11 December Wednesday

മനുസ്‌മൃതിയല്ല ഭരണഘടന

എം പ്രശാന്ത്‌Updated: Tuesday Nov 26, 2024


‘മനുസ്‌മൃതി പോലുള്ള പൗരാണിക ഭാരതത്തിലെ സവിശേഷമായ ഭരണരീതികളെ കുറിച്ച്‌ ഒരു പരാമർശവും നമ്മുടെ ഭരണഘടനയിലില്ല. സ്‌പാർട്ടയിലെ ലൈക്കർഗുസിന്റെ നിയമങ്ങളെക്കാൾ മുമ്പ്‌ എഴുതപ്പെട്ടതാണ്‌ മനുസ്‌മൃതി. ഇക്കാലമത്രയും ലോകത്തെയാകെ പ്രചോദിപ്പിച്ചതാണ്‌ മനുവിന്റെ നിയമങ്ങൾ. എന്നാൽ നമ്മുടെ ഭരണഘടനാ പണ്ഡിതർക്ക്‌ മനുസ്‌മൃതി ഒന്നുമല്ല’–- ഭരണഘടന നിർമാണസഭ ഇന്ത്യൻ ഭരണഘടന അംഗീകരിച്ച്‌ ദിവസങ്ങൾക്കുള്ളിൽ തന്നെ ഓർഗനൈസറിലെ മുഖലേഖനത്തിലൂടെ ആർഎസ്‌എസ്‌ തങ്ങളുടെ നിലപാട്‌ പ്രഖ്യാപിച്ചിരുന്നു. 

ഡോ. ബി ആർ അംബേദ്‌കർ രൂപകൽപ്പന ചെയ്‌ത  ഭരണഘടനയിൽ മനുസ്‌മൃതി അനുശാസിക്കുന്ന ബ്രാഹ്‌മണാധിപത്യത്തിനും ഹിന്ദുരാഷ്ട്ര സങ്കൽപ്പങ്ങൾക്കും ഇടംനൽകാതിരുന്നതാണ്‌ ആർഎസ്‌എസിനെയും അന്നത്തെ തലവനായിരുന്ന ഗോൾവാൾക്കറെയും ചൊടിപ്പിച്ചത്‌.  

2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ആർഎസ്‌എസ്‌ വലിയ പ്രതീക്ഷയുണ്ടായിരുന്നു. മൂന്നിൽ രണ്ട്‌ ഭൂരിപക്ഷത്തോടെ ബിജെപി അധികാരത്തിൽ എത്തുമെന്നും അതോടെ ഭരണഘടന ഉടച്ചുവാർക്കുകയെന്ന ലക്ഷ്യം സാധ്യമാക്കാമെന്നും  പ്രതീക്ഷിച്ചു. ആർഎസ്‌എസിന്റെ ശതാബ്‌ദി വർഷമായ 2025ൽ ഹിന്ദുരാഷ്ട്ര പ്രഖ്യാപനംപോലും അവർ സ്വപ്‌നം കണ്ടു. എന്നാൽ, തെരഞ്ഞെടുപ്പിൽ ബിജെപിക്ക്‌ കേവല ഭൂരിപക്ഷം നൽകാതെ ശിക്ഷിച്ചുകൊണ്ട്‌ വോട്ടർമാർ സംഘപരിവാർ സ്വപ്‌നങ്ങളെ തല്ലിക്കെടുത്തി. എന്നാൽ പല വഴികളിലൂടെയും ഭരണഘടനയുടെ അടിസ്ഥാനതത്വങ്ങൾക്കെതിരായ സംഘപരിവാർ നീക്കം തുടരുകയാണ്‌.
ഭരണഘടനയ്‌ക്ക്‌ പുല്ലുവില നൽകിയ 
മോദി സർക്കാരുകൾ

2014ൽ നരേന്ദ്ര മോദി അധികാരത്തിലെത്തിയത്‌ മുതൽ സംഘപരിവാറിന്റെ ഭരണഘടനാവിരുദ്ധ നീക്കങ്ങൾക്ക്‌ തീവ്രതയേറി. ഭരണഘടനയുടെ കാതലായ ഫെഡറൽ സംവിധാനത്തിലാണ്‌ മോദി സർക്കാർ ആദ്യ പ്രഹരമേൽപ്പിച്ചത്‌. ഗവർണർ പദവി ദുരുപയോഗപ്പെടുത്തി കൊണ്ട്‌ പ്രതിപക്ഷ പാർടികൾ ഭരിക്കുന്ന സംസ്ഥാനങ്ങളിൽ സുഗമമായ ഭരണം അട്ടിമറിക്കാനായിരുന്നു ശ്രമം. കേരളത്തിലടക്കം ബില്ലുകൾ പിടിച്ചുവെച്ചും ചാൻസലർപദവി ഉപയോഗിച്ച്‌ സർവകലാശാല നിയമനങ്ങളിലും മറ്റും കൈകടത്തിയും  അലോസരമുണ്ടാക്കി.

