27 September Sunday

ആരാണ്‌ നുണ പറയുന്നത്‌

പി രാജീവ്‌Updated: Tuesday Dec 24, 2019


പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള പ്രതിഷേധങ്ങൾ വിശാലമായ മാനത്തോടെ ശക്തിപ്പെടുകയാണ്‌. അത്‌ ദേശവ്യാപകമായ മുന്നേറ്റത്തിലേക്ക്‌ വികസിക്കുകയും ജാതി മതചിന്തകൾക്ക്‌ അതീതമായ ഉള്ളടക്കം കൈവരിക്കുകയും ചെയ്യുന്ന ഘട്ടത്തിൽ  ജനകീയ മുന്നേറ്റങ്ങളെ ദുർബലപ്പെടുത്താനുള്ള വ്യാമോഹത്തോടെ വിവിധ രൂപങ്ങളിലുള്ള നുണപ്രചാരവേലയും പ്രയോഗങ്ങളും കേന്ദ്രസർക്കാരും സംഘപരിവാരവും നടത്തുന്നുണ്ട്‌. കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിൽ പരാമർശിച്ച മിക്കവാറും കാര്യങ്ങൾ യാഥാർഥ്യവുമായി ബന്ധമില്ലാത്തതും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻമാത്രം ഉദ്ദേശിച്ചിട്ടുള്ളതുമാണ്‌. അതുതന്നെയാണ്‌ കേന്ദ്രമന്ത്രി പ്രകാശ്‌ ജാവദേക്കറിന്റെയും കേരള ഗവർണർ ആരിഫ്‌ മൊഹമ്മദ്‌ ഖാന്റെയും ആർഎസ്‌എസ്‌ നേതാക്കളുടെയും പ്രതികരണങ്ങളിലും പ്രതിഫലിക്കുന്നത്‌.

ദേശീയ പൗരത്വ രജിസ്‌റ്ററും നിയമവും
ദേശീയ പൗരത്വ ഭേദഗതി നിയമവും ദേശീയ പൗരത്വ രജിസ്‌റ്ററും തമ്മിൽ ഒരു ബന്ധവുമില്ലെന്നതാണ്‌ പ്രധാന നുണ. അസമിൽ പൗരത്വ രജിസ്‌റ്റർ നടപ്പാക്കിയത്‌ സുപ്രീംകോടതി ആവശ്യപ്പെട്ടതനുസരിച്ചാണെന്നും അത്‌ രാജ്യവ്യാപകമാക്കുന്നതിനുള്ള ഒരുനിയമവും ചട്ടവും കൊണ്ടുവരാൻ തങ്ങൾ ഉദ്ദേശിക്കുന്നില്ലെന്നും വ്യക്തമാക്കി. എന്നാൽ, എന്താണ്‌ യാഥാർഥ്യം? ദേശീയ പൗരത്വ രജിസ്‌റ്റർ പൗരത്വനിയമത്തിന്റെ ഭാഗമാണ്‌. 1955ലെ പൗരത്വനിയമത്തിന്‌ ഇപ്പോഴത്തേതുൾപ്പെടെ പത്ത്‌ ഭേദഗതികൾ പാർലമെന്റ്‌ വരുത്തിയിട്ടുണ്ട്‌. ഓരോ ഭേദഗതി ബില്ലും നിയമമായാൽ അത്‌ 1955 ലെ അടിസ്ഥാന നിയമത്തിന്റെ ഭാഗമാകും. 2003ൽ പാസാക്കിയത്‌ ഏഴാമത്തെ ഭേദഗതിയാണ്‌. വാജ്‌പേയി പ്രധാനമന്ത്രിയായിരിക്കുമ്പോഴാണ്‌ ഈ ഭേദഗതി പാസാക്കുന്നത്‌. ഈ നിയമത്തിന്റെ 12–-ാ-മത്തെ വകുപ്പ്‌ അനുസരിച്ച്‌ 1955 ലെ നിയമത്തിൽ 14 എ എന്ന പുതിയ വകുപ്പ്‌ കൂട്ടിച്ചേർത്തു. അത്‌ ഇപ്രകാരമാണ്‌. “കേന്ദ്രസർക്കാർ നിർബന്ധമായും ഓരോ പൗരനെ സംബന്ധിച്ചും രജിസ്‌റ്റർ തയ്യാറാക്കുകയും ദേശീയ തിരിച്ചറിയൽ കാർഡ്‌ നൽകുകയും ചെയ്യും.’ ഇതിന്റെ ഉപവകുപ്പുകൾ ദേശീയ രജിസ്‌ട്രേഷൻ അതോറിറ്റി രൂപീകരിക്കുന്നതുൾപ്പെടെയുള്ള കാര്യങ്ങളും ഉറപ്പുവരുത്തുന്നു.

