26 May Tuesday

ട്രംപ്‌ പറയും; മോഡി അനുസരിക്കും

പ്രകാശ്‌ കാരാട്ട്‌Updated: Thursday Feb 27, 2020


അമേരിക്കൻ പ്രസിഡന്റ്‌ ഡോണൾഡ്‌ ട്രംപ്‌ ഇന്ത്യാ സന്ദർശനം പൂർത്തിയാക്കി തിരിച്ചുപോയി. അടുത്തകാലത്തായി ഇന്ത്യ സന്ദർശിച്ച മറ്റ്‌ അമേരിക്കൻ പ്രസിഡന്റുമാരിൽനിന്നും തികച്ചും വ്യത്യസ്‌തമായിരുന്നു ട്രംപിന്റെ സന്ദർശനം. ഔദ്യോഗിക സന്ദർശനമാണെങ്കിലും അഹമ്മദാബാദിലെ മൊട്ടേര സ്‌റ്റേഡിയത്തിൽ സംഘടിപ്പിച്ച ‘നമസ്‌തേ ട്രംപ്‌’ പരിപാടിയാണ്‌ എടുത്തുകാട്ടിയത്‌. കഴിഞ്ഞവർഷം ഹുസ്റ്റണിൽ നരേന്ദ്ര മോഡി സംഘടിപ്പിച്ച ‘ഹൗഡി മോഡി’യുടെ ഇന്ത്യൻ പതിപ്പായിരുന്നു ഇത്‌. എന്നാലും ഈ പ്രദർശനത്തെ വെറും കെട്ടുകാഴ്‌ചയോ, തമാശയായോ എഴുതിത്തള്ളുന്നത്‌ ശരിയാകില്ല. നയപരമായും രാഷ്ട്രീയമായും തന്ത്രപരമായും സൈനികമായും മോഡി ഇന്ത്യയെ ട്രംപിന്റെ അമേരിക്കയുടെ സമ്പൂർണ സഖ്യകക്ഷിയായി പ്രഖ്യാപിക്കുകയായിരുന്നു ഇതിലൂടെ. ഇന്നത്തെപ്പോലെ ഒരുകാലത്തും വലതുപക്ഷ രാഷ്ട്രീയവും പ്രത്യയശാസ്‌ത്രവും ഇന്തോ–-അമേരിക്കൻ ബന്ധത്തിൽ ഇതുപോലെ മുഴച്ചുനിന്നിട്ടില്ല. ‘നമസ്‌തേ ട്രംപ്‌’ എന്ന പരിപാടി മോഡി സംഘടിപ്പിച്ചതുതന്നെ നവംബറിൽ നടക്കുന്ന അമേരിക്കൻ പ്രസിഡന്റ്‌ തെരഞ്ഞെടുപ്പിൽ സുഹൃത്തായ ട്രംപിനെ സഹായിക്കാനാണ്‌.

ട്രംപിന്റെ സന്ദർശനത്തിലൂടെ അമേരിക്കയുടെ മേഖലാ രാഷ്ട്രീയതന്ത്രത്തിന്‌ ഇന്ത്യയെ പൂർണമായും അടിയറ വച്ചിരിക്കുകയാണ്‌ മോഡി. അമേരിക്കയുടെ ലക്ഷ്യം നിറവേറ്റാൻ ഇന്ത്യയുടെ എല്ലാ താൽപ്പര്യവും മോഡി ബലികഴിച്ചു. സന്ദർശനത്തിന്റെ അവസാനം ഇരുനേതാക്കളും പുറത്തിറക്കിയ സംയുക്തപ്രസ്‌താവന പ്രതിഫലിക്കുന്നത്‌ ഇതാണ്‌. അമേരിക്കയുടെ തന്ത്രപരവും പ്രതിരോധ, സുരക്ഷാ താൽപ്പര്യങ്ങളുമായി ഇന്ത്യയെ പൂർണമായും സംയോജിപ്പിക്കുകയാണ്‌ ‘സമഗ്ര ആഗോളതന്ത്രപരമായ പങ്കാളിത്തം’ പ്രഖ്യാപനത്തിലൂടെ.

