24 February Sunday

ജനപക്ഷ സിവിൽസർവീസിനായി കൂടുതൽ കരുത്തോടെ

ടി സി മാത്തുക്കുട്ടിUpdated: Saturday Apr 28, 2018

കേന്ദ്ര സിവിൽസർവീസിൽ നിയമനം നിർത്തലാക്കിയും ആനുകൂല്യം പരിമിതപ്പെടുത്തിയും കരാർ‐കാഷ്വൽ നിയമനങ്ങൾ വ്യാപകമാക്കുകയാണ് നരേന്ദ്രമോഡി സർക്കാർ. സാമൂഹ്യസുരക്ഷാപദ്ധതികളിൽനിന്നു പിന്നോക്കം പോകുകയാണ്. അതിന്റെ ഭാഗമായിരുന്നു 2004 ജനുവരി ഒന്നു മുതൽ കേന്ദ്രസർവീസിലും അതിന്റെ തുടർച്ചയായി സംസ്ഥാനങ്ങളിലും പുതിയ പെൻഷൻപദ്ധതി നടപ്പാക്കിയത്. പിഎഫ്ആർഡിഎ നിയമം പാർലമെന്റിൽ പാസാക്കാനുള്ള ശ്രമം 2004 മുതൽ ആരംഭിച്ചിരുന്നു. ഒന്നാം യുപിഎ ഭരണത്തിൽ ഇടതുപക്ഷത്തിന്റെ എതിർപ്പുമൂലം ബിൽ മാറ്റിവയ്ക്കാൻ നിർബന്ധിതമായി. എന്നാൽ, രണ്ടാം യുപിഎ ഭരണത്തിൽ ബിജെപി പിന്തുണയോടെ 2013ൽ നിയമം പാസാക്കി. ഈ നിയമം പിൻവലിക്കണമെന്ന‌് ആവശ്യപ്പെട്ട് ദേശവ്യാപകമായി കേന്ദ്ര ജീവനക്കാരുടെയും വിവിധ സംസ്ഥാന ജീവനക്കാരുടെയും പ്രക്ഷോഭം തുടരുകയാണ്. കേന്ദ്രസർക്കാരിന്റെ ഈവിധത്തിലുള്ള ജനവിരുദ്ധവും തൊഴിലാളിവിരുദ്ധവുമായ കടന്നുകയറ്റങ്ങൾക്കെതിരായ പോരാട്ടങ്ങളെ ശക്തിപ്പെടുത്തേണ്ടത് വർഗപരമായ ഉത്തരവാദിത്തമാണ്. 

കേന്ദ്രസർക്കാരിന്റെ ജനവിരുദ്ധനയങ്ങളിൽനിന്നു വ്യത്യസ്തമായി ഉന്നതമായ മാനവിക മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച് ജനപക്ഷ ബദൽനയങ്ങളുമായി കേരളത്തിലെ എൽഡിഎഫ് സർക്കാർ മുന്നോട്ടുപോകുകയാണ്.  രണ്ടുവർഷത്തിനുള്ളിൽ ജനങ്ങളുടെ ആഗ്രഹപ്രകാരം അഴിമതി വിമുക്തവും മതനിരപേക്ഷവും വികസിതവുമായ കേരളം കെട്ടിപ്പടുക്കുന്നതിനുള്ള പ്രവർത്തനങ്ങളെ ഏറെ മുന്നോട്ടുകൊണ്ടുപോകാൻ സർക്കാരിനു കഴിഞ്ഞിട്ടുണ്ട്. നവകേരള മിഷൻ പ്രവർത്തനങ്ങൾ ദ്രുതഗതിയിൽ മുന്നേറുകയാണ്. കേരളത്തെ ഹരിതസമൃദ്ധിയുള്ള നാടാക്കി മാറ്റുന്നതിനും പച്ചക്കറി കൃഷിയിലടക്കം സ്വയംപര്യാപ്തത കൈവരിക്കുന്നതിനും സംസ്ഥാനത്തെ മാലിന്യമുക്തമാക്കുന്നതിനും ലക്ഷ്യമിട്ട് പ്രവർത്തനമാരംഭിച്ച ഹരിതകേരളം മിഷൻ മാതൃകാപരമായ പ്രവർത്തനങ്ങളാണ് കാഴ്ചവയ്ക്കുന്നത്. 

പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി 45000 ക്ലാസ് മുറികളാണ് ഹൈടെക് ആക്കി മാറ്റാൻ സർക്കാർ തീരുമാനിച്ചത്. ഇതിൽ 35000 എണ്ണത്തിന്റെയും പ്രവർത്തനങ്ങൾ പൂർത്തീകരിക്കാൻ കഴിഞ്ഞു. അടുത്ത അധ്യയന വർഷത്തേക്കുള്ള പാഠപുസ്തകങ്ങൾ ഈ അധ്യയനവർഷം അവസാനിക്കുന്ന ദിവസങ്ങളിൽ തന്നെ വിദ്യാർഥികളുടെ കൈകളിലെത്തിച്ചു. വീടില്ലാത്തവർക്ക് വീട് നൽകുന്നതിന്റെ ഭാഗമായി രൂപീകരിച്ച ലൈഫ് മിഷന്റെ പ്രവർത്തനങ്ങൾ ബഹുജനപങ്കാളിത്തത്തോടെ മുന്നേറുകയാണ്. നിർമാണം സ്തംഭിച്ചിരുന്ന 26551 വീടിന്റെ നിർമാണം ചുരുങ്ങിയ കാലയളവിനുള്ളിൽ പൂർത്തീകരിക്കാൻ കഴിഞ്ഞു. ആർദ്രം പദ്ധതിയുടെ ഭാഗമായി പൊതുജനാരോഗ്യമേഖല രോഗീസൗഹൃദമാക്കി മാറ്റുന്നതിനും ആധുനികവൽക്കരിക്കുന്നതിനുമുള്ള പ്രവർത്തനം മുന്നേറുകയാണ്.

ഈ പ്രവർത്തനങ്ങളാകെ സിവിൽസർവീസിനെ ശാക്തീകരിച്ചും വിപുലീകരിച്ചുമാണ് സർക്കാർ നടപ്പാക്കുന്നത്. സിവിൽസർവീസിൽ പതിമൂവായിരത്തിലേറെ പുതിയ തസ്തികയും സ്ത്രീകൾക്കും കുട്ടികൾക്കുമായി രാജ്യത്താദ്യമായി പുതിയ വകുപ്പും പുതിയ ഓഫീസുകളുമെല്ലാം ചുരുങ്ങിയ കാലയളവിൽ സൃഷ്ടിക്കാൻ കഴിഞ്ഞു. അറുപതിനായിരം നിയമനങ്ങളാണ് പിഎസ്സി മുഖാന്തിരം നടത്തിയത്. സിവിൽസർവീസിന്റെ കാര്യക്ഷമത വർധിപ്പിക്കുന്നതിന്റെയും മിഡിൽ ലെവൽ മാനേജ്മെന്റ് ശക്തിപ്പെടുത്തുന്നതിന്റെയും ഭാഗമായി കേരള രൂപീകരണകാലഘട്ടം മുതൽ ചർച്ച ചെയ്തുവന്ന കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസ് യാഥാർഥ്യമായി. പദ്ധതിപ്രവർത്തനങ്ങളെ ഏകോപിപ്പിക്കുന്നതിനും കാലവിളംബം കൂടാതെ ജനങ്ങളിലെത്തിക്കുന്നതിനും അഞ്ച് വകുപ്പുകളെ സംയോജിപ്പിച്ച്് തദ്ദേശ സ്വയംഭരണ പൊതുസർവീസ് രൂപീകരിക്കുന്ന പ്രവർത്തനവും അന്തിമഘട്ടത്തിലാണ്. ഈ ജനപക്ഷ നയങ്ങളെ ശക്തിപ്പെടുത്തേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യതയാണ്. വർഗീയവൽക്കരണവും അന്യമതവിദ്വേഷവും കൊണ്ട് രാജ്യത്തിന്റെ ബഹുസ്വരത തകർക്കുന്ന സമീപനം കേന്ദ്രസർക്കാർ സ്വീകരിക്കുമ്പോൾ മതനിരപേക്ഷ പാരമ്പര്യത്തെയും നവോത്ഥാനമൂല്യങ്ങളെയും സംരക്ഷിച്ച്് കേരളം രാജ്യത്തിനു മാതൃകയാകുകയാണ്. തിരുവിതാംകൂർ ദേവസ്വം ബോർഡിനു കീഴിലുള്ള ക്ഷേത്രങ്ങളിൽ പൂജാവിധികൾ സ്വായത്തമാക്കിയിട്ടുള്ള ദളിതരടക്കമുള്ള പിന്നോക്കവിഭാഗങ്ങളിൽനിന്ന് ശാന്തിമാരെ നിയമിക്കാൻ കേരളസർക്കാർ സന്നദ്ധമായി.

