29 February Saturday

ഭരണഘടന കാക്കാൻ കൈകോർക്കാം

കോടിയേരി ബാലകൃഷ്ണൻUpdated: Friday Dec 27, 2019പൗരസമത്വം ഉറപ്പുനൽകുന്ന ഇന്ത്യൻ ഭരണഘടന സംരക്ഷിക്കാൻ ദേശവ്യാപകമായി ജനങ്ങൾ ഉണർന്നിരിക്കുകയാണ്. ഈ പോരാട്ടത്തിൽ കേരളവും മുന്നിലാണ്. ബഹുജന സമരമുന്നേറ്റത്തിൽ  ചരിത്രം കുറിക്കാൻ റിപ്പബ്ലിക് ദിനമായ ജനുവരി 26ന് കേരളം മനുഷ്യച്ചങ്ങല തീർക്കുകയാണ്. എൽഡിഎഫ് ആഹ്വാനംചെയ്ത പ്രതിരോധസമരം മഹാസംഭവമാക്കാൻ രണ്ട് ദിവസമായി തിരുവനന്തപുരത്ത് ചേർന്ന സിപിഐ എം സംസ്ഥാന കമ്മിറ്റിയോഗം തീരുമാനിച്ചു. ഇത് ജാതി‐മത‐വിഭാഗീയ രാഷ്ട്രീയങ്ങൾക്ക് അതീതമായ ജനകീയ കൂട്ടായ്മയാണ്. അതിനാൽ രാജ്യസ്നേഹികളായ എല്ലാവരും പങ്കെടുക്കണം.

സ്വാതന്ത്ര്യാനന്തര ഇന്ത്യയിൽ കേന്ദ്രഭരണവും ജനങ്ങളും തമ്മിലുള്ള ഏറ്റുമുട്ടൽ തീവ്രമായ പല ഘട്ടങ്ങളിലുമുണ്ടായിട്ടുണ്ട്. കേന്ദ്രഭരണവും  ജനങ്ങളും തമ്മിലുള്ള വൈരുധ്യം  ഇന്നത്തെപ്പോലെ വളർന്ന മറ്റൊരുഘട്ടം കഴിഞ്ഞ ഏതാനും പതിറ്റാണ്ടുകൾക്കുള്ളിൽ ഉണ്ടായിട്ടില്ല. വലിയ ഭൂരിപക്ഷത്തോടെ രണ്ടാംവട്ടവും അധികാരത്തിലേറിയ മോഡി സർക്കാർ ദേശവ്യാപകമായി അലയടിക്കുന്ന പ്രക്ഷോഭത്തിനുമുന്നിൽ വിയർക്കുകയാണ്. ഡൽഹിയിലെ രാംലീല മൈതാനത്ത് ഒന്നര മണിക്കൂർ പ്രസംഗിച്ചെങ്കിലും മൗലികമായ ചോദ്യങ്ങൾക്ക് ഉത്തരം നൽകാൻ പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് കഴിഞ്ഞിട്ടില്ല. പൗരത്വ ഭേദഗതി നിയമം അടിസ്ഥാനപരമായി വിവേചനപരവും ഇന്ത്യ ഒപ്പുവച്ച അന്താരാഷ്ട്ര മനുഷ്യാവകാശ കരാറുകൾക്ക് എതിരുമാണെന്ന ഐക്യരാഷ്ട്രസംഘടനയുടെ അഭിപ്രായത്തെ ഖണ്ഡിക്കാൻ മോഡിക്ക്  കഴിഞ്ഞിട്ടില്ല. ജനാധിപത്യത്തിന്റെ അടിസ്ഥാനതത്വങ്ങൾ ഇന്ത്യ തകർക്കുന്നുവെന്ന് അമേരിക്കയിലെ അന്താരാഷ്ട്ര മതസ്വാതന്ത്ര്യ കമീഷനും പാർലമെന്റ് വിദേശകാര്യസമിതിയും ചൂണ്ടിക്കാട്ടിയതിനും മോഡിക്ക് മറുപടിയില്ല.

