10 July Friday

മഹാമാരിയും‘ മുദ്രകുത്തലുക’ളും

ഡോ. യാസർ അരഫാത്ത്‌ പി കെ Updated: Monday Apr 27, 2020

ഒരു നീഗ്രോയുടെ കറുപ്പ്‌ രോഗമാണോ, അങ്ങനെയെങ്കിൽ നമുക്ക്‌ അതിനെ ശാസ്‌ത്രവും മനുഷ്യത്വവും ഉപയോഗിച്ച്‌‌ ചികിത്സിക്കാം’–-പത്തൊമ്പതാം നൂറ്റാണ്ടിലെ അമേരിക്കൻ വിപ്ലവകാരിയും അടിമത്തവിരുദ്ധനും പ്രമുഖ ഡോക്ടർ കൂടിയുമായിരുന്ന ബെൻജമിൻ റഷിന്റെ വാക്കുകളാണിത്‌. ഒരു ഭൂഖണ്ഡം മുഴുവൻ വ്യാപിച്ചുകിടക്കുന്ന ജന്മനാ കുഷ്‌ഠരോഗവുമായി ജീവിക്കുന്നവരായിട്ടാണ്‌ കറുത്തവരെ പുരോഗമനവാദിയായ ഡോക്ടർപോലും കണ്ടിരുന്നത്‌. കറുപ്പായ‘ കുഷ്‌ഠത്തെ’ മാറ്റി വെളുപ്പാക്കാൻകൂടി വേണ്ടിയാണ്‌ റഷ്‌ വിപ്ലവത്തിൽ ഏർപ്പെട്ടത്‌. ഒരു ശാരീരികാവസ്ഥയെ ഒരു ജനവിഭാഗവുമായും ഒരു ജനവിഭാഗത്തെ ഒരു രോഗാവസ്ഥയുമായും ബന്ധപ്പെടുത്തുന്ന ആഖ്യാനങ്ങളുടെ ഒരു ഉദാഹരണമാണിത്‌.

അമേരിക്കയിൽ കൊറോണയെ ചൈനീസ്‌ ജനതയുമായും ഇന്ത്യയിൽ, പ്രത്യേകിച്ച്‌ ഉത്തരേന്ത്യയിൽ മുസ്ലിങ്ങളുമായി ബന്ധപ്പെടുത്തിയുള്ള ആഖ്യാനങ്ങളെയും പ്രചാരണങ്ങളെയും ഇത്തരത്തിലുള്ള അപരവൽക്കരണത്തിന്റെ തുടർച്ചയായി കാണാം. മഹാമാരികളുടെ കാരണങ്ങളായും വാഹകരായും ഉൽപ്പാദകരായും ദുർബലസമൂഹങ്ങളെ, സാമുദായികമായി പുറന്തള്ളപ്പെട്ടവരെ, തൊഴിലാളികളെ മുദ്രകുത്തുന്നതിന്‌ ചരിത്രത്തോളം പഴക്കമുണ്ട്‌.

ഇങ്ങനെയുള്ള മുദ്രകുത്തലുകൾക്ക്‌ ആദ്യകാലങ്ങളിൽ തെരഞ്ഞെടുത്ത രോഗമാണ്‌ കുഷ്‌ഠം. ദരിദ്രരും തൊഴിലാളികളും പരത്തുന്ന രോഗമായാണ്‌ കുഷ്‌ഠത്തെ യൂറോപ്പ്‌ മുഴുവനും ഒരുകാലത്ത്‌ കണ്ടിരുന്നത്‌. യൂറോപ്പിൽ അപരവൽക്കരണത്തിന്‌ ഏറ്റവും ആഴത്തിൽ വിധേയരായ ജൂതന്മാരെ കുഷ്‌ഠരോഗത്തിന്റെ ഉൽപ്പാദകരായും വാഹകരായും മുദ്രകുത്തുന്ന ക്രൈസ്‌തവ സഭയെയും നാം കാണുന്നു. ഇങ്ങനെ ആരോപിതരായ നിരവധി ജൂതന്മാരെ കൂട്ടത്തോടെ കോളനികളിൽ അടയ്‌ക്കുന്നുണ്ട്‌.

