട്ടുണ്ട്.

ശ്രീനാരായണഗുരുവിന്റെ ജാതിയില്ലാ വിളംബരത്തിന്റെ 100‐ാം വാർഷികവും സ്വാമി വിവേകാനന്ദന്റെ ചരിത്രപ്രസിദ്ധമായ കേരള സന്ദർശനത്തിന്റെ 125‐ാം വാർഷികവും വളരെ വിപുലമായ പരിപാടികളോടെ സാംസ്കാരികവകുപ്പ് സംഘടിപ്പിച്ചു. വൈവിധ്യമാർന്ന സാംസ്കാരിക പരിപാടികളും സെമിനാറുകളും ഇതിന്റെ ഭാഗമായി സംഘടിപ്പിക്കാനും വലിയൊരു വിഭാഗം ജനങ്ങളിലേക്ക് ഇതിന്റെ സന്ദേശം എത്തിക്കാനും കഴിഞ്ഞിട്ടുണ്ട്. സമാനമായ രീതിയിൽ അങ്ങേയറ്റം ജനകീയമായി കക്ഷി‐രാഷ്ട്രീയ ഭേദെമന്യേ സംസ്ഥാനത്തെ മുഴുവൻ ജനങ്ങളിലേക്കും എത്തിക്കുന്നതിനാണ് വിഭാവനം ചെയ്തിട്ടുള്ളത്.

ഒരു വർഷംകൂടി കഴിയുമ്പോൾ മഹാത്മജി ജനിച്ചതിന്റെ 150‐ാം വാർഷികം രാജ്യം ആഘോഷിക്കാനിരിക്കുകയാണ്. സ്വാതന്ത്ര്യസമരകാലത്ത് മഹാത്മജി ഉയർത്തിപ്പിടിച്ച മൂല്യങ്ങളാണ് 1950ൽ നിലവിൽവന്ന ഭരണഘടനയുടെ ആമുഖത്തിൽ ആലേഖനം ചെയ്തിട്ടുള്ളത്.

സാമൂഹികവും സാമ്പത്തികവും രാഷ്ട്രീയവുമായ നീതിയും ചിന്തിക്കാനും പ്രകടിപ്പിക്കാനും വിശ്വസിക്കാനും ആരാധിക്കാനുമുള്ള സ്വാതന്ത്ര്യവും സ്ഥിതിസമത്വവും അവസരസമത്വവും വ്യക്തിയുടെ അന്തസ്സും രാഷ്ട്രത്തിന്റെ ഐക്യവും അഖണ്ഡതയും സംരക്ഷിച്ചുകൊണ്ടുള്ള സാഹോദര്യവും സ്ഥാപിക്കുമെന്നാണ് ആമുഖത്തിൽ പറഞ്ഞിട്ടുള്ളത്. ആ തത്വങ്ങൾ നടപ്പാക്കിക്കിട്ടുന്നതിനു വേണ്ടി ഓരോ ഭാരതീയനും പ്രവർത്തിക്കുമെന്ന് പ്രതിജ്ഞയെടുക്കുകയാണ് മഹാത്മജിയുടെ രക്തസാക്ഷിത്വത്തിന്റെ 70‐ാം വാർഷികം ആചരിക്കുന്ന ഈ വേളയിൽ ചെയ്യാനുള്ളത്
 

പ്രധാന വാർത്തകൾ
 Top