പൗരത്വ ഭേദഗതി നിയമം 2019 ഡിസംബർ ഒമ്പതിന് ലോക്സഭയും 11ന് രാജ്യസഭയും പാസാക്കി. നിമിഷങ്ങൾക്കുള്ളിൽ അത് ഒപ്പിട്ടു കൊടുക്കുകയായിരുന്നു രാഷ്ട്രപതി രാംനാഥ് കോവിന്ദ്. ഒരു രാഷ്ട്രപതി പുലർത്തേണ്ട ഭരണഘടനാപരമായ ഉത്തരവാദിത്തം അദ്ദേഹം നിറവേറ്റിയിട്ടില്ല. പാകിസ്ഥാൻ, ബംഗ്ലാദേശ്, അഫ്ഘാനിസ്ഥാൻ എന്നിവിടങ്ങളിൽ നിന്നെത്തിയ, 2014 ഡിസംബർ 31നുമുമ്പ് വന്ന ഹിന്ദു, സിക്ക്, ബുദ്ധ, പാഴ്സി, ജൈന, ക്രൈസ്തവ മതത്തിൽപ്പെട്ടവർക്ക് പൗരത്വം നൽകണമെന്നാണ് പുതിയ നിയമത്തിലെ പ്രധാന ശുപാർശ. പൗരത്വം കിട്ടാൻ 11 വർഷത്തെ താമസമെന്നത്, 5 വർഷമാക്കി ചുരുക്കി. മുസ്ലിം ജനവിഭാഗത്തെ വിവേചനപൂർവം മാറ്റിനിർത്തി. ഏതെങ്കിലും മതത്തിൽ വിശ്വസിക്കുന്നവർക്കും ഒരു മതത്തിലും വിശ്വസിക്കാത്തവർക്കും പൗരത്വം നൽകുന്നതാണ് ഇന്ത്യൻ ഭരണഘടന. ഇവിടെ മതപരമായ വിവേചനവും മതനിരപേക്ഷ ചിന്താഗതിക്കാരോടുള്ള ഭ്രഷ്ടും പ്രകടമാക്കിയിരിക്കുന്നു.

സ്വാതന്ത്ര്യ സമരകാലത്തെ അനുസ്മരിക്കുന്ന രംഗങ്ങൾ
മതത്തെ അടിസ്ഥാനമാക്കി പൗരത്വം നൽകുന്നത്് ആർഎസ്എസ് വിഭാവനം ചെയ്യുന്ന ഹിന്ദുരാഷ്ട്ര തത്വസംഹിതയിലാണ്. മനുസ്മൃതിയെ അവലംബമാക്കി വി ഡി സവർക്കറും എം എസ് ഗോൾവാൾക്കറും വിഭാവനം ചെയ്തതാണ് ഹിന്ദുരാഷ്ട്രം. പാകിസ്ഥാൻ മുസ്ലിം രാഷ്ട്രമാക്കി പ്രഖ്യാപിച്ചപ്പോൾ ഇന്ത്യയെ ഹിന്ദു രാഷ്ട്രമാക്കണമെന്ന്  സവർക്കറുടെയും  ഗോൾവാൾക്കറുടെയും ശിഷ്യന്മാരും  ആർഎസ്എസും ആവശ്യപ്പെട്ടു. അതിനെ തള്ളിയാണ് നെഹ്റുവും അംബേദ്കറുമെല്ലാം ചേർന്ന് മതവിവേചനം അനുവദിക്കാത്തതും മതനിരപേക്ഷതയ്ക്ക് കാതൽ നൽകിയതുമായ പൗരസമത്വം ഉറപ്പാക്കിയ ഭരണഘടനയ്ക്ക് രൂപം നൽകിയതും അത് നിയമനിർമാണ സഭ അംഗീകരിച്ചതും.

അപ്രകാരമുള്ള മഹത്തായ ഭരണഘടനയുടെ അടിസ്ഥാനതത്വത്തെ കാറ്റിൽ പറത്തുന്നതാണ് പൗരത്വ ഭേദഗതി നിയമം. അതുകൊണ്ടാണ് ജാതി‐മത പരിഗണനകൾക്ക് അതീതമായി ജനങ്ങൾ രാജ്യത്ത് മോഡി സർക്കാരിന്റെ വിനാശകരമായ നിയമത്തിനെതിരെ പ്രതിഷേധിക്കുന്നത്. ജനങ്ങളുടെ രോഷം അടിച്ചമർത്താൻ പൊലീസിനെയും അർധസൈനികരെയും ഇറക്കി നടത്തിയ വേട്ടയിൽ കൊല്ലപ്പെട്ടത് 27 പച്ചമനുഷ്യരാണ്. അതിൽ എട്ട് വയസ്സുള്ള കുട്ടിയുമുണ്ട്. സമരം ചെയ്യുന്നവരുടെ വേഷം നോക്കൂ എന്നുപറഞ്ഞ് പ്രക്ഷോഭത്തെ വർഗീയമായി തരംതാഴ്ത്താൻ പ്രധാനമന്ത്രി നടത്തിയ വിലകുറഞ്ഞ പരിശ്രമത്തെ ഇന്ത്യയിലെ വ്യത്യസ്ത വിഭാഗത്തിൽപ്പെട്ട മനുഷ്യർ സ്വമേധയാ പ്രക്ഷോഭത്തിനിറങ്ങി മറുപടി നൽകി.


