03 October Tuesday

വിഴിഞ്ഞത്ത്‌ സംഭവിക്കുന്നത്‌

കെ ശ്രീകണ്‌ഠൻUpdated: Friday Aug 26, 2022

കേരളത്തിന്റെ സ്വപ്‌നപദ്ധതിയെന്ന്‌ വിശേഷിപ്പിക്കുന്ന വിഴിഞ്ഞം രാജ്യാന്തര തുറമുഖനിർമാണം നിർണായക ഘട്ടത്തിലേക്ക്‌ കടന്നവേളയിൽ പുതിയ വാദമുഖങ്ങളുയരുന്നത്‌ ദുരൂഹതയുണർത്തുന്നു. ഏഴു വർഷമായി നടക്കുന്ന നിർമാണം നിർത്തിവച്ച്‌ തീരശോഷണത്തെക്കുറിച്ച്‌ പഠിക്കണമെന്ന നിലപാട്‌ യാദൃച്ഛികമാണോ? അതേസമയംതന്നെ തീരശോഷണത്തിന്‌ പരിഹാരവും ജീവനോപാധികൾക്ക്‌ സംരക്ഷണവും വേണമെന്ന ആവശ്യം  തള്ളിക്കളയാനും കഴിയില്ല. പാവപ്പെട്ട മത്സ്യത്തൊഴിലാളികളുടെ ദുരിതത്തിന്‌ അറുതി വരുത്തണമെന്നതിനെക്കാളേറെ ഊന്നൽ പദ്ധതി നിർത്തണമെന്നതിന്‌ ലഭിക്കുന്നത്‌ സങ്കീർണമാണ്‌. അതിനുപിന്നിൽ ഒളിഞ്ഞിരിക്കുന്നത്‌ ആരുടെയോ രാഷ്‌ട്രീയ കൗശലമാണെന്ന്‌ ഊഹിക്കാവുന്നതേയുള്ളൂ.  ഏതാനും മാസംകൂടി കഴിഞ്ഞാൽ യാഥാർഥ്യമാകുന്ന ഒരു വൻ പദ്ധതി, ഇപ്പോൾ വേണ്ടെന്ന ചിന്താധാരയിലേക്ക്‌ പൊതുസമൂഹത്തെ എത്തിക്കുകയാണോ ലക്ഷ്യമെന്നും സംശയിക്കണം.

വിഴിഞ്ഞം തുറമുഖ പദ്ധതി സംബന്ധിച്ച്‌ ചർച്ച തുടങ്ങിയത്‌ മുപ്പത്‌ വർഷം മുമ്പാണ്‌. ആദ്യവർഷങ്ങളിൽ കടലാസിൽ ഒതുങ്ങിക്കൂടിയ പദ്ധതി പലപ്പോഴും വിസ്‌മൃതിയിലാണ്ടു. രാജ്യാന്തര തുറമുഖലോബിയുടെ കരങ്ങളും ആസൂത്രിതമായ ഇടപെടലുകളുമായിരുന്നു ഇതിനു പിന്നിൽ. ഇന്ന്‌ പദ്ധതിക്കെതിരെ നിൽക്കുന്നവരെയടക്കം അണിനിരത്തി എൽഡിഎഫ്‌ നടത്തിയ ഒട്ടേറെ പ്രക്ഷോഭങ്ങൾക്കു ശേഷമാണ്‌ കരാർ ഒപ്പിടുന്ന ഘട്ടത്തിലെത്തിച്ചത്‌.

