27 May Wednesday

രാജ്യം ഭരണഘടന വായിക്കുമ്പോൾ

വി ബി പരമേശ്വരൻUpdated: Tuesday Jan 28, 2020

പൗരത്വ ഭേദഗതി നിയമത്തിനെതിരെ റിപ്പബ്ലിക്കിന്റെ എഴുപത്തിയൊന്നാം ദിനാചരണത്തിൽ എൽഡിഎഫ്‌ ആഹ്വാനം ചെയ്‌ത മനുഷ്യ മഹാശൃംഖല മനുഷ്യ മഹാമതിലായി രൂപപ്പെട്ടത്‌ നൽകുന്ന സന്ദേശം മഹത്തരമാണ്‌. പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഇന്ത്യയിലെമ്പാടും ഉയർന്നുവരുന്ന പ്രതിഷേധരൂപങ്ങളിൽ ഏറ്റവും ഉജ്വലമായ സമരരൂപമാണിത്‌ എന്നതിൽ സംശയമില്ല. പൗരത്വ ഭേദഗതി നിയമത്തിനെതിരായി ആദ്യമായി നിയമസഭ പ്രമേയം പാസാക്കിയതും സുപ്രീംകോടതിയിൽ സ്യൂട്ട്‌ ഫയൽചെയ്‌തതും നിയമം നടപ്പിലാക്കിലെന്ന്‌ പറഞ്ഞതും കേരളമായിരുന്നു. മനുഷ്യ മഹാശൃംഖല തീർത്തുകൊണ്ട്‌ മറ്റൊരു സമരമാതൃകകൂടി റിപ്പബ്ലിക് ദിനത്തിൽ കേരളം സൃഷ്ടിച്ചിരിക്കുന്നു.

പൗരത്വ ഭേദഗതി നിയമത്തിനെതിരായ സമരത്തിന്റെ ഏറ്റവും പ്രധാന വശം സംസ്ഥാനത്തെ ജനസംഖ്യയുടെ ഏതാണ്ട്‌ കാൽഭാഗത്തോളം വരുന്ന ജനസഞ്ചയം ജാതി–-മത–വർണ ചിന്തകൾക്കതീതമായി കൈകോർത്ത്‌ ഭരണഘടനയുടെ ‘ഇന്ത്യക്കാരായ നമ്മൾ’ എന്ന്‌ തുടങ്ങുന്ന ആമുഖം വായിച്ചുവെന്നതാണ്‌. എഴുപത്‌ വർഷംമുമ്പ്‌ അംഗീകരിക്കപ്പെട്ട ഭരണഘടനയെക്കുറിച്ച്‌ ആഴത്തിൽ അവബോധം സൃഷ്ടിക്കുന്നതിനുള്ള മികച്ച അവസരമായി പൗരത്വഭേദഗതി നിയമത്തിനെതിരെയുള്ള പ്രതിഷേധത്തെ മാറ്റിയെടുക്കാൻ കേരളത്തിന്‌  കഴിഞ്ഞു. മൂന്ന്‌ വർഷത്തെ (1946–-49) ചർച്ചയ്‌ക്കൊടുവിലാണ്‌ ഇന്ത്യൻ ഭരണഘടന അംഗീകരിക്കപ്പെട്ടത്‌. അന്ന്‌ നടന്ന തലനാരിഴകീറിയുള്ള പരിശോധനയ്‌ക്കുശേഷം ഭരണഘടന ഒരിക്കലും ഇത്രമാത്രം സജീവ ചർച്ചാ വിഷയമായിട്ടില്ല.  ഭരണഘടനയുടെ സത്ത എന്ന്‌ വിശേഷിപ്പിക്കപ്പെടുന്ന ‘സോഷ്യലിസ്റ്റ്‌ മതനിരപേക്ഷ ജനാധിപത്യ റിപ്പബ്ലിക്’ എന്ന ആശയം ഒരിക്കൽക്കൂടി ജനഹൃദയങ്ങളിലേക്ക്‌ അരിച്ചിറങ്ങാൻ ഈ പ്രക്ഷോഭ സമരങ്ങൾ അവസരം നൽകി.

