28 February Friday

ശബരിമല ബിൽ അടുത്ത തട്ടിപ്പ്

കോടിയേരി ബാലകൃഷ്ണൻUpdated: Friday Jun 28, 2019


ലോക‌്സഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞിട്ടും ശബരിമലയുടെ പേരിൽ വിശ്വാസികളെ കബളിപ്പിക്കാനുള്ള നാടകത്തിലാണ് യുഡിഎഫും ബിജെപിയും. 17–-ാം ലോക്‌‌സഭയുടെ ആദ്യ സമ്മേളനത്തിൽ വന്ന ശബരിമലയുടെ പേരിലെ സ്വകാര്യ ബിൽ അതാണ് വ്യക്തമാക്കുന്നത്. യുവതീപ്രവേശനം അനുവദിച്ച 2018 സെപ്തംബർ 28ലെ സുപ്രീംകോടതി ഭരണഘടനാ ബെഞ്ചിന്റെ വിധിയെ മറികടക്കാനെന്ന പേരിലാണ് യുഡിഎഫിനുവേണ്ടി എൻ കെ പ്രേമചന്ദ്രൻ സ്വകാര്യ ബിൽ കൊണ്ടുവന്നത്. സ്വകാര്യ ബിൽ പാസായ ചരിത്രം പാർലമെന്റിനില്ല. പാർലമെന്റ് ഈ നിയമം പാസാക്കിയാൽ ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട ഒരു കേസും കോടതികളിലോ ട്രിബ്യൂണലുകളിലോ നിലനിൽക്കില്ല എന്നതാണ് ഈ സ്വകാര്യ ബില്ലിലെ വ്യവസ്ഥ.

എന്നാൽ, ഈ ബിൽ തട്ടിപ്പാണെന്നും അപാകം നിറഞ്ഞതാണെന്നും ചൂണ്ടിക്കാട്ടി പാർലമെന്റിന് അകത്തും പുറത്തും ബില്ലിനെ ബിജെപി എതിർത്തു. സുപ്രീംകോടതി വിധിക്കെതിരെ നിയമനിർമാണത്തിന് നിയമപരമായ തടസ്സമുണ്ടെന്ന് ബിജെപി ജനറൽ സെക്രട്ടറി രാം മാധവ് പറഞ്ഞു. കോടതിവിധി മൂലമുണ്ടായ പ്രശ്നം തീർക്കാൻ ബിൽ പരിഹാരമല്ലെന്ന് ബിജെപി പ്രതിനിധി മീനാക്ഷി ലേഖി സഭയിൽ പറഞ്ഞു. ഔദ്യോഗിക ബിൽ ഉദ്ദേശിക്കുന്നതായി കേന്ദ്രം അറിയിച്ചിട്ടുമില്ല. ഇങ്ങനെ ശബരിമലയുടെ പേരിൽ എൽഡിഎഫ് സർക്കാരിനെതിരെ തെരഞ്ഞെടുപ്പുവേളയിൽ പ്രചാരണം നടത്തിയ മോഡിയുടെയും കൂട്ടരുടെയും മനസ്സിലിരിപ്പ് വിശ്വാസികളെ കബളിപ്പിച്ച് വോട്ട് തട്ടുക എന്നതായിരുന്നു എന്ന് വ്യക്തമാകുന്നു.

മൗലികാവകാശത്തിന്റെ വിഷയം
പൗരന്റെ മൗലികാവകാശങ്ങളുമായി ബന്ധപ്പെട്ട കോടതിവിധികളെ മറികടക്കാൻ നിയമം നിർമിക്കുന്നതിന് പാർലമെന്റിന് അധികാരമില്ലെന്ന് കേശവാനന്ദ ഭാരതി കേസിൽ സുപ്രീംകോടതി ഭരണഘടനാ ബെഞ്ച് വിധിച്ചിട്ടുണ്ട്. അതായത്, മൗലികാവകാശങ്ങൾ നിഹനിക്കാൻ പാർലമെന്റിന‌്  നിയമനിർമാണത്തിന് അവകാശമില്ലെന്ന് സാരം. ശബരിമല യുവതീപ്രവേശനം സ്ത്രീ–-പുരുഷ സമത്വത്തെ അടിസ്ഥാനമാക്കിയുള്ള മൗലികാവകാശത്തിന്റെ വിഷയമാണ്. അതുകൊണ്ടുതന്നെ ശബരിമല വിധി മറികടക്കാൻ, സംസ്ഥാനത്ത് അധികാരത്തിൽ വന്നാൽ നിയമനിർമാണം നടത്തുമെന്ന യുഡിഎഫിന്റെ പ്രഖ്യാപനം അസംബന്ധമാണ്. ഈ വിഷയത്തിൽ ലോക്‌സഭയിലെ യുഡിഎഫിന്റെ സ്വകാര്യ ബിൽ ആകട്ടെ കേരളത്തിലെ വിശ്വാസി സമൂഹത്തെ വീണ്ടും കബളിപ്പിക്കാനുള്ളതാണ്.

