09 May Sunday

കോവിഡ്‌ 1000 കടക്കുമ്പോൾ - ഡോ. അബേഷ്‌ രഘുവരൻ എഴുതുന്നു

ഡോ. അബേഷ്‌ രഘുവരൻUpdated: Tuesday Jul 28, 2020


ഇതെഴുതുന്നത് കേരളത്തിന്റെ കോവിഡ് വ്യാപനവും പ്രതിരോധവും അതിപ്രധാനമായ ഒരു അവസ്ഥയിൽ നിൽക്കുമ്പോഴാണ്. എല്ലാദിവസവും വൈകിട്ട് ആറിന്‌ കൊറോണ ബാധിതരുടെ എണ്ണം അറിയാൻ  ജിജ്ഞാസയോടെ നമ്മൾ കാത്തിരിക്കുന്നു, നെടുവീർപ്പിടുന്നു. ആയിരമെന്ന സംഖ്യ ചിലത് ഓർമിപ്പിക്കുന്നുണ്ട്. "ജാഗ്രതയാണ്, ഭയമല്ല വേണ്ടത്' എന്ന വാക്കുകൾ തൽക്കാലം മാറ്റിവച്ചു, "ഭയക്കേണ്ടതുണ്ട്' എന്ന സത്യത്തെ ധൈര്യത്തോടെതന്നെ അംഗീകരിക്കേണ്ട പരമപ്രധാനമായ സമയം. ഒറ്റസംഖ്യയിൽ നിന്നാണ് പത്തും നൂറും ആയിരവും കടന്ന് കുതിക്കുന്നത്‌. ക്രമമായി ഉയർന്നിരുന്ന രോഗികളുടെ സംഖ്യ ഇപ്പോൾ ക്രമാതീതമായി ഉയരാൻ തുടങ്ങിയിരിക്കുന്നു. ഇനി  പ്രതീക്ഷിക്കേണ്ടത് അങ്ങേയറ്റം ഗുരുതരമായ സാഹചര്യമാണ്.

ലോകത്ത്‌ കൃത്യമായ ഇടവേളകളിൽ മനുഷ്യരാശി പലവിധ മഹാമാരികളെ അഭിമുഖീകരിച്ചിട്ടുണ്ട്. 1914 മുതൽ 1918 വരെ ഒന്നാം ലോകയുദ്ധത്തിൽ പൊലിഞ്ഞത് 22 ദശലഷം ജീവനുകളാണ്. 1918ൽ സ്പാനിഷ് ഫ്ലൂ കൊന്നതാകട്ടെ 50 മില്യൺ ആളുകളെയും. 1939 മുതൽ 45 വരെയുള്ള രണ്ടാം ലോക മഹായുദ്ധത്തിൽ മരിച്ചുവീണ ആളുകൾ 60 ദശലക്ഷംആണ്. അതുപോലെ, രണ്ടായിരാമാണ്ടിൽ നാം ഒന്നിലേറെ പ്രശ്നങ്ങൾ അഭിമുഖീകരിച്ചു. പ്രളയം, എച്1 എൻ1, നിപാ, കൊറോണ അങ്ങനെയങ്ങനെ. ഇതൊന്നുംതന്നെ ഒഴിവാക്കാൻ കഴിയുമായിരുന്നതുമല്ല. പക്ഷേ, അതിനോട് പ്രതികരിച്ചതിലെ ഏറ്റക്കുറച്ചിലുകളാണ് ഈ അപകടകരമായ അവസ്ഥയിൽ കൊണ്ടെത്തിച്ചിരിക്കുന്നത്. ഇത്തിരിക്കുഞ്ഞനായ ശത്രു നമ്മെ എന്തുചെയ്യാനാണ് എന്ന വ്യർഥചിന്തയാണ് കോവിഡ് വ്യാപനത്തിന്റെ ആദ്യനാളുകളിലെങ്കിൽ ഇന്ന് ശത്രു തന്നെയാണ് ശക്തൻ എന്ന തിരിച്ചറിവിലേക്ക് എത്തി.


