22 February Friday

അഭിമന്യു: ഓര്‍മയും രാഷ്ട്രീയവും

സുനില്‍ പി ഇളയിടംUpdated: Wednesday Jul 25, 2018

 ‘അറിയപ്പെടാത്ത മനുഷ്യരുമായി നീ എന്നെ സാഹോദര്യത്തിലാക്കി' എന്നു കമ്യൂണിസ്റ്റ് പാർടിയെക്കുറിച്ചുള്ള പ്രഖ്യാതമായ തന്റെ കവിതയിൽ നെരൂദ എഴുതിയിട്ടുണ്ട്. അഗാധമായ സൗഭ്രാത്രത്തിന്റെ നൈതികമാനം കൈവരുന്ന രാഷ്ട്രീയജീവിതത്തെക്കുറിച്ചാണ് നെരൂദ അവിടെ പറയാൻ ശ്രമിച്ചത്. ലോകമെമ്പാടുമുള്ള മനുഷ്യരുടെ യാതനകളും ആഹ്ലാദവിഷാദങ്ങളും തന്റേതുകൂടിയായി അനുഭവിക്കാൻ ഒരാളെ സന്നദ്ധനാക്കുന്ന, അത്തരമൊരു നൈതികമാനം തനിക്കു നൽകിയ, രാഷ്ട്രീയജീവിതത്തെക്കുറിച്ചുള്ള സത്യവാങ്മൂലമാണ് ആ കവിത. പാർടിയെയും രാഷ്ട്രീയജീവിതത്തെയും കുറിച്ചുള്ള, എപ്പോഴും സഫലമായി എന്നു പറയാനാകില്ലെങ്കിലും, ഏറ്റവും സർഗാത്മകവും ആദർശാത്മകവുമായ ഒരു സമീക്ഷയുടെ പ്രകാശനം ആ വരികളിൽ കാണാം. ഒരുവൻ അപരന്റെ വാക്കുകൾ സംഗീതംപോലെ ആസ്വദിക്കുന്ന കാലത്തിലേക്ക് മനുഷ്യർ യാത്രയാരംഭിക്കുന്നത് അവിടെനിന്നാകണം!

അഭിമന്യുവിന്റെ രക്തസാക്ഷിത്വം മലയാളികളിൽ ഉളവാക്കിയതും മേൽപ്പറഞ്ഞതുപോലുള്ള അഗാധമായ ഒരു നൈതികപ്രേരണയാണ്. താൻ ഒരിക്കലും കാണുകയോ അറിയുകയോ ചെയ്തിട്ടില്ലാത്ത, തുടർന്നും ജീവിച്ചിരുന്നുവെങ്കിൽ ഒരിക്കലും അഭിമുഖീകരിക്കേണ്ടിവരാനിടയില്ലാത്ത കോടാനുകോടി മനുഷ്യരുമായുള്ള സാഹോദര്യത്തിലേക്ക് തന്റെ രക്തസാക്ഷിത്വത്തിലൂടെ, അഭിമന്യു നടന്നുകയറി. സ്വന്തം സഹോദരനോ മകനോ ഒക്കെയായി എല്ലാ മലയാളികളും അഭിമന്യുവിനെ കണ്ടു. ക്യാമ്പസ് രാഷ്ട്രീയത്തിന്റെയും സംഘട്ടനത്തിന്റെയും ഫലമെന്ന‌് ചില മാധ്യമങ്ങളും മതവർഗീയവാദികളും അഭിമന്യുവിന്റെ കൊലപാതകത്തിന് മറയിടാൻ ശ്രമിച്ചെങ്കിലും, സമാനതകളില്ലാത്ത വിധത്തിൽ കേരളീയസമൂഹം അഭിമന്യുവിനെയും അവന്റെ ജീവിതയാതനകളെയും ഹൃദയത്തോട് ചേർത്തുവച്ചു. കൊട്ടക്കാമ്പൂരിലെ അഞ്ചുപേർ തിങ്ങിക്കഴിയുന്ന ഒറ്റമുറിവീട്ടിൽനിന്ന്, ഏതെല്ലാമോ ചരക്കുവണ്ടികളുടെ മുകളിലിരുന്ന് മഹാരാജാസിലെ ക്ലാസ‌്മുറികളിലേക്ക‌് അവൻ നടത്തിയ യാത്രകൾക്ക് തങ്ങളുടെ മുഴുവൻ ജീവിതയാത്രയേക്കാളും ആയാസവും ദൈർഘ്യവും ഉണ്ടായിരുന്നുവെന്ന് മലയാളികൾ  തിരിച്ചറിയുന്നുണ്ടായിരുന്നു. ആഴമേറിയ ആ ദുഃഖത്തിന്റെ പാരസ‌്പര്യം അവരെ അഭിമന്യുവുമായുള്ള സാഹോദര്യബോധത്തിന്റെ നൈതികജാഗ്രതയിലേക്ക് കൂട്ടിക്കൊണ്ടുവരികയും ചെയ്തു. അറിയപ്പെടാത്ത മനുഷ്യരുമായുള്ള സാഹോദര്യത്തിന്റെ അപരനാമമായി അഭിമന്യു!