ഇന്ത്യയെ അമേരിക്കയുടെ വിശ്വസ്‌ത പ്രതിരോധ പങ്കാളിയാക്കുകയെന്ന ഏക ലക്ഷ്യത്തോടെയാണ്‌ ഇന്തോ–-അമേരിക്കൻ ആണവ കരാർ ഒപ്പുവച്ചത്‌. ആണവ കരാർ ഒപ്പുവച്ചതുമുതൽ ഇത്‌ വ്യക്തമായിരുന്നു. ‘അമേരിക്ക ഇന്ത്യയുടെ മുൻനിര പ്രതിരോധ പങ്കാളിയായിരിക്കുമെന്നും അതിനുവേണ്ടിയുള്ള പ്രവർത്തനങ്ങളാണ്‌ നടക്കുന്നത്‌’ എന്നുമാണ്‌ അഹമ്മദാബാദിലെ പ്രസംഗത്തിൽ ട്രംപ്‌ പറഞ്ഞത്‌. കഴിഞ്ഞ ഒരു ദശകത്തിനിടയിൽ ഇന്ത്യ അമേരിക്കയിൽനിന്ന്‌ 1500 മുതൽ 1800 കോടി ഡോളറിന്റെ ആയുധങ്ങളും പ്രതിരോധസാമഗ്രികളും വാങ്ങിയിട്ടുണ്ട്‌. ഇന്ത്യയുമായുള്ള എതൊരു വ്യാപാര കരാറിനെക്കുറിച്ച്‌ ട്രംപ്‌ ചർച്ച നടത്തുമ്പോഴും ആയുധമാണ്‌ മുന്നിൽനിൽക്കുക. അമേരിക്കൻ ആയുധ നിർമാതാക്കളിൽനിന്നും വിലപിടിപ്പുള്ള കൂടുതൽ ആയുധം വാങ്ങാൻ ഇന്ത്യയുടെമേൽ തുടർച്ചയായി സമ്മർദം ചെലുത്തുകയാണ്‌. ട്രംപിന്റെ കഴിഞ്ഞദിവസത്തെ സന്ദർശനത്തിനിടയിൽ 300 കോടി ഡോളറിന്റെ ആയുധം വാങ്ങാൻ കരാർ ഒപ്പിട്ടു. 24 എംഎച്ച്‌–-60 ആർ നാവിക ഹെലികോപ്‌റ്ററും ആറ്‌ അപ്പാചെ ഹെലികോപ്‌റ്റർ വാങ്ങാനുമാണ്‌ കരാർ ഒപ്പിട്ടത്‌.


 

പ്രതിരോധ അടിത്തറകരാറുകളെന്ന്‌ അറിയപ്പെടുന്നതിൽ രണ്ടെണ്ണം ഒപ്പുവച്ചുകഴിഞ്ഞു. ഇതിന്റെ തുടർച്ചയായുള്ള മൂന്നാംഘട്ട കരാറായ അടിസ്ഥാന കൈമാറ്റ സഹകരണ കരാർ ഉടൻ തന്നെ ഒപ്പിടുമെന്നാണ്‌ കഴിഞ്ഞദിവസത്തെ സംയുക്തപ്രസ്‌താവന വ്യക്തമാക്കുന്നത്‌. ഈ മൂന്നു കരാറും യാഥാർഥ്യമാകുന്നതോടെ ഇന്ത്യൻ സായുധസേന ഏഷ്യയിലെ അമേരിക്കൻ സഖ്യകക്ഷികളായ ജപ്പാൻ, തെക്കൻ കൊറിയ എന്നിവയുടെ സായുധസേനയെപ്പോലെയായി മാറും. സംയുക്ത പ്രവർത്തനത്തിലും പരസ്‌പര സഹകരണത്തിലും അമേരിക്കയ്‌ക്ക്‌ കീഴ്‌പ്പെട്ടു പ്രവർത്തിക്കേണ്ടിവരും ഇന്ത്യൻ സേന. അമേരിക്കയുടെ ഇന്തോ–-പസഫിക്‌ സഖ്യത്തിൽ മോഡിസർക്കാർ ഇന്ത്യയെ പൂർണമായും പങ്കാളിയാക്കിയിരിക്കുകയാണെന്ന്‌ സംയുക്തപ്രസ്‌താവനയിൽനിന്ന്‌ വ്യക്തമാകും. അമേരിക്ക, ഇന്ത്യ, ജപ്പാൻ എന്നീ ത്രികക്ഷി സഖ്യവും ഇതോടൊപ്പം ഓസ്‌ട്രേലിയയെക്കൂടി ഉൾപ്പെടുത്തി ചതുർകക്ഷി സഖ്യം ശക്തിപ്പെടുത്താനുള്ള ചർച്ചകൾ തുടരുന്നു.ആഭ്യന്തര സുരക്ഷയ്‌ക്കായി അമേരിക്കൻ ആഭ്യന്തര ഏജൻസിയുമായുള്ള സഹകരണം കൂടുതൽ ശക്തിപ്പെടുത്തും. ഇതോടെ ഇന്ത്യയുടെ ആഭ്യന്തരസുരക്ഷയുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ അമേരിക്കൻ സുരക്ഷാ ഏജൻസികളുടെ ഇടപെടൽ വർധിക്കും.

ഇന്തോ–-അമേരിക്കൻ ബന്ധത്തെ ബാധിക്കുന്ന യാഥാർഥ പ്രശ്‌നം വ്യാപാരബന്ധമാണ്‌. ഇന്ത്യൻ ഉൽപ്പന്നങ്ങൾക്കുള്ള തീരുവ വർധിപ്പിച്ചും ഇന്ത്യക്കുള്ള വ്യാപാര പൊതുപരിഗണനാ പദവി എടുത്തുകളഞ്ഞും പലവിധത്തിലും ഇന്ത്യയോട്‌ ശത്രുതാപരമായ സമീപനമാണ്‌ ട്രംപ്‌ സർക്കാർ സ്വീകരിച്ചത്‌. ഇത്തരം നടപടകൾ എടുത്തശേഷം ഇന്ത്യ ഉൾപ്പെടെയുള്ള വികസിത രാജ്യങ്ങളെ ഇനിമുതൽ ഈ ഗണത്തിൽ ഉൾപ്പെടുത്താൻ കഴിയില്ലെന്ന് നിലപാടാണ്‌ ലോക വ്യാപാര സംഘടനയിൽ (ഡബ്ല്യുടിഒ) അമേരിക്ക ആവർത്തിക്കുന്നത്‌.


