22 February Friday

പകര്‍ച്ചവ്യാധി: കരുതൽ വേണം

കെ കെ ശൈലജUpdated: Tuesday Aug 28, 2018

 രുനൂറ്റാണ്ടിൽ കണ്ടതിൽ ഏറ്റവും വലിയ പ്രളയദുരന്തത്തിനാണ് കേരളം സാക്ഷ്യംവഹിച്ചത്. വിവിധ വിഭാഗങ്ങളുടെ ഏകോപിച്ചുള്ള പ്രവർത്തനം പ്രമമാലിന്യക്കൂമ്പാരങ്ങളും മൃഗങ്ങളുടെ ജഡങ്ങളുമെല്ലാം ഗുരുതര ആരോഗ്യപ്രശ്‌നങ്ങളിലേക്കാണ് വിരൽ ചൂണ്ടുന്നത്. ഈയൊരവസ്ഥയിലാണ് ആരോഗ്യവകുപ്പ് പ്രധാന റോളിലേക്ക‌് ഉയരുന്നത്.

പകർച്ചവ്യാധി നിയന്ത്രണത്തിനും പ്രതിരോധത്തിനുമായി ആരോഗ്യജാഗ്രത എന്ന പേരിൽ സമഗ്രമായ ഒരു കർമപദ്ധതി ഈവർഷം ജനുവരിമുതൽ സർക്കാർ ആവിഷ്‌കരിച്ച് നടപ്പാക്കിവരുന്നു. മഴക്കാലപൂർവ പരിപാടിക്കുപകരം ഒരുവർഷം നീണ്ടുനിൽക്കുന്ന സമഗ്രവും തീവ്രവുമായ കാര്യപരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. രോഗസാധ്യത ഏറ്റവും കൂടിയ മേഖലകളിൽ ആരോഗ്യപ്രവർത്തകർ ആഴ്ചയിലൊരിക്കൽ സന്ദർശനം നടത്തി പ്രതിരോധ‐നിയന്ത്രണ പ്രവർത്തനങ്ങൾ ജനപങ്കാളിത്തത്തോടെ നടത്തിവരികയാണ്.
ഈയൊരു പ്രവർത്തനം ഫലംകാണുകതന്നെ ചെയ്തു. കഴിഞ്ഞ സീസണിലെ മഴക്കാലത്ത് പകർച്ചവ്യാധികളെ ഫലപ്രദമായി നിയന്ത്രിക്കാൻ കഴിഞ്ഞു. ഇങ്ങനെ വ്യക്തമായി ആസൂത്രണംചെയ‌്ത‌് ആരോഗ്യവകുപ്പ് മുന്നോട്ടുപോകുന്ന സമയത്താണ് സംസ്ഥാനമാകെ പ്രളയത്തിലാകുകയും മാലിന്യം കുന്നുകൂടുകയും ലക്ഷക്കണക്കിനാളുകൾ ക്യാമ്പിൽ അഭയംപ്രാപിക്കുകയും ചെയ്തത്.
ഈ ആളുകൾ ക്യാമ്പുകളിലുള്ളപ്പോഴും അത് കഴിഞ്ഞ് അവർ സ്വന്തം വീട്ടിലേക്ക് പോകുമ്പോഴും വളരെ ശ്രദ്ധിച്ചില്ലെങ്കിൽ പകർച്ചവ്യാധി ഉണ്ടാകുകതന്നെ ചെയ്യും. മാത്രമല്ല, ക്യാമ്പിലുള്ള നിരവധി ആളുകൾ ഗുരുതരരോഗത്തിന് മരുന്ന് കഴിക്കുന്നവരുമാണ്. പലരുടെയും ചികിത്സാരേഖകളും നഷ്ടമായി. കിണറുകൾ മാലിന്യം നിറഞ്ഞതാണ്. ചത്ത മൃഗങ്ങളുടെ അവശിഷ്ടങ്ങളിലൂടെയുണ്ടാകുന്ന അണുബാധ വേറെ. അങ്ങനെ നിരവധി സ്ഥലത്താണ് ആരോഗ്യവകുപ്പിന്റെ ഇടപെടൽ വേണ്ടിവന്നിരിക്കുന്നത്.

