16 August Sunday

അടിതെറ്റി ; ആശങ്കയിൽ ബിജെപി

വി ബി പരമേശ്വരൻUpdated: Wednesday Nov 27, 2019


പാതിരാ അട്ടിമറിയിലൂടെ നേടിയ ഭരണം മഹാരാഷ്ട്രയിൽ ബിജെപിക്ക് നഷ്ടമായത് ഇന്ത്യൻ രാഷ്ട്രീയത്തിൽ അവർക്കുള്ള പിടി അയയുകയാണെന്നതിന്റെ വ്യക്തമായ സൂചനയാണ്. മണിപ്പുരും ഗോവയും അരുണാചലും കർണാടകവും നിയമവിരുദ്ധമായ മാർഗങ്ങളിലൂടെ വിസ്മയകരമായ വേഗതയോടെ കൈപ്പിടിയിലൊതുക്കിയ ബിജെപിക്ക് മഹാരാഷ്ട്ര നഷ്ടമാകുന്നത് ചെറിയ കാര്യമല്ല. യുപി കഴിഞ്ഞാൽ ഇന്ത്യൻ രാഷ്ട്രീയത്തിലെ പ്രധാന സംസ്ഥാനമാണ് മഹാരാഷ്ട്ര എന്നതുമാത്രമല്ല സാമ്പത്തിക പ്രവർത്തനത്തിന്റെ കേന്ദ്രവുമാണ്. അവിടെയാണ് ബിജെപിക്ക് അടിതെറ്റിയത്.

മഹാരാഷ്ട്രയിലെ സംഭവവികാസങ്ങൾ രാജ്യത്തെ പ്രതിപക്ഷ ശക്തികൾക്ക് ആത്മവിശ്വാസം പകരുന്നതാണ്. വിജയത്തിൽനിന്ന് വിജയത്തിലേക്ക് കുതിച്ചുകൊണ്ടിരിക്കുന്ന ബിജെപിക്ക് മഹാരാഷ്ട്രയിൽ അടിതെറ്റിയത് സ്വാഭാവികമായും മറ്റു സംസ്ഥാനങ്ങളിലെ ബിജെപി വിരുദ്ധശക്തികൾക്ക് ബലം നൽകും. നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന ജാർഖണ്ഡിലും അടുത്തവർഷം ആദ്യം തെരഞ്ഞെടുപ്പ് നടക്കുന്ന ബിഹാറിലും പ്രതിപക്ഷത്തിന് പുത്തനുണർവ് പകരുന്നതാണ് മഹാരാഷ്ട്രയിലെ ബിജെപിയുടെ തോൽവി. ജാർഖണ്ഡിൽ  സഖ്യ കക്ഷിയായ ഓൾ ജാർഖണ്ഡ്‌ ‌സ്റ്റുഡന്റ് യൂണിയൻ സഖ്യം ഉപേക്ഷിച്ചതോടെ ബിജെപിയുടെ വിജയപ്രതീക്ഷയ്‌ക്ക് മങ്ങലേറ്റിരിക്കുകയാണ്.

ബിജെപി നേതൃത്വത്തിലുള്ള എൻഡിഎ കൂടുതൽ ദുർബലമാകുന്നതിനും മഹാരാഷ്ട്രയിലെ തോൽവി കാരണമാകും. ബിജെപിയുമായി കൈകോർത്ത പ്രാദേശിക കക്ഷികളൊക്കെ പിടിച്ചുനിൽക്കാൻ പാടുപെടുകയാണ്. അവരുടെ രാഷ്ട്രീയ ഇടംപോലും ബിജെപി കവരുന്നതാണ് ഇതിന് കാരണം. കൂടെയുള്ള പ്രാദേശിക കക്ഷികൾ ശക്തിപ്രാപിക്കുന്നതിനെ എന്തുവിലകൊടുത്തും തടയുക എന്നതാണ് ബിജെപിയുടെ തന്ത്രം. അതുപോലെതന്നെ പ്രതിപക്ഷ കക്ഷികൾ തങ്ങൾക്കെതിരെ സഖ്യമുണ്ടാക്കി വെല്ലുവിളി ഉയർത്തുന്നതിനെയും ബിജെപി തടയുന്നു. പതുക്കെയാണെങ്കിലും പ്രാദേശിക കക്ഷികൾ ഈ യാഥാർഥ്യം മനസ്സിലാക്കുകയാണെന്ന്‌ ശിവസേനയുടെ വഴിപിരിയൽ സൂചിപ്പിക്കുന്നു.