ഇതേ നിയമത്തിലാണ്‌ ഇപ്പോഴത്തെ ഭേദഗതിയും വരുത്തിയിട്ടുള്ളത്‌. മൂന്ന്‌ രാജ്യങ്ങളിൽനിന്നും 2014 ഡിസംബർ 31 നുമുമ്പ്‌ ഇന്ത്യയിലേക്ക്‌ വന്ന നിയമവിരുദ്ധ അഭയാർഥികളായിട്ടുള്ള ആറു വിഭാഗങ്ങൾക്ക്‌ പൗരത്വം നൽകുന്ന വ്യവസ്ഥകളും പൗരത്വ രജിസ്‌റ്ററും ഇപ്പോൾ ഒരേ നിയമത്തിന്റെ ഭാഗമാണ്‌. ഇതിനെ അടിസ്ഥാനപ്പെടുത്തി പൗരത്വ രജിസ്‌റ്റർ ഉണ്ടാക്കുന്നതിനുള്ള ചട്ടങ്ങൾ വാജ്‌പേയി സർക്കാരിന്റെ കാലത്തുതന്നെ ഗസറ്റിൽ വിജ്ഞാപനം ചെയ്‌തിട്ടുണ്ട്‌. പൗരത്വം( പൗരന്മാരുടെ രജിസ്‌ട്രേഷന്റെയും തിരിച്ചറിയിൽ കാർഡും) ചട്ടങ്ങൾ 2003 രാജ്യത്തും പുറത്തും താമസിക്കുന്ന ഇന്ത്യൻ പൗരന്മാരുടെ രജിസ്‌റ്റർ തയ്യാറാക്കുന്നതുസംബന്ധിച്ച ചട്ടങ്ങൾ വിശദീകരിക്കുന്നതാണ്‌. ദേശീയ പൗരത്വ രജിസ്‌റ്ററാണ്‌ അതിന്റെ അടിസ്ഥാനം. ഈ ചട്ടങ്ങളുടെ 2 ഡി ഉപ ചട്ടപ്രകാരം സംസ്ഥാന സെൻസസ്‌ ഡയറക്ടർ തന്നെയാണ്‌ സംസ്ഥാന പൗരത്വ രജിസ്‌ട്രാറും.


 