ഇടങ്കോലുകളുടെ നാൾവഴി
വിഴിഞ്ഞം തുറമുഖ പദ്ധതിക്ക്‌ തുരങ്കംവയ്‌ക്കാൻ രാഷ്‌ട്രീയ ഇടപെടലുകൾ പലവട്ടം അരങ്ങേറിയിട്ടുണ്ട്‌. അപ്പോഴെല്ലാം അതിന്‌ ചുക്കാൻപിടിച്ചത്‌ കേന്ദ്രത്തിൽ ഭരണം കൈയാളിയിരുന്ന കോൺഗ്രസ്‌ ആണ്‌. സർക്കാർ നേതൃത്വത്തിൽ കൺസോർഷ്യം രൂപീകരിച്ച്‌ പദ്ധതി പൊതുമേഖലയിൽ ഏറ്റെടുക്കാനുള്ള ദൗത്യം തകർത്തത്‌ കേരളത്തിലെ കോൺഗ്രസ്‌ നേതൃത്വം കേന്ദ്രഭരണത്തെ സ്വാധീനിച്ചാണ്‌. കേരളത്തിൽ എൽഡിഎഫ്‌ ഭരണം ആയിരുന്നൂവെന്ന ഒറ്റക്കാരണത്താലാണത്‌. എസ്‌ബിടി അടക്കമുള്ള പൊതുമേഖലാ ബാങ്കുകൾ കൺസോർഷ്യത്തിൽ പങ്കാളിത്തം വഹിക്കാൻ സന്നദ്ധമായ ഘട്ടത്തിലായിരുന്നു ഈ ഇടങ്കോലിടൽ എന്നതും ശ്രദ്ധേയമാണ്‌. 2006---‐11ലെ എൽഡിഎഫ്‌ സർക്കാരിന്റെ കാലത്താണ്‌ സ്വകാര്യ പങ്കാളിത്തത്തോടെ കൺസോർഷ്യം രൂപീകരിക്കാൻ തീരുമാനിച്ചത്‌. ഇത്‌ മുടക്കിയതിനെത്തുടർന്ന്‌ പദ്ധതിക്ക്‌ വീണ്ടും ടെൻഡർ വിളിച്ചു. കരാർ ലഭിച്ച ആന്ധ്രയിലെ ലാൻഡ്‌കോ കൊണ്ടെപ്പിള്ളി എന്ന കമ്പനിയുടെ ഓഹരി പങ്കാളിത്തം വിവാദമാക്കിയതോടെ ഒപ്പിടുന്ന ഘട്ടത്തിലെത്തിയ കരാർ റദ്ദാക്കി. ‘ചൈനീസ്‌ ഓഹരി’ പങ്കാളിത്തം ചൂണ്ടിക്കാട്ടിയാണ്‌ അന്ന്‌ കേന്ദ്രം പദ്ധതിക്ക്‌ അനുമതി നിഷേധിച്ചത്‌. പ്രതിരോധമന്ത്രി പദവിയിൽ മലയാളിയായ എ കെ ആന്റണിയും. ചൈനീസ്‌ കടന്നുകയറ്റം, കേരളത്തെ ചൈനയ്‌ക്ക്‌ വിറ്റു തുടങ്ങിയ അന്നത്തെ  മുദ്രാവാക്യങ്ങൾ ഇപ്പോൾ വലിയ തമാശയാണ്‌.

