20 February Wednesday

വിവേകാനന്ദ സ്പര്‍ശം

വെബ് ഡെസ്‌ക്‌Updated: Monday Nov 27, 2017

എ കെ ബാലന്‍
സാംസ്കാരികമന്ത്രി

'ഇന്ത്യയുടെ ഭാവി' എന്ന വിഷയത്തില്‍ ചെന്നൈയിലെ ട്രിപ്ളിക്കന്‍ ലിറ്റററി സൊസൈറ്റിയില്‍ പ്രഭാഷണം നടത്തവെ, ഇന്ത്യന്‍ നവോത്ഥാനത്തിന്റെ പ്രതീകമായ സ്വാമി വിവേകാനന്ദന്‍ ഇങ്ങനെ പറഞ്ഞു: "ഞാന്‍ മലബാറില്‍ കണ്ടതിനേക്കാള്‍ നീചമായ ഒരു കാര്യം ലോകത്തിന്റെ മറ്റ് ഏത് ഭാഗത്താണ് ഉണ്ടാവുക! ഉയര്‍ന്ന ജാതിക്കാര്‍ പോകുന്ന വഴിയിലൂടെ നടക്കാന്‍ പാവം പറയനെ അനുവദിക്കുന്നില്ല. പക്ഷേ അവന്‍ തന്റേത് ഒരു ഇംഗ്ളീഷ് പേരാക്കി മാറ്റിയാല്‍ എല്ലാം ശരിയായി. ഒരു മുഹമ്മദീയ നാമമാണെങ്കിലും എല്ലാം ശരിയായി. മലബാറികള്‍ മുഴുവന്‍ ഭ്രാന്തന്മാരാണ്. അവരുടെ വീടുകളെല്ലാം ഭ്രാന്താലയമാണ്..'' ഇങ്ങനെ പറയാന്‍ വിവേകാനന്ദനെ പ്രേരിപ്പിച്ചത് 1892ലെ അദ്ദേഹത്തിന്റെ കേരളസന്ദര്‍ശനമാണ്. ദക്ഷിണേന്ത്യ സന്ദര്‍ശിക്കാന്‍ ഉദ്ദേശിച്ച വിവേകാനന്ദന്‍ ബാംഗ്ളൂര്‍, മൈസൂര്‍, മദ്രാസ് വഴി രാമേശ്വരത്ത് യാത്ര അവസാനിപ്പിക്കാനായിരുന്നു തീരുമാനിച്ചത്. എന്നാല്‍, ബാംഗ്ളൂരില്‍വച്ച് അദ്ദേഹം ഡോ. പല്‍പ്പുവിനെ കണ്ടതോടുകൂടി യാത്രാപദ്ധതി മാറ്റി.

കേരളത്തിലെ ജാതികൃത ദുരവസ്ഥകളെക്കുറിച്ചും അയിത്താചരണത്തിന്റെ കഠിനതകളെക്കുറിച്ചും പല്‍പ്പു വിവേകാനന്ദനെ ധരിപ്പിച്ചു. തനിക്കുണ്ടായ ദുരനുഭവവും അദ്ദേഹം സ്വാമിയോട് പറഞ്ഞു. ഉന്നതനിലയില്‍ ഡോക്ടര്‍ പരീക്ഷ പാസായ ഈഴവ ജാതിയില്‍പ്പെട്ട പല്‍പ്പു തിരുവിതാംകൂര്‍ രാജാവിനെ മുഖം കാണിച്ചപ്പോള്‍ കുലത്തൊഴില്‍തന്നെ ചെയ്യാനായിരുന്നത്രെ രാജ കല്‍പ്പന. ഈ അറിവ് വിവേകാനന്ദനെ ഞെട്ടിച്ചു. തന്റെ യാത്ര കേരളം വഴിയാക്കാനും വിവേകാനന്ദന്‍ തീരുമാനിച്ചു. 1892 നവംബര്‍ 27ന് അദ്ദേഹം പാലക്കാട്ട് വണ്ടിയിറങ്ങുകയും പിറ്റേന്ന് ഷൊര്‍ണൂരില്‍നിന്ന് ഭാരതപ്പുഴ കടന്ന് ചെറുതുരുത്തിയിലെത്തുകയും ഒരു കാളവണ്ടിയില്‍ ചില യുവാക്കളോടൊത്ത് തൃശ്ശിവപേരൂരിലേക്ക് പോകുകയുംചെയ്തു.

