25 January Monday

അടിയന്തരാവസ്ഥയുടെ പുതുകാലൊച്ചകൾ

കോടിയേരി ബാലകൃഷ്ണൻUpdated: Wednesday Jun 26, 2019


ജൂൺ 26 അടിയന്തരാവസ്ഥാ വിരുദ്ധദിനമായി സിപിഐ എം ആചരിക്കുകയാണ്. 21 മാസം നീണ്ടുനിന്ന അടിയന്തരാവസ്ഥയുടെ 44–-ാം വർഷമാണിത്-. രാജ്യം ഏറ്റവും ഇരുണ്ട ഘട്ടത്തിലേക്ക്- പോകുകയാണ്. ആർഎസ്-എസ്- നേതൃത്വത്തിലുള്ള ബിജെപി സർക്കാരിനെ നരേന്ദ്ര മോഡി നയിക്കുകയും ആ സർക്കാർ രണ്ടാംവട്ടം അധികാരമേറിയിരിക്കുകയുമാണ്. ഒന്നാം മോഡി ഭരണത്തിൽ നടപ്പാക്കാൻ കഴിയാത്ത ഹിന്ദുത്വ അജൻഡകൾക്ക്- പൂർത്തീകരണം നൽകാനുള്ള പുറപ്പാടിലാണ്. കഴിഞ്ഞവട്ടം സ്വതന്ത്രപദവിയുള്ള ആസൂത്രണ കമീഷൻ വേണ്ടെന്നുവച്ച്- ഉദ്യോഗസ്ഥതല നിതി ആയോഗ്- സംവിധാനം കൊണ്ടുവന്നു. ഇതുവഴി ഫെഡറൽ സംവിധാനത്തിന്റെ കടയ‌്ക്കൽ- കത്തിവച്ചു. ഇപ്പോഴത്തെ ഭരണത്തിന്റെ തുടക്കത്തിൽതന്നെ "ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്-' എന്ന ജനാധിപത്യവിരുദ്ധ പരിഷ്-കാരം അടിച്ചേൽപ്പിക്കാനുള്ള ഉത്സാഹത്തിലാണ്. അതിനുവേണ്ടി പ്രധാനമന്ത്രി സർവകക്ഷിയോഗം വിളിക്കുകയും പ്രതിപക്ഷാഭിപ്രായം മാനിക്കാതെ പരിഷ്-കാരം നടപ്പാക്കുന്നതിനു മുന്നോടിയായി ആലോചനാസമിതിയെ നിയോഗിക്കുകയും ചെയ്-തു.

മതേതര റിപ്പബ്ലിക്- എന്നത്- ഭരണഘടനയിൽനിന്ന് നീക്കി ഹിന്ദുത്വ രാഷ്ട്രമാക്കി രാജ്യത്തെ മാറ്റുകയെന്നതാണ് കേന്ദ്ര ഭരണത്തിന്റെയും അതിനെ നയിക്കുന്ന ആർഎസ്-എസിന്റെയും ലക്ഷ്യം. ഇത്- തുറന്നുകാട്ടുകയും ജനങ്ങളുടെ ചെറുത്തുനിൽപ്പ്- വലിയ തോതിൽ സംഘടിപ്പിക്കുകയും വേണം. 44 വർഷംമുമ്പ്- അടിയന്തരാവസ്ഥ നടപ്പാക്കുകയും അതിൽ ഇന്നും ഊറ്റംകൊള്ളുന്നവർ നേതൃത്വത്തിൽ തുടരുകയും ചെയ്യുന്ന കോൺഗ്രസിന് ഇന്നത്തെ കാലത്തെ വെല്ലുവിളികളെ അഭിമുഖീകരിക്കാനാകില്ല. ജനാധിപത്യ സംരക്ഷണ പോരാട്ടത്തിലെ വിശ്വസ്-ത രാഷ്ട്രീയപ്രസ്ഥാനമല്ല കോൺഗ്രസെന്ന സന്ദേശം നൽകുന്നതിനുവേണ്ടി കൂടിയാണ് ഈ ദിനം സിപിഐ എം ആചരിക്കുന്നത്-.