മധ്യകാലത്ത്‌ ബ്രിട്ടീഷ്‌ അധിനിവേശത്തോടെ കുഷ്‌ഠരോഗവാഹകരെന്ന മുദ്രണം മൂന്നാം ലോകരാജ്യങ്ങളുടെ ചുമലുകളിലേക്കും വരുന്നുണ്ട്‌. കറുത്ത മരണം എന്നറിയപ്പെടുന്ന പതിനാലം നൂറ്റാണ്ടിൽ യൂറോപ്പിനെയും മധ്യേഷ്യയെയും ആഫ്രിക്കയെയും പിടിച്ചുകുലുക്കിയ കോടിക്കണക്കിന്‌ ആളുകളെ കൊന്നൊടുക്കിയ പ്ലേഗ്‌ രോഗവും ഇത്തരത്തിലുള്ള വംശീയതയും വർഗീയ ആഖ്യാനങ്ങളം ഉണ്ടാക്കിയിട്ടുണ്ട്‌. പ്ലേഗ്‌ എന്ന മഹാമാരി ദൈവശിക്ഷയാണെന്നും അത്‌ പുറപ്പെട്ടത്‌ ജൂതന്മാരുടെ ശരീരത്തിൽനിന്നാണെന്നും മധ്യകാല രാജാക്കന്മാരും ക്രൈസ്‌തവസഭയും വിധിച്ചു. ഫ്രാൻസ്‌, ജർമനി, ബ്രിട്ടൻ തുടങ്ങിയ രാജ്യങ്ങളിൽ ആയിരക്കണക്കിന്‌ ജൂതന്മാരെയാണ്‌ പ്ലേഗ്‌ വാഹകരായി മുദ്രകുത്തി കൊലപ്പെടുത്തിയത്‌.


 

പലകാലത്തും യൂറോപ്പിൽ പടർന്നുപിടിച്ച വസൂരിയുടെ കാരണമായി അധികാരികൾ കണ്ടെത്തിയത്‌ സ്‌ത്രീകളുടെ ആർത്തവരക്തമായിരുന്നു. ആർത്തവമുള്ള സ്‌ത്രീകൾ പിശാചിന്റെ കൈപ്പിടിയിലാണെന്ന്‌ സ്‌റ്റേറ്റും മതസഭകളും വിധിയെഴുതി. മനുഷ്യകുലത്തെ ഇല്ലാതാക്കാൻ പിശാച്‌ തെരഞ്ഞെടുത്ത മാർഗമാണ്‌ ആർത്തവരക്തമെന്ന ആഖ്യാനത്തിന്റെഭാഗമായി നിരവധി സ്‌ത്രീകളെ കുറ്റവാളികളാക്കി മുദ്രകുത്തി സാമൂഹ്യഭ്രഷ്ട്‌ കൽപ്പിച്ചു. പലരെയും ജയിലുകളിലേക്കയച്ചു. ദരിദ്രരും അക്രൈസ്‌തവരും അധികാരകേന്ദ്രങ്ങളെ ചോദ്യംചെയ്‌തവരുമായ പല സ്‌ത്രീകളെയും  രോഗം വ്യാപിപ്പിക്കുന്ന യക്ഷികളായി മുദ്രകുത്തി കൊന്നൊടുക്കിയ ചരിത്രമുണ്ട്‌ യൂറോപ്പിന്‌. അവരെ നശീകരണശേഷിയുള്ള രോഗവാഹകരാക്കിയാണ്‌ ഫ്യൂഡൽ യൂറോപ്പ്‌ കൊന്നുകളഞ്ഞത്‌.

