04 December Friday

സിബിഐ: പൊതുസമ്മതം പിൻവലിക്കുമ്പോൾ

ബാബു പ്രകാശ്‌ വി കെUpdated: Thursday Oct 29, 2020


സംസ്ഥാനത്ത് നടക്കുന്ന കുറ്റകൃത്യങ്ങൾ അന്വേഷിക്കുന്നതിന് സിബിഐയെ ചുമതലപ്പെടുത്തുന്നതിന് സംസ്ഥാനം നൽകുന്ന പൊതുസമ്മതം പിൻവലിക്കാൻ കേരള സർക്കാർ ഉദ്ദേശിക്കുന്നതായി വാർത്ത കണ്ടു.  കേന്ദ്രസർക്കാരിന്റെ രാഷ്ട്രീയകക്ഷി ഭരിക്കാത്ത സംസ്ഥാനങ്ങളിൽ രാഷ്ട്രീയ ആയുധമായി  കേന്ദ്രം സിബിഐയെ ഉപയോഗിക്കുന്നു എന്നു ചൂണ്ടിക്കാട്ടി പശ്ചിമ ബംഗാൾ, മഹാരാഷ്ട്ര, ആന്ധ്രപ്രദേശ്, രാജസ്ഥാൻ തുടങ്ങിയ സംസ്ഥാനങ്ങൾ പൊതുസമ്മതം പിൻവലിച്ചു. ഭരണഘടനയുടെ അനുച്ഛേദം 246 പ്രകാരം ലിസ്റ്റ് 2 ൽ വരുന്ന വിഭാഗങ്ങളെ സംബന്ധിച്ച് അധികാരം സംസ്ഥാനങ്ങൾക്കാണ്. പ്രസ്തുത ലിസ്റ്റിൽ ഒന്നും രണ്ടും വിഭാഗങ്ങളിൽ വരുന്നത്‌ ക്രമസമാധാനം, പൊലീസ് എന്നിവയാണ്. അതിൽ പൊലീസ് എന്നത് കേന്ദ്ര പൊലീസിനെ സംസ്ഥാനത്ത് ചില കാര്യങ്ങളിൽ വിന്യസിക്കുമ്പോൾ മാത്രം കേന്ദ്ര സർക്കാരിന് കേന്ദ്ര പൊലീസിനുമേൽ സിവിൽ അധികാരം ഉണ്ടാകുന്നതാണ്. അല്ലാതെയുള്ള ക്രമസമാധാന ചുമതല മുഴുവൻ സംസ്ഥാന പൊലീസിനാണ്. കുറ്റകൃത്യങ്ങൾ അന്വേഷിക്കുന്നതിന് സംസ്ഥാന പൊലീസിനാണ് അധികാരം. ഇതിനായാണ് കേരള പൊലീസ് നിയമം പാസാക്കിയിട്ടുള്ളത്.

1941ലെ സ്പെഷ്യൽ പൊലീസ് എസ്റ്റാബ്ലിഷ്‌മെന്റ് നോട്ടിഫിക്കേഷനിലൂടെയാണ് സിബിഐ നിലവിൽ വന്നത്. രണ്ടാം ലോക യുദ്ധക്കാലത്ത് വിതരണം ചെയ്ത സാധനങ്ങളിൽ അഴിമതി ആരോപിക്കപ്പെട്ടത് അന്വേഷിക്കുന്നതിനാണ്  വിജ്ഞാപനം പുറപ്പെടുവിച്ച് സിബിഐ സ്ഥാപിതമായത്. പിന്നീട് 1946ൽ ഈ വിജ്ഞാപനം ഡൽഹി എസ്റ്റാബ്ലിഷ്‌മെന്റ് ആക്ട് എന്ന നിയമമാക്കി മാറ്റി. 1963ൽ കേന്ദ്ര സർക്കാരിന്റെ മറ്റൊരു വിജ്ഞാപനത്തിലൂടെ സിബിഐയുടെ അധികാരം വർധിച്ചു. അക്കാലത്ത്  കേന്ദ്ര സർക്കാർ ജീവനക്കാരുടെയും പൊതുസേവകരുടെയും അഴിമതി അന്വേഷിക്കുന്നതിനായിരുന്നു അധികാരം. പിന്നീട്, പൊതുമേഖലാ സ്ഥാപനങ്ങൾ നിലവിൽ വന്നപ്പോൾ അവയും അവയിലെ ജീവനക്കാരുടെയും അഴിമതി അന്വേഷിക്കുന്നതിന് അധികാരം നൽകി. പിന്നീട്, 1969ൽ ബാങ്ക് ദേശസാൽക്കരണം വന്നപ്പോൾ, അത്തരം ബാങ്കുകളും അവയുടെ ജീവനക്കാരും സിബിഐയുടെ അന്വേഷണപരിധിയിലായി. 1965ൽ കേന്ദ്ര നിയമങ്ങളുടെ കീഴിൽ വരുന്ന സാമ്പത്തികത്തട്ടിപ്പു കേസുകളും അന്വേഷിക്കാൻ തുടങ്ങി.