ജനാധിപത്യവിരുദ്ധ നടപടികൾ കൂട്ടത്തോടെ നടപ്പാക്കി
1975 ജൂൺ 26ന് പൗരാവകാശങ്ങൾ നിഷേധിച്ച്- അന്നത്തെ പ്രധാനമന്ത്രി ഇന്ദിര ഗാന്ധി പെൺ ഹിറ്റ‌്‌ലറായി രാജ്യത്ത്- അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. അമിതാധികാര വാഴ്-ചയിലേക്ക്- ഇന്ദിരാ സർക്കാർ നീങ്ങുന്നുവെന്ന് അടിയന്തരാവസ്ഥാ പ്രഖ്യാപനത്തിന് മൂന്ന് വർഷംമുമ്പ്- 1972ൽ മധുരയിൽ ചേർന്ന സിപിഐ എം 9–-ാം പാർടി കോൺഗ്രസ്- മുന്നറിയിപ്പ്- നൽകിയിരുന്നു. പക്ഷേ, അതിനെ വേണ്ടത്ര ഗൗരവത്തിൽ കാണാൻ മറ്റുള്ളവർ തയ്യാറായില്ല. 1974ൽ റെയിൽവേ തൊഴിലാളികളുടെ അഖിലേന്ത്യാ പണിമുടക്കിനെ പൊലീസിനെയും അർധസൈന്യത്തെയും ഉപയോഗിച്ച്- അതിഭീകരമായാണ് അടിച്ചമർത്തിയത്-. 17 ലക്ഷം റെയിൽവേ ജീവനക്കാരാണ് പണിമുടക്കിൽ പങ്കെടുത്തത്-. പശ്ചിമബംഗാളിൽ സിപിഐ എമ്മിനും ഇടതുപക്ഷത്തിനുമെതിരെ അർധഫാസിസ്റ്റ്- ഭീകരത കെട്ടഴിച്ചുവിട്ടു. 1971ലെ ലോക‌്സഭാ തെരഞ്ഞെടുപ്പിൽ വൻവിജയം നേടിയാണ് ഇന്ദിര ഗാന്ധി അധികാരത്തിൽ വന്നതെങ്കിലും വൈകാതെ ഭരണത്തിനെതിരെ വലിയതോതിൽ പ്രതിഷേധമുയർന്നു. ഗുജറാത്തിലെ നവനിർമാൺ പ്രസ്ഥാനവും ജെപി പ്രസ്ഥാനവും ഇതിൽ ഉൾപ്പെടും.

ദേശീയമായി ഇന്ദിരാഭരണത്തിനെതിരെ അലയടിച്ച പ്രതിഷേധത്തിന്റെയും ഇന്ദിര ഗാന്ധിയുടെ തെരഞ്ഞെടുപ്പ്- റദ്ദാക്കിയുള്ള അലഹബാദ്- ഹൈക്കോടതി വിധിയുടെയും പശ്ചാത്തലത്തിലാണ് അടിയന്തരാവസ്ഥാ പ്രഖ്യാപനമുണ്ടായത്-. പ്രധാനമന്ത്രിയായി തുടരുന്നതിനുവേണ്ടി അന്നോളം കാണാത്ത ജനാധിപത്യവിരുദ്ധ നടപടികൾ കൂട്ടത്തോടെ നടപ്പാക്കി. ആഭ്യന്തര അടിയന്തരാവസ്ഥയിലൂടെ താൻ നേരിട്ട രാഷ്ട്രീയപ്രതിസന്ധിയെ അതിജീവിക്കാമെന്നായിരുന്നു ഇന്ദിര ഗാന്ധി കരുതിയത്-. പ്രതിപക്ഷ പാർടി നേതാക്കളും പ്രവർത്തകരും മാത്രമല്ല അടിയന്തരാവസ്ഥയെ വിമർശിച്ച സാംസ്-കാരിക പ്രവർത്തകരുമെല്ലാം ആഭ്യന്തര സുരക്ഷാ നിയമപ്രകാരം തുറുങ്കിലടയ്-ക്കപ്പെട്ടു. പ്രസ‌്- സെൻസർഷിപ്- നിലവിൽ വന്നു. പൗരസ്വാതന്ത്ര്യം ഹനിച്ചു. അന്ന് പാർലമെന്റും എക്-സിക്യൂട്ടീവും ജുഡീഷ്യറിയും തമ്മിലുള്ള അധികാര സന്തുലനത്തിൽ മാറ്റം വരുത്തി 42–-ാം ഭരണഘടനാ ഭേദഗതി പാർലമെന്റ്- പാസാക്കി. പാർലമെന്റ്- പാസാക്കിയ ഭരണഘടനാ ഭേദഗതികൾ പുനഃപരിശോധിക്കാൻ ജുഡീഷ്യറിക്ക്- അധികാരമില്ലെന്നതാണ് ഭരണഘടനയിൽ വരുത്തിയ ഒരു പ്രധാന മാറ്റം.