 കൊടുങ്ങല്ലൂരിലെ പ്രശസ്ത ദേവീക്ഷേത്രത്തില്‍ മൂന്നുദിവസം കാത്തുനിന്നിട്ടും അദ്ദേഹത്തിന് പ്രവേശനം ലഭിച്ചില്ല. അന്യനാട്ടുകാരനായതിനാല്‍ ജാതി തിരിച്ചറിയാന്‍ പറ്റാത്തതായിരുന്നത്രെ കാരണം. എറണാകുളത്ത് ചട്ടമ്പിസ്വാമിയുമായി കൂടിക്കാഴ്ച നടത്തിയ അദ്ദേഹത്തിന് തിരുവനന്തപുരത്ത് രാജകുടുംബംതന്നെ ആതിഥ്യമരുളി. ഡിസംബര്‍ 22ന് വിവേകാനന്ദന്‍ കന്യാകുമാരിയിലേക്ക് യാത്രയായി.

പാശ്ചാത്യമിഷണറിമാരുടെയും ഭരണാധികാരികളുടെയും സ്വാധീനവും തദ്ദേശീയരായ സന്യാസിമാരുടെയും പണ്ഡിതന്മാരുടെയും ഉന്നതചിന്തയിലൂന്നിയുള്ള പ്രബോധനങ്ങളുമാണ് കേരളീയനവോത്ഥാനത്തിന് തുടക്കംകുറിച്ചത്. അയ്യാവൈകുണ്ഠ സ്വാമിയും ശ്രീനാരായണഗുരുവും ചട്ടമ്പിസ്വാമിയും മറ്റും തുടങ്ങിവച്ച കേരള നവോത്ഥാനത്തെ ജ്വലിപ്പിച്ചത് ഭാരതീയനവോത്ഥാനത്തിന്റെ വിപ്ളവോന്മുഖനായകന്‍ സ്വാമി വിവേകാനന്ദനാണ്. അതുകൊണ്ടുതന്നെ കേരളീയ നവോത്ഥാനനേതാക്കളില്‍ വിവേകാനന്ദനും മുഖ്യപങ്കുണ്ട്. അദ്ദേഹത്തിന്റെ 1892ലെ കേരളസന്ദര്‍ശനവും കേരളത്തിലെ സാമുദായികസ്ഥിതിയെക്കുറിച്ചുള്ള വിമര്‍ശനാത്മക പരാമര്‍ശവുമാണ് കേരളീയ നവോത്ഥാനത്തെ ദ്രുതഗതിയിലാക്കിയത്. വിവേകാനന്ദനുമായുള്ള ഡോ. പല്‍പ്പുവിന്റെ കൂടിക്കാഴ്ചയും അരുവിപ്പുറത്തെ ശിവപ്രതിഷ്ഠാകര്‍ത്താവായ നാണുവാശാനുമായുള്ള കൂടിച്ചേരലുമാണ് കേരളീയ നവോത്ഥാനത്തിന് കരുത്തുപകര്‍ന്ന രണ്ട് പ്രധാന സംഭവങ്ങള്‍. കേരളീയ നവോത്ഥാനത്തിന്റെ  ജനകീയമുഖമായ നാരായണഗുരുവും വിപ്ളവാത്മകമുഖമായ ബ്രഹ്മാനന്ദ ശിവയോഗിയും പ്രതിരോധമുഖമായ അയ്യന്‍കാളിയും മറ്റ് മഹാ മനീഷികളും ഒന്നുചേര്‍ന്ന് നടത്തിയ ബൌദ്ധികവും പ്രായോഗികവുമായ പോരാട്ടങ്ങളാണ് അന്ധവിശ്വാസത്തിന്റെയും അന്ധഭക്തിയുടെയും അറിവില്ലായ്മയുടെയും അടിമത്തത്തിന്റെയും അന്ധകാരത്തില്‍നിന്ന് കേരളീയജനതയെ മോചിപ്പിച്ചത്. അതിന്റെ ഫലമായി കേരളീയ സംസ്കാരത്തിന്റെ നിലവാരം അനുക്രമമായി വികസിക്കുകയും  ഇന്ത്യയില്‍ത്തന്നെ ഒന്നാമതായെത്തി പ്രശസ്തി നേടുകയും ചെയ്തു. ദേശീയ സ്വാതന്ത്യ്രപ്രസ്ഥാനത്തിനും കര്‍ഷക കമ്യൂണിസ്റ്റ് സമരങ്ങള്‍ക്കും മനുഷ്യാവകാശപ്രക്ഷോഭങ്ങള്‍ക്കുമെല്ലാം പ്രചോദനമായി വര്‍ത്തിച്ച നവോത്ഥാനത്തിന്റെ നേരവകാശികളായ കമ്യൂണിസ്റ്റ് പാര്‍ടി ജനഹിത മാര്‍ഗത്തിലൂടെ കേരളത്തില്‍ അധികാരത്തിലെത്തിയതും ചരിത്രസംഭവമാണ്.