രക്ഷാപ്രവർത്തനം പൂർത്തിയായതോടെ വിവിധ വിഭാഗങ്ങളെ ഏകോപിപ്പിച്ച് പകർച്ചവ്യാധി പ്രതിരോധപ്രവർത്തനങ്ങൾ ശക്തിപ്പെടുത്തി. ഇതിന്റെ ഭാഗമായി വലിയ ക്യാമ്പയിനാണ് സംഘടിപ്പിച്ചുവരുന്നത്. വരുന്ന 30 ദിവസത്തേക്കുള്ള പദ്ധതികളാണ് ആരോഗ്യവകുപ്പ് തയ്യാറാക്കിയിരിക്കുന്നത്. ഇതിന്റെ ഭാഗമായി ആരോഗ്യവകുപ്പ് ഡയറക്ടറേറ്റിലും ജില്ലാതലത്തിലും കൺട്രോൾ റൂമും കോൾ സെന്ററും പ്രവർത്തിച്ചുതുടങ്ങി. വിവിധ മെഡിക്കൽ ക്യാമ്പുകളുടെ പ്രവർത്തനം ഏകോപിപ്പിക്കുന്നതിനും പകർച്ചവ്യാധികൾ ഫലപ്രദമായി പ്രതിരോധിക്കുന്നതിനും വേണ്ടിയാണ് സ്റ്റേറ്റ് കൺട്രോൾ (18001231454) റൂം തുറന്നത്.

സംസ്ഥാനത്തെ മുഴുവൻ മെഡിക്കൽ ക്യാമ്പുകളിലെയും ഏകോപനം നടക്കുന്നത് ഇവിടെയാണ്. ക്യാമ്പുകളിലുണ്ടാകുന്ന പ്രശ്‌നങ്ങൾ, ജീവനക്കാരുടെ കുറവ്, മരുന്നുകളുടെ കുറവ് എന്നിവ കൺട്രോൾ റൂമിൽ ലഭിച്ചാലുടൻതന്നെ സത്വരനടപടികളെടുക്കാൻ പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്. ഇതുകൂടാതെ വാട്‌സാപ്, ഫെയ‌്സ്ബുക്ക്, ദൃശ്യ, ശ്രാവ്യ, പത്ര മാധ്യമങ്ങളിൽ വരുന്ന ആരോഗ്യത്തെ സംബന്ധിച്ചുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിലും സത്വരനടപടികളെടുക്കുന്നതാണ്. ദുരിതമനുഭവിക്കുന്ന സ്ഥലങ്ങളിലെ പൊതുജനങ്ങൾക്കും ചികിത്സാസൗകര്യങ്ങൾക്കായി ഈ നമ്പരിലേക്ക് വിളിക്കാവുന്നതാണ്. ആംബുലൻസ് ഉൾപ്പെടെയുള്ള സേവനം ലഭ്യമാക്കാൻ നടപടികളെടുക്കുന്നതാണ്. ഇതോടൊപ്പം ആരോഗ്യസംബന്ധമായ സംശയങ്ങളും ചോദിക്കാവുന്നതാണ്.

ആരോഗ്യവകുപ്പിന്റെ സംസ്ഥാനത്തെ മുഴുവൻ പ്രവർത്തനങ്ങളും ഏകോപിപ്പിക്കുന്നതിനായി ആരോഗ്യമന്ത്രിയുടെ ഓഫീസിലും 24 മണിക്കൂറും പ്രവർത്തിക്കുന്ന പ്രത്യേക കൺട്രോൾ റൂം (1800 425 1077) തുറന്നു. വിവിധ ക്യാമ്പുകളിലുണ്ടാകുന്ന പ്രശ്‌നങ്ങൾ, ജീവനക്കാരുടെ കുറവ്, മരുന്നുകളുടെ കുറവ്, പകർച്ചവ്യാധികളുടെ സൂചന എന്നിവ കൺട്രോൾ റൂമിൽ വിളിച്ചറിയിക്കാവുന്നതാണ്.

ജില്ലകളെ മൂന്നായി തരംതിരിച്ചാണ് ആരോഗ്യവകുപ്പ് പ്രവർത്തനം ഏകോപിപ്പിക്കുന്നത്. ചില ജില്ലകളിൽ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. വെള്ളപ്പൊക്കം ഏറ്റവും കൂടുതലായി ബാധിച്ച എട്ടു ജില്ലകളാണുള്ളത്. വയനാട്, പത്തനംതിട്ട, ഇടുക്കി, ആലപ്പുഴ, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം എന്നിവയാണവ. കോഴിക്കോട്, കോട്ടയം, കണ്ണൂർ എന്നീ ജില്ലകളെ ഭാഗികമായി വെള്ളപ്പൊക്കം ബാധിച്ച ജില്ലകളായും തിരുവനന്തപുരം, കൊല്ലം, കാസർകോട‌് എന്നീ ജില്ലകളെ കുറഞ്ഞതോതിൽ വെള്ളപ്പൊക്കം ബാധിച്ച ജില്ലകളായും തരംതിരിച്ചിട്ടുണ്ട്. ഇവയുടെ പ്രവർത്തനങ്ങൾക്ക് പ്രത്യേകം നോഡൽ ഓഫീസർമാരെയും നിയമിച്ചിട്ടുണ്ട്.

തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുമായി സഹകരിച്ച് മാലിന്യനിർമാർജനം ദ്രുതഗതിയിൽ സാധ്യമാക്കിവരുന്നു. ഇതിന് നേതൃത്വം നൽകാൻ ആരോഗ്യവകുപ്പിലെ ജീവനക്കാരെ നിയോഗിച്ചിട്ടുണ്ട്. കക്കൂസ് മാലിന്യം, മൃഗങ്ങളുടെ ശവശരീരങ്ങൾ തുടങ്ങിയവ ശേഖരിച്ച് നിർമാർജനം ചെയ്യുക എന്നിവയുൾപ്പെടെ കൃത്യമായ തയ്യാറെടുപ്പ് നടത്തിയിട്ടുണ്ട്. വെള്ളം കയറിയ സ്ഥലങ്ങളിലെ കിണറുകൾ ക്ലോറിനേറ്റ് ചെയ്തുവരുന്നു. ജലജന്യരോഗങ്ങൾ ഉണ്ടാകാതിരിക്കാൻ പ്രത്യേക മുൻകരുതലുകളാണെടുത്തത്. ഇതിനായി ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർമാരെ നിയമിച്ചിട്ടുണ്ട്. മാലിന്യനിർമാർജന പ്രവർത്തനങ്ങൾക്ക് ഐസിഡിഎസ് ജീവനക്കാരുടെയും അങ്കണവാടി പ്രവർത്തകരുടെയും സേവനവും ലഭ്യമാക്കിയിട്ടുണ്ട്.

ക്യാമ്പിൽ കഴിയുന്നവരുടെ ആരോഗ്യസ്ഥിതി നിരന്തരം നിരീക്ഷിച്ചുവരുന്നു. ആർക്കെങ്കിലും എന്തെങ്കിലും വലിയ ബുദ്ധിമുട്ടുണ്ടായാൽ ഉടൻ അവരെ ആശുപത്രികളിലെത്തിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. ചിക്കൻപോക്‌സ് തുടങ്ങിയ പകർച്ചവ്യാധിയുള്ളവരെ മാറ്റി പ്രത്യേകമായിരിക്കും ചികിത്സ നൽകുക. എവിടെയെങ്കിലും പകർച്ചവ്യാധികളുടെ ലക്ഷണം കണ്ടാൽ ഉടൻ റിപ്പോർട്ട് ചെയ്യാനും നിർദേശം നൽകിയിട്ടുണ്ട്. ഇതിനുവേണ്ടി താലൂക്കുതലംമുതലുള്ള ആശുപത്രികളിൽ ഐസൊലേഷൻ വാർഡ് സജ്ജീകരിച്ചിട്ടുണ്ട്.
ആവശ്യത്തിലധികം മരുന്ന് സ്റ്റോക്ക് ചെയ്തിട്ടുണ്ട്. പ്രളയദുരന്തത്തെതുടർന്ന് ദുരിതം അനുഭവിക്കുന്നവർക്ക് ഒരുമാസത്തെ സൗജന്യ മരുന്നുകൾ നൽകാൻ സർക്കാർ തീരുമാനിച്ചിട്ടുണ്ട്. ക്യാമ്പുകളിലുള്ളവർക്കും ക്യാമ്പുകളിൽനിന്ന് വീടുകളിലേക്ക് മടങ്ങിയവർക്കുമാണ് അവർക്കാവശ്യമായ മരുന്നുകൾ നൽകുന്നത്.

കെഎംഎസ്‌സിഎൽ വലിയ അളവിൽ മരുന്നുകൾ സ്റ്റോക്ക് ചെയ്തതുകൊണ്ടാണ് മരുന്നുകളുടെ ക്ഷാമം ഒഴിവായത്. ഇതുകൂടാതെ പല മേഖലകളിൽനിന്നും മരുന്നുകൾ ലഭിക്കുന്നുണ്ട്. ഏതെങ്കിലും ക്യാമ്പുകളിൽ മരുന്നുകളുടെ കുറവുണ്ടെങ്കിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥരെയോ കൺട്രോൾ റൂമിലോ വിവരം അറിയിച്ചാൽ എത്രയുംവേഗം മരുന്നുകൾ ലഭ്യമാക്കുന്നതാണ്. പതിനായിരക്കണക്കിന് ആൾക്കാർ ക്യാമ്പിലുള്ളതിനാൽ മരുന്നിന് കുറവുണ്ടെന്ന് ബോധ്യമായാൽ മറ്റ് സംസ്ഥാനങ്ങൾ സഹായിക്കാമെന്ന‌് ഏറ്റിട്ടുണ്ട്. ഏതെങ്കിലും ഭാഗത്ത് മരുന്നിന്റെയോ ഡോക്ടർമാരുടെയോ കുറവുണ്ടായാൽ കൺട്രോൾ റൂമിൽ വിളിച്ചറിയിച്ചാൽ മതിയാകും.

