31 May Sunday

കുട്ടികൾ പഠിക്കണം ദുരന്തനിവാരണത്തെക്കുറിച്ച്

ഡോ‌. സുകുമാരൻ എംUpdated: Friday Jul 26, 2019

                 
വൈകിയാണെങ്കിലും ഈവർഷവും കാലവർഷം ശക്തിപ്രാപിക്കുകയാണ്. ഭൂതകാല അനുഭവങ്ങൾ വർത്തമാനകാലത്തും ആവർത്തിക്കാതിരിക്കണമെന്നില്ല. അതുകൊണ്ടുതന്നെ ദുരന്തങ്ങളെ ദീർഘവീക്ഷണത്തോടും ഗൗരവത്തോടുംകൂടി കാണേണ്ടതുണ്ട്. ദുരന്തങ്ങളെക്കുറിച്ചും ദുരന്തങ്ങളിൽ പാലിക്കേണ്ട മുൻകരുതലുകളെക്കുറിച്ചുമുള്ള ധാരണക്കുറവ് ഒരു പരിധിവരെ ദുരന്തത്തിന്റെ വ്യാപ്തി കൂട്ടുന്നതിനു കാരണമാകാറുണ്ട്. ദുരന്തത്തിന്റെ ആദ്യനിമിഷങ്ങളിൽ സർവരും പകച്ചുപോകുന്നുവെന്നത് യാഥാർഥ്യമാണ്. എന്നാൽ, ചിലരെങ്കിലും പ്രതികൂല സാഹചര്യത്തിലും ഒഴുക്കിനെതിരെ നീന്തി ജീവനുകൾ സംരക്ഷിക്കുന്നുവെന്നത് വിസ്മയകരമായ ഒരു കാഴ്ചയാണ്. ദുരന്തനിവാരണ വിദ്യാഭ്യാസത്തിന്റെ സാർവത്രിക പ്രസക്തി ഇവിടെയാണ് നമ്മൾ തിരിച്ചറിയേണ്ടത്.

എന്തുകൊണ്ടാണ് ദുരന്തമുണ്ടാകുമ്പോൾ ചിലർ പകച്ചുപോകുന്നതും ചിലർ സുരക്ഷാ ഹസ്തങ്ങളാകുന്നതും? പകച്ചുനിൽക്കുന്നവരിൽ ബഹുഭൂരിപക്ഷവും ദുരന്തനിവാരണ സാക്ഷരരല്ലാത്തവരാണ്. സുരക്ഷിതരാകുന്നവരും രക്ഷാപ്രവർത്തകരാകുന്നവരും ഒരുപരിധിവരെ ദുരന്തനിവാരണത്തിന്റെ ബാലപാഠങ്ങൾ ഉൾക്കൊണ്ടവരായിരിക്കും. ഇതാണ് ഈ വൈജാത്യങ്ങളുടെ യുക്തിസഹമായ വിശദീകരണം. മനുഷ്യനിർമിതവും പ്രകൃതിജന്യവുമായ ദുരന്തങ്ങളിൽനിന്നും എങ്ങനെ സുരക്ഷിതരാകാമെന്നും ദുരന്തങ്ങളെ എങ്ങനെ ലഘൂകരിക്കാമെന്നും എങ്ങനെ പുനർനിർമാണവും പുനരധിവാസവും തിരിച്ചുവരവും സാധ്യമാക്കാമെന്നും അറിഞ്ഞുകൂടാത്ത, ചിന്തിച്ചിട്ടേയില്ലാത്ത ആളുകളാണ് ഭൂരിഭാഗം ജനങ്ങളും. അതുകൊണ്ടുതന്നെ വർത്തമാനലോക സാഹചര്യത്തിൽ, ദുരന്ത, നിവാരണത്തെക്കുറിച്ച് അവബോധമുണ്ടാക്കുന്നതിനും അടിയന്തരസാഹചര്യങ്ങളിൽ പ്രയോഗിക്കുന്നതിനും ദുരന്ത നിവാരണവിദ്യാഭ്യാസം സാർവത്രികമാക്കേണ്ടതുണ്ട്.

വരുംതലമുറയെങ്കിലും ഇത്തരം ദുരന്തവിഷയങ്ങളെക്കുറിച്ചും വേണ്ട തയ്യാറെടുപ്പുകളെക്കുറിച്ചും ജ്ഞാനികളാകേണ്ടതുണ്ട്. അതുകൊണ്ടുതന്നെ ദുരന്തനിവാരണ വിദ്യാഭ്യാസമെന്ന ആശയം പ്രായോഗികമായ ചർച്ചയ്ക്ക് വിധേയമാക്കുകയും കേരളത്തിന്റെ സമകാലീന പാരിസ്ഥിതിക സാഹചര്യങ്ങൾക്ക് ഇണങ്ങുന്നവിധം നയങ്ങളും പദ്ധതികളും ആവിഷ്കരിക്കേണ്ടതുമുണ്ട്.
 