1991ലെ ഹൈക്കോടതി വിധിക്കുശേഷമാണ് നിശ്ചിത പ്രായപരിധിയിലുള്ളവർക്കു മാത്രമായി സ്ത്രീപ്രവേശനം പരിമിതപ്പെടുത്തിയത്. ഈ വിധിയുമായി ബന്ധപ്പെട്ട ഹർജി സുപ്രീംകോടതിയിൽ വന്നപ്പോൾ 2007ൽ വി എസ് ഗവൺമെന്റ് നൽകിയ അഫിഡവിറ്റ് പ്രധാനമാണ്. 91 വരെ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകൾക്ക് പ്രവേശനമുള്ള ക്ഷേത്രമായിരുന്നു ശബരിമല. വിശ്വാസികളിൽ ആചാരത്തിന്റെ ഭാഗമായ വിശ്വാസങ്ങൾ നിലനിൽക്കുന്നതിനാൽ ഹിന്ദുധർമ ശാസ്ത്രത്തിൽ പ്രഗത്ഭരായവരും അഴിമതിരഹിത പ്രതിച്ഛായ ഉള്ളവരുമായ പണ്ഡിതരും ഉൾപ്പെട്ട ഒരു കമ്മിറ്റിയെ നിയോഗിച്ച് അഭിപ്രായം തേടിയശേഷം യുവതീപ്രവേശനത്തിൽ തീരുമാനമെടുക്കണമെന്നായിരുന്നു അഭിപ്രായപ്പെട്ടത്. എന്നാൽ, സുപ്രീംകോടതിയാകട്ടെ സ്ത്രീ–-പുരുഷ സമത്വത്തിന്റെ വിഷയമായതിനാൽ ഭരണഘടനാ തത്ത്വം കാത്തുസൂക്ഷിക്കുന്നതിനു മുൻഗണന നൽകുകയാണെന്നും അതിനാൽ പണ്ഡിതരുടെ കമ്മിറ്റിയെ നിയോഗിക്കേണ്ട കാര്യമില്ലെന്നും വിധി പ്രസ‌്താവത്തിൽ വ്യക്തമാക്കി. യുവതീപ്രവേശനം അനുവദിച്ച 2018 സെപ്തംബർ 28ലെ വിധിയെ ഇടതുപക്ഷ പാർടികൾ മാത്രമല്ല ബിജെപിയും കോൺഗ്രസും സ്വാഗതം ചെയ‌്തു.

