25 May Monday

മോഡിയുടെ ‘അതിഥി’, റിപ്പബ്ലിക്കിന്റെയല്ല

വി ബി പരമേശ്വരൻUpdated: Saturday Jan 25, 2020


റിപ്പബ്ലിക്‌ ദിനത്തിൽ ഇക്കുറി അതിഥിയായി മോഡി സർക്കാർ ക്ഷണിച്ചത്‌ ബ്രസീൽ പ്രസിഡന്റ്‌ ജെയ്‌ർ ബോൾസനാരോയെയാണ്‌. റിപ്പബ്ലിക്‌ ദിനത്തിൽ അതിഥിയായി എത്തുന്ന മൂന്നാമത്തെ ബ്രസീൽ പ്രസിഡന്റാണിയാൾ. (1996ൽ ഫെർണാണ്ടോ ഹെൻറിക്ക്‌ കർദോസയും 2004 ലുല ഡ സിൽവയും) ലോകരാഷ്ട്രീയത്തിൽ അമേരിക്കൻ പ്രസിഡന്റ്‌ ട്രംപിനെപ്പോലെ വിവാദനായകനാണ്‌ ബോൾസനാരോയും. കുടിയേറ്റവിരുദ്ധത, ന്യൂനപക്ഷങ്ങളോടും സ്‌ത്രീകളോടുമുള്ള പുച്ഛം, പരിസ്ഥിതി സംരക്ഷണത്തോടുള്ള വെറുപ്പ്‌, ആദിവാസികളെയും കറുത്ത വർഗക്കാരെയും പൗരന്മാരായി പോലും അംഗീകരിക്കാനുള്ള വിമുഖത, ജുഡീഷ്യറിയും മാധ്യമങ്ങളും ചൊൽപ്പടിക്ക്‌ നിൽക്കണമെന്ന അടങ്ങാത്ത വാശി എന്നിവയാണ്‌ ബോൾസനാരോയുടെ മുഖമുദ്ര.  ബ്രസീലിയൻ ഭാഷ കടമെടുത്തുപറഞ്ഞാൽ ബി ക്യൂബ്‌ അഥവാ ബീഫ്‌ (അഗ്രി ബിസിനസ്‌ ബ്ലോക്ക്‌),  ബൈബിൾ (ട്രംപിനെന്നപോലെ യാഥാസ്ഥിതിക ഇവാഞ്ചലിക്കൽ പ്രസ്ഥാനമാണ്‌ പിന്തുണയുടെ നട്ടെല്ല്) , ബുള്ളറ്റ്‌ (സൈനികവിഭാഗവും തോക്ക്‌ നിർമാണ ലോബിയും) എന്നിവയാണ്‌ ബോൾസനാരോയുടെ രാഷ്ട്രീയത്തെ രൂപപ്പെടുത്തുന്നത്‌. 

ആമസോൺ കാടുകളിലെ വൻ തീപിടിത്തം അണയ്‌ക്കാൻ ഒരു ശ്രമവും ബോൾസനാരോ നടത്താതിരുന്നത്‌ അഗ്രി ബിസിനസ്‌ ലോബിക്കും ഖനി ലോബിക്കും ആ മേഖല തീറെഴുതി നൽകാനായിരുന്നെന്ന്‌ ആക്ഷേപമുയർന്നിട്ടുണ്ട്‌. ആമസോൺ കാടുകൾ ഉപേക്ഷിക്കാൻ തയ്യാറാകാത്ത ആദിവാസി വിഭാഗങ്ങളോടും ഒടുങ്ങാത്ത പകയാണ്‌ ബോൾസനാരോയ്‌ക്ക്‌. മൃഗശാലയിലെ മൃഗങ്ങളോടാണ്‌ ആമസോൺ കാടുകളിലെ ആദിവാസികളെ  ബോൾസനാരോ ഉപമിക്കുന്നത്‌. തൊഴിൽ നിയമങ്ങൾ തൊഴിലുടമകൾക്ക്‌ അനുകൂലമായി പരിഷ്‌കരിച്ചും ജോലിസമയം വർധിപ്പിച്ചും എണ്ണപ്പാടങ്ങൾ സ്വകാര്യവൽക്കരിച്ചും അമേരിക്കയ്‌ക്ക്‌ സൈനികത്താവളങ്ങൾ അനുവദിച്ചും നരേന്ദ്ര മോഡി ഇന്ത്യയിലെന്നപോലെ തീവ്രവലതുപക്ഷ അജൻഡയാണ്‌ ബോൾസനാരോ ബ്രസീലിൽ നടപ്പിലാക്കിവരുന്നത്‌. 20 കോടി ജനസംഖ്യയിൽ അഞ്ചരക്കോടിയും ദാരിദ്ര്യത്തിൽ കഴിയുമ്പോഴും രാജ്യത്ത്‌ ദാരിദ്ര്യം ഉണ്ടെന്ന്‌ പറയുന്നത്‌ പച്ചക്കള്ളമാണെന്ന്‌ പറയുന്ന പ്രസിഡന്റാണ്‌ ബോൾസനാരോ.  മോഡി ഭരണം അതിഥിയായി ക്ഷണിച്ചിട്ടുള്ള ബോൾസനാരോ ആരെന്ന്‌ മനസ്സിലാക്കാൻ അദ്ദേഹം നടത്തിയ എതാനും പ്രസ്‌താവനകളിലൂടെ കണ്ണോടിച്ചാൽമാത്രം മതിയാകും.