അഭിമന്യുവിന്റെ രക്തസാക്ഷിത്വം ഉണർത്തിവിട്ട നൈതികപ്രേരണയെ രാഷ്ട്രീയമായ തിരിച്ചറിവായും പ്രയോഗങ്ങളായും പരിഭാഷപ്പെടുത്തുകയാണ് ആ ഓർമയുടെ അനശ്വരതയെ സാക്ഷാൽക്കരിക്കാനുള്ള മാർഗം. അഭിമന്യുവിന്റെ സ്വപ്നമായ ഗ്രാമീണ വായനശാലയും അവൻ തീവ്രമായി ആഗ്രഹിച്ച തന്റെ നാടിന്റെ വികസനവുമൊക്കെ ഈ രാഷ്ട്രീയകാര്യപരിപാടിയുടെ ഭാഗമാണ്. അതോടൊപ്പം, 20 വയസ്സിൽ ഇത്രമേൽ ഭാവനാനിർഭരമായ ഒരു ജീവിതത്തെ ആസൂത്രിതമായി കുത്തിവീഴ്ത്തിയ മതഭീകരതയുടെ പ്രത്യയശാസ്ത്രത്തിനും രാഷ്ട്രീയത്തിനും എതിരായ നിതാന്തജാഗ്രതയും ചെറുത്തുനിൽപ്പും ഈ രാഷ്ട്രീയപ്രയോഗത്തിന്റെ ഹൃദയംതന്നെയാണ്.പോപ്പുലർ ഫ്രണ്ട്, എസ്ഡിപിഐ, ക്യാമ്പസ‌് ഫ്രണ്ട‌് എന്നിങ്ങനെ പല പേരുകളിലും രൂപഭാവങ്ങളിലും കേരളീയ ജീവിതപരിസരത്ത് കഴിഞ്ഞ ഒരുപതിറ്റാണ്ടിനിടയിൽ അവതരിച്ചത് ഒന്നുതന്നെയാണ്. മതഭീകരവാദം. മതസ്വത്വവാദത്തിന്റെ മറപറ്റിനിൽക്കുന്ന ഇസ്ലാമിസ്റ്റ് ഭീകരവാദത്തിന്റെ വിഭിന്നരൂപങ്ങൾ എന്നതിനപ്പുറം ഇവയിൽ മറ്റൊന്നുമില്ല. സാമൂഹ്യസ്വീകാര്യതയ്ക്കായി പരിസ്ഥിതിവാദത്തിന്റെയും കീഴാളദളിത്പിന്നോക്ക ഐക്യത്തിന്റെയും മറ്റും മൂടുപടങ്ങൾ അണിയുമെന്നല്ലാതെ അത്തരം പ്രമേയങ്ങളോടോ അവ ഉന്നയിക്കുന്ന വിശാലമായ രാഷ്ട്രീയവിഷയങ്ങളോടോ ഇവയ്ക്ക് ഒരു പ്രതിബദ്ധതയുമില്ല. മനുഷ്യാവകാശം എന്ന പേരിൽ മതമൗലികവാദത്തെയും മതഭീകരതയെയും പ്രച്ഛന്നരൂപത്തിൽ രംഗത്ത‌് അവതരിപ്പിക്കുന്നതിലും ഈ പ്രസ്ഥാനങ്ങൾ ചെറുതല്ലാത്ത വിജയം കണ്ടിട്ടുണ്ട്. ഇവയെ വിട്ടുവീഴ്ചയില്ലാതെ എതിർത്തുതോൽപ്പിച്ചുകൊണ്ടല്ലാതെ അഭിമന്യുവിന്റെ രക്തസാക്ഷിത്വം ഉയർത്തുന്ന നൈതികപ്രേരണകളെയും സാഹോദര്യബോധത്തെയും സാക്ഷാൽക്കരിക്കാനാകില്ല.