ക്യാമ്പുകളിൽ പരമാവധി ഡോക്ടർമാരെയും നേഴ്‌സുമാരെയും എത്തിക്കുന്ന ശ്രമത്തിലാണ് ആരോഗ്യവകുപ്പ്. ഐഎംഎ ഉൾപ്പെടെയുള്ള ഡോക്ടർമാരുടെ സംഘടനകളും സ്വകാര്യ ആശുപത്രിയിൽനിന്നുൾപ്പെടെയുള്ള ഡോക്ടർമാരും സേവനത്തിന‌് എത്തിയിട്ടുണ്ട്. മറ്റ് സംസ്ഥാനങ്ങളും സന്നദ്ധത അറിച്ചിയിച്ചിട്ടുണ്ട്. മഹാരാഷ്ട്രയിൽനിന്ന‌് 70 ഡോക്ടർമാരും 20 നേഴ്‌സുമാരും സേവനം നടത്തിവരുന്നു. തമിഴ്‌നാട്, കർണാടക സംസ്ഥാനങ്ങളിൽനിന്നും നിരവധി ടീമുകൾ എത്തിയിട്ടുണ്ട്. ഇതോടൊപ്പം മരുന്നുകളും എത്തിച്ചിട്ടുണ്ട്. കേരളത്തിന് പുറത്തുള്ള ഡോക്ടർമാർ തിരികെ പോയാൽ പകരം സംവിധാനം ഏർപ്പെടുത്തേണ്ടതായി വരുന്നു. അതിനുള്ള ഭാരിച്ച ഉത്തരവാദിത്തംകൂടി ആരോഗ്യവകുപ്പിനുണ്ട്. ഒരുമാസക്കാലത്തേക്ക് അത്തരം താൽക്കാലിക സംവിധാനങ്ങൾ ആവശ്യമായ ഇടങ്ങളിൽ ഒരുക്കാൻ ആലോചിക്കുകയാണ്.

പല പ്രാഥമികാരോഗ്യകേന്ദ്രങ്ങളും വെള്ളം കയറി നശിച്ചിട്ടുണ്ട്. തകർന്ന കേന്ദ്രങ്ങൾക്കുപകരം താൽക്കാലികമായി കണ്ടെത്തിയ സ്ഥലത്ത് ആശുപത്രികൾ പ്രവർത്തിക്കും. ഇതോടൊപ്പം ദുരിതബാധിത പ്രദേശങ്ങളിൽ പ്രാഥമികാരോഗ്യകേന്ദ്രങ്ങളെപ്പോലെ താൽക്കാലിക ആശുപത്രികളും ആരംഭിക്കും. ഇതിനായി 200 കേന്ദ്രങ്ങളാണ് സജ്ജമാകുന്നത്. 30 ദിവസത്തേക്ക‌് പ്രവർത്തിക്കുന്ന ഈ കേന്ദ്രങ്ങളിൽ ആരോഗ്യവകുപ്പിലെ ജീവനക്കാരോടൊപ്പം സന്നദ്ധരായ സ്വകാര്യ ഡോക്ടർമാരെയും ഉൾക്കൊള്ളിക്കും. മഴക്കെടുതികളിൽ തകർന്ന ആശുപത്രികളുടെ കണക്കെടുത്ത് പൂർവസ്ഥിതിയിലേക്ക് കൊണ്ടുവരാൻ ഡാമേജ് അസസ്‌മെന്റ് ടീമിനെ നിയോഗിക്കുന്നതാണ്.
നേരത്തെയുണ്ടായിരുന്ന വാർഡ് സാനിറ്ററി കമ്മിറ്റിയും ആരോഗ്യരക്ഷാസേനയും പുനരുജ്ജീവിപ്പിക്കും. എല്ലാ വീടുകളും സന്ദർശിച്ച് എന്തെങ്കിലും ലക്ഷണങ്ങൾ കണ്ടാൽ അത് ഉടനടി റിപ്പോർട്ട് ചെയ്യുകയും നടപടിയെടുക്കുകയും ചെയ്യും. ഇതോടൊപ്പം ശുദ്ധജലം ഉറപ്പാക്കാൻ ഭക്ഷ്യസുരക്ഷാവിഭാഗവും രംഗത്തുണ്ട്. 1200 ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർമാരെയാണ് താൽക്കാലികമായി ഒരു മാസത്തേക്ക് നിയമിക്കുന്നത്.

