09 August Sunday

വെറുപ്പിന്റെ മനഃശാസ്‌ത്രം

ഡോ. ഷാഹിദാകമാൽUpdated: Thursday Nov 28, 2019


ഒരു പേരിലെന്തിരിക്കുന്നു എന്നുചോദിച്ചത് ഷേക്‌സ്‌പിയറുടെ കഥാപാത്രമാണ്. പേരിലാണ് എല്ലാം ഇരിക്കുന്നതെന്നാണ് വംശവെറിയുടെ പേരിൽ ജീവൻ ത്യാഗംചെയ്‌ത ഫാത്തിമ ലത്തീഫിന്റെ അനുഭവം. എന്റെ പേര് തന്നെ ഒരു പ്രശ്നമാണ് വാപ്പിച്ചീ എന്ന് ഫാത്തിമ ലത്തീഫ് തന്റെ പിതാവിനോടു പറയുമ്പോൾ അവൾ അനുഭവിച്ചിരുന്ന മാനസിക സമ്മർദത്തിന്റെ ആഴം നമുക്ക് നിർവചിക്കാൻ സാധിക്കുന്നില്ല. പല അപകടങ്ങളിലും അക്രമങ്ങളിലും അതിക്രമങ്ങളിലും പെൺജീവിതങ്ങൾ പൊലിയുന്നത് നാം കാണാറുണ്ട്. എന്നാൽ,  വംശീയതയുടെ പേരിൽ മലയാളി പെൺകുട്ടി ആത്മഹത്യ ചെയ്യേണ്ടിവന്നുവെന്ന വാർത്ത ആദ്യത്തേതും അവസാനത്തേതുമാകട്ടെ.

ഉന്നത സർവകലാശാലകളിൽ ജാതി, മതം, ലിംഗം, ഭക്ഷണം, വസ്ത്രധാരണം എന്നിവയൊക്കെ അടിസ്ഥാനമാക്കി വിവേചനങ്ങൾ നിലനിൽക്കുന്നുവെന്നത് ആരോപണങ്ങളല്ല മറിച്ച് യാഥാർഥ്യമാണ് എന്നതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് ഫാത്തിമ ലത്തീഫ്. അവളെ ക്യാമ്പസിൽ വംശീയ അധിക്ഷേപത്തിനും മാനസിക പീഡനത്തിനും ഇ രയാക്കിയതും ആ പേര് തന്നെയാണ്. അവളുടെ അധ്യാപകൻ വിളിക്കാൻ ഇഷ്ടപ്പെടാത്ത ആ പേര് മാറ്റാനും അവൾ ആലോചിച്ചിരുന്നുവെന്ന് രക്ഷിതാക്കൾ പറയുന്നു. പേര് ഒരാളെ തിരിച്ചറിയാനുള്ള ഒരു വാക്ക് മാത്രമല്ല, മറ്റു പലതുമാണ്. വംശീയവും ജാതീയവുമായ വിഭജനങ്ങൾ കലാലയങ്ങളിൽ ഇപ്പോഴും നിലനിൽക്കുന്നു എന്നതിലേക്കാണ് ഇവ വിരൽച്ചൂണ്ടുന്നത്.