 വ്യത്യസ്ത നയപരിപാടികളിലൂടെ ഒരേ ലക്ഷ്യത്തിലേക്ക് നീങ്ങിയ നാരായണഗുരുവിന്റെയും ബ്രഹ്മാനന്ദ ശിവയോഗിയുടെയും സവിശേഷതകള്‍ വിവേകാനന്ദനില്‍ സമന്വയിക്കുന്നത് നമുക്കുകാണാം. ഗുരുനാഥനായ ശ്രീരാമകൃഷ്ണ പരമഹംസര്‍ 'സകല മാലിന്യങ്ങളെയും ഭസ്മീകരിക്കാന്‍ കഴിയുന്ന അഗ്നി' എന്നാണ് വിവേകാനന്ദനെ വിശേഷിപ്പിച്ചത്. രവീന്ദ്രനാഥ ടാഗോര്‍ പറഞ്ഞു, "നിങ്ങള്‍ക്ക് ഇന്ത്യയെ അറിയണമെങ്കില്‍ വിവേകാനന്ദനെ പഠിക്കൂ'' എന്ന്. "നമുക്കുചുറ്റുമുള്ള മനുഷ്യരും മൃഗങ്ങളും ഒക്കെ ഈശ്വരന്മാരാണ്. നാം ആദ്യം ആരാധിക്കേണ്ടത് ദേശത്തെ ജനങ്ങളെയാണ്'' എന്ന് വിവേകാനന്ദന്‍ പ്രസ്താവിച്ചു. ജാതികൃതമായ എല്ലാ ഉച്ചനീചത്വങ്ങളെയും വിവേകാനന്ദന്‍ എതിര്‍ത്തു. കീഴ്ജാതിക്കാരെ ഉയര്‍ന്ന ജാതിക്കാര്‍ പീഡിപ്പിക്കുന്നതില്‍ അദ്ദേഹം പ്രതിഷേധം രേഖപ്പെടുത്തി: "ഇതിനൊക്കെയുള്ള പരിഹാരം മേല്‍ജാതിക്കാരനെ അടിച്ചുശരിപ്പെടുത്തുകയല്ല, മറിച്ച് കീഴ്ജാതിക്കാരനെ കൂടുതല്‍ ഉയരങ്ങളിലേക്ക് പിടിച്ചുയര്‍ത്തുകയാണ്'' എന്നതായിരുന്നു അദ്ദേഹത്തിന്റെ മതം. എന്തൊക്കെചെയ്താലും ഇനിയുള്ള കാലം സവര്‍ണര്‍ക്ക് അവര്‍ണരെ അടക്കിനിര്‍ത്താനാകില്ല എന്ന് വിവേകാനന്ദന്‍ പ്രവചിച്ചു.

വേദങ്ങളും ഖുറാനും ബൈബിളും സമന്വയിക്കുന്ന ഒരു ലോകമായിരുന്നു വിവേകാനന്ദന്‍ വിഭാവനംചെയ്തത്. മനുഷ്യവംശത്തിന്റെ ഐക്യമാണ് വിവേകാനന്ദ മതത്തിന്റെ ലക്ഷ്യം. എന്നാല്‍, മതമല്ല ഭാരതത്തിന്റെ അടിയന്തരാവശ്യം എന്ന് ചിക്കാഗോയില്‍ വച്ച് വിവേകാനന്ദന്‍ സൂചിപ്പിച്ചിരുന്നു: ".. അവര്‍ക്ക് മതം വേണ്ടുവോളമുണ്ട്. എന്നാല്‍, എരിയുന്ന ഭാരതത്തിലെ ആര്‍ത്തരായ ലക്ഷങ്ങള്‍ വരണ്ട തൊണ്ടയോടെ നിലവിളിക്കുന്നത് അപ്പത്തിന് വേണ്ടിയാണ്. അവര്‍ അപ്പം ചോദിക്കുന്നു; നാം കല്ല് കൊടുക്കുന്നു! പട്ടിണികിടക്കുന്നവര്‍ക്ക് മതം കൊടുക്കുന്നത് പരിഹാസമാണ്. പട്ടിണികിടക്കുന്നവനെ  തത്ത്വം പഠിപ്പിക്കുന്നതും പരിഹാസമാണ്.''“സ്ത്രീകള്‍ക്ക് യഥായോഗ്യം ആദരവ് നല്‍കിക്കൊണ്ടാണ് എല്ലാ രാഷ്ട്രങ്ങളും മഹത്വം നേടിയത് എന്നും സ്ത്രീകളെ ആദരിക്കാത്ത രാജ്യമോ രാഷ്ട്രമോ ഒരിക്കലും മഹത്തായി തീരുകയില്ല എന്നും വിവേകാനന്ദന്‍ വിശ്വസിച്ചു. വിധവയുടെ കണ്ണീര്‍ തുടയ്ക്കാത്ത, അനാഥന് ഭക്ഷണം നല്‍കാത്ത, ഈശ്വരനിലോ മതത്തിലോ താന്‍ വിശ്വസിക്കുന്നില്ല എന്ന് വിവേകാനന്ദന്‍ പറയാറുണ്ടായിരുന്നു.