പാമ്പുകടിയേൽക്കാൻ സാധ്യതയുള്ളതിനാൽ താലൂക്കാശുപത്രിമുതൽ മുകളിലോട്ടുള്ള ആശുപത്രികളിൽ അതിനുള്ള മരുന്ന് ലഭ്യമാക്കും.
എല്ലാവരും ആരോഗ്യവകുപ്പ് നൽകുന്ന നിർദേശങ്ങൾ പാലിച്ചാൽ വലിയ അളവുവരെ പ്രതിരോധിക്കാനാകുന്നതാണ്. ബോധവൽക്കരണത്തിനായി നിരവധി പരിപാടികളും ആരോഗ്യവകുപ്പ് നടത്തിവരുന്നു.
ആയുർവേദ, ഹോമിയോ വിഭാഗങ്ങളും ക്യാമ്പുകളിൽ യൂണിറ്റ് തുടങ്ങിയിട്ടുണ്ട്. എല്ലാ കുടുംബങ്ങൾക്കും ആയുർവേദ പ്രതിരോധ കിറ്റുകൾ നൽകുന്നതാണ്.

എല്ലാം നഷ്ടപ്പെട്ടവരെ തിരികെ ജീവിതത്തിലേക്ക് കൊണ്ടുവരുന്നതിനായി വ്യാപകമായ കൗൺസലിങ‌് നടത്തേണ്ടതുണ്ട്. ക്യാമ്പുകളിലും വീടുകളിലും കൗൺസലിങ‌് നടത്തുന്നതാണ്. ഇതിനായി ദുരന്തംവിതച്ച പ്രദേശങ്ങളിൽ സാന്ത്വനപ്രവർത്തനങ്ങൾക്കായി വനിത‐ശിശു വികസന വകുപ്പിന്റെ നേതൃത്വത്തിൽ ഏതാണ്ട‌് 3200 പ്രൊഫഷണലുകൾ അടങ്ങുന്ന സാന്ത്വനസംഘം വെള്ളിയാഴ്ചമുതൽ രംഗത്തിറങ്ങി. ക്യാമ്പുകളിൽ കഴിയുന്നവരെ സമാശ്വസിപ്പിക്കുന്നതിനുവേണ്ടി ചെറിയ തോതിലുള്ള കലാപരിപാടികൾകൂടി അവതരിപ്പിച്ചുകൊണ്ടാണ് സമാശ്വാസപരിപാടികൾ നടത്തുന്നത്.‌ ദുരന്തം വിതച്ച സ്ഥലങ്ങളിൽ ഉണ്ടാകാൻ ഇടയുള്ള ആത്മഹത്യകൾ, തീർത്തും ദുർബലരായവർക്കിടയിൽ നടക്കാൻ സാധ്യതയുള്ള മനുഷ്യക്കടത്ത് തുടങ്ങിയവ തടയലും ദുരന്താനന്തര സാന്ത്വനചികിത്സ, നഷ്ടപ്പെട്ട രേഖകൾ പുനഃസംഘടിപ്പിക്കാനുള്ള സഹായം തുടങ്ങിയ കാര്യങ്ങൾ ഈ സാന്ത്വനസംഘം വഴി ഏകോപിപ്പിക്കുകയാണ് ഉദ്ദേശ്യം.
പതിനായിരക്കണക്കിന് ആളുകളെ ഒരുമിച്ച് ചികിത്സിക്കാനുള്ള മാനവവിഭവശേഷി കേരളത്തിനില്ല എന്നത് എല്ലാവർക്കും അറിയാവുന്ന കാര്യമാണ്. എങ്കിലും പോരായ്മകൾ ഉണ്ടായാൽ അപ്പപ്പോൾ പരിഹരിച്ച് മുന്നോട്ടുപോകുന്നതാണ്. പകർച്ചവ്യാധി തടയുന്നതിന് എല്ലാവരും ഒറ്റക്കെട്ടായി ആരോഗ്യവകുപ്പ് നൽകുന്ന നിർദേശങ്ങൾ അനുസരിക്കണം. കേരളത്തെ ബാധിച്ച ഈ പ്രളയദുരന്തത്തിൽനിന്ന‌് നമുക്കൊരുമിച്ച് മുന്നേറാം. സർക്കാർ ഒപ്പമുണ്ട്.

പ്രധാന വാർത്തകൾ
 Top