സുപ്രീംകോടതി, ആർബിഐ, തെരഞ്ഞെടുപ്പ്‌ കമീഷൻ തുടങ്ങിയ ഭരണഘടനാ സംവിധാനങ്ങളെയും അന്വേഷണ ഏജൻസികളെയും ബലമായി ചൊൽപ്പടിയിലാക്കി. ജഡ്‌ജി നിയമനങ്ങൾക്കായുള്ള  കൊളീജിയത്തെ നിയമനിർമാണത്തിലൂടെ ഇല്ലാതാക്കി ജഡ്‌ജിമാരെ നിയമിക്കുന്നതിനുള്ള അധികാരം പിടിച്ചെടുക്കാൻ ശ്രമിച്ചു.  അയോധ്യാ കേസിൽ സംഘപരിവാർ താൽപ്പര്യപ്രകാരം വിധിയെഴുതിയ ബെഞ്ചിനെ നയിച്ച മുൻ ചീഫ്‌ ജസ്റ്റിസ്‌ രഞ്‌ജൻ ഗൊഗോയ്‌ ഇപ്പോൾ രാജ്യസഭാംഗം. ഇതേബെഞ്ചിലെ മറ്റൊരംഗം ജസ്റ്റിസ്‌ അബ്‌ദുൾ നസീർ ഗവർണർ. സർക്കാർ സമ്മർദം താങ്ങാനാവാതെ ആർബിഐ ഗവർണർ രാജിവെച്ചൊഴിയുന്ന സാഹചര്യം പോലും മോദി സർക്കാർ സൃഷ്ടിച്ചു. ആർഎസ്‌എസ്‌ നേതാവ്‌ ഗുരുമൂർത്തിയെ  ആർബിഐ ബോർഡിൽ തിരുകികയറ്റി.  സുപ്രീംകോടതി വിധി മറികടന്നുള്ള നിയമനിർമാണത്തിലൂടെ തെരഞ്ഞെടുപ്പ്‌ കമീഷൻ അംഗങ്ങളെ നിയമിക്കുന്നതിനുള്ള അധികാരം പൂർണമായും സർക്കാർ പിടിച്ചെടുത്തു.   പാർലമെന്റിനെ നോക്കുകുത്തിയാക്കി ചർച്ച പോലും കൂടാതെ നിയമങ്ങൾ നിർമിച്ചു. പ്രതിപക്ഷ ശബ്ദത്തെ അടിച്ചമർത്തി. ഭരണഘടനാതത്വങ്ങളും ഫെഡറൽതത്വങ്ങളും കാറ്റിൽപ്പറത്തി ജമ്മു -കശ്‌മീരിന്റെ പ്രത്യേകപദവിയും സംസ്ഥാന പദവിയും എടുത്തുകളഞ്ഞ്‌ രണ്ട്‌ കേന്ദ്രഭരണ പ്രദേശങ്ങളാക്കി. സംസ്ഥാനങ്ങളുടെ അധികാരപരിധിയിൽ വരുന്ന സഹകരണ മേഖല  കൈപിടിയിലാക്കാൻ നീക്കമാരംഭിച്ചു.  സഹകരണ മന്ത്രാലയത്തിന്‌ രൂപം നൽകി. ഫെഡറൽ തത്വങ്ങൾ ലംഘിച്ച്‌ പ്രതിപക്ഷ സംസ്ഥാനങ്ങളെ സാമ്പത്തികമായികൂടി ഞെരുക്കുകയാണ്‌.   മതാടിസ്ഥാനത്തിൽ പൗരത്വം നിർണയിക്കുന്ന പൗരത്വഭേദഗതി നിയമം നടപ്പിലാക്കിയതും ഭരണഘടനാതത്വങ്ങൾക്ക്‌ വിരുദ്ധമായാണ്‌. ലോക്‌സഭയിൽ ഭൂരിപക്ഷമില്ലെങ്കിലും ‘ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്‌’, ‘ഏക സിവിൽകോഡ്‌’ തുടങ്ങിയ ഭരണഘടനാവിരുദ്ധ ലക്ഷ്യങ്ങൾ 
എൻഡിഎ സർക്കാരിനുണ്ട്‌.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top