27 June Monday

കണ്ണീർ തോരാത്ത കശ്‌മീർ

സാജൻ എവുജിൻUpdated: Saturday May 28, 2022

ജമ്മു കശ്‌മീരിനെ ബിജെപിസർക്കാർ വർഗീയധ്രുവീകരണം സൃഷ്ടിക്കാനുള്ള രാഷ്‌ട്രീയപരീക്ഷണശാലയാക്കി മാറ്റിയതിന്റെ ദുരന്തങ്ങൾ ആവർത്തിക്കുകയാണ്‌. 2019ൽ ബിജെപി കേന്ദ്രത്തിൽ കേവലഭൂരിപക്ഷത്തോടെ വീണ്ടും അധികാരത്തിൽ വന്നതിനുതൊട്ടുപിന്നാലെ ജമ്മു  -കശ്‌മീരിന്റെ പ്രത്യേകപദവി എടുത്തുകളയുകയും രണ്ട്‌ കേന്ദ്രഭരണപ്രദേശമായി വെട്ടിമുറിച്ച്‌ സംസ്ഥാനത്തെ തരംതാഴ്‌ത്തുകയും ചെയ്‌തു. ചരിത്രപരമായ കാരണങ്ങളാൽ ജമ്മു  -കശ്‌മീരിന്‌ പ്രത്യേകസംസ്ഥാനപദവി നൽകാൻ ഭരണഘടനയിൽ ഉൾപ്പെടുത്തിയ 370–-ാം വകുപ്പ്‌ എടുത്തുകളഞ്ഞാണ്‌ ബിജെപി സർക്കാർ  ദീർഘകാല രാഷ്‌ട്രീയഅജൻഡ നടപ്പാക്കിയത്‌. ഇതിനെതിരായ ഹർജികൾ സുപ്രീംകോടതിയുടെ പരിഗണനയിലാണ്‌.

അനർഹപദവി നൽകുന്നത്‌ ജമ്മു കശ്‌മീരിന്‌ ബാധ്യതയാണെന്നും അവിടെ സമാധാനജീവിതം സ്ഥാപിക്കാൻ പ്രത്യേകപദവി ഇല്ലാതാക്കണമെന്നും വാദിച്ചാണ്‌ കേന്ദ്രസർക്കാർ സ്വന്തം നടപടിയെ ന്യായീകരിച്ചത്‌. കേന്ദ്രതീരുമാനത്തിനെതിരായി പ്രതിഷേധം ഉയരുന്നത്‌ തടയാൻ വൻ സുരക്ഷാസേനയെ വിന്യസിച്ചു. മുൻമുഖ്യമന്ത്രിമാർ അടക്കമുള്ള രാഷ്‌ട്രീയനേതാക്കളെ തടവിലാക്കി. ഇന്റർനെറ്റ്‌ നിരോധിച്ചു. വിദ്യാഭ്യാസസ്ഥാപനങ്ങൾ അടച്ചിട്ടു. മാസങ്ങൾ ഈ നിയന്ത്രണം തുടർന്നു. ജമ്മു കശ്‌മീരിനെ മൊത്തത്തിൽ കാരാഗൃഹമാക്കി മാറ്റി. വീട്ടുതടങ്കലിലായിരുന്ന സിപിഐ എം കേന്ദ്രകമ്മിറ്റിയംഗം മുഹമ്മദ്‌ യൂസഫ്‌ തരിഗാമിയെ സന്ദർശിക്കാനും  വിദഗ്‌ധചികിത്സ ഉറപ്പാക്കാനും  പാർടി ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി സുപ്രീംകോടതിയെ സമീപിച്ചാണ്‌ അനുമതി വാങ്ങിയത്‌. വിനോദസഞ്ചാരമേഖലയ്‌ക്കും ആപ്പിൾകൃഷിക്കും പ്രതിസന്ധി സൃഷ്ടിച്ച ഈ അടച്ചിടൽ പ്രയോജനം ചെയ്‌തില്ലെന്നാണ്‌ മൂന്ന്‌ വർഷത്തിനുശേഷം ജമ്മു -കശ്‌മീരിലെ സ്ഥിതിഗതികൾ തെളിയിക്കുന്നത്‌. 

