26 September Tuesday

ഏവർക്കും സുഖദർശനം

അഡ്വ. 
കെ അനന്തഗോപൻUpdated: Wednesday Jan 25, 2023

ലോകത്തിനുതന്നെ മാതൃകയായ തീർഥാടനകേന്ദ്രമാണ് ശബരിമല. കേരളീയ ജനജീവിതത്തിന്റെ ഒരംശമാണ് ശബരിമല തീർഥാടനം. അയ്യപ്പനിലുള്ള അടിയുറച്ച വിശ്വാസം കേരളീയരിൽ വലിയൊരുവിഭാഗം പണ്ടുമുതലേ പുലർത്തിപ്പോരുന്നതാണ്. തീണ്ടൽ തൊടീൽ തുടങ്ങിയ അനാചാരങ്ങൾ ഹിന്ദുമതത്തിൽ കൊടികുത്തിവാണ കാലത്തുപോലും ശബരിമല തീർഥാടകരുടെ ഇടയിൽ ഒരു തരത്തിലുമുള്ള ഭേദവും ഉണ്ടായിരുന്നില്ല.

ഇരുമുടികെട്ടുമായി ശബരിമല ദർശനം ആഗ്രഹിച്ചെത്തുന്ന ഏതു മതസ്ഥനും അയ്യനെ ദർശിക്കാൻ കഴിയും. ശബരിമല തീർഥാടകർക്കിടയിൽ ഒരു ഉച്ചനീചത്വവും ഇല്ലെന്നത് ഒരു പ്രത്യേകതയാണ്. ഒരു വിവേചനവും തീർഥാടകർക്കിടയിലില്ല. മതസൗഹാർദത്തിന്റെയും സമത്വത്തിന്റെയും സാഹോദര്യത്തിന്റെയും പരസ്പര സ‍്‌നേഹത്തിന്റെയും വിളഭൂമിയാണ് ശബരിമല. ശബരിമലയിൽ വാവരുടെ സാന്നിധ്യംതന്നെ മറ്റൊരിടത്തും ഇല്ലാത്ത പ്രത്യേകതയാണ്. 

ഓരോ വർഷവും തീർഥാടനത്തിനെത്തുന്ന അയ്യപ്പന്മാരുടെ എണ്ണം വർധിക്കുകയാണ്. ഈവർഷം അരക്കോടിയിലധികം തീർഥാടകരാണ് മണ്ഡലവിളക്കുകാലത്ത് ശബരിമലയിൽ എത്തിയത്. ആന്ധ്ര, തെലങ്കാന, തമിഴ്നാട്, കേരളം എന്നീ സംസ്ഥാനങ്ങളിൽനിന്നാണ് ഏറ്റവും കൂടുതൽ തീർഥാടകർ എത്തിയത്. വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിൽനിന്ന്‌ ഇക്കുറി തീർഥാടകർ എത്തി. മലേഷ്യ, സിംഗപ്പുർ എന്നീ രാജ്യങ്ങളിൽനിന്ന് ധാരാളം അയ്യപ്പന്മാർ എത്തി.

2018ലെ പ്രളയവും കോവിഡും തീർഥാടനത്തിന് ഒട്ടേറെ തടസ്സങ്ങൾ സൃഷ്ടിച്ചിരുന്നു. എന്നാൽ, അത്തരം ഭീഷണികളൊന്നും  ഈ തീർഥാടനകാലത്ത് ഇല്ലാതിരുന്നതിനാൽ ധാരാളം തീർഥാടകർ എത്തുമെന്ന കരുതലോടെയാണ് മുന്നൊരുക്കങ്ങൾ ആരംഭിച്ചത്. തീർഥാടനം വിജയകരമാക്കുന്നതിന് ദേവസ്വം ബോർഡിന് എല്ലാ പിന്തുണയും സഹായവും സംസ്ഥാന സർക്കാർ നൽകി. ആദ്യഘട്ടത്തിൽ ദേവസ്വം ബോർഡ് ശബരിമലയുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ യോഗം ചേർന്നു. തുടർന്ന്, ദേവസ്വംമന്ത്രി കെ രാധാകൃഷ്ണൻ ബോർഡിലെ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം ചേർന്ന് സാഹചര്യങ്ങൾ വിലയിരുത്തി. വിവിധ വകുപ്പുകളുടെ മന്ത്രിമാരെ പങ്കെടുപ്പിച്ച് ദേവസ്വം മന്ത്രിയുടെ അധ്യക്ഷതയിൽ യോഗം ചേർന്നു. ബന്ധപ്പെട്ട വകുപ്പ് മന്ത്രിയുടെയും ദേവസ്വം ഉദ്യോഗസ്ഥരുടെയും യോഗം മുഖ്യമന്ത്രിതന്നെ നേരിട്ട് വിളിച്ച് മുന്നൊരുക്കങ്ങൾ വിലയിരുത്തി. എല്ലാ തീർഥാടകരുടെയും വിശ്വാസം സംരക്ഷിക്കുന്ന ഇടപെടലുകളാണ് സർക്കാർ നടത്തിയത്. എല്ലാ വകുപ്പുകളെയും ഏകോപിപ്പിച്ച് മികച്ച നിലയിൽ ചുമതലകൾ പൂർത്തിയാക്കാനായി. കേരളത്തിന്റെ യശസ്സ് ഇന്ത്യയിലെമ്പാടും ഉയരുന്ന നിലയിൽ ശബരിമല തീർഥാടന അനുഭവങ്ങളെ മാറ്റാനായി.


