07 April Tuesday

ജീവിതശൈലീരോഗമുള്ളവർക്ക്‌ അതീവശ്രദ്ധ നൽകണം - ഡോ. ബി ഇക്‌ബാൽ എഴുതുന്നു

ഡോ. ബി ഇക്‌ബാൽUpdated: Wednesday Mar 25, 2020

കോവിഡ്–-19 ആരംഭിക്കുകയും ഏറ്റവുമധികം പേരെ ബാധിക്കുകയും ചെയ്ത ചൈനയുടെ അനുഭവത്തിന്റെ അടിസ്ഥാനത്തിൽ കോവിഡ്–-19 മരണനിരക്ക് സംബന്ധിച്ച് ലോകാരോഗ്യ സംഘടന പ്രസിദ്ധീകരിച്ച കണക്കുകളുടെ അടിസ്ഥാനത്തിൽ കേരളത്തിൽ പ്രത്യേകമായ ചില  കരുതൽ നടപടികൾ സ്വീകരിക്കേണ്ടതാണ്.

ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് നേരത്തേ മറ്റ് രോഗങ്ങളൊന്നും ഇല്ലാത്തവരിൽ കോവിഡ്–-19 മരണനിരക്ക് കേവലം 1.4 ശതമാനം മാത്രമാണ്. എന്നാൽ, പൊതുവിൽ  ജീവിതശൈലീരോഗങ്ങൾ എന്ന് വിശേഷിപ്പിക്കാറുള്ള പകർച്ചേതര–-ദീർഘകാല രോഗങ്ങളുള്ളവരിൽ മരണനിരക്ക് വളരെ കൂടുതലാണെന്നാണ് കണ്ടത്. കോവിഡ്‌–-19 രോഗം ബാധിച്ച ഹൃദ്രോഗ–-രക്തധമനി രോഗങ്ങളുള്ളവരിൽ 13.2ശതമാനം, പ്രമേഹരോഗികളിൽ 9.2ശതമാനം, രക്താതിമർദമുള്ളവരിൽ 8.4ശതമാനം, ശ്വാസകോശ രോഗികളിൽ എട്ട്‌ ശതമാനം, ക്യാൻസർ രോഗികളിൽ 7.6ശതമാനം എന്നിങ്ങനെ മരണനിരക്ക് ഉയർന്നുനിൽക്കുന്നു. ചൈനയിലെ ആരോഗ്യപരിരക്ഷ വളരെ മികച്ചതായിരിക്കേയാണ് വിവിധ രോഗങ്ങൾ ബാധിച്ചവരുടെ മരണനിരക്ക് കൂടിയിരിക്കുന്നതെന്ന വസ്തുത പ്രത്യേകം ശ്രദ്ധിക്കണം.  ഇത്തരം രോഗചികിത്സയുടെ കാര്യത്തിൽ ചൈനയോളം കാര്യക്ഷ്മതയില്ലാത്ത രാജ്യങ്ങളിൽ മരണനിരക്ക് ഇതിലും കൂടാനാണ് സാധ്യത. പ്രായാധിക്യമുള്ളവരിലും പ്രതീക്ഷിക്കാവുന്നതുപോലെ മരണനിരക്ക് വളരെ കൂടുതലായിട്ടാണ് കണ്ടത്. 60–-69 വയസ്സുള്ളവരിൽ 3.6ശതമാനം, 70-–-79 വയസ്സുള്ളവരിൽ 8.0ശതമാനം, 80 വയസ്സിന് മുകളിലുള്ളവരിൽ 14.8ശതമാനം എന്ന നിരക്കിൽ മരണനിരക്ക് വളരെ കൂടുതലായാണ് ചൈനയിൽ കണ്ടത്.