കേന്ദ്രഭരണത്തിലാക്കിയതോടെ  ജമ്മു -കശ്‌മീരിൽ തീവ്രവാദികളുടെ നുഴഞ്ഞുകയറ്റവും  ഏറ്റുമുട്ടലുകളും സംഘർഷങ്ങളും കുറഞ്ഞെന്ന അവകാശവാദത്തിന്റെ മുനയൊടിക്കുന്നത്‌ സർക്കാരിന്റെതന്നെ കണക്കുകളാണ്‌. രണ്ടര വർഷമായി തീവ്രവാദിആക്രമണങ്ങളിൽ കുറവില്ലെന്നും കശ്‌മീരിന്‌ പുറത്തുനിന്നുള്ളവരെ ലക്ഷ്യമിട്ടുള്ള ആക്രമണങ്ങൾ വർധിച്ചെന്നും -കശ്‌മീർ റേഞ്ച്‌ ഐജി വിജയ് കുമാർ സ്ഥിരീകരിച്ചു. ഇക്കൊല്ലം  ജനുവരി മുതൽ ഏപ്രിൽവരെ നടന്ന ഏറ്റുമുട്ടലുകളിൽ കൊല്ലപ്പെട്ടത്‌ 62 തീവ്രവാദികളാണെന്ന്‌  പൊലീസ്‌ പറയുന്നു.  അതിൽ 47 പേർ സ്ഥലവാസികളായ തീവ്രവാദികളായിരുന്നു. 39 പേർ ലഷ്‌കറെ തയ്ബയിലും 15 പേർ ജെയ്‌ഷെ മുഹമ്മദിലും ആറ്‌ പേർ ഹിസ്ബുൾ മുജാഹിദീനിലും രണ്ട്‌ പേർ  അൽബദറിലും ഉൾപ്പെട്ടവരായിരുന്നു. മാർച്ചിൽ  മൂന്ന് പഞ്ചായത്ത് അംഗങ്ങൾ   കൊല്ലപ്പെട്ടു. എട്ട്‌ പ്രാദേശിക തൊഴിലാളികൾക്ക്‌ വെടിയേറ്റു.  2021 ഒക്ടോബറിൽ മറുനാട്ടുകാരായ തൊഴിലാളികളെ  ലക്ഷ്യമിട്ട് തീവ്രവാദ  ആക്രമണത്തിൽ എട്ടുപേർക്ക്‌ ജീവൻ നഷ്ടപ്പെട്ടു. കഴിഞ്ഞ 10 ദിവസത്തിൽ 10 തീവ്രവാദികളെ വധിച്ചെന്ന്‌  സുരക്ഷാസേനയും അവകാശപ്പെടുന്നു.

ഒന്നാം യുപിഎ സർക്കാർ 2008ൽ നടപ്പാക്കിയ പ്രധാനമന്ത്രിയുടെ പ്രത്യേകപദ്ധതിപ്രകാരം നൂറുകണക്കിന്‌ കശ്‌മീരി പണ്ഡിറ്റുകൾ താഴ്‌വരയിലേക്ക്‌ മടങ്ങി. ഒട്ടേറെപ്പേർക്ക്‌ സർക്കാർജോലികൾ ലഭിച്ചു. ഇപ്പോൾ കശ്‌മീരിപണ്ഡിറ്റുകളെ ലക്ഷ്യമിട്ട്‌ തീവ്രവാദികൾ ആക്രമണം നടത്തുകയാണ്‌. ബുദ്‌ഗാം ജില്ലയിൽ റവന്യുവകുപ്പ്‌ ജീവനക്കാരനായിരുന്ന രാഹുൽ ഭട്ടിന്റെ കൊലപാതകം  ഇതിന്റെ ഭാഗമാണ്‌.  അദ്ദേഹത്തെ ഓഫീസിനുള്ളിൽ കയറി വെടിവച്ച്‌ കൊലപ്പെടുത്തുകയായിരുന്നു.  രാഹുൽ ഭട്ട്‌ ഏത്‌ ഓഫീസിൽ, ഏത്‌ മുറിയിൽ തുടങ്ങിയ കാര്യങ്ങളെല്ലാം കൃത്യമായി അക്രമികൾക്ക്‌ ലഭ്യമായി.   ആരാണ്‌ ആക്രമണത്തിന്‌ പിന്നില്ലെന്നത്‌ ഇപ്പോഴും വ്യക്തമല്ല. ശ്രീനഗറിൽ ഒരു പൊലീസുകാരനെ വധിക്കുകയും അദ്ദേഹത്തിന്റെ മകളെ വെടിവച്ച്‌ പരിക്കേൽപ്പിക്കുകയും ചെയ്‌തു. അടുത്ത ദിവസം ബുദ്‌ഗാമിൽ, ടെലിവിഷൻ കലാകാരിയായ അമ്രീൻ ഭട്ടിനെ കൊലപ്പെടുത്തി. ഈ സംഭവങ്ങൾ   രഹസ്യാന്വേഷണ ഏജൻസികളെ  ഞെട്ടിച്ചിരിക്കുകയാണ്‌. തീവ്രവാദികൾ ഏതുസമയത്തും ആരെയും കൊലപ്പെടുത്താവുന്ന തരത്തിൽ സുരക്ഷാസ്ഥിതിഗതികൾ വഷളായതായി എ എസ്‌ ദുലാത്തിനെപ്പോലുള്ള രഹസ്യാന്വേഷണ വിദഗ്‌ധർ അഭിപ്രായപ്പെടുന്നു.  

