29 July Thursday

വർഷകാലമെത്തുന്നു, കരുതിയിരിക്കാം

വേണു രാജാമണി / എൻ എം രാകേഷ്Updated: Friday May 28, 2021

സംസ്ഥാനത്താകെ നാശം വിതച്ച്‌ ടൗട്ടെ ചുഴലിക്കാറ്റ്‌ കടന്നുപോയിട്ട്‌ ദിവസങ്ങൾമാത്രം. ടൗട്ടെയുടെ പ്രഭാവത്തിൽ കലിതുള്ളി കരയെടുത്ത കടലിനെ നാം കണ്ടു. നദികൾ കരകവിഞ്ഞു. നഗരങ്ങൾ വെള്ളത്തിലായി. ജീവനും സ്വത്തിനും റോഡ്‌ ഉൾപ്പെടെയുള്ള അടിസ്ഥാനസൗകര്യങ്ങൾക്കും വന്ന നാശം വേറെയും.  സമാശ്വാസ, പുനരുദ്ധാരണ പ്രവർത്തനങ്ങൾ പുരോഗമിക്കുമ്പോഴും പാഴാക്കാൻ സമയമേതുമില്ല. മെയ്‌ 31ന്‌ കാലവർഷമെത്തും. കഴിഞ്ഞ മൂന്നുവർഷവും സംസ്ഥാനത്ത്‌ 15 ശതമാനം വീതം അധികമഴയാണ്‌ ലഭിച്ചത്‌. ഇത്തവണ സാധാരണ മഴക്കാലമാകുമെന്ന്‌ കാലാവസ്ഥാ വകുപ്പ്‌ പ്രവചിക്കുന്നു. എന്നാൽ, അനുഭവത്തിന്റെ അടിസ്ഥാനത്തിൽ നമുക്ക്‌ സ്വയം കരുതിയേ പറ്റൂ.

ടൗട്ടെ നമ്മുടെ തീരപ്രതിരോധത്തിന്റെ ദൗർബല്യം വെളിവാക്കി. സംസ്ഥാനത്തെ 576 കിലോമീറ്റർ തീരത്ത്‌ കടൽഭിത്തിയുള്ളത്‌ 340 കിലോമീറ്ററിൽമാത്രം. അത്‌ നിർമിച്ചിരിക്കുന്നത് കരിങ്കല്ലും കോൺക്രീറ്റും‌കൊണ്ട്‌. ബാക്കിയുള്ള പ്രദേശങ്ങളിൽ, പ്രത്യേകിച്ച്‌ കടൽഭിത്തികൾക്കിടയിലുള്ള ഭാഗങ്ങളിൽ, കടലെടുപ്പ്‌ രൂക്ഷമാകുന്നു. പലയിടത്തും കടൽഭിത്തിയിൽ കേടുപാടുണ്ട്‌. ഇത്തരം പ്രദേശങ്ങൾ കണ്ടെത്തി യുദ്ധകാലാടിസ്ഥാനത്തിൽ ശക്തിപ്പെടുത്തണം. ഭിത്തിയില്ലാതെ, സ്ഥിരമായി ഗുരുതര കടൽ കയറ്റമുണ്ടാകുന്ന പ്രദേശങ്ങൾ കണ്ടെത്തി   സംരക്ഷണ പ്രവർത്തനങ്ങൾ നടപ്പിലാക്കണം. 2020 ഒക്ടോബറിൽ മുഖ്യമന്ത്രി പിണറായി വിജയൻ 200 കോടി രൂപയുടെ തീരസംരക്ഷണ പദ്ധതി പ്രഖ്യാപിച്ചിരുന്നു. ആലപ്പുഴ തീരത്ത്‌ 114 ഗോയിൻ ഫീൽഡ്‌, ചെല്ലാനത്തും മറ്റ്‌ തീരപ്രദേശങ്ങളിലും ഭൂവസ്ത്രം ഉപയോഗിച്ചുള്ള കടൽഭിത്തി എന്നിവയുടെ നിർമാണം, വിവിധ തീരപ്രദേശങ്ങളിൽ ബ്രേക്ക്‌വാട്ടർ നിർമാണവും ശാക്തീകരണവും എന്നിവയാണ്‌ ലക്ഷ്യം. ടൗട്ടെ അനുഭവത്തിന്റെ പശ്ചാത്തലത്തിൽ  പുരോഗതി വിലയിരുത്തി,  അടിയന്തര അധിക പ്രവർത്തനങ്ങൾകൂടി നടപ്പാക്കുന്നതിന്‌‌  സർക്കാർ മുൻഗണന നൽകണം.