മനുഷ്യച്ചങ്ങലയും ജനകീയ 
കൺവൻഷനും
2011ൽ എൽഡിഎഫ്‌ അധികാരം വിട്ടെങ്കിലും വിഴിഞ്ഞം തുറമുഖ പദ്ധതിക്കുവേണ്ടിയുള്ള ജനകീയ പോരാട്ടത്തിൽനിന്ന്‌ പിന്മാറിയില്ല. വിഴിഞ്ഞംമുതൽ സെക്രട്ടറിയറ്റുവരെ മത്സ്യത്തൊഴിലാളികളടക്കം ആയിരങ്ങളെ അണിനിരത്തിയുള്ള മനുഷ്യച്ചങ്ങലയും വാർഡ്‌ തലത്തിൽ ജനകീയ കൺവൻഷനുകളും വിളിച്ചുചേർത്ത്‌ ജനവികാരം ശക്തമാക്കി. 2012 ഒക്‌ടോബർ 22ന്‌ ചേർന്ന എൽഡിഎഫ്‌ ജനകീയ കൺവൻഷനിൽ വിഴിഞ്ഞത്തിനെതിരായ രാജ്യാന്തര ലോബിയുടെ ഇടപെടൽ തുറന്നുകാട്ടി. 2013 ഏപ്രിൽ മൂന്നിന്‌ വിഴിഞ്ഞം തുറമുഖ പദ്ധതി അട്ടിമറിക്കുന്ന കേന്ദ്ര, സംസ്ഥാന നിലപാടിനെതിരെ വിഴിഞ്ഞത്ത്‌ എൽഡിഎഫ്‌ കൺവൻഷൻ ചേർന്നു. തുടർന്നാണ്‌ അന്ന്‌ സിപിഐ എം സംസ്ഥാന സെക്രട്ടറിയായിരുന്ന പിണറായി വിജയൻ ആദ്യകണ്ണിയും സിപിഐ സെക്രട്ടറിയായിരുന്ന പന്ന്യൻ രവീന്ദ്രൻ അവസാന കണ്ണിയുമായി വിഴിഞ്ഞംമുതൽ സെക്രട്ടറിയറ്റുവരെ മനുഷ്യച്ചങ്ങല തീർത്തത്‌. ഒടുവിൽ നിൽക്കക്കള്ളിയില്ലാതെയാണ്‌ ഉമ്മൻചാണ്ടി സർക്കാർ പദ്ധതി പൊടിതട്ടിയെടുത്തത്‌.

2014ൽ ആണ്‌ അദാനിയുമായി യുഡിഎഫ്‌ സർക്കാർ കരാർ ഒപ്പിട്ടത്‌. കരാർ ഒപ്പുവയ്‌ക്കുന്നതുമുതൽ നിർമാണത്തിന്‌ തുടക്കം കുറിക്കുന്നതുവരെയുള്ള കാലയളവിൽ കേന്ദ്രത്തിലും സംസ്ഥാനത്തും ഭരണം കൈയാളിയത്‌ കോൺഗ്രസ്‌. അദാനിയുടെ വരവോടെ  കേന്ദ്രപരിസ്ഥിതി മന്ത്രാലയം ഉൾപ്പെടെ പദ്ധതിക്ക്‌ അനുമതി നൽകാൻ മടിച്ചില്ല. തീരശോഷണം അടക്കമുള്ള വാദങ്ങൾ അന്ന്‌ ഉയർന്നെങ്കിലും അവ ശാസ്‌ത്രീയ അടിത്തറയുള്ളതല്ലെന്ന്‌ വിദഗ്‌ധസമിതി റിപ്പോർട്ട്‌ നൽകിയിരുന്നു.  വിഴിഞ്ഞം പദ്ധതിക്കെതിരെ സുപ്രീംകോടതിയിലും ദേശീയ ഹരിത ട്രിബ്യൂണലിലും നൽകിയ ഹർജികളും തള്ളിക്കളഞ്ഞു. ഒരിക്കലും പദ്ധതി യാഥാർഥ്യമാകരുതെന്ന ലക്ഷ്യത്തോടെ നങ്കൂരമിട്ടിരുന്ന ലോബികൾ വീണ്ടും രംഗപ്രവേശം ചെയ്‌തോയെന്ന്‌ സംശയം ജനിപ്പിക്കുന്നതാണ്‌ ഇപ്പോഴത്തെ വാദമുഖങ്ങൾ.