അടിയന്തരാവസ്ഥയെ തുടർന്ന് രാജ്യവ്യാപകമായി രാഷ്ട്രീയ എതിരാളികളെ ഭരണകൂടം വേട്ടയാടി. അതിനെതിരെ സിപിഐ എമ്മിന് സ്വാധീനമുള്ള സ്ഥലങ്ങളിലെല്ലാം വലിയതോതിലുള്ള പ്രതിഷേധമുണ്ടായി. ഇ എം എസും എ കെ ജിയും സുന്ദരയ്യയും ഉൾപ്പെടെയുള്ള നേതാക്കൾ ഒളിവിലും തെളിവിലുമായി പോരാട്ടം നയിച്ചു. അന്ന് എസ്-എഫ്-ഐ സംസ്ഥാന സെക്രട്ടറിയായിരുന്ന എന്നെ രാത്രി വീടുവളഞ്ഞ്- പൊലീസ്- പിടിച്ചു. മൂന്ന് ദിവസം ലോക്കപ്പിലിട്ടു. പിന്നീട്- വിട്ടയച്ചു. അടിയന്തരാവസ്ഥയ്-ക്കെതിരെ ജൂലൈ 1ന് വിദ്യാർഥികളുടെ പ്രകടനം എസ്-എഫ്-ഐ സംഘടിപ്പിച്ചു. തിരുവനന്തപുരത്ത്- പ്രകടനം നയിച്ച എം എ ബേബി, ജി സുധാകരൻ, എം വിജയകുമാർ, തോമസ്- എബ്രഹാം തുടങ്ങിയ നേതാക്കൾക്ക്- ഭീകരമായ മർദനം നേരിടേണ്ടിവന്നു. അതിൽ പ്രതിഷേധിക്കാൻ സംസ്ഥാനത്താകെ ക്യാമ്പയിൻ സംഘടിപ്പിക്കുന്നതിന്റെ ഭാഗമായി വിദ്യാർഥികളെ അണിനിരത്താൻ തലശ്ശേരിയിൽ ഓട്ടോയിൽ സഞ്ചരിക്കുമ്പോൾ പൊലീസ്- എന്നെ പിടികൂടി.