സാർവദേശീയതലത്തിൽ സാമ്രാജ്യത്വവിരുദ്ധതയെയും ഇന്ത്യൻ സന്ദർഭത്തിൽ ഹിന്ദുത്വം ഉയർത്തുന്ന ഫാസിസ്റ്റ് ഭീഷണിയെയും ആധാരമാക്കിയാണ് ഇത്തരം പ്രസ്ഥാനങ്ങൾ തങ്ങളുടെ രാഷ്ട്രീയവീക്ഷണം അവതരിപ്പിക്കാറുള്ളത്. ഇത്തരം മതമൗലിക/മതഭീകര പ്രസ്ഥാനങ്ങൾക്ക് കൈവന്ന ചെറുതെങ്കിലുമായ സ്വീകാര്യതയ‌്ക്കുപിന്നിലെ കാരണവും മറ്റൊന്നല്ല. എന്നാൽ, പ്രമുഖ മാർക്‌സിസ്റ്റ് ചിന്തകനായ സമീർ അമീൻ രാഷ്ട്രീയ ഇസ്ലാം എന്ന ആശയത്തെക്കുറിച്ച് നടത്തുന്ന നിരീക്ഷണം ഇവിടെ നാം ശ്രദ്ധിക്കേണ്ടതാണ്. സാമ്രാജ്യത്വവിരുദ്ധം എന്ന പേരിൽ ആരംഭിക്കുകയും പാശ്ചാത്യവിരുദ്ധവും ക്രൈസ്തവവിരുദ്ധവുമായി നിലനിൽക്കുകയും ചെയ്യുന്ന ഒന്നാണതെന്ന് സമീർ അമീൻ വ്യക്തമാക്കുന്നു. പാശ്ചാത്യവിരുദ്ധം എന്ന നിലയിൽ അടിസ്ഥാനപരമായി അവ എതിർക്കുന്നത് ജനാധിപത്യം, മതനിരപേക്ഷത, സ്ത്രീ‐പുരുഷ സമത്വം, യുക്തിബോധം എന്നിങ്ങനെ ആധുനികത ഉയർത്തിപ്പിടിക്കാൻ ശ്രമിച്ച മൂല്യങ്ങളെയാണ‌്. മേൽപ്പറഞ്ഞ മൂല്യങ്ങളുടെ നിർവഹണം മുതലാളിത്ത ആധുനികതയിൽ പക്ഷപാതപരവും ഭാഗികവുമായിരുന്നു എന്ന വിമർശം ലോകമെമ്പാടുമുള്ള മൂന്നാം ലോകചിന്തകരും സാമ്രാജ്യത്വവിരുദ്ധ പോരാളികളും ഉയർത്തിയിട്ടുണ്ട്. എന്നാൽ, രാഷ്ട്രീയ ഇസ്ലാം എതിർക്കുന്നത് അത്തരം ഭാഗികനിർവഹണങ്ങളെയോ അതിനാധാരമായി മാറിയ മുതലാളിത്തം, മൂലധനാധിപത്യം, കോളനീകരണം എന്നിവയെയോ ഒന്നുമല്ല. മറിച്ച് മേൽപ്പറഞ്ഞ അടിസ്ഥാനമൂല്യങ്ങളെത്തന്നെയാണ്. അതുകൊണ്ടുതന്നെ, സാമ്രാജ്യത്വത്തിനും ഹിന്ദുത്വത്തിനും എതിരായി പുറമെ കൈക്കൊള്ളുന്ന നിലപാടിനെ മതമൗലികവാദത്തിലേക്കും മതഭീകരതയിലേക്കും പരിഭാഷപ്പെടുത്തിക്കൊണ്ടാണ് അവ സൂക്ഷ്മതലത്തിൽ നിലകൊള്ളുന്നത്.