 

മുഖ്യമന്ത്രി പ്രത്യേക യോഗം വിളിച്ച്‌ തീർഥാടനം പരാതിരഹിതമായി നടത്തുന്നതിന്‌ വിലപ്പെട്ട നിർദേശങ്ങൾ നൽകി. ബന്ധപ്പെട്ട എല്ലാ മന്ത്രിമാരും പ്രത്യേകം യോഗം വിളിച്ച്‌ മുന്നൊരുക്കങ്ങൾ വിലയിരുത്തി. കണ്ടെത്തിയ പോരായ്‌മകളിൽ ആവശ്യമായ നടപടികൾ സ്വീകരിച്ചു. തെന്നിന്ത്യൻ സംസ്ഥാനങ്ങളിലെ ദേവസ്വംമന്ത്രിമാരുടെ യോഗം ദേവസ്വംമന്ത്രി വിളിച്ചുചേർത്ത്‌ മറ്റ്‌ സംസ്ഥാനങ്ങളിൽ നിന്നെത്തുന്ന തീർഥാടകർക്ക്‌ ഒരുക്കേണ്ട സൗകര്യങ്ങൾ സംബന്ധിച്ച്‌ ചർച്ച നടത്തി. ജനത്തിരക്ക്‌ ക്രമീകരിക്കുകയെന്ന ദൗത്യത്തിന്‌ നേതൃത്വം നൽകിയ പൊലീസിന്റെ പ്രവർത്തനം ശ്രദ്ധേയമായിരുന്നു. കോട്ടയം, ഇടുക്കി ജില്ലകളിലെ കലക്ടർമാർ, ജില്ലാ പൊലീസ്‌ മേധാവികൾ, മറ്റ്‌ വകുപ്പ്‌ മേധാവികൾ എന്നിവരുടെ സേവനവും ലഭ്യമായി. പത്തനംതിട്ട ജില്ലയിലെ മുന്നൊരുക്കങ്ങൾ എല്ലാം കാര്യക്ഷമമായി നടത്തുന്നതിന്‌ പത്തനംതിട്ട കലക്ടർ നടത്തിയ പ്രവർത്തനങ്ങൾ ശ്ലാഘനീയമാണ്‌. ജില്ലാ പൊലീസ്‌ മേധാവിയും കൃത്യതയോടെ കാര്യങ്ങൾ ചെയ്യുന്നതിൽ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. ശബരിമലയും പാതകളും പാവനമായി പരിപാലിക്കാൻ തമിഴ്‌നാട്ടിൽനിന്നെത്തിയ വിശുദ്ധി സേനകളുടെ പ്രവർത്തനം വിലപ്പെട്ടതാണ്‌. ദേവസ്വം ബോർഡ്‌ ആവിഷ്‌കരിച്ച പവിത്രം ശബരിമലയെന്ന ശുചീകരണ പദ്ധതി പ്രവർത്തനം ശ്രദ്ധേയമായി. ദിവസവും ഒരുമണിക്കൂർ ദേവസ്വം ജീവനക്കാർ ശുചീകരണ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടു. അയ്യപ്പസേവാ സംഘം പ്രവർത്തകരും വിശുദ്ധി സേനാംഗങ്ങളും പദ്ധതിയിൽ പങ്കാളികളായി.