കശ്‌മീരിൽ സമാധാനം പുനഃസ്ഥാപിക്കപ്പെട്ടെന്ന്‌ അവകാശപ്പെടുന്ന മോദിസർക്കാരിന്‌ നാണക്കേടായി മാറുകയാണ്‌ ആവർത്തിക്കപ്പെടുന്ന കൊലപാതകങ്ങൾ.  കനത്ത സുരക്ഷാസന്നാഹമുള്ള  ശ്രീനഗറിലും ഇവർ  ആക്രമണങ്ങൾ നടത്തുകയാണ്‌.  ഈ വിഷയത്തിൽ ബിജെപി സർക്കാരിന്റെ പരാജയത്തിൽ കശ്‌മീരി പണ്ഡിറ്റുകൾ അസ്വസ്ഥരും രോഷാകുലരുമാണ്‌. രാഹുൽ ഭട്ടിന്റെ കൊലപാതകത്തിൽ പ്രതിഷേധിച്ച്‌  നൂറുകണക്കിനുപേർ ശ്രീനഗറിലെ രാജ്‌ബാഗിൽ കേന്ദ്രീകരിച്ച്‌,  താഴ്‌വരയിലെ പ്രധാന വാണിജ്യകേന്ദ്രമായ ലാൽചൗക്കിലേക്ക്‌ മാർച്ച്‌ നടത്തി. ലഫ്‌. ഗവർണർ മനോജ്‌ സിൻഹയെ നീക്കണമെന്നും ആവശ്യമുയർന്നു.