 

ഏതൊരു ഭരണകൂടവും ചെയ്യുന്നതിനേക്കാൾ ഇരട്ടിക്കാര്യങ്ങൾ സംസ്ഥാനസർക്കാർ ചെയ്യുന്നുണ്ട് എന്നതിൽ ആർക്കും എതിരഭിപ്രായം ഉണ്ടാകില്ല. ആരോഗ്യപ്രവർത്തകരും പൊലീസുമൊക്കെ നാലഞ്ചുമാസമായി ഊണും ഉറക്കവുമില്ലാതെ പണിയെടുക്കുകയാണ്. പക്ഷേ, ജനങ്ങളുടെ ചില നിഷേധാത്മകമായ സമീപനങ്ങൾ അവരുടെ മനം മടുപ്പിക്കുന്നുണ്ട്. മാസ്കിടാതെ നാട്ടിലിറങ്ങി വിലസുമ്പോഴും കൂട്ടംകൂടി ആഘോഷങ്ങൾ നടത്തുമ്പോഴും അതുകണ്ട്‌ മനസ്സുമടുത്ത ആരോഗ്യപ്രവർത്തകർ, "ഞങ്ങളൊക്കെ എന്തിനാ ഇങ്ങനെ കഷ്ടപ്പെടുന്നത്' എന്ന് അവർ ദയനീയമായി പരസ്പരം ചോദിക്കുന്നുണ്ട്. എന്നാൽ നിശ്ചയദാർഢ്യം കൈവിടാത്ത ഉദ്യോഗസ്ഥരുടെയും പൊതുപ്രവർത്തകരുടെയും മികവിലാണ് കേരളം ഇപ്പോഴും കോവിഡ് പ്രതിരോധത്തിൽ മറ്റുള്ള സംസ്ഥാനങ്ങളുടെ മുന്നിൽ തലയുയർത്തി നിൽക്കുന്നത്.

പത്രങ്ങളിലെ അവസാന പേജിൽ ഒറ്റക്കോളം വാർത്തകളിൽമാത്രം കണ്ടിരുന്ന ചൈനയിലെയും ഇറ്റലിയിലെയും കൊറോണ വാർത്തകൾ ഒന്നാം പേജ്, ഏതാണ്ട് മുഴുവനായും കവരുമ്പോൾ ഭയക്കേണ്ടതുണ്ട്. ഇന്നലെവരെ തൊട്ടടുത്ത ജില്ലകളിലും പഞ്ചായത്തുകളിലും റിപ്പോർട്ട് ചെയ്‌തെന്ന വാർത്തകൾ തൊട്ടടുത്തേക്ക് എത്താൻ തുടങ്ങിയേക്കും. വൈറസുകളുടെ അതിഭയങ്കരമായ പകർച്ചാവേഗംമൂലം നാടിന്റെ മുക്കും മൂലയും സ്പർശിക്കാതെ അവൻ വിടവാങ്ങുകയുമില്ല. വ്യാപനം പൂർത്തിയാക്കി, അവരിലെതന്നെ സൂക്ഷ്മജീവിസംഖ്യാ വിസ്ഫോടനവും കാലാവസ്ഥാവ്യതിയാനംമൂലവും അവ ചത്തൊടുങ്ങി, തുടച്ചുമാറ്റപ്പെടുകതന്നെ ചെയ്യും. പക്ഷേ, അപ്പോൾ ഈ ഭൂമുഖത്ത്‌ എത്രപേർ ഉണ്ടാകുമെന്ന് പ്രവചിക്കാനാകില്ല.

"ഭയമല്ല, ജാഗ്രതയാണ് വേണ്ടത്' എന്ന വാക്യം പഴകിയിരിക്കുന്നു. ഓരോരുത്തരുടെയും സുരക്ഷ നമ്മുടെമാത്രം കൈകളിലേക്ക് ഒതുങ്ങുകയാണ്. പകർച്ചയുടെ തോത് കൂടുമ്പോൾ ആർക്കും പരസ്പരം സഹായിക്കാൻ കഴിയാതെ വരും. ഇനിയും അതീവശ്രദ്ധ പുലർത്തിയില്ലെങ്കിൽ നാളെ, വായിച്ചു പരിതപിക്കുന്ന പത്രവാർത്തകളിലേക്ക് നമ്മളും കയറപ്പെടും എന്നതിൽ സംശയമില്ല.