ഒരു പേര് ഇത്രമേൽ അപകടകരമാകുന്ന ഒരു രാജ്യത്താണ് ഞാനും ജീവിക്കുന്നതെന്ന ഭയം  ന്യൂനപക്ഷങ്ങളിൽ ഉണ്ടാക്കിയിട്ടുണ്ട്. ഫാത്തിമയുടെ മരണം ആത്മഹത്യ എന്ന് പറഞ്ഞുകൂടാ. അത് ‘ഇൻസ്‌റ്റിറ്റ്യൂഷണൽ മർഡർ’ എന്നതാണ്‌ സത്യം. ഹൈദരാബാദ് സർവകലാശാലയിലെ രോഹിത് വെമുലയെ ഇല്ലാതാക്കിയ അതേ പ്രത്യയശാസ്ത്രബോധവും അതുപേറുന്ന ദുരഭിമാനവുമാണ് ഇവിടെ ആവർത്തിക്കപ്പെടുന്നത്. ദളിത് സമൂഹത്തിൽ ജനിച്ചതുകൊണ്ടുമാത്രം വേട്ടയാടപ്പെട്ടയാളാണ് രോഹിത് വെമുല. ഫാത്തിമയുടെ വിഷയത്തിലും സംഭവിച്ചത് അതേ മനഃശാസ്‌ത്രമാണ്. വെറുപ്പിന്റെ മനഃശാസ്‌ത്രം. ആ പെൺകുട്ടി തന്റെ പേര് മദ്രാസ്‌ ഐഐടിയിൽ വലിയ പ്രശ്നമാണെന്ന് തിരിച്ചറിഞ്ഞിരുന്നു. മതത്തിന്റെ പേരിൽ അവഗണിക്കപ്പെടാതിരിക്കാൻ, വിവേചനം അനുവദിക്കാതിരിക്കാൻ തലയിലൊരു ഷാൾ ഇടാൻപോലും അവൾ ഭയന്നിരുന്നു. വർഗീയതയും ജാതിചിന്തയും തലയ്‌ക്കുപിടിച്ചാൽ എത്ര ഉന്നത വിദ്യാഭ്യാസമുണ്ടായിട്ടും കാര്യമില്ലെന്ന് തെളിയിക്കുകയാണ് ഈ അധ്യാപകർ.


 

ഭയംകാരണം മകൾ ശിരോവസ്ത്രംപോലും ധരിക്കാറില്ലായിരുന്നെന്ന ഫാത്തിമയുടെ മാതാവ് സജിതയുടെ വാക്കുകൾ കണ്ണീരിന്റെ പുളിയുള്ളതാണ്. ‘എന്റെ മകളുടെ പേര് ഫാത്തിമയെന്നായിപ്പോയി. രാജ്യത്തെ അവസ്ഥകാരണം വസ്ത്രധാരണത്തിൽ മാറ്റംവരുത്തി. ഭയം കൊണ്ടുതന്നെയാണ് ബനാറസ് സർവകലാശാലയിൽ അയക്കാത്തത്. കേരളത്തിനോട് തൊട്ടടുത്ത തമിഴ്നാട്ടിൽ ഇങ്ങനെയൊരു അവസ്ഥ അവൾക്ക് നേരിടേണ്ടിവരുമെന്ന് കരുതിയില്ല. ഐഐടിയിലെ അധ്യാപകനായ സുദർശൻ പദ്മനാഭന്റെ മാനസികപീഡനമാണ് മകളുടെ മരണത്തിലേക്ക് നയിച്ചത്.'

ഒരു വിദ്യാർഥിക്ക് താൻ മതത്തിന്റെ പേരിൽ വിവേചനം നേരിടുന്നു എന്ന തോന്നൽ ഉണ്ടാകുന്നതുതന്നെ ആ സ്ഥാപനത്തിന്റെ പരാജയമാണ്. അങ്ങനെ ഒരു വിവേചനമനോഭാവമുള്ള അധ്യാപകൻ ഉണ്ടെങ്കിൽ അയാളെ തിരുത്താൻ ആവശ്യമായ നിയന്ത്രണ സംവിധാനങ്ങൾ ഇല്ലാത്തതും ആ സ്ഥാപനത്തിന്റെ കഴിവുകേടാണ്.