ദേശീയ ആധുനികതയുടെ സന്ദർഭത്തിൽ പാർശ്വവൽക്കരിക്കപ്പെട്ട ദളിത് ആദിവാസിവിഭാഗങ്ങളെയും അവരുടെ സ്വത്വപരമായ പിന്നോക്കാവസ്ഥയെയും മതസ്വത്വവാദത്തിന്റെ മറയാക്കി ഉപയോഗപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ദളിത് ന്യൂനപക്ഷ പിന്നോക്ക ഐക്യം എന്ന ആശയത്തെ ഇത്തരം മതസ്വത്വവാദ/മതഭീകരവാദ പ്രസ്ഥാനങ്ങൾ ഉപയോഗപ്പെടുത്തുന്നത്. ദളിത്ജനതയുടെ പിന്നോക്കാവസ്ഥയുടെ അടിസ്ഥാനകാരണമായ വിഭവാധികാരത്തിന്റെ പ്രശ്‌നമോ അതിലേക്ക് വഴിതുറന്ന മൂലധനബന്ധങ്ങളോ ഈ മതസ്വത്വപ്രസ്ഥാനങ്ങളുടെ വിമർശനവിഷയമല്ല. അവരെ സംബന്ധിച്ചിടത്തോളം മുതലാളിത്തം എന്ന സാമ്പത്തിക രാഷ്ട്രീയ വ്യവസ്ഥയല്ല; മറിച്ച് പാശ്ചാത്യനാഗരികതയും ജനാധിപത്യം, മതനിരപേക്ഷത തുടങ്ങിയ ആധുനികമൂല്യങ്ങളുമാണ് വിമർശത്തിന്റെ കേന്ദ്രം. അതിനെ തകർക്കുക എന്ന രാഷ്ട്രീയകാര്യപരിപാടിയുടെ ഭാഗമായാണ് ദളിത് ആദിവാസി പിന്നോക്ക വിഭാഗങ്ങളുടെ സ്വത്വപ്രശ്‌നങ്ങളെ മതസ്വത്വവാദികൾ ഉയർത്തിപ്പിടിക്കുന്നത്.