ചൈനയുടെ അനുഭവം പാഠമാകണം
ചൈനയുടെ അനുഭവത്തിൽനിന്ന്‌ കേരളത്തിന് പലതും പഠിക്കാനുണ്ട്. രാജ്യത്ത് പകർച്ചേതര രോഗികളുടെ എണ്ണത്തിന്റെ കാര്യത്തിൽ കേരളം മുന്നിൽ നിൽക്കുന്നു. മരണനിരക്ക് കുറഞ്ഞതോടെ പ്രായാധിക്യമുള്ളവരുടെ എണ്ണത്തിലുണ്ടായ വർധനയെത്തുടർന്ന് സ്വാഭാവികമായും പ്രമേഹം, രക്താതിമർദം, ക്യാൻസർ, ശ്വാസകോശ രോഗങ്ങൾ തുടങ്ങിയ പകർച്ചേതര രോഗികളുടെ എണ്ണത്തിൽ വർധനയുണ്ടാകാം. എന്നാൽ, ആഹാരരീതിയിലുണ്ടായിട്ടുള്ള അനാരോഗ്യശീലങ്ങൾ, വ്യായാമരാഹിത്യം, മദ്യപാനം തുടങ്ങിയ ദുശ്ശീലങ്ങളുടെ വർധന തുടങ്ങിയ കാരണങ്ങളാൽ പ്രതീക്ഷിക്കാവുന്നതിലും കൂടുതലാണ് കേരളത്തിൽ പകർച്ചേതര രോഗങ്ങൾ ബാധിച്ചവർ. ഏറ്റവും കുറഞ്ഞത് 20 ശതമാനം പേരെങ്കിലും  പ്രമേഹരോഗികളാണ്. അച്യുതമേനോൻ സെന്റർ ഫോർ ഹെൽത്ത് സയൻസസിന്റെ പഠനമനുസരിച്ച് 66ശതമാനം പേർ പ്രമേഹപൂർവ (പ്രീഡയബറ്റിക്‌) ഘട്ടത്തിലുള്ളവരാണ്.  പകർച്ചവ്യാധികൾ ബാധിച്ചാൽ ഉചിതമായ ചികിത്സ സ്വീകരിച്ചില്ലെങ്കിൽ ഇവർ പ്രമേഹഘട്ടത്തിലേക്ക് കടന്നുവെന്നുവരാം. മാത്രമല്ല, ഇതേപഠനപ്രകാരം പ്രമേഹ, രക്താതിമർദ രോഗികളിൽ 15 ശതമാനം മാത്രമാണ് രോഗനിയന്ത്രണം കൈവരിച്ചവരായി കേരളത്തിലുള്ളത്. കോറോണ രോഗം പ്രധാനമായും ശ്വാസകോശങ്ങളെയാണ്  ബാധിക്കുക. സംസ്ഥാനത്ത് ആസ്ത്‌മ തുടങ്ങിയ ശ്വാസകോശ രോഗമുള്ളവരുടെ  എണ്ണവും കൂടുതലാണ്. ഏറ്റവും കുറഞ്ഞത് 25 ലക്ഷം പേരെങ്കിലും ആസ്ത്മ, സിഒപിഡി (ഗുരുതര ശ്വാസസംബന്ധരോഗം) എന്നീ ശ്വാസകോശ രോഗങ്ങളുള്ളവരായി കേരളത്തിലുണ്ട്.  വർഷംതോറും ഒരുലക്ഷം പേരിൽ 106.6 പേർക്ക് രാജ്യത്ത് ക്യാൻസർ ബാധിക്കുമ്പോൾ കേരളത്തിലത് 135.3 ആയി ഉയർന്നുനിൽക്കുന്നു. വർഷംതോറും 60,000 പേർക്ക് പുതുതായി ക്യാൻസർ ബാധിക്കുന്നുണ്ട്.

പകർച്ചേതര രോഗങ്ങൾ പൊതുവിൽ ശരീരത്തിന്റെ രോഗപ്രതിരോധശേഷി കുറയ്ക്കൂന്നതുകൊണ്ട് അത്തരം രോഗമുള്ളവർക്ക് പകർച്ചവ്യാധി പിടിപെടാനുള്ള സാധ്യത കൂടുതലാണ്. പകർച്ചേതര രോഗങ്ങളുടെ സാന്നിധ്യം പകർച്ചവ്യാധികളുടെ രൂക്ഷത വർധിപ്പിക്കുകയും ചെയ്യാം. മാത്രമല്ല, പല മരുന്നുകളും ഉദാഹരണത്തിന് ക്യാൻസർ  കീമോതെറാപ്പിക്കുള്ള മരുന്നുകൾ രോഗപ്രതിരോധശേഷി കുറയ്‌ക്കാൻ കാരണമാകുന്നു. ചുരുക്കത്തിൽ  അനുബന്ധ രോഗാവസ്ഥയുള്ളവരെ പകർച്ചവ്യാധികൾ ബാധിക്കുമ്പോൾ  പകർച്ചവ്യാധിയും പകർച്ചേതര രോഗങ്ങളും ഒരുപോലെ  രൂക്ഷമാകാനും  ഒരു വിഷമവൃത്തത്തിലേക്ക് കേരളീയർ നയിക്കപ്പെടാനും സാധ്യതയുണ്ട്.