ബിജെപി നടത്തുന്ന കള്ളക്കളികൾ
ശബരിമല യുവതീപ്രവേശനം എൽഡിഎഫ് സർക്കാരോ കമ്യൂണിസ്റ്റുകാരോ കൊണ്ടുവന്നതല്ല. യുവതികൾക്ക് പ്രവേശനം കിട്ടാനായി ഏതാനും സ്ത്രീകൾ സമർപ്പിച്ച കേസിൽ ഒരു വ്യാഴവട്ടക്കാലത്തെ വാദപ്രതിവാദത്തിനൊടുവിൽ സുപ്രീംകോടതി ഭരണഘടനാ ബെഞ്ച് പുറപ്പെടുവിച്ച വിധിയാണ്. നേരത്തെ സൂചിപ്പിച്ചപോലെ ഇതിനെ പിന്തുണയ‌്ക്കുകയായിരുന്നു കോൺഗ്രസും ബിജെപിയും ആർഎസ‌്എസും ആദ്യഘട്ടത്തിൽ ചെയ‌്തത്. ഈ വിധി നടപ്പാക്കരുതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡിയോ അന്നത്തെ ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ്ങോ സംസ്ഥാന സർക്കാരിനെ ഉപദേശിച്ചിട്ടില്ല. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടിയും വിധിക്ക് ആദ്യം അനുകൂലമായിരുന്നു. ആർഎസ്‌എസിന്റെ കേരളത്തിലെ പ്രമുഖ നേതാവ് ഗോപാലൻകുട്ടി വിധിയെ സഹർഷം സ്വാഗതം ചെയ്യുകയായിരുന്നു. എന്നാൽ, ചില സമുദായസംഘടനകളുടെ നേതൃത്വത്തിൽ ഒരുവിഭാഗം സ്ത്രീകൾ കോടതി വിധിക്കെതിരെ രംഗത്തുവന്നു. അതോടെ ഇതിനെ എൽഡിഎഫ് സർക്കാർ വിരുദ്ധ രാഷ്ട്രീയ സമരമാക്കാമെന്നുകണ്ട്‌ കോൺഗ്രസും ബിജെപിയും മത്സരിച്ച‌് സമരം ഏറ്റെടുക്കുന്ന അവസ്ഥയുണ്ടായി. വിശ്വാസി സമൂഹത്തെ തെറ്റിദ്ധരിപ്പിച്ച് എൽഡിഎഫ് ഗവൺമെന്റിനെ അസ്ഥിരീകരിക്കാനുള്ള നീക്കങ്ങളായിരുന്നു പിന്നീട്.

സമരം അവർ ഉദ്ദേശിച്ചപോലെ വിജയിപ്പിക്കാൻ കഴിഞ്ഞില്ല. എന്നാൽ, ഒരുവിഭാഗം വിശ്വാസികളെ തെറ്റിദ്ധരിപ്പിക്കുന്നതിൽ വലതുപക്ഷശക്തികൾ വിജയിച്ചു. തെറ്റിദ്ധാരണയിൽ അകപ്പെട്ട വിശ്വാസികളെ തങ്ങളുടെ കൂടെത്തന്നെ നിർത്തുന്നതിനുള്ള തട്ടിപ്പിന്റെ വഴിയാണ് പാർലമെന്റിലെ യുഡിഎഫിന്റെ സ്വകാര്യ ബില്ലും അതിനോടനുബന്ധമായി ബിജെപി നടത്തുന്ന കള്ളക്കളികളും. യുവതീപ്രവേശനത്തിനുള്ള ഭരണഘടനാ വിധി പുനഃപരിശോധിക്കാനുള്ള റിവ്യൂ ഹർജി സുപ്രീംകോടതി ഭരണഘടനാ ബെഞ്ചിന്റെ മുമ്പിലാണ്‌ ഇന്ന്‌. സുപ്രീംകോടതി എന്തു തീരുമാനമെടുത്താലും എൽഡിഎഫ് ഗവൺമെന്റ് അത് നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കിയിട്ടുണ്ട്. ഭരണഘടനാ ബെഞ്ചിന്റെ വിധി നടപ്പാക്കുകയെന്നത് സർക്കാരിന്റെ നിയമപരമായ പ്രാഥമിക ബാധ്യതയാണ്. വിശ്വാസവും ആചാരവും ഭരണഘടനയുമായി ബന്ധിപ്പിക്കരുതെന്നും അത് കോടതിവിധികൾക്ക‌് മുകളിലാണെന്നുമുള്ള യുഡിഎഫ് നിലപാട് മതനിരപേക്ഷ ഇന്ത്യക്ക് ഭീഷണിയാണ്. അയോധ്യയിൽ ബാബ്‌റി മസ്ജിദ് പൊളിച്ച കാവിപ്പടയ‌്ക്ക് ഇത് ന്യായീകരണമാകും. സുപ്രീംകോടതിയെ മറികടന്ന് അയോധ്യയിൽ രാമക്ഷേത്രം നിർമിക്കാനുള്ള ലൈസൻസുമാകും. ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിൽ മഹാരാഷ്ട്രയിൽ ശനിക്ഷേത്രത്തിലും മുംബൈ ഹാജി ദർഗയിലും സ്ത്രീപ്രവേശനം അനുവദിക്കുന്നതിന് അവിടത്തെ ബിജെപി സർക്കാർ നടപടിയെടുത്തു. അവിടങ്ങളിലൊന്നും ഒരു സമരവും ചെയ്യാതിരുന്ന ബിജെപിയും കോൺഗ്രസും കേരളത്തിൽ ശബരിമലയുടെ പേരിൽ കലാപത്തിനിറങ്ങിയത് എൽഡിഎഫിനെതിരെ വിശ്വാസികളെ തെറ്റിദ്ധരിപ്പിച്ച് ഇളക്കിവിടുന്നതിനാണ്. ഈ തട്ടിപ്പിന്റെ മറ്റൊരു മുഖമാണ് നിയമനിർമാണത്തെ കുറിച്ചുള്ള വാചകമടി.