ഈ പ്രവർത്തനങ്ങൾ പുരോഗമിക്കുമ്പോൾത്തന്നെ, കടൽഭിത്തിക്കുമപ്പുറം തീരസംരക്ഷണത്തിന്‌ ലോകത്തിന്റെ വിവിധയിടങ്ങളിൽ സ്വീകരിച്ചുവരുന്ന സുസ്ഥിര, പ്രകൃതി സൗഹാർദ മാർഗങ്ങളെക്കുറിച്ചുകൂടി പഠിക്കേണ്ടതുണ്ട്‌. ‘സംയോജിത ജലവിഭവ നിർവഹണ’ തത്വങ്ങൾ പ്രയോഗത്തിൽ വരുത്തിയും ‘ജലത്തിനൊപ്പം ജീവിക്കുക, പ്രകൃതിക്കൊപ്പം നിർമിക്കുക, നദികൾക്ക്‌ ഇടമൊരുക്കുക’ എന്നീ നവീന ആശയങ്ങൾ ഉൾക്കൊണ്ടും വെള്ളപ്പൊക്ക പ്രതിരോധത്തിന്‌ നമ്മുടെ പുഴകളെയും തീരത്തെയും സജ്ജമാക്കണം.


 

മേൽപ്പറഞ്ഞ തത്വങ്ങളുടെ അടിസ്ഥാനത്തിൽ കടലിലോ തീരത്തോ പ്രകൃതിയോടിണങ്ങുന്ന വെള്ളപ്പൊക്ക പ്രതിരോധ മേഖല സൃഷ്ടിക്കുന്നത്‌ അനുയോജ്യമാകും. നെതർലൻഡ്‌സിന്റെ വടക്കൻ തീരത്തിന്‌ സമീപം സൃഷ്ടിച്ച ഉപ്പുപാടങ്ങൾ ഉദാഹരണം‌. ഇവ കടൽക്ഷോഭ സമയത്ത്‌ കടൽഭിത്തികൾക്കുണ്ടാകുന്ന സമ്മർദം കുറയ്ക്കുന്നു. നെതർലൻഡ്‌സിലെ സാൻഡ്‌ മോട്ടർ പരീക്ഷണം ശ്രദ്ധേയമാണ്‌. ആഴക്കടലിൽനിന്ന്‌ വലിയ തോതിൽ മണൽ ശേഖരിച്ച്‌ തീരത്തൊരിടത്ത്‌ കൂട്ടിയിടുന്നു. അലയും കാറ്റും ചേർന്ന്‌ ഇത്‌ തീരത്തുടനീളം തുല്യമായി വിരിക്കുന്നു. അങ്ങനെ, കടലെടുത്ത തീരത്തെ കടൽതന്നെ തിരികെ കൊടുക്കുന്നു. അതുവഴി കടലിനും കരയ്ക്കും ഇടയിൽ ഒരു ബഫർസോണും രൂപപ്പെടുന്നു.

ഇത്തരം നവീന ശാക്തീകരണ മാർഗങ്ങൾകൂടി   തീരസംരക്ഷണ പദ്ധതിയുടെ ഭാഗമാകണം. ദുർബല പ്രദേശങ്ങൾ കണ്ടെത്തി അതാതിടത്തിന്‌ അനുയോജ്യമായ നിർമാണം നടത്തണം. പല രാജ്യങ്ങളിലും തീരപ്രദേശത്തെ കെട്ടിടങ്ങൾ പില്ലറും മറ്റും കെട്ടി ഉയർത്തിയാണ്‌ നിർമിക്കുന്നത്‌. അടിയിലൂടെ വെള്ളത്തിന്‌ യഥേഷ്ടം ഒഴുകാം. അസ്ഥിവാരമില്ലാത്ത, ഒഴുകി നടക്കുന്ന കെട്ടിടങ്ങളും ചിലയിടത്തുണ്ട്‌. വെള്ളം കയറാത്ത കുഴലുകൾ സ്ഥാപിച്ച്‌ ആവശ്യമായ വെള്ളവും വൈദ്യുതിയും ഡ്രെയിനേജ്‌ സംവിധാനവും ഒരുക്കുന്നു. ഈ മാർഗം അത്ര പ്രായോഗികമാകില്ല. ഉയരുന്ന ജലനിരപ്പിനെ അതിജീവിക്കാൻ ശേഷിയുമുണ്ടാകില്ല. എന്നാൽ, തീരത്ത്‌ കടൽക്ഷോഭത്തെ ചെറുക്കുന്ന ഒരു രണ്ടാംനിര ഒരുക്കാൻ നമുക്കാകും. ഈ ഭിത്തിക്ക്‌ പിന്നിലാകണം വീടുകൾ. തീരത്തിനും ഈ ‘രണ്ടാം നിര പ്രതിരോധ മേഖലയ്ക്കും’ ഇടയിലുള്ള സ്ഥലത്ത്‌ പാർക്കുകൾ, ജല കായികവിനോദങ്ങൾ, ഇക്കോ ടൂറിസം പദ്ധതികൾ എന്നിവയും സാധ്യമാകും.