 

മോഡി പ്രധാനമന്ത്രിയായതിന് ശേഷം ആദ്യം ബിജെപിയോട് വിട പറഞ്ഞത് മഹാരാഷ്ട്രയിൽനിന്നുള്ള സ്വാഭിമാനി ശേത്കാരി സംഘടനയാണ്. 2019 ലോക്‌സഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് കാർഷികവിഷയമുയർത്തി രാജു ഷെട്ടിയുടെ പാർടി എൻഡിഎ വിട്ടത്. തുടർന്ന് ആന്ധ്രപ്രദേശിൽ ചന്ദ്രബാബു നായിഡുവിന്റെ ടിഡിപി ബിജെപി ബന്ധം ഉപേക്ഷിച്ചു. യുപിയിൽനിന്നുള്ള സുഹാൽദേവ് ഭാരതീയ സമാജ് പാർടിയും ബിഹാറിലെ ഹിന്ദുസ്ഥാൻ ആവാം മോർച്ചയും രാഷ്ട്രീയ ലോക് സമതാ പാർടിയും ലോക്‌സഭാ തെരഞ്ഞെടുപ്പ്‌ വേളയിൽ ബിജെപിയുമായുള്ള ബന്ധം ഉപേക്ഷിച്ചു. യുപിയിൽ ഘടക കക്ഷിയായ അപനാദളും വിടപറയലിന്റെ വക്കിലാണ്. പാർടി നേതാവ് അനുപ്രിയ പട്ടേലിന് കേന്ദ്രമന്ത്രിസഭയിൽ ഇടം നൽകാൻ മോഡി തയ്യാറാകാത്തതാണ് കാരണം.

എന്നാൽ, മറാത്തികൾ സേട്ട്ജി–-ഭട്ട്ജി(ബനിയ–-ബ്രാഹ്മണ)പാർടിയെന്ന്‌ വിളിക്കുന്ന ബിജെപിയെ ആരും തൊടാൻ തയ്യാറാകാത്ത ഘട്ടത്തിൽ 27 വർഷം മുമ്പ് അവരുമായി സഖ്യമുണ്ടാക്കിയ ശിവസേനയും ഇപ്പോൾ വീർപ്പുമുട്ടി എൻഡിഎ വിട്ടിരിക്കുന്നു. തുടക്കത്തിൽ സഖ്യത്തിലെ പ്രമുഖ കക്ഷി ശിവസേനയായിരുന്നു. സഖ്യത്തിന് ഭൂരിപക്ഷം ലഭിച്ച ഘട്ടത്തിലൊക്കെ മഹാരാഷ്ട്രയിൽ ശിവസേനയ്‌ക്കായിരുന്നു മുഖ്യമന്ത്രി പദം ലഭിച്ചിരുന്നത്. ഉപമുഖ്യമന്ത്രിസ്ഥാനം മാത്രമാണ് ബിജെപിക്ക് ലഭിച്ചത്. എന്നാൽ, അദ്വാനി–-വാജ്പേയി യുഗം അവസാനിക്കുകയും മോഡി–-ഷാ കൂട്ടുകെട്ട് ബിജെപിയുടെ നേതൃത്വത്തിലേക്ക് ഉയരുകയും ചെയ്തതോടെയാണ് മഹാരാഷ്ട്രയിൽ ശിവസേനയ്‌ക്കുള്ള അപ്രമാദിത്വം ചോദ്യംചെയ്യപ്പെടാൻ തുടങ്ങിയത്.

2014ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി തനിച്ച് മത്സരിക്കുമെന്ന് പ്രഖ്യാപിച്ചുകൊണ്ടാണ് ശിവസേനയെ താഴ്ത്തിക്കെട്ടാനുള്ള നീക്കം ആരംഭിച്ചത്. ഇതിൽ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി ബിജെപി ഉയർന്നുവരികയുംചെയ്തതോടെ പ്രത്യയശാസ്ത്രപരമായി ഒരേ ധ്രുവത്തിൽ നിൽക്കുന്ന ഈ കക്ഷികൾ തമ്മിലുള്ള അധികാരവടംവലി രൂക്ഷമായി. ആദ്യ മോഡി മന്ത്രിസഭയിൽ രണ്ടാമത്തെ ഏറ്റവും വലിയ കക്ഷിയായിട്ടും ശിവസേനയ്‌ക്ക് അർഹമായ പ്രാതിനിധ്യം ലഭിച്ചില്ല.  ഘനവ്യവസായ മന്ത്രിസ്ഥാനം മാത്രമാണ് 2014ലും 2019ലും ശിവസേനയ്‌ക്ക് ലഭിച്ചത്. ഫഡ്‌നാവിസ്‌ സർക്കാരിലും അപ്രധാനമായ വകുപ്പുകളാണ്‌ ശിവസേനയ്‌ക്ക്‌ ലഭിച്ചത്‌. ഒക്ടോബറിലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് തനിച്ച് ഭൂരിപക്ഷം ഇല്ലാത്തത് തിരിച്ചടിക്കാനുള്ള അവസരമായി ശിവസേന ഉപയോഗിച്ചു. ശിവസേനയോടുള്ള ബിജെപിയുടെ സമീപനം എൻഡിഎയിൽ തുടരുന്ന അകാലിദൾ പോലുള്ള എല്ലാ കക്ഷികളെയും അസ്വസ്ഥരാക്കുന്നുണ്ട്. ബിജെപിയുടെ കുതിപ്പിന് ഇത് തടയിടുമെന്ന കാര്യത്തിൽ സംശയമില്ല. ഇന്ത്യൻ രാഷ്ട്രീയം പുതിയ വഴിത്തിരിവിലേക്ക് നീങ്ങുകയാണ്.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top