 

റാന്നി, കോന്നി എംഎൽഎമാർ ആദ്യഘട്ട ആലോചനാ യോഗങ്ങൾമുതൽ തീർഥാടനം പൂർത്തിയാകുന്നതുവരെ എല്ലാ പ്രവർത്തനങ്ങളിലും സജീവമായുണ്ടായിരുന്നു. തീർഥാടകർക്ക്‌ ലഭ്യമായ സാഹചര്യങ്ങൾ ഉപയോഗപ്പെടുത്തി എല്ലാ സൗകര്യങ്ങളും ചെയ്‌തുകൊടുക്കുന്നതിന്‌ ശബരിമലയിൽ കൃത്യനിർവഹണത്തിന്‌ എത്തിയ എല്ലാ ജീവനക്കാരും അവരവരുടെ ഉത്തരവാദിത്വം പൂർണമായി നിറവേറ്റി. ശബരിമലയിൽ എത്തുന്ന മുഴുവൻ തീർഥാടകർക്കും മൂന്നുനേരവും അന്നം നൽകാനുള്ള ഉത്തരവാദിത്വം ദേവസ്വം ബോർഡ്‌ കൃത്യമായി നിർവഹിച്ചു. പമ്പയിലും നിലയ്‌ക്കലിലും അന്നദാനം ഏറ്റെടുത്തിരുന്നു. വെർച്വൽ ക്യൂ വഴി ബുക്ക്‌ ചെയ്യുന്നവർക്കാണ്‌ ശബരിമലയിൽ പ്രവേശനം അനുവദിച്ചത്‌. സ്‌പോട്ട്‌ ബുക്കിങ്ങും ഉണ്ടായിരുന്നു. നിലയ്‌ക്കൽ പാർക്കിങ്‌ ഗ്രൗണ്ടിന്റെ പരിമിതി പരിഹരിക്കാൻ അടിയന്തര ഇടപെടീൽ നടത്തി. ഏലയ്‌ക്ക ഉപയോഗിച്ച്‌ നിർമിച്ച അരവണ വിൽക്കാൻ പാടില്ലെന്ന നിർദേശം വന്നതോടെ യുദ്ധകാലാടിസ്ഥാനത്തിൽ അരവണ നിർമാണം പുനഃസ്ഥാപിക്കാൻ കഴിഞ്ഞു.

കുട്ടികൾക്കും പ്രായമായവർക്കും അംഗപരിമിതർക്കും പ്രത്യേകം ക്യൂ സംവിധാനമൊരുക്കി. ക്യൂവിൽ കാത്തുനിൽക്കുന്നവർക്ക്‌ ചുക്കുവെള്ളവും ലഘുഭക്ഷണവും നൽകി. മകരജ്യോതി ദർശനത്തിന്‌ പതിനായിരക്കണക്കിന്‌ അയ്യപ്പൻമാരാണ്‌ ശബരിമലയിലേക്ക്‌ ഒഴുകിയെത്തിയത്‌. അവർക്ക്‌ വ്യൂപോയിന്റുകളിൽ പരമാവധി സൗകര്യങ്ങൾ ഒരുക്കി. തങ്കഅങ്കി ഘോഷയാത്രയ്‌ക്കും തിരുവാഭരണ ഘോഷയാത്രയ്‌ക്കും ഭക്തജന പങ്കാളിത്തംകൊണ്ട്‌ നാടെങ്ങും വരവേൽപ്പ്‌ നൽകി ശ്രദ്ധേയമായിരുന്നു. മകരവിളക്ക്‌ ദിവസം സന്നിധാനം നിറഞ്ഞുകവിഞ്ഞിരുന്നു.

ലക്ഷക്കണക്കിന്‌ തീർഥാടകരുടെ സാന്നിധ്യമറിയിച്ച മണ്ഡലമകരവിളക്കുകാലം ശുഭപര്യവസാനിച്ചു എന്നതിൽ സന്തോഷമുണ്ട്‌. മുഖ്യമന്ത്രി, ദേവസ്വംമന്ത്രി, മറ്റ്‌ മന്ത്രിമാർ, ദേവസ്വം സെക്രട്ടറിയടക്കമുള്ള ഉദ്യോഗസ്ഥർ, ദേവസ്വം ഉദ്യോഗസ്ഥർ എല്ലാവരുടെയും സഹായവും സഹകരണവും ഉപദേശ നിർദേശങ്ങളുമാണ്‌ തീർഥാടനം ഇത്രയധികം ശോഭയോടെ പൂർത്തിയാക്കാൻ കഴിഞ്ഞത്‌.

(തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റാണ്‌ ലേഖകൻ)


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top