 

ഉചിതമായ ചികിത്സ സ്വീകരിക്കുക
പ്രായാധിക്യമുള്ളവരെയായിരിക്കും പകർച്ചേതര രോഗങ്ങൾ ബാധിക്കുക. ഇവരിൽ ചെറിയ ഒരു ശതമാനത്തിനുപോലും കൊറോണ ബാധിച്ചാൽ ലക്ഷക്കണക്കിനാളുകൾക്ക് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ വെന്റിലേറ്ററുകളുടെ സഹായത്തോടെ ചികിത്സ വേണ്ടിവരും. കേരളത്തിലിപ്പോൾ കുറഞ്ഞത് 15 ശതമാനം പേർ 60 വയസ്സിന്‌ മുകളിലുള്ളവരാണ്. അതായത് 51 ലക്ഷം പേർ (ജനസംഖ്യ 3.41 കോടി). ഇവരിൽ അഞ്ച്‌ ശതമാനം പേർക്ക് കൊറോണ ബാധിച്ച് ഗുരുതരാവസ്ഥ പ്രാപിച്ചാൽ 2.5 ലക്ഷം പേർക്ക് ഐസിയു/ വെന്റിലേറ്റർ ചികിത്സ വേണ്ടിവരും. കേരളത്തിലെ സ്വകാര്യ–- സർക്കാർ സ്ഥാപനങ്ങളിലാകെ ഐസിയു ബെഡ്ഡുകൾ അയ്യായിരത്തിൽ താഴെമാത്രം. വെന്റിലേറ്ററുകൾ ആയിരത്തിഎഴുനൂറുമാത്രം.

കേരളീയരുടെ രോഗാതുരതയുടെ ഇത്തരം സ്വഭാവങ്ങളെല്ലാം പരിഗണിച്ചും ചൈനീസ് അനുഭവങ്ങളിൽനിന്ന്‌ പാഠങ്ങൾ ഉൾക്കൊണ്ടും ശ്വാസകോശരോഗങ്ങൾ, പ്രമേഹം, രക്താതിമർദം, ഹൃദ്രോഗം, ക്യാൻസർ തുടങ്ങിയ രോഗങ്ങളുള്ളവർ പ്രത്യേകിച്ചും അവരിൽത്തന്നെ പ്രായാധിക്യമുള്ളവർ കോവിഡ്–-19 ബാധക്കാലത്ത് കൂടുതൽ കർശനമായ കരുതൽ നടപടികൾ സ്വീകരിക്കേണ്ടതാണ്.

മുൻകരുതലുകൾ
•പകർച്ചേതര രോഗമുള്ളവർ അടുത്ത ചെക്കപ്പിനുള്ള തീയതിവരെ കാത്തുനിൽക്കാതെ അവരെ ചികിത്സിക്കുന്ന ഡോക്ടർമാരുമായി ഫോൺ വഴി ബന്ധപ്പെട്ട് പ്രത്യേകിച്ച് എന്തെങ്കിലും കരുതൽ നടപടികൾ സ്വീകരിക്കേണ്ടതുണ്ടോ എന്നാരായേണ്ടതാണ്.

•കോവിഡ് വ്യാപനം പൂർണമായും നിയന്ത്രണ വിധേയമാകുന്നതുവരെ ലോക്കൗട്ട് കാലം കഴിഞ്ഞാലും പുറത്തിറങ്ങരുത്. പകർച്ചേതര രോഗമുള്ളവർ കഴിവതും വീടുകളിൽ കഴിയുകയും ആൾക്കൂട്ട ചടങ്ങുകൾ പൂർണമായും ഒഴിവാക്കുകയും വേണം. 

• പനി, ചുമ, ശ്വാസതടസ്സം  തുടങ്ങി പുതുതായി എന്ത് രോഗലക്ഷണം അനുഭവപ്പെട്ടാലും ഇവർ അടിയന്തര വൈദ്യസഹായം തേടേണ്ടതാണ്.

• കോവിഡ് സംശയിച്ച് ആശുപത്രിയിൽ പോകേണ്ടിവന്നാൽ നിലവിലുള്ള രോഗത്തെ സംബന്ധിച്ചുള്ള എല്ലാ വിവരങ്ങളും നൽകേണ്ടതാണ്.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top