തങ്ങൾക്ക്‌ മനസ്സിലാകാത്ത, ചികിത്സ തീരുമാനിക്കാനാകാത്ത അസുഖങ്ങളുടെ കാരണങ്ങൾ ദരിദ്രരുടെയും തൊഴിലാളികളുടെയും കർഷകരുടെയും പാർശ്വസമൂഹങ്ങളുടെയും തലയിൽ കെട്ടിവയ്‌ക്കുന്ന സ്‌റ്റേറ്റിനെയും മതസഭകളെയും ഡോക്‌ടർമാരെയും യൂറോപ്പിന്റെ ചരിത്രത്തിൽ ഉടനീളം കാണാൻ കഴിയും. ഇങ്ങനെയുള്ള ‘യക്ഷി’വേട്ടയിൽ കൊല്ലപ്പെട്ടവരായിരുന്നു  അധികാരസ്ഥാനങ്ങളെ ചോദ്യംചെയ്‌ത ‘രോഗവാഹകരായ’ ജോൻ ഓഫ്‌ ആർക്കും വെറോണിക്ക്‌ ഡെനിസും. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ കോളറ, വസൂരി, പ്ലേഗ്‌ തുടങ്ങിയ മഹാമാരികളുടെ ഉൽപ്പാദകരും വാഹകരും കുടിയേറ്റത്തൊഴിലാളികളാണെന്ന ധാരണയാണ്‌ സാമ്രാജ്യ യൂറോപ്പ്‌ പ്രചരിപ്പിച്ചത്‌. ഈ ധാരണയെ ബലപ്പെടുത്തിയത്‌ അക്കാലത്തെ ശാസ്‌ത്രജ്ഞർ തന്നെയായിരുന്നു. സാമ്രാജ്യത്വത്തെ സ്‌നേഹിച്ച പല ശാസ്‌ത്രജ്ഞരും ഈ മഹാമാരികളുടെ കാരണക്കാരായി ജൂതന്മാരെയും ജിപ്‌സികളെയും കമ്യൂണിസ്‌റ്റുകാരെയും ഏഷ്യക്കാരായി അടയാളപ്പെടുത്തി.


 

1980കളിൽ എയ്‌ഡ്‌സിനെയും കണ്ടത്‌ ഇത്തരത്തിൽത്തന്നെയായിരുന്നു. സ്വവർഗവിരുദ്ധ ലൈംഗികതയിൽ മുക്കിയ പ്രചാരണങ്ങളാണ്‌ നാം അമേരിക്കയിൽ കണ്ടത്‌. സ്വവർഗ വൈറസ്‌ എന്നുവിളിച്ച്‌ എയ്‌ഡ്സിന്റെ കാരണം സ്വവർഗരതിക്കാരിൽ ആരോപിച്ചപ്പോൾ സാൻഫ്രാൻസിസ്‌കോയിലും ന്യൂയോർക്കിലും ലോസ്‌ ആഞ്ചലസിലും അവർ ആൾക്കൂട്ട ആക്രമണങ്ങൾക്ക്‌ വിധേയരായി. ഇതുതന്നെയാണ്‌ രണ്ടായിരത്തിന്റെ പകുതിയിൽ ഏഷ്യയിലും പിന്നെ യൂറോപ്പിലും പടർന്നുപിടിച്ച പക്ഷിപ്പനി രോഗത്തിലും സംഭവിച്ചത്‌. യൂറോപ്പിലും അമേരിക്കയിലും ഇതിന്റെപേരിൽ ഏഷ്യക്കാർ ആക്രമിക്കപ്പെട്ടു. പക്ഷിപ്പനി പടർത്തുന്ന രോഗാണുവാഹകരായും മാധ്യമങ്ങളും ഗവൺമെന്റ്‌ ഏജൻസികളും ഏഷ്യക്കാരെ മുദ്രകുത്തിയപ്പാൾ അവർ തുടർച്ചയായി ആക്രമിക്കപ്പെട്ടു.