നവഭാരതനിര്‍മാണത്തില്‍ തൊഴിലാളിവര്‍ഗത്തിനുള്ള പങ്ക് അംഗീകരിച്ച ആദ്യത്തെ ഇന്ത്യന്‍ നേതാവ് സ്വാമി വിവേകാനന്ദനാണ്. പ്രൊലിറ്റേറിയറ്റ് (തൊഴിലാളിവര്‍ഗം) എന്ന വാക്കുതന്നെ അദ്ദേഹം ഉപയോഗിച്ചിട്ടുണ്ട്. തൊഴിലാളിവര്‍ഗത്തിന്റെ സാര്‍വ ദേശീയതയെക്കുറിച്ചും അദ്ദേഹം ചിന്തിച്ചിരുന്നു. "നിസ്സാരകാര്യങ്ങളില്‍പോലും നിസ്വാര്‍ഥതയും ഉയര്‍ന്ന കര്‍ത്തവ്യബോധവും പുലര്‍ത്തുന്നവന്‍ ധന്യവാന്‍.  അങ്ങനെയുള്ള ധന്യതയ്ക്ക് അവകാശികളായ, മൂകലക്ഷങ്ങളായ, ചിരകാലമര്‍ദിതരായ, ഭാരതത്തിലെ തൊഴിലാളികളേ, നിങ്ങളെ ഞാന്‍ നമസ്കരിക്കുന്നു'' എന്ന് തൊഴിലാളിവര്‍ഗ “പക്ഷപാതിത്വം പ്രകടിപ്പിക്കുന്നുണ്ട് വിവേകാനന്ദന്‍. ചൂഷകരായ ധനികരെ വിമര്‍ശിക്കാന്‍ അദ്ദേഹം മടിച്ചില്ല. "ചരിത്രത്തില്‍ എപ്പോഴെങ്കിലും മഹത്കൃത്യങ്ങള്‍ ധനികര്‍ ചെയ്തിട്ടുണ്ടോ? ഹൃദയവും ബുദ്ധിയുമാണ് അത് ചെയ്യുക. മടിശ്ശീലയല്ല.'' താനൊരു സോഷ്യലിസ്റ്റാണ് എന്ന് സ്വയം പ്രഖ്യാപിച്ച മഹാനാണ് വിവേകാനന്ദന്‍. അവസാനം ശൂദ്ര(തൊഴിലാളി)ഭരണം വരുമെന്നും അതിന്റെ മേന്മ ഭൌതികസുഖങ്ങളുടെ വിതരണമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. തൊഴിലാളിസമരത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും ക്രാന്തദര്‍ശിയായ വിവേകാനന്ദന്‍ പ്രസ്താവിച്ചിട്ടുണ്ട്: "കല്‍ക്കത്തയിലെ തൂപ്പുവേലക്കാര്‍ ഒരുദിവസം പണിചെയ്യാതിരുന്നാല്‍ സര്‍വത്ര സംഭ്രമമായി. മൂന്നുദിവസം തുടര്‍ന്ന് വേല നിര്‍ത്തിയാല്‍ മഹാമാരിപിടിച്ച് നഗരം നിര്‍ജ്ജനമായിത്തീരും. ദേഹാധ്വാനംചെയ്യുന്നവര്‍ അവരുടെ വേല നിര്‍ത്തിയാല്‍ നിങ്ങളുടെ ഊണും ഉടുപ്പും നടക്കില്ല''