 

സ്വാതന്ത്ര്യ സമരകാലത്തെ അനുസ്മരിക്കുന്ന രംഗങ്ങളാണ് രാജ്യത്തിന്റെ പല ഭാഗങ്ങളിലും ദൃശ്യമാകുന്നത്. സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, സിപിഐ ജനറൽ സെക്രട്ടറി ഡി രാജ എന്നിവരുൾപ്പെടെയുള്ള നേതാക്കളെ ഡൽഹിയിലെ സമരഭൂമിയിൽനിന്ന് അറസ്റ്റ് ചെയ്ത് പൊലീസ് വാഹനത്തിൽ ബലം പ്രയോഗിച്ച് കയറ്റി ഡൽഹിയുടെ അതിർത്തിയായ ആനന്ദവിഹാറിലെത്തിച്ച് നിർബന്ധപൂർവം  ഇറക്കിവിട്ടു. ബിജെപി ഭരണമുള്ള കർണാടകത്തിലെ മംഗളൂരുവിൽ പ്രതിഷേധസമരത്തിൽ പങ്കെടുത്ത രണ്ടുപേരെ പൊലീസ് വെടിവച്ചു കൊന്നു. അത് റിപ്പോർട്ട് ചെയ്യാനെത്തിയ ഒമ്പത് മലയാളി മാധ്യമപ്രവർത്തകരെ കർണാടക പൊലീസ് തടങ്കലിൽ ഇട്ടത് തികച്ചും പ്രതിഷേധാർഹമാണ്.

പൗരത്വ  ഭേദഗതി നിയമത്തോടുള്ള ജനഹിതം ബോധ്യപ്പെടുത്തുന്നതാണ് ജാർഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പുഫലം. ഭരണത്തുടർച്ച നേടിയ  ബിജെപിയെ മലർത്തിയടിച്ച് 81 അംഗ നിയമസഭയിൽ 47 സീറ്റ് മഹാസഖ്യം നേടി. മുസ്ലിം നുഴഞ്ഞുകയറ്റക്കാരെ തിരിച്ചയക്കുന്നതാണ് പൗരത്വ ഭേദഗതി നിയമമെന്ന് വിശദീകരിച്ച് മോഡിയും അമിത് ഷായും ബിജെപി വർക്കിങ് പ്രസിഡന്റ് ജെ പി നഡ്ഡയും തെരഞ്ഞെടുപ്പ് പ്രചാരണം നടത്തി. അതിനുള്ള മറുപടിയായി തെരഞ്ഞെടുപ്പുഫലം മാറിയെന്ന് മാധ്യമ രാഷ്ട്രീയ നിരീക്ഷകർതന്നെ വിലയിരുത്തി. ഇതിനുശേഷം ഡൽഹിയിലെ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി രാംലീല മൈതാനത്ത് നടത്തിയ റാലിയിൽ മോഡി പറഞ്ഞത് പൗരത്വ രജിസ്ട്രേഷൻ ഉടനെ നടപ്പാക്കില്ലായെന്നാണ്. ഇത് തന്ത്രപരമായ ഒരു ചുവടുമാറ്റമാണെന്ന് തോന്നാമെങ്കിലും പ്രഖ്യാപിത ആർഎസ്എസ് ലക്ഷ്യം നേടുന്നതിനുള്ള നുണപറച്ചിൽ മാത്രമാണ്. പക്ഷേ, ദേശീയ പൗര രജിസ്റ്ററിന് (എൻആർസി) മുന്നോടിയായി ദേശീയ ജനസംഖ്യാ രജിസ്റ്റർ (എൻപിആർ) നടപ്പാക്കാൻ 3941 കോടിരൂപ മാറ്റിവച്ചതായി രണ്ട് ദിവസംമുമ്പ് കേന്ദ്രസർക്കാർ പ്രഖ്യാപിച്ചത് ഇതുമായി കൂട്ടിവായിക്കേണ്ടതാണ്. ദേശീയ പൗരത്വ രജിസ്റ്ററിന് മുന്നോടിയാണ് ദേശീയ ജനസംഖ്യാ രജിസ്റ്റർ തയ്യാറാക്കലെന്ന് രാജ്യസഭയിൽ മോഡി സർക്കാരിന്റെ മന്ത്രിയായിരുന്ന കിരൺ റിജ്ജു 2014 ൽ വ്യക്തമാക്കിയിട്ടുണ്ട്. എൻപിആർ വിവരങ്ങളുടെ അടിസ്ഥാനത്തിൽ  ദേശീയ പൗരത്വ രജിസ്റ്റർ തയ്യാറാക്കാൻ സർക്കാർ തീരുമാനിച്ചിട്ടുണ്ടെന്നായിരുന്നു മന്ത്രിയുടെ വെളിപ്പെടുത്തൽ.