ചുരുക്കത്തിൽ മഹാമാരികൾ ഉണ്ടാക്കുന്ന അനിശ്‌ചിതത്വം, അതിനെ ശക്തമായി നിയന്ത്രിക്കാനുള്ള അധികാരികളുടെ കഴിവില്ലായ്‌മ,  ചികിത്സയ്‌ക്കുവേണ്ടി വരുന്ന ഭീമമായ ചെലവ്‌ തുടങ്ങിയവയെല്ലാം ഇവയുടെ വാഹകരും പ്രചാരകരുമായും ദുർബലസമൂഹങ്ങളിൽ അവതരിപ്പിച്ച്‌ കൈകഴുകുന്ന അവസ്ഥ ചരിത്രത്തിൽ എമ്പാടും കാണാവുന്നതാണ്‌.


 

ശക്തമായ അപരവിചാരങ്ങളും അപനിർമാണവും നടക്കുന്ന ഇന്നത്തെ ലോകത്തും മഹാമാരികൾക്ക്‌ അത്തരത്തിലുള്ള വ്യാഖ്യാനം ഉണ്ടാകുന്നുണ്ട്‌. അളവില്ലാത്ത സാമൂഹ്യ ആക്രമണങ്ങൾക്കും സാമൂഹ്യബഹിഷ്‌കരണങ്ങൾക്കും അവ വഴിവയ്‌ക്കുമെന്ന്‌ മാത്രമല്ല, മറിച്ച്‌ ദുർബലസമൂഹങ്ങളെ പൂർണമായ വിധേയത്വത്തിലേക്ക്‌ കൊണ്ടുവരാനും ഇത്തരത്തിലുള്ള ആഖ്യാനങ്ങൾ വലതുപക്ഷ രാഷ്‌ട്രീയത്തെ സഹായിക്കുകയുംചെയ്യുന്നു.

രോഗം വഹിക്കുന്നവർ, അത്‌ വ്യാപകമാക്കുന്നവർ എന്നുള്ള പ്രചാരണത്തിലൂടെ അകത്തെ ശത്രുവിനെ നിർമിക്കാനും ദീർഘകാലം ഉറപ്പിക്കാനും മഹാരോഗങ്ങളുടെ ആഖ്യാനം കാരണമാകും. ഹിന്ദുത്വത്തിന്റെ സാംസ്‌കാരിക ദേശീയതകളിലേക്ക്‌ ശാരീരികദേശീയത വിജയകരമായി കടത്തിവിട്ട്‌ അപരവൽക്കരണത്തിന്റെ പുതിയ ഘട്ടത്തെ നിർമിക്കുകയാണ്‌ കൊറോണയുടെ ഉത്തരേന്ത്യൻ ആഖ്യാനങ്ങൾ. കൊറോണയുടെ കാലത്ത്‌ മതസമ്മേളനം വിളിച്ചു കൂട്ടുക എന്ന മഹാ അബദ്ധം ചെയ്‌ത മുസ്ലിങ്ങളിലെ ചെറിയ ന്യൂനപക്ഷമായ തബ്‌ലീഗിനെ മുൻനിർത്തി മുസ്ലിങ്ങൾ എല്ലാം രോഗവാഹകരാണ്‌ എന്ന ആഖ്യാനത്തിന്‌ ലഭിക്കുന്ന സ്വീകാര്യത വിരൽചൂണ്ടുന്നത്‌ ചരിത്രത്തിലേക്കും ഭാവിയിലേക്കുമാണ്‌. കൊറോണ ബാധിച്ചവർ എല്ലാം മഹാമാരിയുടെ ഇരകൾ ആണ്‌ എന്ന കേരളത്തിലെയും ഇടതുപക്ഷത്തെയും മറ്റു പുരോഗമന ചിന്തകളുടെയും പ്രതിരോധ ആഖ്യാനങ്ങൾ പ്രസക്‌തമാകുന്നതും അതു കൊണ്ടുതന്നെയാണ്‌.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top