ഇവിടെ അക്രിയിലെ (ബ്രസീൽ സംസ്ഥാനം) പിടി (വർക്കേഴ്‌സ്‌ പാർടി) അംഗങ്ങളെ ഇനി വെടിവച്ചിടാം.
തെരഞ്ഞെടുപ്പ്‌ പ്രചാരണം, സെപ്‌തംബർ 1, 2018

പീഡിപ്പിക്കുന്നതിനോട്‌ എനിക്ക്‌ താൽപ്പര്യമാണ്‌. അത്‌ നിങ്ങൾക്കെല്ലാം അറിയാമല്ലോ.
മെയ്‌ 23, 1999

സ്വേച്ഛാധിപത്യവാഴ്‌ചക്കാലത്ത്‌ കൂടുതൽപേർ കൊലചെയ്യപ്പെട്ടിരുന്നുവെങ്കിൽ രാജ്യത്തെ സ്ഥിതിഗതികൾ കൂടുതൽ ശോഭനമായേനെ.
സാവോ പോളോ. ജൂൺ 30, 1999

മുൻ ഭാര്യയെ ഒരിക്കലും മർദിച്ചിരുന്നില്ല. പക്ഷേ പലപ്പോഴും അവർക്കുനേരെ വെടിവയ്‌ക്കണമെന്ന്‌ ഞാൻ ആലോചിച്ചിരുന്നു.
ഫെബ്രുവരി 14, 2000

മതനിരപേക്ഷരാഷ്ട്രം എന്നൊന്നില്ല...ന്യുനപക്ഷം ഭൂരിപക്ഷത്തിന്റെ നിലപാടുകൾ സ്വീകരിക്കുകതന്നെ വേണം.
റിയോ ജി ജനീറോ, ഏപ്രിൽ 3 2017

രണ്ട്‌ പുരുഷന്മാർതമ്മിൽ തെരുവിൽ ചുംബിക്കുന്നത്‌ കണ്ടാൽ ഞാൻ അവരെ അടിച്ചോടിക്കും
ഫെബ്രുവരി 8, 2017

ഞാൻ നിന്നെ ഒരിക്കലും ബലാത്സംഗം ചെയ്യില്ല. കാരണം അത്‌ നീ അർഹിക്കുന്നില്ല. ഫെഡറൽ ഡെപ്യൂട്ടി മരിയ ഡി റൊസാരിയോവിനോട്‌
2003 നവംബറിൽ പറഞ്ഞത്‌

മോഡിയും ഷായും എന്തുകൊണ്ടാണ്‌ ബോൾസനാരോയെ ക്ഷണിച്ചത്‌ എന്ന്‌ വ്യക്തമാക്കുന്നതാണ്‌ ജക്കോബിൻ മാഗസിൻ പ്രസിദ്ധീകരിച്ച ഈ ബോൾസനാരോ സൂക്തങ്ങൾ. ബ്രസീലിനെ ഏകാധിപത്യവാഴ്‌ചയിലേക്ക്‌ നയിക്കുന്ന ബോൾസനാരോ ഹിറ്റ്‌ലറും മുസ്സോളിനിയുംപോലെ ബിജെപി ഭരണത്തിന്‌ പഥ്യമാകുന്നതും അതുകൊണ്ടുതന്നെ. ഇന്ത്യൻ റിപ്പബ്ലിക്കിന്റെ മതനിരപേക്ഷ ജനാധിപത്യമൂല്യങ്ങൾ തകർത്തെറിയാൻ ശ്രമിക്കുന്ന മോഡി സർക്കാരിന്റെ ഏറ്റവും അവസാനത്തെ നടപടിയായി വേണം ഈ ആദരിക്കലിനെ കാണാൻ.


പ്രധാന വാർത്തകൾ
 Top