 

മഹാരാഷ്ട്രയിലെ ധാരാവിയിൽ കുറച്ചുമാസംമുമ്പ് കോവിഡ് പടർന്നുപിടിച്ചപ്പോൾ, ധാരാവിയുടെ ഭൂമിശാസ്ത്രവും പരിതാപകരമായ ശുചിത്വമില്ലായ്മയും വിദ്യാഭ്യാസമില്ലായ്മയുമൊക്കെ ചർച്ചചെയ്ത്‌ മേനിചമഞ്ഞവരാണ് എല്ലാം തികഞ്ഞ മലയാളികൾ. അവരെയോർത്ത്‌ നെടുവീർപ്പിടാനും മറന്നില്ല. പക്ഷേ, കൃത്യമായ, ചിട്ടയായ പ്രതിരോധ മാർഗങ്ങളിലൂടെ ചുരുങ്ങിയ മാസങ്ങൾക്കുള്ളിൽ അവർ കൊറോണയെ പടിയടച്ചു പിണ്ഡം വച്ചു. അടുക്കിയടുക്കിവച്ച വീടുകളിൽപ്പോലും സാമൂഹ്യ അകലം പാലിച്ചു, നിലനിൽപ്പിന്റെ പ്രശ്നമെന്ന് തിരിച്ചറിഞ്ഞ്‌ ആരോഗ്യപ്രവർത്തകരുടെ നിർദേശങ്ങൾ അക്ഷരംപ്രതി അനുസരിച്ചു. അവർ അങ്ങനെ അതിജീവിച്ചു. എന്നാൽ, നമ്മളോ! ദിനംപ്രതി കൂടുന്ന രോഗികളുടെ എണ്ണം നോക്കി സ്വയം നെടുവീർപ്പിടുന്നു. തെരുവിലിറങ്ങി കൂട്ടം കൂടുന്നു. പ്രതിഷേധങ്ങൾ സംഘടിപ്പിക്കുന്നു, മാസ്കിടാതെ നടക്കുന്നു. വിദ്യാഭ്യാസവും പണവും സൗകര്യവുമൊക്കെ നമ്മളെത്തന്നെ നോക്കി കൊഞ്ഞനം കുത്തുന്നു. ഒരു തിരിച്ചറിവാണിത്; സർക്കാരിന്റെയും ആരോഗ്യപ്രവർത്തകരുടെയും നിർദേശങ്ങൾ അതേപടി അനുസരിക്കുകയെന്ന പൊതുബോധം മാത്രമാണ് അതിജീവനത്തെ നിശ്ചയിക്കുന്നത് എന്ന തിരിച്ചറിവ്.