എല്ലാ രാജ്യസ്നേഹികൾക്കും കണ്ണികളാകാം
പൗരത്വ ഭേദഗതി നിയമം മാത്രമല്ല, ദേശീയ പൗര ത്വരജിസ്റ്ററിനോടും ദേശീയ ജനസംഖ്യാ രജിസ്റ്ററിനോടും  കേരള മുഖ്യമന്ത്രി പിണറായി വിജയൻ പരസ്യമായി വിയോജിച്ചിട്ടുണ്ട്. അതിവിടെ നടപ്പാക്കില്ലെന്നും പ്രഖ്യാപിച്ചു. ഇപ്പോൾ 13 മുഖ്യമന്ത്രിമാർ ഈ നിലപാടിലെത്തിയിട്ടുണ്ട്. അതായത് 55 കോടിയോളം ജനങ്ങൾ ഉൾക്കൊള്ളുന്ന സംസ്ഥാനങ്ങൾ മോഡി സർക്കാരിന്റെ വിനാശനിയമങ്ങളെ തള്ളുന്നു. സംസ്ഥാന സർക്കാരുകളുടെ പിന്തുണയില്ലാതെ ജനസംഖ്യാ രജിസ്റ്ററിന് രൂപം നൽകാൻ കഴിയില്ല. ഇതിനുവേണ്ടി 3941 കോടിരൂപ മാറ്റിവച്ചെങ്കിലും അത് ചെലവഴിച്ച് അസമിൽ പൗരത്വ രജിസ്റ്റർ ഉണ്ടാക്കിയതുപോലെ മഹാപാതകം ചെയ്യാൻ കേരളം തയ്യാറല്ലായെന്നാണ് മുഖ്യമന്ത്രി പ്രഖ്യാപിച്ചിരിക്കുന്നത്. ജനവിരുദ്ധവും ഭരണഘടനാവിരുദ്ധവുമായ നടപടികളുമായി കേന്ദ്രസർക്കാർ നീങ്ങിയാൽ അതിന്റെ വാലിൽ തൂങ്ങാനുള്ള ബാധ്യത ഭരണഘടനാബദ്ധമായി അധികാരത്തിലേറിയ സംസ്ഥാന സർക്കാരുകൾക്കില്ല.

കേന്ദ്രനിയമം നടപ്പാക്കില്ലായെന്ന് പ്രഖ്യാപിച്ച കേരളത്തിന്റെയും ബംഗാളിന്റെയും പേരുപറഞ്ഞ് ഡൽഹി പൊതുയോഗത്തിൽ മോഡി നടത്തിയ വിമർശനങ്ങൾക്ക് കാമ്പില്ല. പാർലമെന്റിലെ ഭൂരിപക്ഷം ഉപയോഗിച്ച് ഭരണഘടനയ്ക്ക് നിരക്കാത്ത നടപടി ജമ്മു കശ്മീരിന്റെ കാര്യത്തിൽ ആദ്യം കേന്ദ്രം പ്രയോഗിച്ചു. അവിടെ 370–ാം  വകുപ്പ് റദ്ദാക്കി. അത് നടപ്പാക്കുന്നതിനുവേണ്ടി മൂന്ന് മുൻ മുഖ്യമന്ത്രിമാരുൾപ്പെടെയുള്ള ജനസഞ്ചയത്തെ നാല് മാസമായി കരുതൽ തടങ്കലിലാക്കി. അതേ മാതൃകയിൽ പുതിയ പൗരത്വനിയമം ഇന്ത്യയുടെമേൽ  അടിച്ചേൽപ്പിക്കാനാണ് പുറപ്പെട്ടത്. അത് തടയാനുള്ള  ദേശീയ പ്രക്ഷോഭത്തിന് ശക്തിപകരുന്നതാകും കേരളത്തിലെ മനുഷ്യച്ചങ്ങല.