കേരളത്തിൽ മാത്രമല്ല, രാജ്യവ്യാപകമായിത്തന്നെ ഭരണഘടന വായിക്കപ്പെട്ടു. സമരത്തിന്റെ കൊടിയായി ത്രിവർണ പതാക മാറി.  ‘ത്രിവർണ പതാക രാജ്യത്തിന്‌ ക്ഷതമേൽപ്പിക്കുമെന്ന്‌’ ആക്ഷേപിച്ചവരുടെ പിന്മുറക്കാർ നയിക്കുന്ന  കേന്ദ്ര ഭരണത്തിനെതിരെ ജനങ്ങളെ ഒന്നിപ്പിച്ച്‌ നിർത്താൻ അതേ പതാകയാണ്‌ ജനങ്ങൾ കൈയിലേന്തിയത്‌. ‘പട്ടിക്കും പൂച്ചയ്‌ക്കും അവകാശങ്ങൾ അനുവദിച്ചുനൽകുന്ന’ ഭരണഘടനയെ തിരസ്‌കരിക്കണമെന്ന്‌ പറഞ്ഞ  ഗോൾവാൾക്കർ ശിഷ്യന്മാർ കൊണ്ടുവന്ന പൗരത്വ ഭേദഗതി നിയമത്തിനെതിരെ അതേ ഭരണഘടന ഉയർത്തിക്കാണിച്ചാണ്‌, അതിന്റെ ആമുഖം ആവർത്തിച്ച്‌ വായിച്ചാണ്‌ ജനങ്ങൾ പോരാട്ടമുഖം തുറന്നത്‌.  അംബേദ്‌കറുടെയും ഗാന്ധിജിയുടെയും ചിത്രങ്ങൾ അവരുയർത്തിപ്പിടിച്ചു. ജനങ്ങൾ ഒരേസമയം ഭരണഘടന വായിക്കുകയും പഠിക്കുകയും ചെയ്യുന്ന അത്യപൂർവവും സൗന്ദര്യാത്മകവുമായ മുഹൂർത്തമാണ്‌ ഈ സമരംവഴി എഴുതിച്ചേർക്കപ്പെട്ടത്‌. ഒരു രാജ്യത്തിന്റെ ഭരണഘടനയെ സംരക്ഷിക്കാൻ ഒരു ജനതമുഴുവൻ ഇറങ്ങിവരുന്ന കാഴ്‌ച.  ഇന്ത്യ ഒരിക്കലും ഇത്ര സജീവമായി വികാരപരമായി ഭരണഘടനയെ സമീപിച്ചിട്ടുണ്ടാകില്ല. സ്വേച്ഛാധിപത്യവാഴ്‌ചയിലേക്ക്‌ അതിവേഗം മുന്നേറുന്ന സർക്കാരിനെതിരെ പ്രതിരോധമതിൽ ഉയർത്താൻ ജനങ്ങൾക്ക്‌ കരുത്തുനൽകിയത്‌ ഈ ഭരണഘടനയാണ്‌. 