വിശ്വാസവും ആചാരവും ഭരണഘടയക്ക് മുകളിലല്ല എന്നാണ് 2018 സെപ്തംബർ 28ലെ ശബരിമല വിധിയിൽ സുപ്രീംകോടതി ഭരണഘടനാ ബെഞ്ച് വ്യക്തമാക്കിയത്. ഭരണഘടനയ‌്ക്കും കോടതിക്കും മുകളിലാണ് വിശ്വാസമെന്നു പ്രചരിപ്പിക്കുന്ന യുഡിഎഫ്, ആർഎസ്‌എസിന്റെ ആശയവും നാവും കടമെടുത്തിരിക്കയാണ്. മൗലികാവകാശവുമായി ബന്ധപ്പെട്ട കോടതിവിധി മറികടക്കാൻ പാർലമെന്റിന് കഴിയില്ലെന്നത് പൊതുവിൽ ആർക്കും മനസ്സിലാകുന്ന കാര്യമാണ്. അതുകൊണ്ടാണ് ശബരിമല വിധിയെ മറികടക്കാൻ നിയമനിർമാണംകൊണ്ട് മാത്രമാകില്ലെന്ന് ശശി തരൂർ തന്നെ വ്യക്തമാക്കിയത്. യുവതീപ്രവേശനം അനുവദിച്ച കോടതിവിധി ചരിത്രപരമെന്ന് വിശേഷിപ്പിച്ച എഐസിസിയുടെ നേതാവ് രാഹുൽ ഗാന്ധി യുഡിഎഫിന്റെ സ്വകാര്യ ബില്ലിനെ അനുകൂലിക്കുമോ പ്രതികൂലിക്കുമോ? കേരള സമൂഹത്ത വലതുപക്ഷത്തേക്ക് നയിക്കാനുള്ള ആസൂത്രിതനീക്കമാണ് യുഡിഎഫിന്റെ സ്വകാര്യ ബിൽ. യുവതീപ്രവേശനത്തിന് അനുകൂലമായി സത്യവാങ്മൂലം കൊടുത്ത വി എസ് സർക്കാരിൽ മന്ത്രിയായിരുന്ന ആർഎസ്‌പിയുടെ നേതാവാണ് ഇപ്പോൾ സ്വകാര്യ ബില്ലിന് നോട്ടീസ് നൽകിയത്. ശബരിമലയിൽ യുവതികൾക്ക് പ്രവേശനം നൽകിയ കോടതിവിധിയെ സിപിഐ എം സ്വാഗതംചെയ്യുന്ന നിലപാട്‌ സ്വീകരിച്ചത്‌ സ്ത്രീ–-പുരുഷ സമത്വമെന്നത് ആധുനികതയുടെയും നവോത്ഥാനത്തിന്റെയും അടയാളമാണ് എന്നതുകൊണ്ടാണ്‌.- തെറ്റിദ്ധാരണയിൽ അകപ്പെട്ട വിശ്വാസി സമൂഹത്തെയടക്കം ബോധ്യപ്പെടുത്തി മുന്നോട്ടേക്ക് പോകുകയാണ് ആവശ്യം.


പ്രധാന വാർത്തകൾ
 Top