നിയമന നിരോധനം അവസാനിപ്പിച്ചും പുതിയ തസ്തികകൾ സൃഷ്ടിച്ചും സിവിൽസർവീസിനെ വിപുലീകരിക്കുകയും ശാക്തീകരിക്കുകയുമാണ് എൽഡിഎഫ് സർക്കാർ. ജീവനക്കാരുടെ അവകാശാനുകൂല്യങ്ങൾ സംരക്ഷിക്കുന്നതിനും പ്രതിജ്ഞാബദ്ധമായ നിലപാടാണ് സർക്കാർ സ്വീകരിക്കുന്നത്. വാർധക്യകാല സുരക്ഷാപദ്ധതിയായി നിർവചിക്കപ്പെട്ട പെൻഷൻ അട്ടിമറിച്ച് യുഡിഎഫ് സർക്കാർ അടിച്ചേൽപ്പിച്ച പങ്കാളിത്ത പെൻഷൻ പദ്ധതി പുനഃപരിശോധിക്കുമെന്നുള്ള സർക്കാർ തീരുമാനം സ്വാഗതാർഹമാണ്. ജീവനക്കാരുടെയും സംസ്ഥാനത്തിന്റെയും താൽപ്പര്യങ്ങൾക്ക് ഹിതകരമല്ലാത്ത വ്യവസ്ഥകൾ ഉൾക്കൊള്ളിച്ച് യുഡിഎഫ് സർക്കാർ പിഎഫ്ആർഡിഎ നിയമപ്രകാരം ഉണ്ടാക്കിയിട്ടുള്ള കരാറുകളുടെ നിയമവശങ്ങളടക്കം പരിശോധിക്കുന്നതിനുതകുന്ന വിധത്തിൽ കമ്മിറ്റിയെ നിയോഗിക്കുന്നതിനുള്ള പ്രവർത്തനം ത്വരിതപ്പെടുത്തേണ്ടതുണ്ട്. ജീവനക്കാരുടെ സ്ഥലംമാറ്റത്തിന് കുറ്റമറ്റ രീതിയിൽ രൂപീകരിക്കപ്പെട്ട മാനദണ്ഡങ്ങൾ എല്ലാവകുപ്പിലും പ്രാവർത്തികമാക്കേണ്ടതുണ്ട്. ജീവനക്കാരുടെ ആരോഗ്യസുരക്ഷയുമായി ബന്ധപ്പെട്ട് പ്രഖ്യാപിച്ചിട്ടുള്ള ആരോഗ്യ ഇൻഷുറൻസ് പദ്ധതിയും കാലവിളംബം കൂടാതെ യാഥാർഥ്യമാക്കുന്നതിനുള്ള പ്രവർത്തനം വേണം.

ജനോന്മുഖവും കാര്യക്ഷമവുമായ സിവിൽസർവീസ് കെട്ടിപ്പടുക്കുന്നതിനുള്ള പ്രവർത്തനങ്ങൾ കഴിഞ്ഞ ഒരുവർഷം വലിയ അളവിൽ മുന്നോട്ടുകൊണ്ടുപോകാൻ കഴിഞ്ഞിട്ടുണ്ട്. ഇതിന്റെ ഭാഗമായി സംസ്ഥാനത്തൊട്ടാകെ 2003 ഓഫീസ‌് തെരഞ്ഞെടുത്ത് കാലവിളംബം കൂടാതെ സേവനലഭ്യത ഉറപ്പുവരുത്തുന്ന ജനപക്ഷ സിവിൽസർവീസ് ഓഫീസുകളായി പ്രഖ്യാപിക്കാൻ കഴിഞ്ഞു. സിവിൽസർവീസിന്റെ കാര്യക്ഷമതയും ഗുണമേന്മയും വർധിപ്പിക്കാൻ എല്ലാ സംഘടനകളുടെയും യോജിച്ച വേദി രൂപം കൊള്ളുകയും അതിന്റെ അടിസ്ഥാനത്തിൽ സംഘടനകൾ സംയുക്തമായി തയ്യാറാക്കിയ നിവേദനം സർക്കാരിനു സമർപ്പിക്കുകയും ചെയ്തു. ഇതുമായി ബന്ധപ്പെട്ട് ജീവനക്കാരുടെ സംഘടനകളുമായി സർക്കാർ ചർച്ച നടത്തുകയും സിവിൽസർവീസിനെ കാര്യക്ഷമവും ജനസൗഹൃദപരവും സാമൂഹ്യ തിന്മകൾക്കതീതമായും മാറ്റിയെടുക്കുന്നതിനാവശ്യമായ നിലപാടുകൾ സ്വീകരിക്കുമെന്ന് ഉറപ്പുനൽകുകയും ചെയ്തു. സംഘടനകളുടെ ഐക്യവും കൂട്ടായ്മയും നിലനിർത്തി ജീവനക്കാരുടെയാകെ പിന്തുണയോടെ ജനപക്ഷ സിവിൽസർവീസ് കെട്ടിപ്പടുക്കേണ്ടതുണ്ട്.

ഈ സാഹചര്യത്തിലാണ് കേരള എൻജിഒ യൂണിയൻ 55‐ാം സംസ്ഥാന സമ്മേളനം  ഏപ്രിൽ 29, 30 മെയ് ഒന്ന‌് തീയതികളിൽ ഇടുക്കിയിലെ അടിമാലിയിൽ ചേരുന്നത്.കാലഘട്ടം ആവശ്യപ്പെടുന്ന വർഗപരമായ ഉത്തരവാദിത്തങ്ങളും സാമൂഹ്യമായ ചുമതലകളും ഏറ്റെടുക്കുന്നതിനെ സംബന്ധിച്ച ചർച്ചകൾക്കും തീരുമാനങ്ങൾക്കും വേദിയാകുന്ന സംസ്ഥാന സമ്മേളനം ചരിത്രത്തിൽ ഇടംപിടിക്കുമെന്നതിൽ സംശയമില്ല.

(കേരള എൻജിഒ യൂണിയൻ ജനറൽ സെക്രട്ടറിയാണ് ലേഖകൻ)

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top