07 July Tuesday

മൂക്കറ്റം വെള്ളത്തിൽനിന്ന്‌ ചെളിവാരിയെറിയൽ

ഗൗതമൻUpdated: Monday Oct 28, 2019

വല്ല പ്രളയമോ മറ്റോ ആണെങ്കിൽ കാരണം കണ്ടെത്താനെന്തെളുപ്പം. ഡാം തുറന്നുവിട്ടിട്ടാണ്‌ പ്രളയമെന്ന്‌ ശരവേഗത്തിൽ നിഗമനത്തിലെത്താം. അതിന്‌ പാഴൂർ പടി വരെയോ കൊടപ്പനയ്‌ക്കൽ തറവാട്‌ വരെയോ പുതുപ്പള്ളിപ്പള്ളിവരെയോ പോകേണ്ടതില്ല. കേരളത്തിലെ പ്രളയത്തെപ്പറ്റി അറിഞ്ഞിട്ടുപോലുമില്ലാത്ത നാസയെപ്പോലും വേണമെങ്കിൽ കണ്ടത്തിൽ തറവാട്ടുകാർ സാക്ഷിയായി ഹാജരാക്കും. പക്ഷേ, ഉപതെരഞ്ഞെടുപ്പുഫലം കൊണ്ടുവന്ന തോൽവിപ്രളയത്തിൽ മൂക്കറ്റം മുങ്ങിനിന്ന്‌ പരസ്പരം ചെളിവാരി എറിയുകയാണ്‌ കാരണംതേടുന്ന കോൺഗ്രസുകാർ. അവർ വിളിച്ചുപറയുന്ന കാരണങ്ങളൊക്കെ അന്തരീക്ഷത്തിൽ മുഴങ്ങി ശബ്ദമലിനീകരണം സൃഷ്ടിക്കുന്നുണ്ടേയെന്ന്‌ പ്രമുഖ പരിസ്ഥിതി പ്രവർത്തകനായ വി എം സുധീരനെങ്കിലും പരിശോധിക്കുമെന്ന്‌ പ്രത്യാശിക്കാം.

പ്രതിരോധിക്കാൻ കഴിഞ്ഞില്ലെങ്കിൽ ആസ്വദിക്കുകയെന്ന മഹത്‌ വചനമൊന്നും പരസ്പരം വാളെടുത്തവർ മുഖവിലയ്‌ക്കെടുക്കാൻ തൽക്കാലം ഒരുക്കമല്ല. ഹൈബി ഈഡനെതിരെ സൗമിനി ജയനും മോഹൻ രാജിനെതിരെ അടൂർ പ്രകാശും മോഹൻകുമാറിനെതിരെ കെ മുരളീധരനുമൊക്കെ അറഞ്ചം പൊറഞ്ചം വാക്‌ശരം തൊടുക്കുകയാണ്‌. ‘അമ്പുകൊള്ളാത്തവരാരുമില്ല കുരുക്കളിൽ’ എന്ന അവസ്ഥയിലാണ്‌ കോൺഗ്രസ്‌.

തെരഞ്ഞെടുപ്പുഫലം സംസ്ഥാന സർക്കാരിനെ വിലയിരുത്തുന്നതാകും എന്നൊക്കെ പറഞ്ഞ നേതാക്കൾ ഡിമിൻഷിയ, അൽഷിമേഴ്‌സ്‌ തുടങ്ങിയ രോഗങ്ങളുടെ കരാളഹസ്‌തത്തിലാണ്‌. എ കെ ആന്റണിയാണെങ്കിൽ ഉപതെരഞ്ഞെടുപ്പു നടന്ന കാര്യംപോലും ഇപ്പോൾ ഓർക്കുന്നില്ലെന്നാണ്‌ അഭിജ്ഞവൃത്തങ്ങൾ വെളിപ്പെടുത്തുന്നത്‌. സ്ഥാനാർഥിനിർണയത്തെ തുടർന്നുണ്ടായ അഭിപ്രായവ്യത്യാസങ്ങളെല്ലാം പരിഹരിച്ച്‌ എല്ലാ മണ്ഡലങ്ങളിലും യുഡിഎഫ്‌ ഒറ്റക്കെട്ടായി കുതിച്ചുമുന്നേറിയെന്നാണ്‌ തെരഞ്ഞെടുപ്പിന്റെയന്ന്‌ പുലർച്ചെവരെ പത്രങ്ങളായ പത്രങ്ങളും ചാനലുകളുമെല്ലാം വിളമ്പിയത്‌. എല്ലായിടത്തും ലക്ഷണമൊത്ത യുഡിഎഫ്‌ സ്ഥാനാർഥികൾ. ജാതി, മത സമവാക്യങ്ങൾ, നായർ‐ഈഴവ ബെൽറ്റ്‌, ഓർത്തഡോക്സ്‌ ഇലാസ്‌റ്റിക്‌, വിശ്വാസികളുടെ പിന്തുണ, ആന്റി ഇൻകംബൻസി എന്ന്‌ ചാനലുപിള്ളേർ കടിച്ചാൽ പൊട്ടാതെ പറയുന്ന ഭരണവിരുദ്ധവികാരം എന്നുവേണ്ട സകല ചേരുവകളും പിണറായി സർക്കാരിന്‌ എതിരാണെന്നായിരുന്നു മാധ്യമവീക്ഷണം. പക്ഷേ, തെരഞ്ഞെടുപ്പ്‌ കഴിഞ്ഞതോടെ മാധ്യമങ്ങളും മറവിരോഗത്തിന്റെ വലയിലായി. യുഡിഎഫിന്റെ ‘കൈമോശം’ കൊണ്ടുള്ള പരാജയമാണെന്ന കാര്യത്തിൽ പത്രമുത്തശ്ശിക്ക്‌ ഒരു സംശയവുമില്ല. യുഡിഎഫിനെ ജനങ്ങൾ വെറുക്കുന്നതുകൊണ്ടോ എൽഡിഎഫിന്റെ ഭരണനേട്ടം കൊണ്ടോ ആകാൻ ഒരു വഴിയുമില്ലെന്ന്‌ അവർക്ക്‌ ഉറപ്പ്‌. എൽഡിഎഫ്‌ തോറ്റാൽ സർക്കാരിനെതിരായ ജനവികാരം, തോറ്റാൽ യുഡിഎഫിലെ അനൈക്യം. ഇതാണ്‌ പത്രങ്ങൾക്കും ചാനലുകൾക്കുമുള്ള പാരമ്പര്യരോഗമെന്ന്‌ ഭിഷഗ്വരനായ എം കെ മുനീർ തിരിച്ചറിഞ്ഞതായി സ്ഥിരീകരിക്കാത്ത വാർത്തയുണ്ട്‌.