പൗരത്വനിയമത്തിന്റെയും ഈ ചട്ടങ്ങളുടെയും അടിസ്ഥാനത്തിലാണ്‌ വീടുവീടാന്തരം കയറിയിറങ്ങി  വിവരങ്ങൾ ശേഖരിക്കുന്നതുസംബന്ധിച്ച വിശദാംശങ്ങൾ സർക്കുലറായി 2019 ജൂലൈ 31ന്‌ പൗരത്വ രജിസ്‌ട്രേഷനുവേണ്ടിയുള്ള കേന്ദ്ര രജിസ്‌റ്റർ നൽകുന്നത്‌. നേരത്തെ വിശദീകരിച്ച ചട്ടത്തിലെ 4 ന്റെ ഉപചട്ടം 3 പ്രകാരം ജനസംഖ്യാ രജിസ്‌റ്ററിലെ വിവരങ്ങൾ പരിശോധിച്ചുവേണം  പൗരത്വ രജിസ്‌റ്റർ തയ്യാറാക്കേണ്ടത്‌. അതായത്‌ ജനസംഖ്യാ രജിസ്‌റ്ററാണ്‌ പൗരത്വ രജിസ്‌റ്ററിന്റെ അടിസ്ഥാനരേഖ. അടുത്ത ഉപചട്ടപ്രകാരം ഏതെങ്കിലും വ്യക്തി നൽകുന്ന വിവരങ്ങളിൽ സംശയമുണ്ടായാൽ അവർക്ക്‌ നോട്ടീസ്‌ നൽകും. താൻ ഇന്ത്യൻ പൗരനാണെന്ന്‌ തെളിയിക്കേണ്ട ഉത്തരവാദിത്തം സംശയകോളത്തിൽപ്പെട്ട വ്യക്തിക്കാണ്‌. അതിന്‌ ആവശ്യമായ രേഖകൾ ഇല്ലാത്തവർ ഇന്ത്യൻ പൗരന്മാരല്ലാതാകും. ആവശ്യമായ രേഖകളുടെ അടിസ്ഥാനം ഇപ്പോൾ പാസാക്കിയ ഭേദഗതി നിയമത്തിലെ വകുപ്പുകൾകൂടി ഉൾപ്പെടുന്നതാണ്‌. അതായത്‌ ചില വിഭാഗങ്ങൾ ഒഴിവാക്കപ്പെടുന്നുവെന്നതാണ്‌. അതിന്റെ പരിണതഫലമാണ്‌ അസമിൽ കണ്ടത്‌.

ഇതുസംബന്ധിച്ച്‌ പ്രധാനമന്ത്രി നടത്തിയ രണ്ടാമത്തെ പരാമർശവും വസ്‌തുതകൾക്ക്‌ നിരക്കുന്നതല്ലെന്ന കാര്യം ഇതിനകം പലരും വിശദീകരിച്ചിട്ടുണ്ട്‌. 2019 നവംബറിൽ പാർലമെന്റിൽ നൽകിയ മറുപടിയിൽ അഭ്യന്തരമന്ത്രി അമിത്‌ ഷാ തന്നെ അസം മാതൃകയിൽ പൗരത്വ രജിസ്‌റ്റർ രാജ്യവ്യാപകമായി നടപ്പാക്കുമെന്ന്‌ പ്രഖ്യാപിച്ചിട്ടുണ്ട്‌. സമാനമായ മറുപടികൾ അഭ്യന്തര സഹമന്ത്രിയും പാർലമെന്റിൽ നൽകിയിട്ടുണ്ട്‌. പൊതുയോഗങ്ങളിലെ പ്രഖ്യാപനങ്ങൾക്കല്ല പാർലമെന്റിൽ നൽകുന്ന മറുപടിയാണ്‌ നിയമസംവിധാനത്തിന്റെ മുമ്പിൽ നിലനിൽക്കുക. അസമിലെ രജിസ്‌റ്ററിൽ ഉൾപ്പെടാതെ പോയ “ഹിന്ദുക്കൾക്ക്‌ നേരത്തെ നൽകിയ വാഗ്‌ദാനത്തിന്റെ അടിസ്ഥാനത്തിൽ പൗരത്വം നൽകാനാണ്‌ പൗരത്വ ഭേദഗതി ബിൽ അവതരിപ്പിച്ചതുതന്നെ’ എന്ന്‌ ബിജെപി നേതാവ്‌ ആർ ബാലശങ്കർ വ്യക്തമാക്കുന്നതും പ്രസക്തം. 2024ൽ പൗരത്വ രജിസ്‌റ്ററിന്റെ അടിസ്ഥാനത്തിൽ അനധികൃത കുടിയേറ്റക്കാരെ രാജ്യത്തുനിന്ന്‌ പുറത്താക്കുമെന്ന്‌ പ്രഖ്യാപിച്ചതും അഭ്യന്തരമന്ത്രിയാണ്‌. 2019 ലെ ബിജെപി പ്രകടനപത്രികയിൽ ദേശവ്യാപകമായി പൗരത്വ രജിസ്‌റ്റർ നടപ്പാക്കുമെന്ന്‌ ആധികാരികമായി പ്രഖ്യാപിച്ചിട്ടുണ്ട്‌. തങ്ങളുടെ പ്രകടനപത്രിക ജനങ്ങൾ അംഗീകരിച്ചതാണെന്നും അതിന്റെ അടിസ്ഥാനത്തിലാണ്‌ പൗരത്വ ഭേദഗതി നിയമം പാസാക്കിയതെന്നും ബിജെപി നേതാക്കളുടെ പ്രസ്‌താവന കൂട്ടിച്ചേർത്ത്‌ വായിക്കണം.