ജാതീയവർഗീയ പീഡനങ്ങൾ നിമിത്തം നിരവധി ദളിത് –- മുസ്ലിം വിദ്യാർഥികൾ ഐഐടി, ഐഐഎം അടക്കമുള്ള ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ആത്മഹത്യ ചെയ്‌തിട്ടുണ്ട്. ദി ഡെത്ത് ഓഫ് മെറിറ്റ് എന്ന പേരിൽ ഒരു വീഡിയോ സീരീസ് തന്നെ ഈ വിഷയത്തിൽ പുറത്തുവന്നിട്ടുണ്ട്. വിവേചനം നേരിടുന്നു എന്ന് ഒരു വിദ്യാർഥിക്ക് തോന്നിയാൽ പരാതിപ്പെടാൻ കൃത്യമായ സംവിധാനം ഉണ്ടായിരിക്കണം. അധ്യാപകരുടെ മാനസികപീഡനംമൂലമാണ് പെൺകുട്ടി ജീവനൊടുക്കിയതെന്ന് കുടുംബം സാക്ഷ്യപ്പെടുത്തുന്നു. തന്റെ മരണത്തിനുകാരണം അധ്യാപകനായ സുദർശൻ പത്മനാഭനാണെന്ന് പെൺകുട്ടി ആത്മഹത്യാ കുറിപ്പിൽ വ്യക്തമാക്കിയതാണ്.  ഇന്റേണൽ മാർക്ക് കുറച്ചതിൽ പരാതിപ്പെട്ടതിനു പിന്നാലെയാണ്‌ ഫാത്തിമയ്‌ക്കുനേരെ കടുത്ത അവഗണനയുണ്ടായത്.

ഹ്യൂമാനിറ്റീസ് ആൻഡ് സോഷ്യൽ സയൻസസ് എൻട്രൻസിൽ അഖിലേന്ത്യാ തലത്തിൽ ഒന്നാം റാങ്കോടെയായിരുന്നു ഫാത്തിമയുടെ ഐഐടി പ്രവേശനം. അഞ്ച് മാസംമുമ്പ് ഫാത്തിമയുടെ വീട് റാങ്കിന്റെ ആഹ്ലാദത്തിലായിരുന്നു. കൊച്ചുമിടുക്കി നാടിന്റെ അഭിമാനമായിരുന്നു. പക്ഷേ, അധികസമയം വേണ്ടിവന്നില്ല, ദുഃഖം തളംകെട്ടാൻ. വലിയ സന്തോഷങ്ങളെയാണ് വംശവെറിക്കാർ കണ്ണീർക്കടലാക്കിയത്.

രാജ്യത്ത് നിലനിൽക്കുന്ന, പേടിപ്പെടുത്തുന്ന വിവേചനത്തിന്റെ ഇരയാണ് ഫാത്തിമ. തെളിവുകളിൽനിന്ന്‌ അങ്ങനെയാണ് വായിച്ചെടുക്കാൻ കഴിയുന്നത്. ഏതായാലും പഴുതടച്ച അന്വേഷണത്തിലൂടെ സത്യം തെളിയിക്കണം.

ഫാത്തിമ ലത്തീഫ് എന്ന പേരുകാരി സ്ഥിരമായി ഒന്നാംസ്ഥാനത്ത് എത്തുന്നത് ഐഐടിയിലെ ചില അധ്യാപകർക്ക് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു. ഹ്യൂമാനിറ്റീസ് അധ്യാപകനായ സുദർശൻ പത്മനാഭൻ വിദ്യാർഥികളെ കരയിപ്പിക്കുന്നതായി മകൾ പറഞ്ഞിരുന്നുവെന്നും രാത്രി ഒമ്പത് മണിയാവുമ്പോൾ എന്നും മെസ് ഹാളിൽ ഇരുന്ന്‌ മകൾ കരയുമായിരുന്നു തുടങ്ങിയ ഒരു പിതാവിന്റെ മനസ്സ് തട്ടിയുള്ള വിലാപങ്ങൾ നീതിപീഠങ്ങളുടെ കണ്ണ് തുറപ്പിക്കാതിരിക്കില്ല എന്ന് നമുക്ക് വിശ്വസിക്കാം.

വ്യക്തമായി മരണത്തിന് കാരണമായവരെ ചൂണ്ടിക്കാട്ടിയാണ് ആ കുട്ടി മരണത്തിലേക്ക് നടന്നുനീങ്ങിയത്. വംശീയവിവേചനം നേരിടുന്നു എന്നു സ്ഥാപിക്കാൻ സ്വന്തം ജീവൻതന്നെ തെളിവായി സമർപ്പിക്കേണ്ടിവന്ന ഒരു കുട്ടിയുടെ വാക്കുകളെ നിസ്സാരമായി കാണരുത്. രാജ്യത്ത് നിലനിൽക്കുന്ന, പേടിപ്പെടുത്തുന്ന വിവേചനത്തിന്റെ ഇരയാണ് ഫാത്തിമ. തെളിവുകളിൽനിന്ന്‌ അങ്ങനെയാണ് വായിച്ചെടുക്കാൻ കഴിയുന്നത്. ഏതായാലും പഴുതടച്ച അന്വേഷണത്തിലൂടെ സത്യം തെളിയിക്കണം.

