06 July Wednesday

ബാങ്ക് രക്ഷയ്‌ക്ക്‌ ഇനി പുതിയ പോരാട്ടം

എസ് എസ് അനിൽUpdated: Tuesday Apr 26, 2022

ബാങ്കിങ്‌ മേഖല പ്രതിസന്ധിയിലൂടെയാണ് നീങ്ങുന്നത്, അഥവാ രാജ്യത്ത് നടപ്പാക്കിക്കൊണ്ടിരിക്കുന്ന കുത്തകവൽക്കരണനയങ്ങൾ ബാങ്കിങ്‌ മേഖലയെ പ്രതിസന്ധിയിൽ എത്തിച്ചിരിക്കുകയാണ്. 1947ൽ രാജ്യം സ്വതന്ത്രമായതിനുശേഷം 1969ൽ ബാങ്ക് ദേശസാൽക്കരണംവരെ 658 സ്വകാര്യ ബാങ്കാണ് അപ്രത്യക്ഷമായത്. ദേശസാൽക്കരണത്തിനുശേഷം 38 സ്വകാര്യ ബാങ്ക്‌ പ്രവർത്തനം നിർത്തി. അതിൽ 36 ബാങ്കിനെയും ഏറ്റെടുത്തത് പൊതുമേഖല. ഈ ബാങ്കുകളിലെ ലക്ഷക്കണക്കിന് സാധാരണക്കാരെ സംരക്ഷിച്ചത് പൊതുമേഖലാ ബാങ്കുകളായിരുന്നു. 2008ൽ ലോകമാകെ സാമ്പത്തിക സുനാമിയിൽ തകർന്നടിഞ്ഞപ്പോൾ,  ബാങ്കുകളും ധനസ്ഥാപനങ്ങളും തകർച്ചയിലേക്ക് കൂപ്പുകുത്തിയപ്പോൾ, ഇന്ത്യൻ ധനമേഖലയെ സംരക്ഷിച്ചുനിർത്തിയത് പൊതുമേഖലയുടെ കവചമായിരുന്നു.  ബാങ്കിങ്‌ മേഖലയിൽ മാത്രമല്ല, ആപത്ത് വന്നാൽ  തടഞ്ഞുനിർത്താൻ, ജനങ്ങളെ സംരക്ഷിക്കാൻ, പൊതുമേഖല ഒരു ‘ഷോക്ക് അബ്സോർബറുടെ’സ്ഥാനത്തായിരുന്നു പ്രവർത്തിച്ചിരുന്നത്.

1994ലാണ് പുതിയ ഒരു ബാങ്കിങ്‌ സംവിധാനത്തിന് രാജ്യത്ത് തുടക്കം കുറിക്കുന്നത്. പുതുമ പരത്താൻ അന്ന് തുടക്കമിട്ട ബാങ്കുകൾ നവ സ്വകാര്യ ബാങ്കുകൾ എന്നാണ് അറിയപ്പെട്ടിരുന്നത്. 1994 ഒക്ടോബർ 21ന് ഗ്ലോബൽ ട്രസ്റ്റ് ബാങ്ക് എന്ന ആദ്യ നവ സ്വകാര്യ ബാങ്ക് പ്രവർത്തനം ആരംഭിച്ചു. ഇന്ത്യയിൽ ആഗോളവൽക്കരണ നയങ്ങൾക്ക് വിത്തുപാകിയ അന്നത്തെ ധനമന്ത്രി ഡോ. മൻമോഹൻ സിങ്‌ തന്നെയായിരുന്നു പ്രസ്തുത ബാങ്കിന്റെ   ഉദ്ഘാടനം നിർവഹിച്ചത്. രമേഷ് ഗല്ലിയുടെയും കേതൻ പരേഘിന്റെയും നേതൃത്വത്തിൽ ബാങ്ക് നിക്ഷേപത്തെ കമ്പോള സംസ്കാരത്തിലേക്ക് എത്തിച്ച് അദ്ഭുതങ്ങൾ സൃഷ്ടിക്കുന്ന വാർത്തകളായിരുന്നു തുടർന്ന് പുറത്തു വന്നുകൊണ്ടിരുന്നത്. എന്നാൽ, കേവലം പത്ത് വർഷം മാത്രമായിരുന്നു ആദ്യ പരീക്ഷണത്തിന്റെ ആയസ്സ്. 2004ൽ ഗ്ലോബൽ ട്രസ്റ്റ് ബാങ്ക് തകർന്നു. അന്ന് തകർന്ന ഗ്ലോബൽ ട്രസ്റ്റ് ബാങ്കിനെ ഏറ്റെടുത്തത് പൊതുമേഖലയിലെ ഓറിയന്റൽ ബാങ്ക് ഓഫ് കൊമേഴ്സ് ആയിരുന്നു. എന്നാൽ, പിന്നീടിങ്ങോട്ട് നയങ്ങൾ പൂർണമായും കുത്തകകൾക്കുവേണ്ടി വഴിമാറ്റി. 