മഹാത്മാഗാന്ധിയുടെ സ്വപ്‌നങ്ങളും പൗരത്വ ബില്ലും
പ്രധാനമന്ത്രിയും കേരള ഗവർണറും മറ്റും പറയുന്ന ഒരു കാര്യം പാകിസ്ഥാനിൽനിന്ന്‌ തിരിച്ചുവരുന്ന ഇന്ത്യക്കാർക്ക്‌ പൗരത്വം നൽകണമെന്ന മഹാത്മാഗാന്ധിയുടെ സ്വപ്‌നമാണ്‌ തങ്ങൾ നടപ്പാക്കിയതെന്നാണ്‌. 1948ലാണ്‌ മഹാത്മാഗാന്ധി കൊല്ലപ്പെടുന്നത്‌. 1950 ജനുവരി 26നാണ്‌  ഭരണഘടനയെ അടിസ്ഥാനപ്പെടുത്തി ഇന്ത്യ റിപ്പബ്ലിക്കാകുന്നത്‌. പൗരത്വം സംബന്ധിച്ച കാര്യങ്ങൾ വിശദമായ ചർച്ചകളോടെയാണ്‌ അസംബ്ലി പാസാക്കിയത്‌. അതിൽ ആറാമത്തെ ആർട്ടിക്കിൾ പാകിസ്ഥാനിൽനിന്ന്‌ 1948 ജൂലൈ 19നുമുമ്പ്‌ ഇന്ത്യയിലേക്ക്‌ കുടിയേറിയ വ്യക്തികൾ ഇന്ത്യൻ പൗരന്മാരാണെന്ന്‌ പ്രഖ്യാപിക്കുന്നു. അതിനുംശേഷം കുടിയേറിയവരിൽ ആറുമാസമായി ഇന്ത്യയിൽ തുടർച്ചയായി താമസിച്ച്‌ അപേക്ഷിച്ചവർക്കും ഭരണഘടന പൗരത്വം നൽകുന്നുണ്ട്‌. വ്യക്തിയെന്ന പ്രയോഗമല്ലാതെ മതത്തിന്റെ പേരിലുള്ള ഒരു വിഭജനവും ഭരണഘടനയിൽ കാണാൻ  കഴിയില്ല. ഭരണഘടന അഭിസംബോധന ചെയ്‌ത ഒരു പ്രശ്‌നത്തെ ഇപ്പോൾ അവതരിപ്പിക്കുന്നതിന്റെ ദുഷ്‌ടലാക്ക്‌ വ്യക്തം.

രാജ്യത്ത്‌ തടങ്കൽപ്പാളയങ്ങൾ ഇല്ലെന്ന മോഡിയുടെ പ്രഖ്യാപനവും അതേസമയംതന്നെ മാധ്യമങ്ങൾ തുറന്നുകാണിക്കുകയുണ്ടായി. അസമിലെ തടങ്കൽപ്പാളയങ്ങളുടെ സ്ഥിതി ദൃശ്യങ്ങൾ ഹിതം മാധ്യമങ്ങൾ നേരത്തെ റിപ്പോർട്ട്‌ ചെയ്‌തിട്ടുള്ളതാണ്‌. അതുപോലെ തന്നെ അഭ്യന്തര സഹമന്ത്രി നിത്യാനന്ദ്‌റായ്‌ 2019 നവംബർ 27 ന്‌ രാജ്യസഭയിൽ  103‐ാം നമ്പർ ചോദ്യത്തിന്‌ സന്താനുസെന്നിനു  നൽകിയ മറുപടിയിൽ അസമിലെ ആറു തടങ്കൽപ്പാളയങ്ങളിലായി 988 പേരുണ്ടെന്നും അതിൽ 2016 മുതൽ 2019 ഒക്‌ടോബർ 13 വരെ 28 പേർ മരണപ്പെട്ടിട്ടുണ്ടെന്നും വ്യക്തമാക്കി. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതിനായി പ്രധാനമന്ത്രി തന്നെ നുണപ്രചാരവേല നടത്തുന്നത്‌ എത്രമാത്രം അപഹാസ്യമാണ്‌.