ബ്രിട്ടീഷുകാരെ തുരത്തിയശേഷം ജനങ്ങൾക്ക്‌ പ്രതീക്ഷ നൽകിയ ഭരണഘടന മോഡി–-ഷാ–-ആർഎസ്‌എസ്‌ ത്രയത്തിനുകീഴിൽ ഭീഷണിയിലാണെന്ന തിരിച്ചറിവാണ്‌  ജനങ്ങളെ തെരുവിലിറങ്ങാൻ നിർബന്ധിച്ചത്‌. വളരുന്ന സാമ്പത്തിക അസമത്വവും കടുത്ത സാമ്പത്തിക പ്രതിസന്ധിയും തൊഴിലില്ലായ്‌മയുംകൊണ്ട്‌  ജനങ്ങൾ പൊറുതിമുട്ടിയിരുന്നു. കശ്‌മീരിന്‌ ഭരണഘടന അനുവദിച്ചുനൽകിയ പൗരസ്വാതന്ത്ര്യവും പിച്ചിച്ചീന്തപ്പെട്ടു. ഇതിനിടയിലാണ്‌ പൗരത്വംപോലും നിഷേധിക്കാനുള്ള നീക്കവുമായി അവർ എത്തിയത്. പൊരുതി നേടിയ സ്വാതന്ത്ര്യവും അത്‌ സംരക്ഷിക്കുമെന്നതിന്‌ ഗ്യാരന്റിയായ ഭരണഘടനയും തകർക്കുകയാണെന്ന തിരിച്ചറിവ്‌ ജനങ്ങളെ വീണ്ടും  ‘ആസാദി’ മുദ്രാവാക്യം ഉറക്കെ വിളിക്കാൻ പ്രേരിപ്പിച്ചു.  സ്വാതന്ത്ര്യസമരവുമായി ഒരു ബന്ധവുമില്ലാത്തതുകൊണ്ടും ബ്രിട്ടീഷുകാർക്ക്‌  അരഡസൻ മാപ്പപേക്ഷയെഴുതിയ പാരമ്പര്യമുള്ള നേതൃനിരയുള്ളതുകൊണ്ടും ‘ആസാദി’ എന്ന വാക്കിനോടുതന്നെ അവർക്ക്‌ ചതുർഥിയായിരുന്നു.

സ്വാതന്ത്ര്യസമരത്തെ തകർക്കാൻ ബ്രിട്ടീഷുകാർ കൊണ്ടുവന്ന രാജ്യദ്രോഹക്കുറ്റംപോലും ചുമത്തിയാണ്‌ ഈ പ്രക്ഷോഭത്തെ ബിജെപി സർക്കാരുകൾ നേരിട്ടത്‌. എത്രമാത്രം അടിച്ചമർത്തുന്നുവോ അത്രമാത്രം  ശക്തമായി പ്രക്ഷോഭകർ തെരുവിലിറങ്ങുന്ന കാഴ്‌ചയാണ്‌ രാജ്യത്തെമ്പാടും കാണുന്നത്‌. അവർ പല രൂപത്തിലും രീതിയിലും മോഡി–-ഷാ–-ആർഎസ്‌എസ്‌ ത്രയത്തെ എതിരിട്ടു. അത്‌ ചിലപ്പോൾ ധർണയുടെ രൂപത്തിലാകാം, ചിത്ര പ്രദർശനത്തിന്റെയും ചിത്രം വരയുടെയും രൂപത്തിലാകാം അതുമല്ലെങ്കിൽ സംഗീതത്തിന്റെ–-വായ്‌പാട്ടിന്റെ,  ജാസിന്റെ, ബാന്റിന്റെയും രൂപത്തിലാകാം. നാടൻകലാരൂപങ്ങളുടെ വേഷപ്പകർച്ചയിലാകാം. ഹിന്ദുത്വത്തിന്റെ ഏകത്വം എന്ന ആശയത്തിനെതിരെ ബഹുമുഖ സമരരൂപങ്ങളിലൂടെ അവർ പ്രതികരിച്ചു. ആധുനിക ചിന്തയോടും ജനാധിപത്യത്തോടും സാമൂഹ്യനീതിയോടും പ്രതിബദ്ധതയുള്ള യുവതലമുറ ആവേശത്തോടെ ഈ സമരത്തിൽ പങ്കെടുത്തു. സ്‌ത്രീകളുടെ, വിദ്യാർഥികളുടെ, യുവജനങ്ങളുടെ  പങ്കാളിത്തമാണ്‌ അതിൽ ഏറ്റവും പ്രധാനം. പുതിയ ഊർജവും ഭാഷയും ഈ സമരത്തിനുണ്ടായിരുന്നു.