2018ലെ മഹാപ്രളയസമയത്തുണ്ടായ വേലിയേറ്റം എല്ലാ തീരപ്രതിരോധ മാർഗവും കടന്നുവന്നു. നദികളിൽ എത്തിയ അധികജലം കടലിലേക്ക്‌ ഒഴുകിയിറങ്ങിയില്ല. ഇതാണ്‌ ദുരന്തത്തിന്റെ ആക്കം കൂട്ടിയത്‌.  ചുഴലിക്കാറ്റ്‌ പോലുള്ള സമയത്തുമാത്രമല്ല, വർഷകാലത്തും തീരസംരക്ഷണം പ്രധാനമാണെന്നാണ്‌ ഇതു കാണിക്കുന്നത്‌.ഉൾനാടുകളിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള മാർഗങ്ങൾ ഉറപ്പാക്കേണ്ടതിന്റെ ആവശ്യകതയും പ്രളയങ്ങൾ നമ്മെ പഠിപ്പിച്ചു.  ഉരുൾപൊട്ടൽ സാധ്യത മുന്നിൽക്കണ്ട്‌ തയ്യാറെടുക്കേണ്ടതും പ്രധാനമാണ്‌.

ആവശ്യമെങ്കിൽ കളിക്കളങ്ങൾ, കൃഷിയിടങ്ങൾ എന്നിവിടങ്ങളിലേക്ക്‌ ചെറു കനാലുകൾ നിർമിച്ച്‌ മഴക്കാലത്ത്‌‌ എത്തുന്ന അധികജലത്തിന്റെ സംഭരണിയായി അവയെ മാറ്റുന്നതും പരിഗണിക്കാം. ഇങ്ങനെ ശേഖരിച്ച വെള്ളം വെള്ളപ്പൊക്ക ഭീഷണി ഒഴിയുമ്പോൾ തിരികെ ഓടകളിലേക്കുതന്നെ ഒഴുക്കിക്കളയാം.

മഹാപ്രളയം കഴിഞ്ഞ്‌ രണ്ടുവർഷം കടന്നുപോയി. പ്രതിരോധ മാർഗങ്ങൾ രൂപപ്പെടുത്തുന്നതിൽ നാം നേടിയ പുരോഗതി വിലയിരുത്തേണ്ട സമയമായി. ആവശ്യമായ മാറ്റങ്ങൾ ഇപ്പോൾത്തന്നെ വരുത്തണം. കാലാവസ്ഥാ വ്യതിയാനത്തിന്റെ ഫലമായി ഉയരുന്ന സമുദ്രനിരപ്പ്‌, പ്രവചനാതീതമായ വർഷകാലം, ചെറിയ സമയത്തിനുള്ളിൽ ലഭിക്കുന്ന അധികമഴ, ദീർഘകാലത്തേക്ക്‌ ഉണ്ടാകാവുന്ന മഴ ദൗർലഭ്യം, ടൗട്ടെ പോലുള്ള ചുഴലിക്കാറ്റ്‌ എന്നിങ്ങനെ കേരളത്തിന്‌ ഇനിയും ഒട്ടേറെ വെല്ലുവിളികൾ നേരിടേണ്ടി വരും. ക്ഷമയോടെയും നിരന്തര ശ്രമത്തിലൂടെയും ഇവയെല്ലാം നേരിടാൻ പ്രകൃതി സൗഹാർദമായ വഴികൾ തേടണം. അങ്ങനെ ‘ഹരിതകേരളം’ എന്ന ലക്ഷ്യത്തിലേക്ക്‌ നമുക്ക്‌ കൂടുതൽ അടുക്കാനാകും.

(നെതർലൻഡ്‌സിലെ ഇന്ത്യയുടെ മുൻ സ്ഥാനപതിയും രാഷ്ട്രപതിയുടെ പ്രസ്‌ സെക്രട്ടറിയുമായിരുന്നു വേണു രാജാമണി. നെതർലൻഡ്‌സ്‌ ആസ്ഥാനമായി പ്രവർത്തിക്കുന്ന മലയാളി ആർക്കിടെക്ടാണ്‌ എൻ എം രാകേഷ്‌)

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top