ശാസ്ത്രീയവും സൈദ്ധാന്തികവും പ്രായോഗികവുമായ  പരിജ്ഞാനം നൽകുക
ദുരന്തങ്ങളുടെ പ്രത്യാഘാതങ്ങൾ കുറയ്ക്കുന്നതിനായി അടിയന്തര സാഹചര്യങ്ങളെ കൈകാര്യം ചെയ്യുന്നതിനുവേണ്ടിയുള്ള തയ്യാറെടുപ്പിന്റെയും  കൃത്യമായ പ്രതികരണത്തിന്റെയും ആസൂത്രിതമായ വീണ്ടെടുപ്പിന്റെയും ആകെത്തുകയാണ് ദുരന്തനിവാരണം. ദുരന്തങ്ങളുടെ ഇപ്പറഞ്ഞ എല്ലാ വശങ്ങളിലും അനായാസം ഇടപെട്ടുകൊണ്ടു നടത്തുന്ന, വിഭവങ്ങളുടെയും ഉത്തരവാദിത്തങ്ങളുടെയും സംഘാടനവും നിർവഹണവുമാണ് വിജയകരമായ ദുരന്തനിവാരണം. ദുരന്തങ്ങളുടെ തീവ്രത കുറയ്ക്കാനും പ്രതികരിക്കാനും ദുരന്തങ്ങളിൽനിന്ന് തിരിച്ചുവരാനും ജനങ്ങളെ പ്രാപ്തമാക്കുന്ന ഒരു രീതിശാസ്ത്രവും അതിനനുസൃതമായ പരിശീലനവുമാണ് ദുരന്തനിവാരണ വിദ്യാഭ്യാസത്തിന്റെ ഉള്ളടക്കം. വ്യത്യസ്തങ്ങളായ ദുരന്തഘട്ടങ്ങളിൽ എങ്ങനെ ചിന്തിക്കണമെന്നും പ്രവർത്തിക്കണമെന്നുമുള്ള  ശാസ്ത്രീയവും സൈദ്ധാന്തികവും പ്രായോഗികവുമായ പരിജ്ഞാനം നൽകുകയാണ് ഈ പഠനപദ്ധതിയിലൂടെ ലക്ഷ്യമാക്കുന്നത്.  

വിദ്യാർഥികളിൽ പരിസ്ഥിതി സംബന്ധമായ വിഷയങ്ങൾ സന്നിവേശിപ്പിക്കുന്നതിന് ഏറ്റവും ഉചിതമായ വിദ്യാഭ്യാസഘട്ടമാണ് സ്കൂൾ വിദ്യാഭ്യാസകാലം. ഈ കാലഘട്ടത്തിൽ ദുരന്തനിവാരണത്തെക്കുറിച്ചുള്ള അടിസ്ഥാന അറിവുകൾ സാമൂഹിക ശാസ്ത്രവിഷയങ്ങളിൽ പ്രധാന ഉള്ളടക്കമാക്കാവുന്നതാണ്. ഇതിനകം തന്നെ സിബിഎസ്ഇ ദുരന്തനിവാരണസംബന്ധമായ ഹ്രസ്വകാല കോഴ്സുകൾ പാഠ്യപദ്ധതിയിൽ സമന്വയിപ്പിച്ചുകഴിഞ്ഞു. സംസ്ഥാന സിലബസ് പഠിക്കുന്ന കുട്ടികൾക്കും ഇത്തരത്തിലുള്ള കോഴ്സുകൾ പാഠ്യപദ്ധതിയിലൂടെ യാഥാർഥ്യമാക്കേണ്ടതുണ്ട്.