ആദ്യം തലശ്ശേരി പൊലീസ്- സ്റ്റേഷനിലും അവിടെനിന്ന് മറ്റ് പല ലോക്കപ്പുകളിലേക്കും. ഒടുവിൽ കണ്ണൂർ ടൗൺ പൊലീസ്- സ്റ്റേഷനിൽ. ജില്ലയിൽനിന്ന‌് പൊലീസ്- അറസ്റ്റ‌് ചെയ്-ത സിപിഐ എം നേതാക്കൾ അവിടെയുണ്ടായിരുന്നു. കൂത്തുപറമ്പ്- പൊലീസ്- സ്റ്റേഷനിൽ നിഷ്-ഠുരമായ പൊലീസ്- ഭേദ്യത്തിന് വിധേയനായ പിണറായി വിജയനെ അവിടെവച്ച്- കണ്ടു. വേട്ടപ്പട്ടികൾ വലിച്ചുകീറിയിട്ടും തളരാത്ത മനസ്സുമായി തല ഉയർത്തിപ്പിടിച്ചാണ് പിണറായി നിന്നത്-. പിന്നീട്- കണ്ണൂർ സെൻട്രൽ ജയിലിൽ പിണറായി ഉൾപ്പെടെയുള്ള നേതാക്കൾക്കൊപ്പം 16 മാസം "മിസാ' തടവുകാരനായി ജയിലിൽ കഴിഞ്ഞു. വി എസ്- അച്യുതാനന്ദൻ, എസ്- രാമചന്ദ്രൻപിള്ള തുടങ്ങിയ നേതാക്കൾ മിസാ തടവുകാരായി പൂജപ്പുര സെൻട്രൽ ജയിലിൽ ആയിരുന്നു. അന്ന് പാർടി ജനറൽ സെക്രട്ടറി പി സുന്ദരയ്യയും സംസ്ഥാന സെക്രട്ടറി ഇ കെ നായനാരും ഉൾപ്പെടെയുള്ള നേതാക്കൾ ഒളിവിൽ കഴിഞ്ഞ്- സമരസംഘടനാ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു. ആരോഗ്യം തൃണവൽഗണിച്ച്- എ കെ ജിയും ഭരണകൂട ഭീഷണികൾക്ക്- വഴങ്ങാതെ ഇ എം എസും ജ്യോതിബസുവും അടിയന്തരാവസ്ഥാ വിരുദ്ധ പോരാട്ടങ്ങൾക്ക്- നേതൃത്വം നൽകി. അന്ന് കോഴിക്കോട്- റീജ്യണൽ എൻജിനിയറിങ‌്- കോളേജ്- വിദ്യാർഥി രാജൻ ഒരു കുറ്റവും ചെയ്യാതെ കക്കയം ക്യാമ്പിൽ ഉരുട്ടിക്കൊല ചെയ്യപ്പെട്ടു. കാഥികൻ വി സാംബശിവൻ, കവി എം  കൃഷ്-ണൻകുട്ടി, കഥാകൃത്ത്- യു പി ജയരാജ്- എന്നിവർ തടവിലാക്കപ്പെട്ട പ്രമുഖ സാംസ്-കാരിക പ്രവർത്തകരാണ്. സോഷ്യലിസ്റ്റ്- പാർടിയുടെയും അഖിലേന്ത്യ മുസ്ലിം ലീഗിന്റെയും നേതാക്കൾ അടിയന്തരാവസ്ഥാ തടവുകാരായി ഉണ്ടായിരുന്നു. ജനസംഘം നേതാക്കളെ പ്രത്യേക ബ്ലോക്കായി പാർപ്പിക്കുകയായിരുന്നു.

അടിയന്തരാവസ്ഥയ്-ക്കെതിരെ ശക്തിയുള്ളയിടങ്ങളിലെല്ലാം സിപിഐ എം വലിയ പ്രതിഷേധമാണ് സംഘടിപ്പിച്ചത്-. എന്നാൽ, ആർഎസ്-എസ് പ്രതിഷേധം പരിമിതമായിരുന്നു. അന്ന് സർസംഘ്- ചാലക്- ആയിരുന്ന ബാലാസാഹിബ്- ദേവറശ്- ഇന്ദിര ഗാന്ധിക്ക്- നൽകിയ കത്ത്- മാപ്പ്- അപേക്ഷയായിരുന്നുവെന്ന വിമർശനം ചരിത്രത്തിന്റെ ഭാഗമായിട്ടുണ്ട്-. അടിയന്തരാവസ്ഥ പിൻവലിച്ചപ്പോൾ ജയിൽ മോചിതരായ സഖാക്കൾക്ക്- ജനങ്ങൾ വൻ വരവേൽപ്പാണ് നൽകിയത്-. വാഹനങ്ങളിൽ ജാഥയായി വീടുകളിൽ എത്തിക്കുകയായിരുന്നു. വൈകാതെ ലോക‌്സഭാ തെരഞ്ഞെടുപ്പ്- വന്നു. രാജ്യത്ത്- കോൺഗ്രസ് തോറ്റമ്പിയെങ്കിലും കേരളത്തിൽ കോൺഗ്രസ്- ജയിച്ചു. സിപിഐ എം നേതൃത്വത്തിലുള്ള മുന്നണിക്ക്- ഒരു സീറ്റും കിട്ടിയില്ല. ലോക‌്സഭാ തെരഞ്ഞെടുപ്പിലെ ഫലംകൊണ്ടുമാത്രം കേരളജനതയുടെ മനസ്സ്- വിലയിരുത്തുന്ന വലതുപക്ഷക്കാരുടെ ഗണിതശാസ്-ത്രം തുടർ വർഷങ്ങളിലെ പ്രാദേശിക ‐നിയമസഭാ തെരഞ്ഞെടുപ്പുഫലങ്ങൾ അസാധുവാക്കി.

