05 April Sunday

നഷ്ടമാകരുത്‌ ശാസ്ത്രബോധം

എ പി മുരളീധരൻUpdated: Friday Feb 28, 2020


ഫെബ്രുവരി 28 ഇന്ത്യ ദേശീയ ശാസ്ത്രദിനമായി ആചരിക്കുകയാണ്. ഇന്ത്യയുടെ ശാസ്ത്രപ്രതിഭയായ സി വി രാമൻ  “രാമൻ പ്രഭാവം” എന്ന പ്രതിഭാസം കണ്ടെത്തിയത് 1928 ഫെബ്രുവരി 28നാണ്. ഈ കണ്ടെത്തലിനാണ് അദ്ദേഹത്തിന് 1930ൽ നൊബേൽ സമ്മാനം ലഭിക്കുന്നത്.

സുതാര്യമായ വസ്തുക്കളിലൂടെ പ്രകാശം കടന്നുപോകുമ്പോൾ അതിന്റെ ഒരു ഭാഗം വിസരണത്തിന് വിധേയമാകും. വസ്തുവിൽ പതിക്കുന്ന പ്രകാശത്തിൽനിന്ന് വ്യത്യസ്തമായ തരംഗദൈർഘ്യമുള്ള പ്രകാശം അതിൽനിന്ന് തെറിച്ചുവരുന്നതായി കണ്ടെത്താൻ കഴിയും. ഇതാണ് രാമൻ പ്രഭാവം.ഓരോ വർഷവും ദേശീയ ശാസ്ത്രദിനാചരണത്തിനായി ഒരു വിഷയം നിർദേശിക്കാറുണ്ട്. ഈവർഷത്തെ ദേശീയ ശാസ്ത്രദിനത്തിന്റെ പ്രത്യേക വിഷയം “ശാസ്ത്രരംഗത്തെ സ്ത്രീകൾ” എന്നതാണ്. ‍ ലിംഗനീതിക്കുവേണ്ടിയുള്ള സ്ത്രീകളുടെ പോരാട്ടം പതുക്കെയാണെങ്കിലും ശക്തിപ്പെടുകയും ഇന്ത്യയുടെ നിയമവ്യവസ്ഥയിൽനിന്നുതന്നെ ലിംഗനീതി സങ്കൽപ്പം ഉൾക്കൊണ്ടുകൊണ്ടുള്ള വിധികൾ വന്നുകൊണ്ടിരിക്കുകയും ചെയ്യുന്ന പശ്ചാത്തലത്തിൽ ശാസ്ത്രരംഗത്തെ സ്ത്രീകൾ എന്ന വിഷയം ഏറെ പ്രസക്തമാണ്. ശാസ്ത്രദിനം ആചരിക്കുന്നതുകൊണ്ട് സമൂഹത്തിന്റെ ചിന്താരീതിയിലും സ്വഭാവത്തിലും  മാറ്റങ്ങൾ വരുന്നുണ്ടോ? ശാസ്ത്രബോധം ഉണ്ടാകുന്നുണ്ടോ? ഇന്നത്തെ ഇന്ത്യൻ അവസ്ഥയിൽ ഇത്തരമൊരു ചർച്ചയ്‌ക്ക് ഏറെ പ്രസക്തിയുണ്ട്.

ശാസ്ത്രബോധമെന്നാൽ
ഇന്ത്യയിൽ ശാസ്ത്രബോധമെന്ന സംജ്ഞയ്ക്ക് രൂപംനൽകിയത് ജവാഹർലാൽ നെഹ്‌റുവായിരുന്നു. ശാസ്ത്രീയസമീപനം, ശാസ്ത്രബോധം തുടങ്ങിയവ നമ്മുടെ ജീവിതരീതി, ചിന്താരീതി, സഹകരണം, ഇടപെടൽ എന്നിവയിലൂടെ രൂപപ്പെടുന്നതാണ്.  ഈ ദിശയിലുള്ള പ്രവർത്തനങ്ങളാണ് 1976-ൽ ശാസ്ത്രബോധം ഇന്ത്യൻ ഭരണഘടനയുടെ ഭാഗമാക്കുന്നതിലേക്ക് ‍നയിച്ചത്. നമ്മുടെ ഭരണഘടനയുടെ ആർട്ടിക്കിൾ 51 എ(എച്ച്) എന്ന വകുപ്പ് പ്രകാരം ശാസ്ത്രബോധം വളർത്തുക ഓരോ ഇന്ത്യൻ പൗരന്റെയും കടമയാണ്.