താഴ്‌വരയിലെ ജനസംഖ്യാസന്തുലനത്തെ അട്ടിമറിക്കുംവിധം ഭരണരംഗത്ത്‌ കൊണ്ടുവരുന്ന നടപടികളും സുരക്ഷാസാഹചര്യം മോശപ്പെടാൻ കാരണമായി. മണ്ഡല പുനർനിർണയ സമിതി ശുപാർശ ഇതിന്‌ ഉദാഹരണമാണ്‌.  ജമ്മുവിൽ ആറ്‌ സീറ്റ്‌ വർധിപ്പിക്കാൻ ശുപാർശചെയ്‌തപ്പോൾ കശ്‌മീരിൽ ഒരു സീറ്റ്‌മാത്രം കൂട്ടാനാണ്‌ നിർദേശം.  അതിർത്തി നിർണയിക്കാൻ കമീഷൻ പരിഗണിച്ചത്‌ 2011 സെൻസസ്‌ റിപ്പോർട്ടാണ്‌. ഇത്തരമൊരു പ്രക്രിയയിൽ ജനസംഖ്യ പ്രധാന മാനദണ്ഡമാണ്‌. സെൻസസ്‌പ്രകാരം കശ്‌മീരിലെ ജനസംഖ്യ 68.9 ലക്ഷവും ജമ്മുവിലേത്‌ 53.8 ലക്ഷവുമാണ്‌. കശ്‌മീരിൽ 47 സീറ്റും ജമ്മുവിൽ 43 സീറ്റുമാണ്‌ കമീഷൻ ശുപാർശ ചെയ്‌തിരിക്കുന്നത്‌.  ന്യായമായ രീതിയിലാണ്‌ മണ്ഡലങ്ങൾ നിർണയിക്കുന്നതെങ്കിൽ കശ്‌മീരിന്‌ 51, ജമ്മുവിന്‌ 39 സീറ്റ്‌ വീതം നൽകണം. എന്നാൽ,  44 ശതമാനം ജനസംഖ്യയുള്ള ജമ്മുവിന്‌ 48 ശതമാനം സീറ്റ്‌ ലഭിക്കുമ്പോൾ 56 ശതമാനം ജനസംഖ്യയുള്ള കശ്‌മീരിന്‌ 52 ശതമാനം സീറ്റ്‌ മാത്രമാണ്‌ ലഭിക്കുന്നത്‌.  ജനസംഖ്യാസ്വഭാവവും ഘടനയും അട്ടിമറിക്കാൻ ലക്ഷ്യമിട്ട്‌ തികച്ചും രാഷ്‌ട്രീയപ്രേരിതമായ മണ്ഡലം പുനർനിർണയത്തിനാണ്‌ ശുപാർശ. കമീഷൻ റിപ്പോർട്ട്‌   തിരക്കിട്ട്‌ ഗസറ്റിൽ പ്രസിദ്ധീകരിക്കുകയും ചെയ്‌തു.

ജെകെഎൽഎഫ്‌ നേതാവ്‌ യാസിൻ മാലിക്ക്‌ പ്രതിയായ കേസുകൾ കൈകാര്യംചെയ്‌ത രീതിയും എരിതീയിൽ എണ്ണയൊഴിക്കുന്ന മട്ടിലാണ്‌. വിചാരണകൾ അനന്തമായി നീട്ടുകയും യാസിൻ മാലിക്കിന്‌ അനുകൂലമായ വൈകാരികഅന്തരീക്ഷം സൃഷ്ടിക്കപ്പെടാൻ വഴിയൊരുക്കുകയും ചെയ്‌തു. ഭീകരപ്രവർത്തനത്തിന്‌  ധനസഹായം ചെയ്‌തെന്ന കേസിൽ ഇപ്പോൾ എൻഐഎ കോടതി യാസിൻ മാലിക്കിന്‌ ജീവപര്യന്തം തടവുശിക്ഷ വിധിച്ചു. കോടതിവിധിയുടെ പേരിൽ ബിജെപിയും  കോർപറേറ്റ്‌ മാധ്യമങ്ങളും നടത്തുന്ന വിജയാഹ്ലാദങ്ങൾ സാഹചര്യങ്ങൾ കൂടുതൽ വഷളാക്കിയേക്കുമെന്ന്‌  ഗുപ്‌കാർസഖ്യം ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്‌.  പലഭാഗത്തും പ്രതിഷേധപ്രകടനങ്ങൾ നടന്നു.   പൊലീസ്‌ കണ്ണീർവാതകഷെല്ലുകൾ പ്രയോഗിച്ചു. അറസ്‌റ്റുകളുമുണ്ടായി.  എൻഐഎ കോടതി വിധിപ്രഖ്യാപിച്ചെങ്കിലും നീതി പൂർണമായും നടപ്പാക്കാൻ കഴിഞ്ഞിട്ടില്ലെന്ന്‌ ഗുപ്‌കാർ സഖ്യം വക്താവ്‌ മുഹമ്മദ്‌ യൂസഫ്‌ തരിഗാമി പറയുന്നു. കേന്ദ്രസർക്കാർ ആത്മാർഥമായ മനസ്സോടെ കൂടിയാലോചനകളും രാഷ്‌ട്രീയ പ്രക്രിയയും ആരംഭിക്കാത്തപക്ഷം ജമ്മു കശ്‌മീർ പ്രതിസന്ധിക്ക്‌ പരിഹാരം അകലെയാണ്‌. കണ്ണീർ തോരാത്ത ‘ഭൂമിയിലെ സ്വർഗമായി’ കശ്‌മീർ തുടരും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top