ജനകീയ പ്രതിഷേധം ശക്തമാക്കണം
അടിയന്തരാവസ്ഥയുടെ 44–-ാം വാർഷികവേളയിൽ രാജ്യം പ്രച്ഛന്നമായ ഒരു അടിയന്തരാവസ്ഥയിലേക്ക്- നീങ്ങുകയാണ്. അടിയന്തരാവസ്ഥ ഇല്ലാതെ തന്നെ സ്വേച്ഛാധിപത്യത്തിലേക്ക്- നീങ്ങാനുള്ള സാധ്യതകൾ ശക്തിപ്പെട്ടിരിക്കുന്നു. രാഷ്ട്രീയവ്യവസ്ഥയിലെ ഹിന്ദുത്വ ശക്തികളുടെ മേധാവിത്വം, ഭരണ സ്ഥിരത, ഇടതുപക്ഷ‐മതനിരപേക്ഷ രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ ശക്തിക്ഷയം തുടങ്ങിയവ സ്വേച്ഛാധിപത്യം വളരാനുള്ള ചേരുവകളാണ്. ഇതിനൊപ്പം രാജ്യത്തിന്റെ സമ്പദ്-ഘടന പ്രതിസന്ധിയെ നേരിടുകയാണ്. ഭരണത്തോടുള്ള ജനങ്ങളുടെ അസംതൃപ്-തി തൊഴിലാളി‐കർഷക സമരം അടക്കമുള്ള രൂപങ്ങളിലൂടെ പൊട്ടിപ്പുറപ്പെടുമെന്ന് വ്യക്തം. ഇതിനെ നേരിടാനുള്ള ഭരണകൂട ഏകാധിപത്യ അടിച്ചമർത്തൽ നടപടികളുടെ ഭീഷണി നിലനിൽക്കുന്നുണ്ട്-. സംസ്ഥാനങ്ങളുടെ ഭരണഘടനാദത്തമായ അധികാരങ്ങൾപോലും കവർന്നെടുക്കുന്നു. കോടതിയെ മൂക്കുകയറിടാൻ നോക്കുന്നു. മാധ്യമങ്ങൾക്കുമേൽ ഭയത്തിന്റെ അന്തരീക്ഷം സൃഷ്ടിച്ചിരിക്കുന്നു. ഇവിടെയാണ് അടിയന്തരാവസ്ഥയുടെ പുതിയ രൂപങ്ങൾ പ്രകടമാകുന്നത്-.

ഭരണകൂടത്തിന്റെ ജനാധിപത്യവിരുദ്ധ നടപടികൾക്കെതിരെ അവസാന ശ്വാസംവരെ പോരാടുമെന്ന് പ്രഖ്യാപിച്ച ഐപിഎസ്- ഓഫീസർ സഞ്-ജീവ്- ഭട്ട്- ജീവപര്യന്തം തടവിന് ശിക്ഷ നേരിടുകയാണ്. ഗുജറാത്ത്- കേഡറിലെ ഈ ഐപിഎസ്- ഉദ്യോഗസ്ഥൻ നരേന്ദ്ര മോഡി  ഭരണത്തിലെ വംശഹത്യയെ വിമർശിച്ചതിനെത്തുടർന്ന് ഐപിഎസിൽനിന്ന് പുറത്താക്കപ്പെടുകയായിരുന്നു.  ഭരണത്തിന്റെ കൊള്ളരുതായ്-മയ്-ക്കെതിരെ വിരൽ ചൂണ്ടുന്നവരെ നിശ്ശബ്ദരാക്കാൻ ഇത്തരം ഭരണസംവിധാന പ്രയോഗത്തിലൂടെ വേട്ടയാടലുകൾ ഉണ്ടാകുമെന്ന മുന്നറിയിപ്പ്- നൽകുകയാണ് ബിജെപി ഭരണം.