 

 

ഉത്തരം തേടുന്ന പിള്ളേച്ചൻ
സ്വന്തം വീട്ടിൽ ചിന്തൻ ബൈഠക്ക്‌ നടത്തി ‘ഉത്തരം തേടുമ്പോൾ’ എന്ന സ്വന്തം പുസ്‌തകത്തിന്റെ പ്രൂഫ്‌ തിരുത്തുമ്പോഴാണ്‌ മിസോറം ഗവർണറായി നിയമിച്ചവിവരം ബിജെപി സംസ്ഥാന പ്രസിഡന്റ്‌ പിള്ളേച്ചൻജി അറിഞ്ഞത്‌. കേരള രാഷ്‌ട്രീയത്തിൽ ചോദ്യച്ചിഹ്നമായും അക്ഷരത്തെറ്റായും നിലനിൽക്കുന്ന പാർടിയാണ്‌ ബിജെപി എന്ന്‌ കഠിനഹൃദയന്മാർ പറയുമെങ്കിലും ഗൗതമൻ അതൊന്നും ഒറ്റയടിക്ക്‌ വിഴുങ്ങാൻ ഒരുക്കമല്ല.

‘ഉത്തരം തേടലും’ സ്ഥാനലബ്ധിയും തമ്മിലുള്ള ആ യാദൃച്ഛികതയിൽ കോൾമയിർ കൊള്ളുകയും ചെയ്യുന്നു.എന്തായാലും ഇനി ശബരിമലയെക്കുറിച്ച്‌ കമാന്ന്‌ മിണ്ടില്ലെന്നാണ്‌ പിള്ളേച്ചൻ പറയുന്നത്‌. എല്ലാം ഭാവിയിൽ ഒരു പുസ്‌തകത്തിലൂടെ പറയും. അല്ലെങ്കിലും ബിജെപിക്കാർ പശ്ചാത്താപം നടത്തിയിട്ടുള്ളത്‌ പുസ്‌തകത്തിലൂടെയും കത്തിലൂടെയുമാണ്‌. കോലീബി സഖ്യത്തിന്റെ കാര്യത്തിൽ മാരാർജി നടത്തിയതുപോലെ. വേണ്ടിവന്നാൽ മാപ്പും പറയും. സവർക്കർജി അതാണ്‌ പഠിപ്പിച്ചിട്ടുള്ളത്‌. വെറുതെയാണോ ബിജെപി നേരുംനെറിവുമുള്ള പാർടിയാണെന്നു പറയുന്നത്‌. ഒരു നല്ലകാര്യം ചെയ്‌താൽ പ്രതിഫലം ഉടൻ കൊടുക്കും. ഉപതെരഞ്ഞെടുപ്പിൽ ബിജെപിക്ക്‌ അരലക്ഷം വോട്ടുകുറഞ്ഞു. ഉടൻ തന്നെ പിള്ളേച്ചന്‌ മിസോറമിൽ പദവി കൊടുത്തു. തന്റെ മുൻഗാമിയെപ്പോലെയും മോഡിജിയെപ്പോലെയുമല്ല പിള്ളേച്ചൻ. പച്ചപ്പരിഷ്‌കാരിയായ അദ്ദേഹം പച്ചക്കറി കൈകൊണ്ടു തൊടത്തില്ല. പൂർണമായും മാംസാഹാരിയായ അദ്ദേഹം ഒത്തിരി ഫോർവേഡാണ്‌.