 

അഖ്‌ലാക്കിനെയും  പെഹ്‌ലുഖാനെയും കൊന്നപ്പോൾ എന്തുകൊണ്ട്‌ പ്രതിഷേധിച്ചില്ല എന്ന ചോദ്യം പല കോണുകളിൽനിന്നും ഉയരുന്നുണ്ടിപ്പോൾ. ഷഹീൻബാഗിലെ തൊണ്ണൂറുകാരി അതിന്‌ നൽകിയ ഉത്തരം ഇവിടെ പ്രസക്തമാണ്‌. ‘അന്ന്‌ അങ്ങനെ ചെയ്‌തിരുന്നുവെങ്കിൽ അത്‌ വിഭാഗീയ പ്രതിഷേധമാണെന്നു പറഞ്ഞ്‌ തള്ളിക്കളയുമായിരുന്നു. ഇപ്പോൾ ഞങ്ങൾ മതനിരപേക്ഷ പൗരന്മാർ എന്ന നിലയിൽ റിപ്പബ്ലിക്കിന്റെ ഭരണഘടനയെ സംരക്ഷിക്കാനാണ്‌ പൊരുതുന്നത്‌. ഇതിനെ വിഭാഗീയമായി തള്ളിക്കളയാൻ ആർക്കും കഴിയില്ല.’ മോഡി ഭരണത്തിൽ മറച്ചുപിടിക്കാൻ നിർബന്ധിക്കപ്പെട്ട മതനിരപേക്ഷബോധം പരസ്യമായി പ്രകടിപ്പിക്കാൻ ജനങ്ങൾ തയ്യാറായിരിക്കുന്നു. മോഡി–-ഷാ–-ആർഎസ്‌എസ്‌ ത്രയം അധികാരമേറിയപ്പോൾ ഭയത്തിന്റെ അന്തരീക്ഷമായിരുന്നു എങ്ങും. ഭരണകൂടത്തിന്റെ വിവിധ ഉപകരണങ്ങൾ ഉപേയോഗിച്ച്‌ അവർ എല്ലാവരെയും നിശ്ശബ്ദമാക്കുകയായിരുന്നു. മാധ്യമങ്ങൾപോലും എക്‌സിക്യൂട്ടീവിന്റെ കൂലിപ്പട്ടാളമായി അധഃപതിച്ചു. എന്നാൽ, ജാമിയയിലെയും ജെഎൻയുവിലെയും വിദ്യാർഥികൾ തുടങ്ങിവച്ച സമരം ഭയത്തിന്റെ പുറന്തോട്‌ പൊട്ടിച്ചു. ജനങ്ങൾ നട്ടെല്ല് ഉയർത്തിനിന്ന്‌ പ്രതിഷേധിക്കാനാരംഭിച്ചു. ഡൽഹിയിലെ ഷഹീൻബാഗിലും ലഖ്‌നൗവിലെ ഹുസൈനാബാദ്‌ ക്ലോക്ക്‌ ടവറിനുമുമ്പിലും കൊൽക്കത്തയിലെ ഫിലിപ്സ്‌ മൈതാനിയിലും ഒത്തുചേരുന്ന ആയിരങ്ങൾ അതാണ്‌ വിളിച്ചുപറയുന്നത്‌. ഗുജറാത്തിലെ വിദ്യാർഥികൾ ഫീസ്‌ വർധനയ്‌ക്കെതിരെ തുടങ്ങിയ സമരമാണ്‌ ഇന്ദിര ഗാന്ധിയുടെ വീഴ്‌ചയ്‌ക്ക്‌ കാരണമായതെന്ന കാര്യം ആരും മറന്നുപോകരുത്‌.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top