ഉന്നതവിദ്യാഭ്യസരംഗത്ത് ദുരന്തനിവാരണവിദ്യാഭ്യാസത്തിൽ അഭിരുചിയും താൽപ്പര്യവുമുള്ള പഠിതാക്കൾക്ക് ഹയർ സെക്കൻഡറി വിദ്യാഭ്യാസം പൂർത്തിയാക്കിയാൽ ഇന്ത്യയിലെ പല സർവകലാശാലകളിലും ബിരുദ‐ബിരുദാനന്തരതലത്തിൽ പ്രവേശനവും പരിശീലനവും നേടാൻ കഴിയും. ദുരന്തനിവാരണത്തിന്റെ ശാസ്ത്രീയവും സൈദ്ധാന്തികവും പ്രായോഗികവുമായ തലങ്ങൾ ഉൾപ്പെടുത്തിക്കൊണ്ടുള്ള വളരെ ഗൗരവതരമായ പാഠ്യക്രമമാണ് ഇത്തരം സർവകലാശാലകൾ രൂപകൽപ്പന ചെയ്തിട്ടുള്ളത്. പത്താം പഞ്ചവത്സരപദ്ധതിയിൽ മാനവ വിഭവശേഷി വികസനമന്ത്രാലയം, ഇന്ത്യയിൽ നിലവിലുള്ള വിദ്യാഭ്യാസ സമ്പ്രദായത്തിൽ  ദുരന്തനിവാരണം സമന്വയിപ്പിക്കേണ്ടതിന്റെ ആവശ്യകത ഊന്നിപ്പറഞ്ഞത് വളരെ പ്രധാനപ്പെട്ട നീക്കമായിരുന്നു. എങ്കിലും പ്രായോഗികതലത്തിൽ പ്രതീക്ഷിച്ച ഫലങ്ങൾ ഉണ്ടാക്കാനായില്ലെന്നത് ഒരു പോരായ്മ തന്നെയാണ്.

കേരളം അഭിമുഖീകരിച്ച വലിയ ദുരന്തത്തിന് കേന്ദ്ര‐സംസ്ഥാന സർക്കാരുകളിൽനിന്നും സന്നദ്ധപ്രവർത്തകരിൽനിന്നും അന്താരാഷ്ട്ര ഏജൻസികളിൽനിന്നുമൊക്കെ വലിയ പ്രതികരണങ്ങളാണ് ലഭിച്ചത്. പക്ഷേ, ഇത്തരത്തിലുള്ള പ്രതികരണങ്ങളൊക്കെ താൽക്കാലിക കൈത്താങ്ങായി മാത്രമേ  കാണേണ്ടതുള്ളൂ. നമുക്ക് വേണ്ടത് സാർവത്രികമായ, സുസ്ഥിരമായ ദുരന്തനിവാരണമാതൃകയാണ്. അത് സ്കൂൾ വിദ്യാഭ്യാസപാഠ്യപദ്ധതിയുടെ ഭാഗമാക്കിക്കൊണ്ടു മാത്രമേ സാധ്യമാകുകയുള്ളൂ. ജപ്പാൻ മോഡൽ ദുരന്തനിവാരണ വിദ്യാഭ്യാസം എങ്ങനെയാണ് അവരെ ദുരന്തനിവാരണത്തിൽ സ്വയംപര്യാപ്തമാക്കിയതെന്ന് നമ്മൾ പരിശോധിക്കണം. വിദ്യാഭ്യാസത്തിലൂടെ ഇത്തരം മാതൃക സൃഷ്ടിച്ചാൽ ഒരുപരിധിവരെ ദുരന്തനിവാരണത്തിന് സുസ്ഥിര പരിഹാര മാർഗമാകുമെന്നതിൽ തർക്കമില്ല.
രാഷ്ട്രനിർമാണം തൊഴിൽ,  വിദ്യാഭ്യാസവികസനം, സുസ്ഥിരവികസനം എന്നിവയിൽ പുതിയ മാനങ്ങൾ സൃഷ്ടിക്കാൻ ദുരന്തനിവാരണ വിദ്യാഭ്യാസത്തിനു കഴിയും. കേരള സർക്കാർ സംസ്ഥാനത്തെ ജനങ്ങളുടെ സർവതോമുഖമായ വികസനത്തിലും സാമൂഹ്യനീതിയിലും ഊന്നൽനൽകിയുള്ള വികസന കാഴ്ചപ്പാടിലാണ്  മുന്നോട്ടുപോകുന്നത്. അതുകൊണ്ടുതന്നെ, കേരളത്തിന് ദുരന്തനിവാരണ വിദ്യാഭ്യാസമെന്ന ആശയം പ്രവർത്തികമാക്കാൻ നല്ല അനുകൂല സാഹചര്യമാണുള്ളത്.

(ബാലുശ്ശേരി ഗവ. ആർട്സ് ആൻഡ്  സയൻസ് കോളേജിലെ അസി. പ്രൊഫസറാണ് ലേഖകൻ )
 


പ്രധാന വാർത്തകൾ
 Top