ഇന്നത്തെ ദേശീയ പരിതഃസ്ഥിതിയിൽ  ഹിന്ദുത്വഭരണ വിപത്ത് തടയാൻ വിപുലമായ  മതനിരപേക്ഷ ഐക്യവും അതിലൂടെയുള്ള ബഹുജന മുന്നേറ്റവുമാണ് ആവശ്യം

ഈ വേളയിൽ രണ്ട് കാര്യം ഓർക്കേണ്ടതുണ്ട്. ഒന്ന് ‐ ഹിന്ദുവർഗീയതയെ തടയാനുള്ള വഴി, ന്യൂനപക്ഷ വർഗീയതയെ ശക്തിപ്പെടുത്തുകയല്ല. അതിനാണ് സംസ്ഥാനത്ത് എസ്ഡിപിഐ, ജമാഅത്തെ ഇസ്ലാമി പോലുള്ള സംഘടനകൾ ശ്രമിക്കുന്നത്. ഒരു വിഭാഗം മാവോവാദികളുടെ പിന്തുണ അവർക്കുണ്ട്. ഇന്നത്തെ ദേശീയ പരിതഃസ്ഥിതിയിൽ  ഹിന്ദുത്വഭരണ വിപത്ത് തടയാൻ വിപുലമായ  മതനിരപേക്ഷ ഐക്യവും അതിലൂടെയുള്ള ബഹുജന മുന്നേറ്റവുമാണ് ആവശ്യം.

ഇതുപോലെ മറ്റൊരു കാര്യമുണ്ട്. അത് യുഡിഎഫിലെ ചില  നേതാക്കൾ പുലർത്തുന്ന സങ്കുചിത രാഷ്ട്രീയമാണ്. കേരള രാഷ്ട്രീയത്തിൽ എൽഡിഎഫ്‐ യുഡിഎഫ് ഏറ്റുമുട്ടൽ സ്വാഭാവികമാണ്. പക്ഷേ, മതനിരപേക്ഷ രാജ്യത്തിന്റെ നിലനിൽപ്പ് അപകടത്തിലായിരിക്കേ, അതിനെതിരെ യോജിച്ച പ്രക്ഷോഭം നടത്തുകയെന്നത് അനിവാര്യമാണ്. മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും ഉൾപ്പെടെ പാളയം രക്തസാക്ഷി മണ്ഡപത്തിനുമുന്നിൽ നടത്തിയ പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള സത്യഗ്രഹസമരം ആ വിധമുള്ള സന്ദേശമാണ് നൽകിയത്. അത് രാജ്യത്തിനുതന്നെ മാതൃകയായി. ഇത് മറച്ചുപിടിച്ച് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ അന്ധമായ മാർക്സിസ്റ്റ് വിരോധത്തിന്റെ തടവിൽ കഴിയുന്നത് പരിതാപകരമാണ്. കൂട്ടായ സമരം വേണ്ടിടത്ത് കൂട്ടായും എതിർക്കേണ്ടിടത്ത് എതിർത്തും  നിലപാടെടുക്കുകയാണ് വേണ്ടത്. എൽഡിഎഫാണ്  ആഹ്വാനം ചെയ്തതെങ്കിലും ഭരണഘടന സംരക്ഷിക്കാനുള്ള മനുഷ്യച്ചങ്ങലയിൽ, മതനിരപേക്ഷ ഇന്ത്യ നിലനിൽക്കണമെന്ന് ആഗ്രഹിക്കുന്ന എല്ലാ രാജ്യസ്നേഹികൾക്കും കണ്ണികളാകാം.


പ്രധാന വാർത്തകൾ
 Top