രാഷ്‌ട്രീയത്തിൽ ഫൗൾ കാണിച്ചാണ്‌ പരിചയമെങ്കിലും. അദ്ദേഹത്തിന്‌ ശിഷ്ടകാലം മിസോറമിലെ രുചിഭേദങ്ങൾ ആസ്വദിക്കാൻ ഭാഗ്യമുണ്ടായല്ലോ എന്നതിൽ സന്തോഷം അനൽപ്പമാണ്‌ സംഘബന്ധുക്കൾക്ക്‌. ചെങ്ങന്നൂരിൽ പിള്ളേച്ചൻ തോൽക്കുമെന്ന്‌ ഉറപ്പായപ്പോൾ തന്നെ പ്രതിഫലമായി മിസോറമിലേക്ക്‌ മാറ്റിയതാണ്‌ കുമ്മനംജിയെ. എന്നാൽ, തിരിച്ചുവന്ന്‌ തിരുവനന്തപുരത്ത്‌ പരാജയം ഏറ്റുവാങ്ങിയ കുമ്മനേട്ടന്‌ പ്രതിഫലം ഇതുവരെ കൊടുത്തിട്ടില്ല. വട്ടിയൂർക്കാവ്‌ സീറ്റെങ്കിലും കൊടുക്കുമെന്നു കരുതി അദ്ദേഹം വട്ടിയും കുട്ടയുമായി നടന്നെങ്കിലും കട്ടപ്പൊകയായി. പാർടിയുടെ സംസ്ഥാന അധ്യക്ഷസ്ഥാനം കിട്ടിയാൽ സ്വീകരിക്കുമോ എന്ന ചോദ്യത്തിന്‌ ‘അറയ്‌ക്കൽ ബീവിയെ കെട്ടാൻ അരസമ്മതം’ എന്നതായിരുന്നു ‘നിസ്വാർഥനായ’ അദ്ദേഹത്തിന്റെ നിലപാട്‌. എല്ലാ തെരഞ്ഞെടുപ്പിലും മത്സരിച്ച്‌ ഗതികിട്ടാപ്രേതം പോലെ അലയുന്ന സുരേന്ദ്രൻജിയാകും കുമ്മനംജിയുടെ വൈതരണി. എല്ലാം ആ ‘ജനാധിപത്യപ്പാർടി’യുടെ മുടിചൂടാമന്നനായ അമിത്‌ ഷാ ജിയുടെ കരങ്ങളിലാണ്‌. മുട്ടിപ്പായി പ്രാർഥിക്കാം.

തെരഞ്ഞെടുപ്പിൽ പിറക്കാതെ പോയ രാഹുൽജി
രാഹുൽജി നിയമസഭയിൽ പ്രധാനമന്ത്രിയാകുമെന്ന്‌ പറഞ്ഞൊന്നും ഉപതെരഞ്ഞെടുപ്പിൽ വോട്ടുപിടിക്കാനാകില്ലെങ്കിലും അദ്ദേഹത്തെ കേരളത്തിൽ ഒന്നുകൊണ്ടുവന്ന്‌ പരീക്ഷിക്കാമായിരുന്നു. പത്രങ്ങളും ചാനലുകളും കൂടിയൊന്ന്‌ ഒത്തുപിടിച്ച്‌, അപദാനങ്ങളൊക്കെ വാഴ്‌ത്തിനോക്കാമായിരുന്നു. പക്ഷേ, എന്തുചെയ്യാം. അദ്ദേഹം എവിടെയാണെന്നുപോലും ആർക്കുമറിയില്ല. തെരഞ്ഞെടുപ്പുഫലം വന്നിട്ടുപോലും രാഹുൽജി ഉരിയാടാത്തത്‌ സാക്ഷാൽ മൻമോഹൻജിയെപ്പോലും ഞെട്ടിച്ചിരിക്കയാണ്‌. എന്തായാലും 79 വയസ്സുള്ള അത്ഭുതപ്രവർത്തകനായ ആന്റണിക്കൊക്കെ വീണ്ടും ഭാഗ്യം തെളിയുകയാണ്‌. മുതിർന്നവർ വഴിമാറണമെന്ന രാഹുൽജിയുടെ ആഹ്വാനമൊക്കെ സോണിയജി വീണ്ടും വന്നതോടെ അപ്രത്യക്ഷമായി. ജനങ്ങളുടെ പിന്തുണയുള്ള വൃദ്ധനേതൃത്വത്തിലാണ്‌ രാജ്യത്തിന്റെ ഭാവി കുടികൊള്ളുന്നതെന്നാണ്‌ പുതിയ ആപ്തവാക്യം.

വെടിക്കുഴൽ
കൊച്ചി മേയറെ ബലിമൃഗമാക്കില്ല: മുല്ലപ്പള്ളി
നല്ല തീരുമാനം. ഇനിയും മേയാൻ വിടണം.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top