ദളിത് ആദിവാസി ജനതയുടെ സ്വത്വപരമായ പ്രശ്‌നങ്ങളും മതസ്വത്വവാദവും തമ്മിൽ ഐക്യപ്പെടാവുന്ന ഇടങ്ങൾ യഥാർഥത്തിൽ നിലനിൽക്കുന്നില്ല. ദളിത് സ്വത്വപ്രശ്‌നങ്ങളുടെ അടിസ്ഥാനം വിഭവാധികാരത്തിന്റേതാണ്. ഭൂമിയിലും ഇതരവിഭവങ്ങളിലുമുള്ള അവകാശാധികാരങ്ങൾ ഉറപ്പുവരുത്തിക്കൊണ്ടല്ലാതെ ദളിത‌് ജനവിഭാഗങ്ങളുടെയോ ആദിവാസികളുടെയോ സാമൂഹികപ്രശ്‌നങ്ങൾക്ക് പരിഹാരം കാണാനാകില്ല. ഇതാകട്ടെ, അടിസ്ഥാനപരമായി ഇടതുപക്ഷം കാലങ്ങളായി ഉയർത്തിപ്പോരുന്ന, ഭൂപരിഷ്‌കരണം എന്ന ആശയവുമായി ബന്ധപ്പെട്ട കാര്യമാണുതാനും. കാഞ്ച ഐലയ്യയും ആനന്ദ് തെൽതുംഡെയും ഉൾപ്പെടെയുള്ള  ദളിത്ചിന്തകർ ഇടതുപക്ഷവും ദളിത് വിഭാഗങ്ങളും തമ്മിലുള്ള ഐക്യം എന്ന ആശയത്തെ ഉയർത്തിപ്പിടിക്കുന്നത് അതുകൊണ്ടാണ്. മതസ്വത്വവാദികളുടെ രാഷ്ട്രീയകാര്യപരിപാടി ഇത്തരത്തിൽ ഭൂപരിഷ്‌കരണമോ വിഭവാധികാരത്തിന്റെ പുനഃസ്ഥാപനമോ ഒന്നും ലക്ഷ്യമാക്കുന്നതല്ല. ദളിത്ആദിവാസിപിന്നോക്ക ഐക്യം എന്ന പ്രമേയത്തിന്റെ മറപറ്റി പൊതുജീവിതത്തിൽ ഇടംകണ്ടെത്തുകയും മതഭീകരവാദത്തെ മതസ്വത്വത്തിന്റെയും മനുഷ്യാവകാശത്തിന്റെയും മറയിൽ ഉറപ്പിച്ചെടുക്കുകയുമാണ് അവരുടെ പ്രവർത്തനപദ്ധതി. ഫലത്തിൽ, ഹിന്ദുത്വത്തിനും അതിന്റെ ഫാസിസ്റ്റ് രാഷ്ട്രീയത്തിനും ഏറ്റവും ഉപയോഗപ്രദമായ സാമൂഹ്യവിഭജനതന്ത്രമാണ് ഈ മതഭീകരവാദികൾ നടപ്പാക്കുന്നത്. സമൂഹത്തെ മതാത്മകമായി വിഭജിക്കുന്നതാണ് അതിന്റെ രാഷ്ട്രീയം. കീഴാളജനതയുടെ വിമോചനവുമായി അതിന് ഒരു ബന്ധവുമില്ല.