ഒരു മഹാമാരി സമൂഹത്തെയാകെ കൊന്നൊടുക്കാൻ അണയുമ്പോൾ, അതിൽത്തന്നെയുള്ളവർ തമ്മിൽ ആശയസമരം നടത്തുന്ന അവസ്ഥയ്ക്കും നമ്മൾ സാക്ഷ്യം വഹിച്ചു.  ഏറ്റവുമധികം ശുഷ്കാന്തിയോടെ തുടരേണ്ട സമയത്താണ് രാഷ്ട്രീയത്തിന്റെ മോശമായ മുഖം വെളിവാക്കിയ സംഭവങ്ങൾ അരങ്ങേറുന്നത്.  നല്ലൊരു കാര്യത്തിനായി അഭിപ്രായവ്യത്യാസമുണ്ടാകുന്ന അവസരങ്ങളിൽ ആശയസമരം നടത്തി, ഏറ്റവും നല്ലതിനെ വേർതിരിച്ചെടുക്കുന്നത് ജനാധിപത്യത്തിന്റെ ഉദാത്തമായ മേന്മയാണ്. എന്നാൽ, ഇവിടെ രണ്ടാമതൊരു അവസരമില്ല. നിലനിൽപ്പ് മാത്രമാണ് പ്രധാനം. അതിനിടയിൽ തെറ്റും ശരിയും തിരഞ്ഞ്‌ സർവനാശത്തെ സ്വയം പുൽകിക്കൂടാ. അങ്ങനെ വിലപ്പെട്ട സമയം രാഷ്ട്രീയപകപോക്കലിനായി ഉപയോഗിച്ചാൽ പാളിപ്പോകുന്നത്  ഇതുവരെ ലോകത്തിനുതന്നെ മാതൃകയായി കാത്തുവച്ച ജാഗ്രതയാണ്. തെറ്റുകൾ ചൂണ്ടിക്കാട്ടാം, തുറന്നു പറയാം. പക്ഷേ, അതിനായി തെരുവിൽ ഇറങ്ങേണ്ട സമയമല്ല ഇത്. ഒരു മഹാമാരിയുടെ പശ്ചാത്തലത്തിൽ നിലനിൽപ്പിനുവേണ്ടി പോരാടുമ്പോൾ ഇത്തരം സമരങ്ങളുടെയും തെരുവിൽ അരങ്ങേറുന്ന പ്രതിഷേധങ്ങളുടെയും പ്രസക്തി എന്താണ്? ഒറ്റക്കെട്ടായി പ്രതിരോധിച്ചാൽ കോവിഡിനെന്നല്ല ആർക്കും മനുഷ്യനെ അത്രവേഗം മുട്ടുകുത്തിക്കാനാകില്ല. പക്ഷേ,  രാഷ്ട്രീയ നാടകങ്ങൾ ഒഴിവാക്കേണ്ടതുണ്ട്. ശത്രു ആദ്യം കീഴടങ്ങട്ടെ; എന്നിട്ടാകാം ബലാബലം പരീക്ഷിക്കുന്നത്.


 

മലയാളിക്കെന്നല്ല, ലോകത്തിലെ ബഹുഭൂരിപക്ഷം ജനങ്ങൾക്കും സുപരിചിതമല്ലായിരുന്ന രണ്ടു വസ്തുക്കളായിരുന്നു മാസ്‌കും സാനിറ്റൈസറും. ഇവ രണ്ടും ഇന്ന് ജീവിതത്തിന്റെ ഭാഗമായി മാറിയിരിക്കുന്നു. അക്കാര്യത്തിൽ മലയാളിയുടെ സമീപനം അഭിമാനകരംതന്നെയാണ്. പക്ഷേ, അതിനപ്പുറം സാമൂഹ്യഅകലവും വീട്ടിൽ അടച്ചിരിക്കലുമൊക്കെ മറക്കുന്നതെന്ത്. 

ആയിരം രോഗികൾ കടന്നത് ഒരു ടേണിങ് പോയിന്റാണ്. കോവിഡ് അതിന്റെ അഞ്ചാമത്തെ ഗിയർ ഇട്ടിരിക്കുന്ന പോയിന്റ്. അതിവേഗം സൂചിപ്പിക്കുന്ന ആ ഗിയറിൽത്തന്നെ കോവിഡിന്റെ പ്രയാണം നമുക്ക് തടയേണ്ടതുണ്ട്. അതിനായി, പുതിയ മന്ത്രങ്ങൾ ഒന്നുമില്ല. ഈ ആപ്തവാക്യങ്ങൾതന്നെ, 'സാമൂഹ്യ അകലം പാലിക്കുക, മാസ്ക് ധരിക്കുക, കൈകൾ എപ്പോഴും സോപ്പിട്ട് കഴുകുക, സാനിറ്റൈസർ ഉപയോഗിക്കുക'.

(കൊച്ചിൻ സർവകലാശാലയിൽ സെന്റർ ഫോർ സയൻസ് ഇൻ സൊസൈറ്റിയിൽ അസിസ്റ്റന്റ്
പ്രൊഫസറാണ്‌ ലേഖകൻ)


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top