രാജ്യത്തെ അഞ്ചാമത്തെ വലിയ ബാങ്കായിരുന്നു യെസ് ബാങ്ക്. ഈ നവ സ്വകാര്യ ബാങ്ക്, 4300 കോടിയുടെ കുത്തകകളുടെ കിട്ടാക്കടത്തോടെ കൂപ്പുകുത്തിയപ്പോൾ അതിനെ സംരക്ഷിക്കാൻ സർക്കാർ കണ്ടെത്തിയത് പുതിയ ഒരു മാർഗമായിരുന്നു. 7250 കോടി രൂപയുടെ യെസ് ബാങ്ക് ഓഹരിയാണ് പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയെക്കൊണ്ട് സർക്കാർ വാങ്ങിപ്പിച്ചത്. അഥവാ എസ്ബിഐയിലെ സാധാരണക്കാരന്റെ നിക്ഷേപത്തിൽനിന്ന് 7250 കോടി കുത്തിച്ചോർത്തി നൽകി, യെസ് ബാങ്കിനെ  നിലനിർത്തി. ഏറ്റവും ഒടുവിൽ ലക്ഷ്മി വിലാസ് ബാങ്കിനെ വിദേശ ബാങ്കായ ഡെവലപ്മെന്റ് ബാങ്ക് ഓഫ് സിങ്കപ്പുരിന് നൽകാനും ദേശീയവാദികളുടെ സർക്കാർ തയ്യാറായി.


 

കഴിഞ്ഞ സാമ്പത്തികവർഷം, ബാങ്കുകൾ എഴുതിത്തള്ളിയ വൻകിട കുത്തകകളുടെ കടം 2,02,781 കോടി രൂപയാണ്. പത്ത് വർഷംകൊണ്ട് എഴുതിത്തള്ളിയ കണക്ക് 11,68,095 കോടി രൂപ. എല്ലാം വൻകിടക്കാരുടേത്. ഇത്തരം വൻകിടക്കാർക്കും വിദേശ കുത്തകകൾക്കും സർക്കാർ ബാങ്കുകളുടെ ഓഹരി പൂർണമായും കൈമാറാനുള്ള നീക്കമാണ് അണിയറയിൽ ഒരുങ്ങുന്നത്. എൻഡിഎ  അധികാരമേൽക്കുമ്പോൾ 27 പൊതുമേഖലാ ബാങ്ക്‌ ഉണ്ടായിരുന്നത് ഇപ്പോൾ 12 ആയി ചുരുങ്ങി. അതിൽ രണ്ട് ബാങ്ക്‌ ഉടൻ സ്വകാര്യവൽക്കരിക്കുമെന്ന് സർക്കാർ  പ്രഖ്യാപിച്ചു. സ്വകാര്യ ബാങ്കുകൾക്ക് എല്ലാ പ്രോൽസാഹനവും നൽകിയിട്ടുപോലും ഇപ്പോഴും അറുപത്തിയേഴ് ശതമാനം ബിസിനസും കൈകാര്യംചെയ്യുന്ന പൊതുമേഖലാ ബാങ്കുകളെ പൂർണമായും കുത്തകവൽക്കരിക്കുന്നത് വലിയ പ്രത്യാഘാതങ്ങൾക്ക് ഇടയാക്കും.