നിർഭാഗ്യവശാൽ, ഇത്തരം മതഭീകരവാദപ്രസ്ഥാനങ്ങളുമായി കൈകോർക്കാനും അവരെ ന്യായീകരിക്കാനും അവർക്ക് സാമൂഹ്യസമ്മതി ഉറപ്പാക്കാനും ദളിത്പ്രസ്ഥാനങ്ങളുമായുള്ള ഐക്യവും അതിന്റെ ബൗദ്ധികപിന്തുണയും ഇന്ന് വ്യാപകമായി ഉപയോഗിക്കപ്പെടുന്നുണ്ട്. ആർഎസ‌്എസിന്റെ മറുപുറമായി നിലകൊള്ളുന്ന ഒരു ഭീകരവാദസംഘടനയെ ന്യായീകരിക്കാൻവേണ്ടി അഭിമന്യുവിന്റെ ദളിത്‌സ്വത്വത്തെ നിഷേധിക്കാനുള്ള ഹീനവും സംഘടിതവുമായ ശ്രമങ്ങൾവരെ അരങ്ങേറിയത് അങ്ങനെയാണ്. ഇങ്ങനെ പറയുന്നതിനർഥം, ദളിത് ആദിവാസി വിഭാഗങ്ങളും ന്യൂനപക്ഷങ്ങളും ഉയർത്തുന്ന പ്രശ്‌നങ്ങൾ ഏതെങ്കിലും നിലയിൽ അസംഗതമാണ് എന്നല്ല. ഭരണകൂടഭീകരതയും ദേശീയമായ അപരവൽക്കരണവും ഇന്ത്യയിലെ ന്യൂനപക്ഷങ്ങൾ അനുഭവിക്കുന്ന യാഥാർഥ്യമാണ്. സച്ചാർ കമീഷൻ റിപ്പോർട്ടുമുതൽ പാലോളി കമ്മിറ്റിയുടെ നിഗമനങ്ങൾവരെ അത് തെളിയിക്കുന്നുമുണ്ട്. അതിനേക്കാൾ പ്രകടമാണ് ദളിത് ആദിവാസി ജനതയുടെ പ്രാന്തവൽക്കരണവും വിഭവാവകാശങ്ങളിൽനിന്ന‌് അവരെ ഒഴിച്ചുനിർത്തുന്ന ജാതിമർദനവും. ഈ രണ്ടു പ്രശ്‌നങ്ങളെയും അഭിസംബോധന ചെയ്യാതെ ഇന്ത്യയിലെ ജനാധിപത്യപരമായ ഇടപെടലുകൾ ഒരുനിലയിലും അർഥപൂർണമാകില്ല. മതസ്വത്വവാദത്തെയും അതിൽനിന്ന് ഉടലെടുക്കുന്ന മതഭീകരതയെയും വിട്ടുവീഴ്ചയില്ലാതെ എതിർക്കുന്നതും അതേസമയം, ന്യൂനപക്ഷങ്ങൾ നേരിടുന്ന അപരവൽക്കരണത്തെ അഭിസംബോധന ചെയ്യുന്നതുമായ ഇടതുപക്ഷ ജനാധിപത്യ സമീപനം ശക്തിപ്പെടുത്തുന്നതിലൂടെമാത്രമേ ഈ പ്രശ്‌നത്തെ ശരിയായി അഭിമുഖീകരിക്കാനാകൂ.

ദളിത്ജനതയുടെ വിഭവാധികാരത്തിനായുള്ള സമരങ്ങളെ ഏറ്റെടുക്കുകയും ചെയ്യേണ്ടതുണ്ട്. അതല്ലാതെ, ഹിന്ദുത്വം ഉയർത്തുന്ന ഫാസിസ്റ്റ് രാഷ്ട്രം എന്ന ഭീഷണിയെയും മതസ്വത്വവാദികളുടെ മതഭീകരതയെയും താർക്കികമായി സമീകരിക്കുന്നതിൽമാത്രം അവയ്‌ക്കെതിരായ വിമർശം അവസാനിച്ചുകൂടാ. മതസ്വത്വവാദത്തെയും അതിന്റെ മറപറ്റിനിൽക്കുന്ന കൊലയാളിക്കൂട്ടങ്ങളെയും ക്രിമിനലുകളെയും വിട്ടുവീഴ്ചയില്ലാതെ എതിർക്കുകയും ന്യൂനപക്ഷ ദളിത് ആദിവാസി ജനവിഭാഗങ്ങളുടെ അവകാശാധികാരങ്ങൾക്കുവേണ്ടി വിട്ടുവീഴ്ചയില്ലാതെ നിലകൊള്ളുകയും ചെയ്യുന്ന രാഷ്ട്രീയകാര്യപരിപാടിയുടെ ദൃഢീകരണം മാത്രമാണ് ഈ സന്ദർഭത്തെ അഭിസംബോധന ചെയ്യാനുള്ള വഴി. അഭിമന്യുവിന്റെ രക്തസാക്ഷിത്വത്തിന്റെ അനശ്വരത സാക്ഷാൽക്കരിക്കപ്പെടുന്നതും മറ്റൊരു നിലയിലാകില്ല.

പ്രധാന വാർത്തകൾ
 Top