 

അന്ധവിശ്വാസങ്ങളെ കേവലമായി തുറന്നെതിർക്കുന്നത് ശാസ്ത്രബോധത്തിന്റെ അളവുകോലല്ല. കേവലമായ ശാസ്ത്രാഭിമുഖ്യമോ ശാസ്ത്രവിജ്ഞാനമോ അല്ല ശാസ്ത്രബോധം. ശാസ്ത്രബോധം അടിസ്ഥാനപരമായി ഒരു ലോകവീക്ഷണമാണ്. യുക്തിപൂർവമായ അന്വേഷണം നടത്താനുള്ള കഴിവുമാണത്. ചുറ്റുപാടിനെയും  വിവിധങ്ങളായ സാമൂഹ്യചലനങ്ങളെയും നിരന്തരം  നിരീക്ഷിക്കുകയും വിലയിരുത്തുകയും ചെയ്യുന്നതിലൂടെയാണ് ശാസ്ത്രബോധത്തിന്റെ വളർച്ച സാധ്യമാകുന്നത്. ജനാധിപത്യം, മതനിരപേക്ഷത മുതലായ മൂല്യങ്ങളുടെ സംരക്ഷണം ശാസ്ത്രബോധപ്രചാരണത്തിന് അനിവാര്യമാണ്. ദാരിദ്ര്യം, അസമത്വം, നിരക്ഷരത, അനാരോഗ്യം എന്നിവയ്‌ക്കെതിരായ പോരാട്ടവും ഇതിന്റെ ഭാഗമാണ്.

നിരന്തരം ചോദ്യം ഉയർത്തുക, നിരീക്ഷണത്തിലൂടെ നിഗമനത്തിലേക്കെത്തുക, വിവരശേഖരണം, പരീക്ഷണം എന്നിവയിലൂടെ തെളിവുകൾ ശേഖരിക്കുക, തെളിവിന്റെ അടിസ്ഥാനത്തിൽ തീരുമാനങ്ങളിൽ എത്തുക, മറിച്ചുള്ള തെളിവുകൾ കണ്ടാൽ നിഗമനം മാറ്റാൻ തയ്യാറാകുക എന്നതാണ് ശാസ്ത്രത്തിന്റെ രീതി. വ്യക്തികൾക്കോ അവരുടെ ആശയങ്ങൾക്കോ അപ്രമാദിത്വം കൽപ്പിക്കാതെ തുടർച്ചയായി ചോദ്യം ഉയർത്താനുള്ള സ്വാതന്ത്ര്യമാണ് ശാസ്ത്രത്തിന്റെ തനിമ.

ഇന്ത്യൻ അവസ്ഥ
“രാമൻ പ്രഭാവം’ കണ്ടെത്തുന്നത് 92 വർഷങ്ങൾക്കുമുമ്പാണ്. സി വി രാമനെ കൂടാതെ പി സി റെ, എസ് എൻ ബോസ്, എം എൻ സാഹ തുടങ്ങിയ മികച്ച ശാസ്ത്രജ്ഞർ അക്കാലത്ത് ഇവിടെ ഉണ്ടായിരുന്നു. പിന്നീട് ഇന്ത്യ അടിസ്ഥാനശാസ്ത്രത്തിൽ പിറകോട്ടു പോകുകയാണുണ്ടായത്. ഇന്നാകട്ടെ,  ശാസ്ത്രബോധം വളർത്തുന്നതിനുള്ള പരിപാടികൾ പ്രോത്സാഹിപ്പിക്കുന്നില്ല. പരിമിതമായെങ്കിലും നിലനിൽക്കുന്ന ശാസ്ത്രബോധത്തിന്റെ അടിത്തറതന്നെ തകർക്കുന്ന രീതിയിലാണ് പ്രവർത്തിച്ചുകൊണ്ടിരിക്കുന്നത്

ശാസ്ത്രസിദ്ധാന്തങ്ങളുടെ സ്ഥാനത്ത് പുരാണങ്ങളിലും ഐതിഹ്യങ്ങളിലും പറഞ്ഞിട്ടുള്ള കഥകൾ ശാസ്ത്രസിദ്ധാന്തങ്ങൾ എന്ന പേരിൽ അവതരിപ്പിക്കുകയാണ്. രാവണന് 12 വിമാനത്താവളങ്ങൾ ഉണ്ടായിരുന്നു, പ്ലാസ്റ്റിക് സർജറിയുടെ തെളിവാണ് ഗണപതി, അർജുനന്റെ അസ്ത്രം ആണവായുധമായിരുന്നു, പശുവിൻമൂത്രം കുടിച്ചാൽ ക്യാൻസർ ഉണ്ടാകില്ല, ചാണകത്തിൽ നിന്ന് സ്വർണം വേർതിരിച്ചെടുക്കാം എന്നൊക്കെ അവതരിപ്പിക്കുന്നത് കേന്ദ്രമന്ത്രിമാരും സംസ്ഥാന മുഖ്യമന്ത്രിമാരും മാത്രമല്ല, കലാലയങ്ങളിലും പ്രൊഫസർമാർ ആയിട്ടുള്ളവർ കൂടിയാണ്. 


 

ഇത്തരം ഗവേഷണം നടത്താൻ കോടിക്കണക്കിന് രൂപയാണ് സർക്കാർ നീക്കിവെച്ചിട്ടുള്ളത്. ഗവേഷണ സ്ഥാപനങ്ങൾക്കും ശാസ്ത്ര സർവകലാശാലകൾക്കും അനുവദിച്ചിട്ടുള്ള ഫണ്ട് വൻതോതിൽ വെട്ടിക്കുറയ്ക്കുകയാണ്. ഇന്ത്യൻ ശാസ്ത്രകോൺഗ്രസിൽ പോലും ഇത്തരത്തിൽ വിഡ്ഢിത്തം നിറഞ്ഞ സിദ്ധാന്തങ്ങൾ അവതരിപ്പിക്കുന്നത് കണ്ടിട്ടാണ് നൊബേൽ സമ്മാന ജേതാവായ ഡോക്ടർ വെങ്കിട്ടരാമൻ രാമകൃഷ്ണൻ ശാസ്ത്രകോൺഗ്രസിൽ നിന്നും ഇറങ്ങിപ്പോയത്.