മത്സ്യത്തൊഴിലാളികളെ പറ്റിച്ചതാര്‌
2015 നവംബർ ഒന്നിനാണ്‌ വിഴിഞ്ഞം രാജ്യാന്തര കണ്ടെയ്‌നർ ട്രാൻഷിപ്‌മെന്റ്‌ പദ്ധതിക്ക്‌ തറക്കല്ലിട്ടത്‌. 2016ലെ നിയമസഭാ തെരഞ്ഞെടുപ്പ്‌ മുന്നിൽക്കണ്ട്‌ തിരക്കിട്ട്‌ കരാർ ഒപ്പിടലും തറക്കല്ലിടലും നിശ്ചയിച്ചു.  എൽഡിഎഫ്‌ അധികാരത്തിൽ വന്നാൽ തുറമുഖനിർമാണം നിർത്തി അദാനിയുമായുള്ള കരാർ റദ്ദാക്കുമോ എന്നായിരുന്നു അന്ന്‌  പിണറായി വിജയനോടുള്ള ചോദ്യം. ‘ഇല്ല, എൽഡിഎഫ്‌ പദ്ധതിക്ക്‌ എതിരല്ല, കരാറിലെ ചില വ്യവസ്ഥകളോടാണ്‌ എതിർപ്പ്‌’ ഈ മറുപടി തന്നെയാണ്‌ ‘ പദ്ധതിയിൽനിന്ന്‌ പിന്നോട്ടില്ല’ എന്ന നിയമസഭയിൽ ഇപ്പോൾ നൽകിയ മറുപടിയിലും മുഖ്യമന്ത്രി  അസന്ദിഗ്‌ധമായി വ്യക്തമാക്കിയത്‌.  പദ്ധതി നടപ്പാക്കുമ്പോൾ ആരുടെയും ജീവനോപാധിയും പാർപ്പിടവും നഷ്‌ടമാകില്ലെന്ന വാക്കിൽ ഉറച്ചുനിൽക്കുന്നുവെന്നും അദ്ദേഹം ഉറപ്പുനൽകി.

ഉമ്മൻചാണ്ടി സർക്കാർ പ്രഖ്യാപിച്ച 450 കോടിയുടെ പുനരധിവാസ പാക്കേജ്‌ എവിടെ എന്നാണ്‌ മറ്റൊരു ചോദ്യം. അങ്ങനെ ഒരു പാക്കേജ്‌ പ്രഖ്യാപിച്ച്‌ പാവങ്ങളായ മത്സ്യത്തൊഴിലാളികളെ കബളിപ്പിച്ചതല്ലാതെ അത്‌ കരാറിൽ ഉൾപ്പെടുത്തിയില്ല. തുറമുഖ കരാറിൽ പാക്കേജിനെ പറയാത്തതെന്തെന്ന്‌ സമരത്തിന്‌ നേതൃത്വം നൽകുന്നവരും ചോദിക്കുന്നില്ല. ഇതൊക്കെ മറച്ചുപിടിച്ചാണ്‌ ചില വൈദികർ സർക്കാരിനെ ഉന്നമിട്ട്‌ തന്ത്രം മെനയുന്നത്‌. ‘പിണറായി വിജയനെ തൂത്ത്‌ തരിപ്പണമാക്കി കണ്ണൂരിലേക്ക്‌ പറഞ്ഞയക്കും. ചങ്കന്റെ ധൈര്യമൊന്നും ഇങ്ങോട്ടുവേണ്ട’ എന്നൊക്കെയുള്ള വെല്ലുവിളി അപക്വമായ വൈദികമനസ്സിൽനിന്ന്‌ വന്നതാണെന്ന തരത്തിൽ അവഗണിച്ചുകൂടാ.

വിഴിഞ്ഞത്തെ പ്രതിഷേധം അണയാതെ നിർത്താൻ പ്രയത്‌നിക്കുന്ന ചിലരുണ്ട്‌. യഥാർഥത്തിൽ വിഴിഞ്ഞം തുറമുഖ നിർമാണംമൂലം ആർക്കെങ്കിലും കെടുതികളുണ്ടായെങ്കിൽ അതിന്‌ എൽഡിഎഫ്‌ സർക്കാർ എന്തുപിഴച്ചുവെന്ന ലളിതമായ ചോദ്യം സർക്കാർവിരുദ്ധ വിഭ്രാന്തിയിലാണ്ട മാധ്യമങ്ങളടക്കം  ഉയർത്തുന്നില്ലെന്നതാണ്‌ ഏറെ ആശ്ചര്യകരം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top