ബാങ്കുകളുടെ ഉടമസ്ഥാവകാശം കുത്തക കമ്പനികൾക്ക് നൽകുന്നതിനാണ് കേന്ദ്ര ഭരണാധികാരികൾ ശ്രമിക്കുന്നത്.  എന്നാൽ, കുത്തകകൾക്ക് ബാങ്കിങ്‌ ലൈസൻസ് നൽകുന്നതിനെ വലതുപക്ഷ സാമ്പത്തിക വിദഗ്ധർപോലും അനുകൂലിക്കുന്നില്ല.  നോട്ട് നിരോധനത്തിനുശേഷം പൂർണമായും സർക്കാർ ഏജൻസി കണക്കെ പ്രവർത്തിക്കുന്ന റിസർവ് ബാങ്കും ഈ നീക്കത്തിന് പച്ചക്കൊടി കാട്ടിയില്ല. അതേത്തുടർന്ന് പിൻവാതിലിലൂടെ ബാങ്കുകളുടെ നിയന്ത്രണം കുത്തകകളെ ഏൽപ്പിക്കാനുള്ള ശ്രമത്തിലാണ് കേന്ദ്ര സർക്കാർ.  കാർഷിക വായ്പാവിതരണവുമായി ബന്ധപ്പെട്ട് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയും അദാനി കാപ്പിറ്റലുമായി ഒപ്പിട്ട കരാർ അതിന്റെ ഭാഗമായി മാത്രമേ കാണാനാകൂ.  ഇന്ത്യയിലെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ എസ്ബിഐക്ക് രാജ്യത്ത് 22,219 ശാഖയാണ് ഉള്ളത്.  48 ലക്ഷം കോടിയുടെ ആസ്തിയുള്ള ബാങ്കിന് 46 കോടി ഇടപാടുകാരും 2.5 ലക്ഷം ജീവനക്കാരും ഉണ്ട്. എന്നാൽ, 1300 കോടി രൂപയുടെ ആസ്തിയുള്ള അദാനിയുടെ ബാങ്കേതര ധനസ്ഥാപനമായ അദാനി കാപ്പിറ്റലിന് രാജ്യത്ത് ആറ്‌ സംസ്ഥാനത്തായി 63 ശാഖയും 760 ജീവനക്കാരും 28,000 ഇടപാടുകാരും മാത്രമാണ് ഉള്ളത്.  സ്റ്റേറ്റ് ബാങ്കിന് 1.37 കോടി കാർഷിക അക്കൗണ്ട്‌ ഉണ്ട്.  ഏതാണ്ട് രണ്ട്‌ ലക്ഷം കോടി രൂപ കടം കൊടുത്തിട്ടുണ്ട്.  കാർഷിക വിപണന മേഖലയിലെ 42,000 ഡീലർമാരും വെൻഡർമാരുമായി ബന്ധമുണ്ട്.  72,000 ബിസിനസ് കറസ്പോണ്ടൻസിന്റെ ശൃംഖലയുണ്ട്.  ഇവർ വഴിയുള്ള ബിസിനസിലെ ഒരു ഭാഗം അദാനിയുടെതുംകൂടിയാക്കി കണക്കെഴുതി അദാനിക്ക് കമീഷൻ വെറുതെ കൊടുക്കുകയല്ലാതെ അദാനിയിൽനിന്ന്‌ സ്റ്റേറ്റ് ബാങ്കിന് ഒന്നും കിട്ടാനില്ല. നേരത്തേ അംബാനി ഗ്രൂപ്പിന്റെ ജിയോ പെയ്മെന്റ് ബാങ്കിൽ എസ്ബിഐ മുപ്പത് ശതമാനം ഓഹരി പങ്കാളിത്തം എടുക്കാൻ തീരുമാനിച്ചത് ഇതോടൊപ്പം കൂട്ടിവായിക്കേണ്ടതാണ്.  