ശാസ്ത്രവിരുദ്ധത ഔദ്യോഗിക ഭാഷ്യമായി മാറുന്നതോടൊപ്പം, ജനാധിപത്യത്തിന്റെ കാതലായ, വിമർശിക്കാനുള്ള സ്വാതന്ത്ര്യത്തെ അസഹിഷ്ണുതയോടെ നേരിടുന്ന ഭരണകൂട സമീപനവും ശാസ്ത്രവളർച്ചയ്‌ക്ക് തടസ്സമാകുന്ന അന്തരീക്ഷമാണ് സൃഷ്ടിക്കുന്നത്. വൈജ്ഞാനികരംഗത്ത് പ്രാഗൽഭ്യമുള്ളവർ അലങ്കരിക്കേണ്ട വൈസ് ചാൻസലർ, ഡയറക്ടർ തുടങ്ങിയ സ്ഥാനങ്ങളിൽ തങ്ങൾക്കിഷ്ടമുള്ളവരെ നിയമിക്കുന്നതും സ്വതന്ത്രചിന്ത ഇല്ലാതാക്കാനുള്ള ഭരണകൂട തന്ത്രമാണ്.

കേരള യാഥാർഥ്യങ്ങൾ
രാജ്യത്തെ സാമൂഹ്യാന്തരീക്ഷം ഇങ്ങനെ മാറിക്കൊണ്ടിരിക്കുമ്പോഴും അതിനൊരു അപവാദമായി നിലനിൽക്കുകയാണ് നമ്മുടെ കേരളം. മൗലികവാദികളുടെ പ്രചാരണത്തെ നേരിട്ടുകൊണ്ട് വാക്സിനേഷൻ പ്രവർത്തനം വിജയിപ്പിക്കാൻ കഴിഞ്ഞതും നിപാ വൈറസ് ആക്രമണത്തേയും ഇപ്പോൾ കൊറോണാ വൈറസ് വ്യാപനത്തേയും പ്രതിരോധിക്കാൻ കഴിഞ്ഞതും കേരളത്തിലെ ആരോഗ്യസംവിധാനം ശാസ്ത്രീയ സമീപനത്തിൽ ഉറച്ചുനിൽക്കുന്നതുകൊണ്ടാണ്.

എന്നാൽ, സ്ത്രീകൾക്ക് ശബരിമലയിൽ പ്രവേശിക്കാമെന്ന  സുപ്രീംകോടതി വിധിയെത്തുടർന്ന് തെരുവുകളിലുണ്ടായ സമരകോലാഹലങ്ങൾ കേരളത്തിന്റെ ശാസ്ത്രബോധം നഷ്ടമായിക്കൊണ്ടിരിക്കുകയാണോ എന്ന ആശങ്കയുണർത്തി. നഷ്ടമാകുന്ന ശാസ്ത്രബോധം തിരിച്ചുപിടിക്കാൻ കേരളസമൂഹത്തെ ഒരുമിപ്പിക്കുക എന്നത് പ്രധാന പ്രവർത്തന സമീപനമായി പത്തനംതിട്ടയിൽ വച്ചുനടന്ന കേരള ശാസ്ത്രസാഹിത്യ പരിഷത്ത് സംസ്ഥാന വാർഷിക സമ്മേളനം അംഗീകരിച്ചത് ഈയൊരു പശ്ചാത്തലത്തിലാണ്.  വലയ സൂര്യഗ്രഹണവുമായി ബന്ധപ്പെട്ട് സൗരോത്സവങ്ങളും സംഘടിപ്പിച്ചു.

ശാസ്ത്രം പഠിച്ചിട്ടും ശാസ്ത്രബോധമില്ലാതെ പോകുന്നതെന്തുകൊണ്ടെന്ന ചിന്ത വിരൽചൂണ്ടുന്നത് വിദ്യാഭ്യാസപ്രക്രിയയിലെ അശാസ്ത്രീയതയിലേക്കാണ്. വിശ്വാസത്തിന്റെ മറവിലുള്ള ശാസ്ത്രവിരുദ്ധമായ പ്രചാരണങ്ങളെ തിരിച്ചറിയാൻ കഴിയുന്ന രീതിയിൽ വിദ്യാഭ്യാസത്തിന്റെ ഉള്ളടക്കത്തിലും പഠനപ്രക്രിയയിലും മാറ്റം വരുത്തേണ്ടത് ശാസ്ത്രബോധം വളർത്തുന്നതിന് അനിവാര്യമാണ്.

(കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ സംസ്ഥാന പ്രസിഡന്റാണ് ലേഖകൻ)

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top