മറുപടിയില്ലാത്ത അടിസ്ഥാന ചോദ്യം
മതത്തിന്റെ അടിസ്ഥാനത്തിൽ പൗരത്വം നൽകുന്നത്‌ ഭരണഘടനയ്‌ക്കും ഇന്ത്യയുടെ അടിസ്ഥാനശിലയ്‌ക്കും എതിരാണെന്ന വിമർശനത്തിന്‌ മറുപടി പറയാൻ പ്രധാനമന്ത്രി തയ്യറായില്ല. പ്രകാശ്‌ ജാവദേക്കർ എഴുതിയ ലേഖനത്തിൽ ബംഗ്ലാദേശിൽനിന്നുള്ള ഹിന്ദു അഭയാർഥികൾക്ക്‌ പൗരത്വം നൽകണമെന്ന്‌ 2003ൽ ബിൽ കൊണ്ടുവന്നുവെന്നും 2005ൽ മൻമോഹൻസിങ്‌ ഒരു വർഷം കൂടി കാലാവധി നീട്ടിനൽകി ബിൽ പാസാക്കിയെടുത്തെന്നും എഴുതിയിരിക്കുന്നു. 2003 ലെയും 2005 ലെയും പൗരത്വ ഭേദഗതി നിയമം വെബ്‌സൈറ്റുകളിൽ ലഭ്യമാണ്‌. ഹിന്ദു എന്ന വാക്ക്‌ രണ്ടു നിയമത്തിലും കണ്ടുപിടിക്കാൻ കഴിയില്ല. ബംഗ്ലാദേശിൽനിന്നുള്ളവർക്ക്‌ പൗരത്വം നൽകുന്നതിനുമായിരുന്നില്ല ഈ നിയമഭേദഗതികൾ. ബാലശങ്കർ വാദിക്കുന്നത്‌ ഭരണഘടനയുടെ 14–-ാ -ം ആർട്ടിക്കിൾ ഇന്ത്യൻ പൗരന്മാർക്ക്‌  മാത്രം ബാധകമായതാണെന്നാണ്‌. ഒരുതവണയെങ്കിലും അതൊന്നു വായിച്ചുനോക്കേണ്ടതല്ലേ. ഇന്ത്യയുടെ അതിർത്തിക്കകത്ത്‌ എല്ലാ വ്യക്തികൾക്കും നിയമത്തിന്റെ മുമ്പിൽ തുല്യത നൽകുന്ന ഭരണഘടനയെ ഇതുപോലെ അവഹേളിക്കാൻ പാടില്ല. അധികാരസ്ഥാനങ്ങളിലിരിക്കുന്നവർ  ഈ ആധുനിക കാലത്ത്‌ ഇങ്ങനെ നുണകൾ നിരത്തി പ്രചാരവേല നടത്തുന്നത്‌ ജനങ്ങളുടെ സാമാന്യബോധത്തെ വെല്ലുവിളിക്കുന്നതാണ്‌.

ഈ ഭേദഗതി നിയമം ഇന്ത്യൻ പൗരന്മാരെയും കൂടി ബാധിക്കുന്നുവെന്ന്‌ തിരിച്ചറിഞ്ഞപ്പോഴാണ്‌ പാർലമെന്റിൽ ബില്ലിന്‌ അനുകൂലമായ നിലപാട്‌ സ്വീകരിച്ച എൻഡിഎ ഘടകകക്ഷികൾ ഉൾപ്പെടെയുള്ളവർ നിലപാട്‌  തിരുത്തുന്നത്‌. ഈ സാഹചര്യത്തെ നേരിടുന്നതിന്‌ അതിവൈകാരികതയുടെ നുണപ്രചാരവേലകൾകൊണ്ട്‌ കഴിയില്ലെന്ന്‌  വൈകാതെ ബിജെപിയും തിരിച്ചറിയും.
 


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top