വാണിജ്യ ബാങ്കുകൾ മാത്രമല്ല, സഹകരണ ബാങ്കുകളെയും ഗ്രാമീണ ബാങ്കുകളെയും കുത്തകകൾക്ക് കൊള്ള നടത്തുന്നതിനുള്ള നയങ്ങൾ അണിയറയിൽ തയ്യാറാക്കി വച്ചിരിക്കുകയാണ്. സഹകരണ ബാങ്കുകളുടെ ജനകീയ സ്വഭാവംതന്നെ കവർന്നെടുക്കുന്നതിനുള്ള നിയമനിർമാണങ്ങളാണ് നടത്തിവരുന്നത്.  രാജ്യഭരണാധികാരികൾ കൂടുതലും നോട്ടമിടുന്നത് കേരളത്തിലെ സുശക്തമായ സഹകരണ മേഖലയെയാണ്. ബാങ്ക് എന്ന പദം ഉപയോഗിക്കുന്നതിനുള്ള വിലക്ക് അതിന്റെ ഭാഗമാണ്. 

1969ലെ ബാങ്ക് ദേശസാൽക്കരണത്തിനുശേഷവും ഇന്ത്യയിലെ ഗ്രാമപ്രദേശങ്ങളിൽ ബാങ്കിങ്‌ സൗകര്യം വേണ്ടത്ര എത്തിയില്ലെന്ന് ചൂണ്ടിക്കാണിച്ചാണ് 1975ൽ ഗ്രാമീണ ബാങ്കുകൾ രൂപീകരിക്കുന്നത്. കേന്ദ്ര സർക്കാരിന് അമ്പത് ശതമാനം, സംസ്ഥാന സർക്കാരിന് പതിനഞ്ച് ശതമാനം, സ്പോൺസർ ബാങ്കിന് മുപ്പത്തഞ്ച് ശതമാനം എന്നിങ്ങനെയാണ് ഗ്രാമീണ ബാങ്കുകളുടെ ഓഹരി ഘടന. ഇതിൽ കേന്ദ്ര സർക്കാർ ഓഹരി സ്വകാര്യ മേഖലയ്‌ക്ക് കൈമാറാനുള്ള നിയമ ഭേദഗതി പാർലമെന്റിൽ അവതരിപ്പിച്ച് പാസാക്കിക്കഴിഞ്ഞു.

പൊതുമേഖലയെ പൂർണമായും കൈയൊഴിഞ്ഞ് ബാങ്കിങ്‌ മേഖലയിലെ നിക്ഷേപങ്ങൾ കമ്പോളത്തിന് തുറന്നുകൊടുക്കുന്നത് വലിയ പ്രത്യാഘാതങ്ങൾക്ക് കാരണമായിത്തീരും. കേന്ദ്ര സർക്കാരിന്റെ ജനവിരുദ്ധ ബാങ്കിങ്‌ നയങ്ങൾ ജനമധ്യത്തിലെത്തിക്കുന്നതിനുള്ള ശ്രമമാണ് ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ നേതൃത്വത്തിൽ നടന്നുവരുന്നത്. ബാങ്കുകളെ സംരക്ഷിക്കൂ, രാജ്യത്തെ രക്ഷിക്കൂ എന്ന മുദ്രാവാക്യം ഉയർത്തി, ഈ മേഖലയെ സംരക്ഷിക്കുന്നതിനുള്ള പോരാട്ടങ്ങൾക്ക് കരുത്തുപകരുന്ന തീരുമാനങ്ങളായിരിക്കും ചൊവ്വ, ബുധൻ  ദിവസങ്ങളിൽ തൃശൂരിൽ  നടക്കുന്ന ബിഇഎഫ്ഐയുടെ പതിനാലാം സംസ്ഥാന സമ്മേളനം എടുക്കുക. ബാങ്കുകളെ സംരക്ഷിക്കാൻ, രാജ്യത്തെ രക്ഷിക്കാൻ എല്ലാ വിഭാഗം ജനങ്ങളുടെയും പൂർണ സഹായം പ്രതീക്ഷിക്കുന്നു.

(ബെഫി കേരള ജനറൽ സെക്രട്ടറിയാണ്‌ 
ലേഖകൻ)


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top