നവഉദാരവൽക്കരണ കമ്പോള മൗലികവാദവും ഹിന്ദുത്വവും ചേർന്ന സാമ്പത്തിക രാഷ്ട്രീയനയമാണ് മോഡി സർക്കാരിന്റേത്-. ഇത്- സ്വേച്ഛാധിപത്യത്തിലേക്കുള്ള പാതയെ വിപുലമാക്കുന്നു.  മൂന്നിൽരണ്ട്- ഭൂരിപക്ഷം ലോക‌്സഭയിൽ വീണ്ടും നേടിയതോടെ മോഡി സർക്കാർ ജനാധിപത്യമൂല്യങ്ങളെ തീർത്തും അവഗണിക്കുകയാണ്. അതിനുള്ള പരസ്യവിളംബരമാണ്, ലോക‌്സഭാ നിയമസഭാ തെരഞ്ഞെടുപ്പുകൾ ഒരേസമയം നടത്തുന്നതിനുള്ള നിർദിഷ്ട പരിഷ്-കാരം. ധനനഷ്ടം, വികസന സ്-തംഭനം തുടങ്ങിയവ ഒഴിവാക്കാനുള്ള ക്രിയാത്മക ചുവടുവയ്-പ്- എന്ന പ്രതീതി വരുത്തി സ്വേച്ഛാധിപത്യനീക്കം ശക്തിപ്പെടുത്തുകയാണ്. പ്രസിഡൻഷ്യൽ ഭരണസംവിധാനം കൊണ്ടുവരാനും ഇഷ്ടമില്ലാത്ത രാഷ്ട്രീയ പ്രസ്ഥാനങ്ങളെ അധികാരത്തിൽനിന്ന് പുറത്താക്കി സംസ്ഥാനങ്ങളിൽ കേന്ദ്ര ഭരണകക്ഷിയുടെ ഭരണം വളഞ്ഞ വഴിയിലൂടെ അടിച്ചേൽപ്പിക്കാനുമുള്ള ഉദ്ദേശ്യമാണ് "ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്-' എന്ന പരിഷ്-കാരത്തിൽ ഒളിഞ്ഞിരിക്കുന്നത്-.

"ഇന്ദിരയാണ് ഇന്ത്യ, ഇന്ത്യയാണ് ഇന്ദിര' എന്ന മുദ്രാവാക്യത്തിന്റെ പരിഷ്-കരിച്ച പതിപ്പായി "മോഡിയാണ് ഇന്ത്യ, ഇന്ത്യയാണ് മോഡി' എന്നത്- മാറിയിരിക്കുന്നു. പരമാധികാര മതനിരപേക്ഷ ജനാധിപത്യ റിപ്പബ്ലിക്- എന്നതിൽനിന്ന് സ്വേച്ഛാധിപത്യ ഹിന്ദുത്വ റിപ്പബ്ലിക്- എന്നതിലേക്ക്- ഇന്ത്യയെ പരിവർത്തനപ്പെടുത്താനുള്ള കാവി വഴി ഒരുക്കുകയാണ്. 21 മാസത്തെ അടിയന്തരാവസ്ഥയിൽ കേന്ദ്ര മന്ത്രിസഭ ഇന്ദിരയിൽ ചുരുങ്ങി. ഇന്ന് മോഡിമയമാണ് കേന്ദ്ര മന്ത്രിസഭ. അമിത് -ഷായെ കൂട്ടിയിട്ടുണ്ടെങ്കിലും അത്- സഹായക്രിയക്കാരനായി മാത്രമാണ്. ഗാന്ധിജിക്ക്- ഗോഡ്-സെയെയും ദേശിയപതാകയ്-ക്ക്- കാവി പതാകയെയും പകരംവയ്-ക്കുന്ന അപകടകരമായ അവസ്ഥയാണ് ഇന്ന്. അടിയന്തരാവസ്ഥയെ പ്രത്യക്ഷത്തിൽ എതിർത്തവർ എന്ന് അവകാശപ്പെടുന്നവർ കേന്ദ്രഭരണത്തിലിരുന്നുകൊണ്ട്- അടിയന്തരാവസ്ഥയേക്കാൾ വലിയ ജനാധിപത്യധ്വംസനം നടത്തുകയാണ്. ഇതിൽ ജനകീയ പ്രതിഷേധം ശക്തമാക്കണം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top