സിബിഐ അന്വേഷണം എങ്ങനെ?
കേന്ദ്ര ഭരണപ്രദേശങ്ങളിൽ പ്രവർത്തിക്കുന്ന കേന്ദ്ര, പൊതുമേഖല, ദേശസാൽക്കൃത ബാങ്കുകൾ എന്നിവയും അവയിലെ ജീവനക്കാർ നടത്തുന്ന അഴിമതിയും സാമ്പത്തികത്തട്ടിപ്പും സംബന്ധിച്ച കേസുകൾ സിബിഐക്ക് നേരിട്ട് അന്വേഷിക്കാവുന്നതാണ്. സംസ്ഥാനത്ത് കേന്ദ്ര നിയമങ്ങളുടെ ലംഘനത്തിലൂടെ കേന്ദ്ര, പൊതുമേഖലാ, ദേശസാൽക്കൃത ബാങ്കുകൾ അഴിമതിയും  സാമ്പത്തികത്തട്ടിപ്പും നടത്തിയാൽ സിബിഐക്ക് നേരിട്ട് കേസെടുക്കാവുന്നതാണ്.


 

ഭീകരപ്രവർത്തനം, ബോംബുസ്ഫോടനം തുടങ്ങിയ ദേശീയ സുരക്ഷയെ ബാധിക്കുന്ന വിഷയങ്ങളിലും നേരിട്ട് അന്വേഷിക്കാം.
എന്നാൽ, സംസ്ഥാന പൊലീസ് അന്വേഷിക്കുന്ന കുറ്റകൃത്യങ്ങളിൽ സിബിഐ അന്വേഷണം വേണമെന്നുണ്ടെങ്കിൽ സംസ്ഥാനത്തിന്റ സമ്മതത്തോടെ മാത്രമേ നടത്താനാകൂ. ഇതിനായി സംസ്ഥാനം പൊതുസമ്മതം നൽകേണ്ടതാണ്. സമ്മതം നിഷേധിച്ചാൽ  അന്വേഷിക്കാൻ കഴിയില്ല. സംസ്ഥാനങ്ങളുടെ സമ്മതമെന്നത് നിയമത്തിലെ വൃവസ്ഥയാണ്. അതിനാൽ സമ്മതം നൽകാനും വിസമ്മതിക്കാനും അവകാശമുള്ളതായി ജനറൽ ക്ലോസസ്‌ ആക്ട് നിയമം വകുപ്പ് 21 പറയുന്നു. പൊതുസമ്മതം നൽകുന്നില്ലെന്ന തീരുമാനം പക്ഷേ, നിലവിൽ സിബിഐ അന്വേഷിക്കുന്ന കേസുകളുടെ അന്വേഷണത്തെ ബാധിക്കില്ല. അന്വേഷണമെന്നത് ക്രിമിനൽ നടപടി നിയമത്തിൽ പ്രഥമവിവര റിപ്പോർട്ട് തയ്യാറാക്കി തെളിവുകൾ ശേഖരിച്ച് അന്തിമ കുറ്റപത്രം സമർപ്പിക്കുന്നതുവരെയാണ്. അതിനാൽ, ഒരിക്കൽ സമ്മതം നൽകിയാൽ അത് അന്തിമ റിപ്പോർട്ട് സമർപ്പിക്കുന്നതുവരെ തുടരും. മാത്രവുമല്ല, മുൻകാല പ്രാബല്യത്തിൽ ഇത്തരം നടപടികൾ സ്വീകരിക്കരുതെന്ന് സുപ്രീംകോടതി ചില കേസിൽ വൃക്തമാക്കിയിട്ടുണ്ട്‌.

സമ്മതം നിഷേധിച്ചാൽ ഹൈക്കോടതിയെയോ, സുപ്രീംകോടതിയെയോ സമീപിച്ച് സിബിഐ അന്വേഷണം ആവശ്യപ്പെടാവുന്നതാണ്. അപ്രകാരം കോടതി നിർദേശിച്ചാൽ സിബിഐക്ക് അന്വേഷിക്കാവുന്നതാണ്. സംസ്ഥാനത്തിന്റ സമ്മതം ആവശ്യമില്ല. ആരെങ്കിലും കോടതിയെ സമീപിച്ചാൽ കോടതിക്ക് വേണമെങ്കിൽ സംസ്ഥാന പൊലീസന്വേഷണത്തിനുമേൽ സിബിഐ അന്വേഷണത്തിന് ഉത്തരവിടാവുന്നതാണ്.

(നിയമസഭാ മുൻ സെക്രട്ടറിയാണ്‌ ലേഖകൻ)


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top