 

ഇ–-വാണിജ്യത്തിൽ അസന്തുലിതമായ കരാർ ഒപ്പിടാൻ അമേരിക്ക ഇന്ത്യക്കുമേൽ തുടർച്ചയായി സമ്മർദം ചെലുത്തുകയാണ്‌. വൈദ്യശാസ്‌ത്ര ഉപകരണങ്ങൾക്ക്‌ വിലനിയന്ത്രണം ഏർപ്പെടുത്തുന്ന നയത്തെയും അമേരിക്ക ശക്തമായി എതിർക്കുന്നു. ഇന്ത്യാ സന്ദർശനത്തിനിടയിലെ പ്രസ്‌താവനകളിലും ഇന്ത്യയുടെ നിലപാട്‌ അംഗീകരിക്കാൻ കഴിയില്ലെന്നാണ്‌ ആവർത്തിച്ചത്‌. നിർദിഷ്ട ഉഭയകക്ഷി വ്യാപാര കരാറിന്റെ ഒന്നാംഘട്ടത്തിനുള്ള ചർച്ചകൾ തുടരുമെന്ന്‌ മാത്രമാണ്‌ സംയുക്ത പ്രസ്‌താവനയിൽ പറഞ്ഞത്‌. വ്യാപാരം, ഇ–-വാണിജ്യം, പ്രാദേശിക ഡിജിറ്റൽവൽക്കരണം ഉൾപ്പെടെ ഇന്ത്യയുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിനുള്ള എല്ലാ ചർച്ചകൾക്കുമുള്ള അവസരങ്ങൾ മോഡി സർക്കാർ ഉപേക്ഷിച്ചിരിക്കയാണ്‌.

തന്ത്രപരമായ ബന്ധം സ്ഥാപിക്കുന്നതിന്റെ അവസാനഘട്ടത്തിൽ എത്തിയിരിക്കയാണ്‌ ഇരു രാഷ്ട്രവും. ഇന്ത്യയുടെ തന്ത്രപരമായ സ്വയംനിർണയാവകാശവും സ്വതന്ത്ര വിദേശനയം പിന്തുടരാനുള്ള ശേഷിയും പൂർണമായും നഷ്ടപ്പെടുകയാണ്‌. അടുത്തിടെ ഇറാനിലെ ഉന്നത സൈനിക കമാൻഡറായ സുലൈമാനിയെ വധിച്ചപ്പോൾ അതിനെ അപലപിക്കാൻ പോലും ഇന്ത്യക്ക്‌ കഴിഞ്ഞില്ല. മുമ്പ്‌ ഇറാനിൽനിന്നുള്ള എണ്ണ ഇറക്കുമതി നിർത്തിവയ്‌ക്കണമെന്ന്‌ അമേരിക്ക ആവശ്യപ്പെട്ടപ്പോൾ അത്‌ അക്ഷരംപ്രതി അനുസരിച്ചു. പൂർണമായും ഏകപക്ഷീയമായ ഇസ്രയേൽ–- പലസ്‌തീൻ സമാധാന കരാറിനെ വിമർശിക്കാനും തയ്യാറായില്ല.

ഇസ്രയേൽ അധീനപ്പെടുത്തിയിരിക്കുന്ന പലസ്‌തീൻ ഭൂപ്രദേശം ഇസ്രയേലിന്റേതാക്കി മാറ്റുന്ന സമാധാന കരാറാണ്‌ ട്രംപ്‌ മുന്നോട്ടുവച്ചത്‌. ട്രംപിന്റെ ഈ സമാധാന കരാറിനെ അംഗീകരിക്കണമെന്ന വിദേശ  മന്ത്രാലയത്തിന്റെ പ്രഖ്യാപനം ഞെട്ടൽ ഉളവക്കി. ഇത്തരത്തിൽ ഇന്ത്യയെ അമേരിക്കയുടെ സാമന്ത രാഷ്ട്രമാക്കി മാറ്റുന്നതിനായി സ്വീകരിക്കുന്ന ഓരോ നടപടികളെയും സർക്കാരും കോർപറേറ്റ്‌ മാധ്യമങ്ങളും പുകഴ്‌ത്തുകയാണ്‌. ട്രംപിന്‌ വിടുവേല ചെയ്യുന്ന മോഡിയുടെ സമീപനം ഇന്ത്യക്ക്‌ കടുത്ത പരിക്കേൽപ്പിക്കുകയാണ്‌.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top