ക്യാമ്പസുകളുടെ അരാഷ്ട്രീയവൽക്കരണത്തിന്റെ ഒരു അപകടമാണ് ഫാത്തിമയുടെ മരണത്തിൽക്കൂടി ചൂണ്ടിക്കാണിക്കപ്പെടുന്നത്. ഇവിടെ വർഗീയശക്തികളുടെ അധികാരത്തിന്റെ തണലിൽ ഇന്ത്യൻ ക്യാമ്പസിൽ നിറയുന്ന അരാഷ്ട്രീയത്തിന്റെയും വംശീയവിദ്വേഷത്തിന്റെയും ഇരയാണ് അവൾ. കൈകഴുകാൻ ബ്രാഹ്മണർക്കും അബ്രാഹ്മണർക്കും വെവ്വേറെ ഇടങ്ങൾ ഉണ്ടാക്കിയ സ്ഥാപനമാണ് മദ്രാസ് ഐഐടിയെന്ന് മുമ്പ് വായിച്ചതോർക്കുന്നു. ഐഐടി ഉണ്ടായിട്ട് എഴുപതോളം വർഷം പിന്നിട്ടെങ്കിലും ഇതുവരെ ഒരൊറ്റ അബ്രാഹ്മണൻപോലും ഡയറക്ടർ പദവിയിൽ എത്തിയിട്ടില്ല എന്ന ആക്ഷേപവും പരിശോധിക്കപ്പെടേണ്ടതാണ്.

ആദ്യത്തെ വർഗവിവേചനത്തിന്റെ ഇര ഏകലവ്യനായിരുന്നു. അർജുനനെക്കാളും അസ്ത്രവിദ്യയിൽ സമർഥനായിത്തീർന്നു എന്ന ഒറ്റക്കാരണംകൊണ്ട് നിഷാദനായ ഏകലവ്യനെ രാജഗുരുവായ ദ്രോണർ, തകർത്തുകളഞ്ഞത് പെരുവിരൽ ദക്ഷിണ വാങ്ങിക്കൊണ്ടായിരുന്നു. ഉന്നതകുല ജാതനായ അർജുനനേക്കാൾ കേമനായി ഒരു ശൂദ്രൻ അഭ്യാസമികവ്‌ പുലർത്തുന്നതിൽ അസൂയപൂണ്ട ആ വിവേചനഭീകരതയുടെ പ്രേതം നമ്മുടെ ക്യാമ്പസുകളിൽ ഇപ്പോഴും ഉണ്ട്.

ദളിത്, പിന്നോക്ക സമൂഹത്തിനോട് കൂലിയില്ലാത്ത വേല ചെയ്യരുത് എന്നാവശ്യപ്പെട്ട്, ഒരുമിച്ച് ഭക്ഷണം കഴിക്കണം, മേൽജാതിക്കാരന് തലപ്പാവ് ധരിക്കാമെങ്കിൽ മനുഷ്യർക്കാർക്കും ആകാം എന്നുപറഞ്ഞ അയ്യാ വൈകുണ്ഠ സ്വാമിയുടെ നാട്ടിൽ, ദ്രാവിഡ മുന്നേറ്റത്തിന് വഴിതെളിച്ച ജസ്റ്റിസ് പാർടി നടേശ മുതലിയാരുടെയും ത്യാഗരായ ചെട്ടിയുടെയും കർമഭൂമിയിൽ ഫാത്തിമ ലത്തീഫ് എന്ന പെൺകുട്ടിക്ക് നീതി ലഭിക്കാതെ പോകരുത്.

(സംസ്ഥാന വനിതാ കമീഷൻ അംഗമാണ് ലേഖിക)


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


പ്രധാന വാർത്തകൾ
 Top