 ഗോവധത്തെക്കുറിച്ചും ഗോസംരക്ഷണത്തെക്കുറിച്ചും ഇതരയോഗികളില്‍നിന്ന് വ്യത്യസ്തമായ സമീപനമാണ് വിവേകാനന്ദനുണ്ടായിരുന്നത്. ഗോക്കള്‍ നമ്മുടെ മാതാക്കളാണെന്ന് ശാസ്ത്രങ്ങള്‍ പറയുന്നുണ്ടല്ലോ എന്ന് ചോദിച്ച വ്യക്തിയെ കളിയാക്കി സ്വാമി പറഞ്ഞു: "നേരാണ്, മാട് നമ്മുടെ മാതാവാണെന്ന് ഞാന്‍ നന്നായി മനസ്സിലാക്കുന്നു. അതല്ലാതെ, ഇത്രയും കേമന്മാരായ മക്കളെ മറ്റാര് പ്രസവിക്കും?'' തിരുവനന്തപുരത്ത് എത്തിയപ്പോള്‍ തന്റെ സുഹൃത്തായ പ്രൊഫ.സുന്ദരരാമയ്യരുടെ കൂടെയായിരുന്നു വിവേകാനന്ദന്‍ മിക്ക ദിവസങ്ങളിലും താമസിച്ചിരുന്നത്. സ്വാമിയുടെ ഭക്ഷണശീലത്തെക്കുറിച്ച് സുന്ദരരാമയ്യര്‍ പറയുന്നത് നോക്കുക:"ഞാനുടനെ മത്സ്യമാംസം കഴിക്കുന്നതില്‍ എനിക്കുള്ള വെറുപ്പ് പ്രകടിപ്പിച്ചു. പുരാതന ഭാരതത്തിലെ ബ്രാഹ്മണര്‍ ഗോമാംസംപോലും കഴിച്ചിരുന്നെന്നും യജ്ഞത്തിനും അതിഥികള്‍ക്ക് മധുപര്‍ക്കം കൊടുക്കുന്നതിനും പശുക്കളെയും മറ്റ് മൃഗങ്ങളെയും കൊല്ലാന്‍ വിധിയുണ്ടെന്നും സ്വാമി അതിന് മറുപടി നല്‍കി.. ബുദ്ധമതത്തിന്റെ ആവിര്‍ഭാവത്തിനും പ്രചാരത്തിനും ശേഷമാണ് മെല്ലെ മാംസഭക്ഷണം വര്‍ജ്യമായതെന്നും ഹിന്ദുജനതയുടെയും രാഷ്ട്രങ്ങളുടെയും പരാധീനതയ്ക്കും ദേശീയ ദൌര്‍ബല്യത്തിനും വഴിതെളിച്ച മുഖ്യകാരണങ്ങളിലൊന്ന് ഈ മാംസവര്‍ജനമാണെന്നും ആയിരുന്നു സ്വാമിയുടെ അഭിപ്രായം.''കാഷായവേഷധാരിയായിരുന്ന വിവേകാനന്ദന്‍ താന്‍ ധരിച്ചത് സന്യാസിയുടെ വേഷമല്ല, പിച്ചക്കാരന്റെ വേഷമാണെന്ന് പറഞ്ഞിട്ടുണ്ട്.  സ്വയം പിച്ചക്കാരനായി എളിമ കാട്ടുകയും ലോകത്തിലെ ഏറ്റവുംവലിയ ആത്മീയാചാര്യനും സാമൂഹ്യപരിഷ്കര്‍ത്താവുമായി ജീവിതം ജനങ്ങള്‍ക്കുവേണ്ടി ഉഴിഞ്ഞുവയ്ക്കുകയും ചെയ്ത വിവേകാനന്ദന്റെ സ്മരണ പുരോഗമനവിശ്വാസികള്‍ക്കെല്ലാം ഊര്‍ജം പകരുന്ന ഒന്നാണ്. ശ്രീനാരായണഗുരുവിന്റെ നമുക്കു ജാതിയില്ല വിളംബരം, സഹോദരന്‍ അയ്യപ്പന്റെ പന്തിഭോജനം എന്നിവയുടെ ശതാബ്ദി ഈ സര്‍ക്കാര്‍ സമുചിതമായി ആചരിച്ചതുപോലെ നവോത്ഥാനത്തിന്റെ പ്രകാശം പരത്തിയ സ്വാമി വിവേകാനന്ദന്‍ കേരളം സന്ദര്‍ശിച്ചതിന്റെ 125-ാം വാര്‍ഷികം ആഘോഷിക്കുന്നത് നവോത്ഥാനത്തിന്റെ നല്ല കാലങ്ങളെ അനുസ്മരിക്കുന്നതിനും അതിന്റെ മൂല്യങ്ങളെ തിരിച്ചുപിടിക്കുന്നതിനുംവേണ്ടിയാണ്.

പ്രധാന വാർത്തകൾ
 Top